Jump to content

നീൽസിൻ നീൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൽസിൻ നീൽസൺ
പ്രമാണം:Photo of Nielsine Nielsen.jpg
ജനനം(1850-06-10)10 ജൂൺ 1850
Svendborg
മരണം8 ഒക്ടോബർ 1916(1916-10-08) (പ്രായം 66)
കോപ്പൻഹേഗൻ
ദേശീയതഡാനിഷ്
വിദ്യാഭ്യാസംകോപ്പൻഹേഗൻ സർവകലാശാല (1851)
തൊഴിൽPhysician
അറിയപ്പെടുന്നത്First female academic and physician in Denmark

നീൽസിൻ നീൽസൺ (ജീവിതകാലം: 10 ജൂൺ 1850 - 8 ഒക്ടോബർ 1916) ഡെൻമാർക്കിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയും, ഡോക്ടറും ആയിരുന്നു.[1] 1885-ൽ ബിരുദം നേടിയ അവർ, 1889-ൽ സ്വന്തമായി വൈദ്യശാസ്ത്ര പരിശീലനം ആരംഭിക്കുകയും ഒരു ജനറൽ പ്രാക്ടീഷണറായി ജോലി നേടുകയും ചെയ്തു. ഡാനിഷ് വിമൻസ് സൊസൈറ്റിയിലെ പ്രവർത്തനത്തിലൂടെ ലിംഗസമത്വ പ്രസ്ഥാനത്തിലും അവർ സജീവമായിരുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

കപ്പലുടമയായിരുന്ന ലാർസ് നീൽസൺ (1808-86) കാരെൻ ജെൻസൺ (1811-82) എന്നിവരായിരുന്നു അവളുടെ മാതാപിതാക്കൾ. അവൾ സ്വെൻഡ്‌ബോർഗിലാണ് വളർന്നത്. കുട്ടിക്കാലത്ത്, സഹോദരനും സഹോദരിയും ടൈഫോയിഡ് ബാധിച്ച് മരിച്ചത് അവളുടെ വൈദ്യശാസ്ത്രത്തോടുള്ള താൽപ്പര്യത്തെ ഉണർത്തിയതായി പറയപ്പെടുന്നു.

1868-ൽ, കോപ്പൻഹേഗനിലെ ഫ്രോക്നെർനെ വില്ലെമോസ്-ക്വിസ്റ്റ്ഗാർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച അവർ പ്രവിശ്യകളിൽ ഗൃഹാദ്ധ്യാപികയായി കുറച്ച് വർഷങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. 1874-ൽ, സ്വീഡിഷ് വനിതാ വൈദ്യൻ ഷാർലറ്റ് യ്‌ലെനുമായി കത്തിടപാടുകൾ നടത്തിയ നീൽസണ്, സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിൻറെ പേരിൽ അറിയപ്പെട്ടിരുന്നതും മുമ്പ് ആദ്യ വനിതാ ഡാനിഷ് ടെലിഗ്രാഫറായ മത്തിൽഡെ ഫിബിഗറിനെ പിന്തുണച്ചിരുന്നതുമായ ഡാനിഷ് പാർലമെന്റേറിയൻ സി.ഇ. ഫെംഗറുമായി ബന്ധപ്പെടാനുള്ള ഉപദേശം ഷാർലറ്റിൽനിന്ന് ലഭിച്ചു. സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാനുള്ള അവളുടെ അപേക്ഷ സി.ഇ. ഫെംഗർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.

1875-ൽ, ഒരു രാജകീയ ഉത്തരവ് പ്രകാരം, സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള പരിഷ്കരണം പുറപ്പെടുവിക്കപ്പെട്ടു. 1877-ൽ അവളും ജോഹാൻ ഗ്ലീറപ്പും ഡെന്മാർക്കിലെ ആദ്യത്തെ രണ്ട് വനിതാ സർവ്വകലാശാലാ വിദ്യാർത്ഥിനികളായി. അവളുടെ പഠനത്തെ സാമ്പത്തികമായി പുന്തുണയ്ക്കാൻ ഡാൻസ്‌ക് ക്വിൻഡെസാംഫണ്ട് (ഡാനിഷ് വിമൻസ് സൊസൈറ്റി) അവരുടെ ഫണ്ടിൽ നിന്ന് ഒരു ചെറിയ അലവൻസ് നൽകി. അവൾ 1885-ൽ ഒരു മെഡിക്കൽ ഡോക്ടറായും ഫിസിഷ്യനായും ബിരുദം നേടി.

കോപ്പൻഹേഗനിൽ ഒരു മെഡിക്കൽ പ്രാക്ടീഷണറായി അവൾ സ്വയം ജോലി ചെയ്തു. ഗൈനക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്യാനാണ് അവൾ പദ്ധതിയിട്ടിരുന്നതെങ്കിലും അക്കാലത്തെ ഒരേയൊരു ഡാനിഷ് ഗൈനക്കോളജിസ്റ്റായ എഫ്. ഹോവിറ്റ്സ് അവളെ സ്വീകരിച്ചില്ല. എന്നിരുന്നാലും, 1906-ൽ അവൾ ലൈംഗിക രോഗങ്ങളിൽ ഒരു പ്രാദേശിക സ്പെഷ്യലിസ്റ്റായി നിയമിക്കപ്പെടുകയും വേശ്യകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ഡാനിഷ് ക്വിൻഡെസാംഫണ്ട് (ഡികെ) വഴി വനിതാ പ്രസ്ഥാനത്തിൽ നീൽസിൻ സജീവമായിരുന്നു.

1904-ൽ, അവരും ലൂയിസ് നോർലൻഡ്, ബിർഗിറ്റ് ബെർഗ് നീൽസൺ, അൽവിൽഡ ഹാർബോ ഹോഫ് എന്നിവരും ലിബറൽ പാർട്ടിയിലെ ആദ്യത്തെ വനിതാ അംഗങ്ങളായിത്തീർന്നു. 1907-ൽ, Landsforbundet for Kvinders Valgret എന്ന ഫെഡറേഷൻറെ സഹസ്ഥാപകരിൽ ഒരാളായിരുന്നു അവർ.[3]

അവലംബം

[തിരുത്തുക]
  1. "Nielsine Nielsen" [Nielsine Nielsen]. Den Store Danske (in Danish). Gyldendal. Retrieved 1 October 2014.{{cite web}}: CS1 maint: unrecognized language (link)
  2. "Nielsine Nielsen" [Nielsine Nielsen]. Den Store Danske (in Danish). Gyldendal. Retrieved 1 October 2014.{{cite web}}: CS1 maint: unrecognized language (link)
  3. "Nielsine Nielsen". Dansk Kvindebiografisk Leksikon. 15 May 2003. Retrieved 30 April 2019.
"https://ml.wikipedia.org/w/index.php?title=നീൽസിൻ_നീൽസൺ&oldid=3851446" എന്ന താളിൽനിന്ന് ശേഖരിച്ചത്