നീലം പ്രക്ഷോഭം
1857-60-ൽ അവിഭക്ത ബംഗാളിൽ നടന്ന കാർഷിക സമരമാണ് നീലം പ്രക്ഷോഭം (Indigo revolt). ഭക്ഷ്യവിളകൾക്കു പകരം നീലംകൃഷി നിർബന്ധമാക്കിയ തോട്ടമുടമകൾക്കെതിരായാണ് കർഷകസമൂഹം സംഘടിച്ചത്.
പശ്ചാത്തലം[തിരുത്തുക]
പ്ലാസ്സി , ബക്സർ യുദ്ധങ്ങൾക്കു ശേഷം ബംഗാൾ പ്രവിശ്യയിൽ അധികാരം സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നീലംകൃഷി വളരെ ലാഭകരമായ ഏർപ്പാടാണെന്ന് ബോധ്യമായി[1]. ആദ്യകാലങ്ങളിൽ യൂറോപ്യൻ പൗരന്മാർക്ക് ഇന്ത്യയിൽ ഭൂമി സ്വന്തമാക്കാനുളള അവകാശം ഇല്ലായിരുന്നു. ഇന്ത്യൻ ഭൂവുടമകളിൽ നിന്ന് (ജമീന്ദാർമാർ) ദല്ലാളു വഴി യൂറോപ്യൻമാർ വൻനിരക്കിൽ ഭൂമി വാടകക്കെടുക്കേണ്ടി വന്നു. യൂറോപ്യൻ തോട്ടമുടമകൾക്ക് ധനസഹായം നല്കിയത് ഏജൻറ് ഹൗസ് എന്ന യൂറോപ്യൻ വാണിജ്യക്കൂട്ടായ്മയായിരുന്നു.[2] ജമീന്ദാർമാർ അടിക്കടി വാടക വർദ്ധിപ്പിച്ചിരുന്നതിനാൽ ജമീന്ദാർമാരും വിദേശീ തോട്ടമുടമകളും തമ്മിൽ വാടകനിരക്കിനെപ്പറ്റി നിരന്തരം പ്രശ്നങ്ങളുണ്ടായി. 1833-ലെ ചാർട്ടർ ആക്റ്റ് പ്രകാരം വിദേശീയരായ തോട്ടമുടമകൾക്ക് ഭൂമി സ്വന്തമാക്കാനുളള അധികാരാവകാശങ്ങൾ അനുവദിച്ചു കിട്ടിയതോടെ കുടിയാൻമാരുടെ മേലും പൂർണ്ണ അധികാരം ലഭിച്ചു. നീലം നല്ലൊരു നാണ്യവിളയായിരുന്നതിനാൽ വിദേശി തോട്ടമുടമകൾക്ക് അതിൽ മാത്രമേ താത്പര്യം ഉണ്ടായിരുന്നുളളു. തങ്ങളുടെ വരുതിക്കു നില്ക്കാത്ത കുടിയാന്മാരെ തോട്ടമുടമകൾ ദേഹോപദ്രവം ചെയ്തു, അവരുടെ വീടുകൾക്കു തീവെച്ചു. നദിയാ ജില്ലയിൽ ആരംഭിച്ച പ്രക്ഷോഭം താമസിയാതെ മറ്റു ജില്ലകളിലേക്കും പടർന്നു. കർഷകർ ഒരു തരത്തിലും വഴങ്ങാതെ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. സമൂഹത്തിന്റെ എല്ലാ തട്ടുകളിൽ നിന്നുമുളള പിന്തുണ കർഷകർക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നാട്ടുകാരുടെ നിസ്സഹകരണ പ്രസ്ഥാനം തോട്ടമുടമകളെ വല്ലാതെ വലച്ചു. [3]. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ബ്രിട്ടീഷു സർക്കാർ ഇൻഡിഗോ കമ്മീഷൻ രൂപീകരിച്ചു.
ഇൻഡിഗോ കമ്മീഷൻ[തിരുത്തുക]
1860 മാർച്ച് 31നാണ് ഇൻഡിഗോ കമ്മീഷൻ നിലവിൽ വന്നത്. മെയ് മുതൽ ആഗസ്റ്റ് വരെ കമ്മീഷൻ തെളിവെടുപ്പ് നടത്തി. ചൂഷണവിധേയരായ കുടിയാന്മാരുടെ അവശസ്ഥിതി റിപ്പോർട്ടിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടിരുന്നു. [4] പ്രക്ഷോഭത്തെ അടിസ്ഥാനമാക്കിയുളള നീല ദർപ്പൺ എന്ന ദീനബന്ധു മിത്രയുടെ നാടകത്തിന്റെ ഇംഗ്ലീഷു പരിഭാഷ ക്രൈസ്തവ മിഷണറി ജേംസ് ലോംഗ് കമ്മീഷൻറെ ശ്രദ്ധയിൽ പെടുത്തിയതായി പറയപ്പെടുന്നു.
. കമ്മീഷന്റെ ശുപാർശകൾ കർഷകർക്ക് താത്കാലിക ആശ്വാസം നല്കുന്നതിന് പര്യാപ്തമായി. എങ്കിലും ധനാഢ്യരായ തോട്ടമുടമകളെ പിണക്കരുതെന്ന് ബ്രിട്ടീഷു സർക്കാറിനോട് സൂചിപ്പിക്കുകയും ചെയ്തു. തോട്ടമുടമകളിൽ ഭൂരിഭാഗവും കൂടുതൽ അനുകൂലമായ അന്തരീക്ഷം തേടി ബീഹാറിലേക്ക് കുടിയേറ്റം നടത്തി.
സിന്തെറ്റിക് നീലം[തിരുത്തുക]
18-19 ശതാബ്ദങ്ങളിൽ ലോകവിപണിയിൽ മുഖ്യമായും ലഭ്യമായിരുന്നത് ഇന്ത്യയിൽ നിന്നുളള നീലമായിരുന്നു. എന്നാൽ 1897-ൽ ജർമ്മനിയിലെ ബാസെഫ് രസായനക്കമ്പനി, രാസപ്രയോഗത്തിലൂടെ നിർമിച്ചെടുത്ത നീലച്ചായം, കുറഞ്ഞ ലോകവിപണിയിലെത്തിച്ചത് നീലം കൃഷിക്ക് കടുത്ത ക്ഷീണമായി ഭവിച്ചു. സ്വന്തം ലാഭവീതം അതേപടി നിലനിർത്താൻ ഇന്ത്യയിലെ തോട്ടമുടമകൾ കൃഷിക്കാരെ ചൂഷണം ചെയ്തു. ഈ സ്ഥിതിഗതികളാണ് പിന്നീട് ചമ്പാരൺ സമരത്തിൽ കലാശിച്ചത്.
അവലംബം[തിരുത്തുക]
- ↑ "നീലം കൃഷി" (PDF). മൂലതാളിൽ (PDF) നിന്നും 2013-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-09.
- ↑ നീലം കൃഷി വായ്പകൾ
- ↑ "നീലം പ്രക്ഷോഭം". മൂലതാളിൽ നിന്നും 2014-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-09.
- ↑ ബംഗാളിലെ നീലംകൃഷി സംബന്ധിച്ച രേഖകൾ