നീനാപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡോ. നീനാപ്രസാദ് കേരളത്തിലെ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും നൃത്തഗവേഷകയുമാണ്. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നടനശാഖകളിൽ അന്തർദേശീയതലത്തിൽത്തന്നെ ശ്രദ്ധേയയായ നർത്തകിയാണ് ഇവർ.

നൃത്തപഠനം[തിരുത്തുക]

1971 മേയ് 4-ന് തിരുവനന്തപുരത്ത് ഭാസ്കർപ്രസാദിന്റെയും ഇന്ദിരയുടെയും മകളായി ജനിച്ചു. ചെറുപ്പത്തിലേ മോഹിനിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയ നൃത്തശാഖകളിൽ സമർപ്പിതപഠനം നിർവഹിച്ചു. സ്കൂൾ പഠനകാലത്തുതന്നെ മികച്ച നൃത്താവതരണങ്ങളാൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഇവർ 1989, 90, 91 വർഷങ്ങളിൽ കേരള യൂണിവേഴ്സിറ്റി കലാതിലകം എന്ന നിലയിൽ പ്രശസ്തയായി. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദമെടുത്തിട്ടുണ്ട്. കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്നും ദ് കൺസപ്റ്റ്സ് ഒഫ് ലാസ്യ ആൻഡ് താണ്ഡവ ഇൻ ദ് ക്ലാസ്സിക്കൽ ഡാൻസസ് ഒഫ് സൌത്ത്ഇന്ത്യ-എ ഡീറ്റെയിൽഡ് സ്റ്റഡി എന്ന വിഷയത്തിൽ പിഎച്ച്.ഡി. നേടി. ദക്ഷിണേന്ത്യയിൽ നിന്ന് നൃത്തത്തിൽ ആദ്യമായി പിഎച്ച്.ഡി. നേടിയ വ്യക്തി എന്ന ബഹുമതിക്ക് ഇതവരെ അർഹയാക്കി. എ.എച്ച്.ആർ.ബി. റിസർച്ച് സെന്റർ ഫോർ ക്രോസ് കൾച്ചറൽ മ്യൂസിക് ആൻഡ് ഡാൻസ് പെർഫോർമൻസസിൽ നിന്നും (യൂണിവേഴ്സിറ്റി ഒഫ് സറേ-യു.കെ.) പോസ്റ്റ് കൊളോണിയൽ ഐഡന്റിറ്റി കൺസ്ട്രക്ഷൻ എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം ചെയ്തു വരുന്നു. സുനിൽ സി കുര്യൻ ആണ് ഭർത്താവ്.

അക്കാദമിക് തലത്തിൽ ബിരുദങ്ങൾ നേടുന്നതിനിടയിലും നൃത്തപഠനത്തിന് ഇവർ പ്രമുഖമായ സ്ഥാനം നൽകി. മോഹിനിയാട്ടത്തിൽ കലാമണ്ഡലം സുഗന്ധിയുടെ കീഴിൽ 8 വർഷവും കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിൽ 3 വർഷവും ഭരതനാട്യത്തിൽ പദ്മശ്രീ അഡ്യാർ ലക്ഷ്മണനോടൊപ്പം 11 വർഷവും കുച്ചിപ്പുടിയിൽ പദ്മഭൂഷൻ വെമ്പട്ടി ചിന്നസത്യത്തോടൊപ്പം 12 വർഷവും കഥകളിയിൽ വെമ്പായം അപ്പുക്കുട്ടൻ നായരോടൊപ്പം 10 വർഷവും സമാന്തരമായിത്തന്നെ നൃത്താഭ്യസനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഒട്ടനവധി നൃത്താവതരണങ്ങൾ നടത്തിയ ഇവർ ഇന്ന് അന്തർദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയയായ ഒരു കേരളീയ നർത്തകിയാണ്. 1995-ൽ തിരുവനന്തപുരത്ത് ഭരതാഞ്ജലി (ഭരതാഞ്ജലി അക്കാദമി ഒഫ് ഇന്ത്യൻ ഡാൻസസ്) എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു. 2003-ൽ സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടം എന്ന പേരിൽ ചെന്നൈയിലും ഒരു നൃത്തകലാലയം സ്ഥാപിച്ചിട്ടുണ്ട്.

നൃത്താവതരണരീതി[തിരുത്തുക]

വ്യക്തിഗത അവതരണങ്ങളിലും സംഘാവതരണങ്ങളിലും ഒരുപോലെ മൗലികമുദ്ര പതിപ്പിച്ചിട്ടുള്ള നർത്തികിയാണ് നീനാപ്രസാദ്. മോഹിനിയാട്ടത്തിലെ ചൊൽക്കെട്ടുകൾ, പദങ്ങൾ, തില്ലാനകൾ എന്നിവ അതിന്റെ ശുദ്ധവും സാത്വികവുമായ ചാരുതയിൽ അരങ്ങത്തവതരിപ്പിക്കുന്നതിൽ ഇവർ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലാസ്സിക്കൽ ശൈലിയിൽ പദമൂന്നിനിന്നുകൊണ്ടുതന്നെ സമകാലികമായ ഒരു സൗന്ദര്യാനുഭവം നൃത്തവേദിക്ക് പകരാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലുമുള്ള ചിട്ടയാർന്ന അഭ്യസനത്തെ തുടർന്ന് മൂഹിനിയാട്ടത്തിലെത്തി ചേന്നതുകൊണ്ട് നൃത്തങ്ങൾക്ക് വ്യാകരമ്പരമായ സൗന്ദര്യാനുഭവം കൂടുതൽ തെളിഞ്ഞു കാണുന്നു. കർണാടകസംഗീതത്തിന്റെയും താളക്കെട്ടുകളുടെയും സാങ്കേതികാംശങ്ങളെ നീനാപ്രസാദ് തന്റെ നൃത്താവതരണങ്ങളിൽ മോഹിനിയാട്ടത്തിലേക്ക് ഇണക്കിച്ചേർത്തിട്ടുണ്ട്. ഓരോ അവതരണവും പണ്ഡിതോചിതമായ ആസ്വാദനത്തിന് ഇണങ്ങുംവിധം പ്രൗഢമായിരിക്കുമ്പോഴും അത് ജനകീയമായ ഒരു മാനം പുലർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. പ്രധാന വ്യക്തിഗത അവതരണങ്ങൾ കൃഷ്ണഭക്തി (രാധ, യശോധ, മീര എന്നിവരുടെ കാഴ്ചപ്പാടിൽ), അമ്രപാലി, ശകുന്തള, ഊർമിള,ദ്രൗപദി തുടങ്ങിയവയാണ്. സംഘാവതരണങ്ങളിൽ ശ്രദ്ധേയം തൌര്യത്രികം, സീതായനം,സഖ്യം, പൊൻപുലരി, കണികാണുംനേരം, കാവ്യനർത്തകി എന്നിവയാണ്.

വിദേശപര്യടനം[തിരുത്തുക]

പോർച്ചുഗലിലെ ഇവോറാ ഫെസ്റ്റിവൽ തുടങ്ങി പാരിസ്, സ്വിറ്റ്സർലണ്ട്, ബോൺ, കൊളോൺ, ഫ്രാങ്ഫർട്ട് എന്നിവിടങ്ങളിൽ നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അവതരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: ലഖ്നൗ നൃത്തസംഘം ഫെസ്റ്റിവൽ, മാമല്ലപുരം ഡാൻസ് ഫെസ്റ്റിവൽ, എല്ലോറ ഡാൻസ് ഫെസ്റ്റിവൽ, നിശാഗന്ധി നൃത്തോത്സവം, സ്വരലയ നൃത്തോത്സവം, കാളിദാസോത്സവം. ഇതിനു പുറമേ മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഭോപ്പാൽ, പാലക്കാട്, നാഗ്പൂർ, ബാംഗ്ലൂർ, ജയ്പൂർ, അഹമ്മദാബാദ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെല്ലാം ഇവരുടെ നൃത്താവതരണങ്ങൾ നടന്നിട്ടുണ്ട്.

കേരള കലാമണ്ഡലം ഭരണസമിതി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചുവരുന്നു.

മോഹിനിയാട്ടത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പും സീനിയർ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ സീനിയർ ഫെല്ലോഷിപ്പ് നേടുകയുമുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നീനാപ്രസാദ്, ഡോ. (1971 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നീനാപ്രസാദ്&oldid=2156776" എന്ന താളിൽനിന്ന് ശേഖരിച്ചത്