നിർമലാ ദേശ്പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിർമ്മലാ ദേശ്പാണ്ഡെ
Late Nirmala Deshpande.jpg
ജനനം(1929-12-19)19 ഡിസംബർ 1929
മരണം1 മേയ് 2008(2008-05-01) (പ്രായം 78)
അറിയപ്പെടുന്നത്Social activism

മറാഠി എഴുത്തുകാരിയായ നിർമ്മലാ ദേശ്പാണ്ഡെ ഗാന്ധിയൻ തത്ത്വങ്ങളുടെ വക്താവും സമാധാനദൂതികയുമായി ലോകരാഷ്ട്രങ്ങളുടെ ആദരവ് നേടി. 1929 ഒക്ടോബർ 17-ന് നാഗ്പൂരിലാണ് ജനിച്ചത്. മാതാവ് വിമലയും പിതാവ് പ്രമുഖ മറാഠി എഴുത്തുകാരനായിരുന്ന പി.വൈ. ദേശ്പാണ്ഡെയും ആയിരുന്നു. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ നിർമ്മല വിവാഹജീവിതം വേണ്ടെന്നുവച്ച് സമൂഹസേവനം തന്റെ പന്ഥാവായി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. കുറച്ചുകാലം കോളജ് അധ്യാപികയായി നാഗ്പൂർ മോറിസ് കോളജിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൂദാനപ്രസ്ഥാനത്തിൽ[തിരുത്തുക]

ആചാര്യ വിനോബ ഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭൂദാനപ്രസ്ഥാനത്തിൽ 1952-ൽ നിർമ്മല പങ്കുചേർന്നു. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി വിനോബാജിയോടൊപ്പം 40,000 കി.മീറ്ററിലേറെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഭൂവുടമകളിൽ നിന്നു കിട്ടിയ ഭൂമി ഭൂരഹിതരായ കർഷകർക്ക് വിതരണം ചെയ്തു. അക്രമങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായ സ്ഥലങ്ങളിലെല്ലാം സമാധാനദൂതുമായി പതിവായി സഞ്ചരിച്ചിരുന്നു.

പ്രഗൽഭയായ എഴുത്തുകാരി[തിരുത്തുക]

'ദീദി' എന്നു പരക്കെ അറിയപ്പെട്ടിരുന്ന നിർമ്മല പ്രഗല്ഭയായ ഒരു എഴുത്തുകാരി കൂടിയായിരുന്നു. നോവലുകളും നാടകങ്ങളുമുൾപ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങൾ ഇവർ രചിച്ചിട്ടുണ്ട്. ഇവരുടെ ചിംഗ്ലിങ് എന്ന ഹിന്ദി നോവലിന് ദേശീയ ബഹുമതി ലഭിച്ചിട്ടുണ്ട്. ഈശോപനിഷത്തിന് വ്യാഖ്യാനവും വിനോബ ഭാവെ എന്ന ജീവചരിത്രകൃതിയും രചിച്ചു. പൌനാർ ആശ്രമത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മൈത്രി എന്ന ആനുകാലികത്തിന്റെയും ഡൽഹിയിൽ നിന്നുള്ള നിത്യനൂതൻ എന്ന ജേണലിന്റെയും എഡിറ്ററായും സേവനം അനുഷ്ഠിച്ചുവന്നു.

രാജ്യസഭാംഗം[തിരുത്തുക]

നിർമ്മലാ ദേശ്പാണ്ഡെ 2007-ൽ

രണ്ടുതവണ രാജ്യസഭാംഗമായ (1997-1999-ലും 2004 മുതൽ 2008 ഏപ്രിൽ 1 വരെയും) നിർമ്മല ദേശ്പാണ്ഡെ 2005-ൽ നോബൽ പുരസ്കാരത്തിന് (സമാധാനത്തിന്) നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2006-ൽ ഇവർക്ക് പദ്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു. ഭാരതത്തിലെ രാഷ്ട്രപതി പദത്തിനും ഇവരുടെ പേര് നിർദ്ദേശിക്കപ്പെട്ടു. രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരമുൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾ ഇവർക്ക് ലഭ്യമായിട്ടുണ്ട്.

പദവികൾ[തിരുത്തുക]

റൂറൽ ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി, സോഷ്യൽ വെൽഫെയർ ബോർഡ്, എംപവർമെന്റ് ഒഫ് വിമൻ കമ്മിറ്റി തുടങ്ങിയവയിലൊക്കെ അംഗമായിരുന്ന നിർമ്മല അഖിലഭാരത രചനാത്മ സമാജം, ഹരിജൻ സേവക സമാജം, ഗാന്ധി ആശ്രം, റീകൺസ്ട്രക്ഷൻ ട്രസ്റ്റ് എന്നിവയുടെ അധ്യക്ഷയായും എ.പി.എ. (അസോസിയേഷൻ ഒഫ് പീപ്പിൾസ് ഒഫ് ഏഷ്യ), ഇന്ത്യാ പാകിസ്താൻ ഫോറം ഒഫ് പാർലമെന്റേറിയൻസ് എന്നിവയുടെ ചെയർപേഴ്സണായും സേവനം അനുഷ്ഠിച്ചിരുന്നു. കൂടാതെ നാഷണൽ ഇന്റഗ്രേഷൻ കൌൺസിൽ അംഗം, സെൻട്രൽ അഡ്വൈസറി ബോർഡ് ഒഫ് എഡ്യൂക്കേഷൻ അംഗം, വിനോബാജന്മസ്ഥാൻ പ്രതിഷ്ഠാൻ അധ്യക്ഷ, തിരുപ്പതി രാഷ്ട്രീയ സേവാസമിതി അധ്യക്ഷ എന്നിങ്ങനെ ഒട്ടേറെ പദവികളിൽ തുടരുമ്പോഴാണ് 2008 മേയ് ഒന്നിന് നിർമ്മലാ ദേശ്പാണ്ഡെ അന്തരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിർമ്മലാ ദേശ്പാണ്ഡെ (1929 - 2008) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിർമലാ_ദേശ്പാണ്ഡെ&oldid=3798170" എന്ന താളിൽനിന്ന് ശേഖരിച്ചത്