നിസ അസീസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിസ അസീസി
ജനനംമലപ്പുറം, കേരളം
വിഭാഗങ്ങൾഖവ്വാലി
തൊഴിൽ(കൾ)സംഗീതജ്ഞ, ഗായിക
വർഷങ്ങളായി സജീവം1998–present

കേരളത്തിലെ ഒരു ഗസൽ- ഖവാലി ഗായികയാണ് നിസ അസീസി.[1][2][3][4][5][6][7] തിരൂരിലെ എം.ഇ.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ സംഗീതം പഠിപ്പിക്കുന്ന നിസ അസീസി, ഹിന്ദുസ്ഥാനി സംഗീത മേഖലയിൽ ഖവാലി- ഗസൽ ഗാനങ്ങൾ അവതരിപ്പിച്ച് വരുന്നു[8]. റഫീഖ് ഖാൻ എന്ന അധ്യാപകന് കീഴിൽ അവർ ഗ്വാളിയോർ ഘരാന അഭ്യസിക്കുന്നുമുണ്ട്[9][10].

ജീവിതരേഖ[തിരുത്തുക]

1970-ൽ മലപ്പുറം ജില്ലയിലാണ് നിസ അസീസി ജനിക്കുന്നത്. സംഗീത പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനനം. ഗായകൻ ഇമാം മജ്ബൂർ സഹോദരനാണ്[11]. മറ്റു സഹോദരങ്ങളും (അക്ബർ, മുജീബ് റഹ്മാൻ, മുഹമ്മദ് സലീൽ) സംഗീത രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെയാണ്.

പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക്കൽ കോളേജിൽ നിന്ന് ഗാനഭൂഷണം ബിരുദം നേടിയ നിസ അസീസി, അഖില ഭാരതീയ മഹാ വിദ്യാലയ മണ്ഡലിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീത ആലാപനത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. വിവിധ അധ്യാപകരിൽ നിന്നുമായി കർണ്ണാട്ടിക് സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ജയ്പൂർ അട്രോളി ഘരാന, കിരാന ഘരാന, ധർവാദ് ഘരാന, ഗ്വാളിയോർ ഘരാന എന്നിവ അഭ്യസിച്ചു. കെ.ജി. മാരാർ, എ.ഇ. വിൻസെന്റ് മാസ്റ്റർ, ശരത് ചന്ദ്ര മറാട്ടെ, ഉമർ ഭായ്, ഉസ്താദ് ഫൈയാസ് ഖാൻ, ഉസ്താദ് റഫീഖ് ഖാൻ എന്നിവർ നിസ അസീസിയുടെ സംഗീത- ആലാപന അധ്യാപകരിൽ ചിലരാണ്.

ആലാപന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നിസ അസീസി, കേരളത്തിലെ പ്രമുഖ ഗസൽ ഗായകരായ ഉമ്പായി, ഷഹ്ബാസ് അമൻ, ഗായത്രി തുടങ്ങിയവരോടൊപ്പമെല്ലാം വേദികളിൽ പങ്കെടുത്തിരുന്നു. ആൽബങ്ങൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ നിസ ആലപിച്ചിട്ടുണ്ട്. എത്ര മധുരമായ് പാടുന്നു നീ[12], യാ മൗലാ, ജസ്ബ എ ദിൽ എന്നീ ആൽബങ്ങൾ പ്രധാനമായും നിസ അസീസിയുടെ ഗാനങ്ങൾ ഉൾപ്പെടുന്നതാണ്. എത്ര മധുരമായ് പാടുന്നു നീ എന്ന ആൽബത്തിനായി ടി.പി. രാജീവൻ (അറിയാത്ത ഭാഷയിൽ എന്ന ഗാനം), കാനേഷ് പൂനൂർ (മധുരോദാരം മധു ചഷകം, നാഥാ നിന്റെയീ രാധാ എന്നീ ഗാനങ്ങൾ), ആലങ്കോട് ലീലാകൃഷ്ണൻ (നീല നിലാവിന്റെ പ്രണയ വിപഞ്ചിയിൽ എന്ന ഗാനം), അനിത തമ്പി (ദൂരെ ദൂരത്തൊരു എന്ന ഗാനം), ജമാൽ കൊച്ചങ്ങാടി (എന്തിന് നിർദ്ദയം എന്ന ഗാനം), സോമനാഥ് (മർമ്മരം എന്ന ഗാനം), എൻ.പി. കോയ എന്നിവർ രചിച്ച ഗാനങ്ങൾ നിസ പാടുന്നുണ്ട്[12].

2014-ൽ പുറത്തിറങ്ങിയ നിസ അസീസിയുടെ യാ മൗല എന്ന ആൽബം രചിച്ചിരിക്കുന്നത് ജമാൽ കൊച്ചങ്ങാടി (അല്ലാഹു എന്ന ഗാനം), ഇ.എം. ഹാഷിം (ഖ്വാജ നിസാമുദ്ദീൻ എന്ന ഗാനം), എം.എ. രാജേഷ് (ധീരരിൽ ധീരൻ, പകർന്നല്ലോ എന്നീ ഗാനങ്ങൾ), റഫീക്ക് അഹമ്മദ് (ഒരു രാത്രി നീ എന്ന ഗാനം), മുസ്തഫ ദേശമംഗലം (യാ മൗലാ നിൻ എന്ന ഗാനം) എന്നിവരാണ്. അമീർ ഖുസ്രോയുടെ വരികളും ഇതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.

നിരവധി ഗാനങ്ങൾക്ക് നിസ അസീസി ഈണം നൽകിയിട്ടുണ്ട്. എത്ര മധുരമായ് പാടുന്നു നീ എന്ന ആൽബത്തിലെ നാല് ഗാനങ്ങൾ, യാ മൗലാ എന്ന ആൽബത്തിലെ അഞ്ച് ഗാനങ്ങൾ തുടങ്ങിയവ നിസ അസീസി ഈണം നൽകിയവയാണ്.

2000-ൽ മലബാറിന്റെ ഗസൽ പാരമ്പര്യം എന്ന വിഷയത്തിൽ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പ് നിസ അസീസിക്ക് ലഭിച്ചിരുന്നു.

അവലംബം[തിരുത്തുക]

 1. Binoy, Rasmi (20 October 2011). "Call of qawwali". The Hindu.
 2. Paul, G. S. (25 September 2014). "In praise of the Almighty". The Hindu.
 3. "Pinkerala - the Social Business Media of Kerala".
 4. "Adhyatma Ramayana gets a qawwali makeover | Kochi News - Times of India".
 5. "A treat for your eyes and ears". The New Indian Express. ശേഖരിച്ചത് 2021-09-26.
 6. "Discourse". DoolNews. ശേഖരിച്ചത് 2021-09-26.
 7. "A Gandhian tribute". The New Indian Express. ശേഖരിച്ചത് 2021-09-26.
 8. ".:. Mes Tirur .:".
 9. "Nisa Azeezi".
 10. https://www.pressreader.com/india/deccan-chronicle/20130219/282501476034388
 11. "പാടിയും പറഞ്ഞും രണ്ടുപേർ • Suprabhaatham". ശേഖരിച്ചത് 2021-09-26.
 12. 12.0 12.1 "List of Malayalam Non Movie Songs by Singers Nisa Azeezi". മൂലതാളിൽ നിന്നും 2021-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-26.
"https://ml.wikipedia.org/w/index.php?title=നിസ_അസീസി&oldid=3672448" എന്ന താളിൽനിന്ന് ശേഖരിച്ചത്