നിരഞ്ജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിരഞ്ജന
Photograph of Kannada author Niranjana.jpg
Born1924
കുളകുന്ദ, സുബ്രഹ്മണ്യ, ദക്ഷിണ കന്നഡ ജില്ല (മദ്രാസ് സംസ്ഥാനം), ബ്രിട്ടിഷ് ഇന്ത്യ
Died1992
Occupationസാഹിത്യകാരൻ
NationalityIndia
Spouseഅനുപമാ നിരഞ്ജന (വിജയലക്ഷ്മി)
Childrenതേജസ്വിനി, സീമന്തിനി

കന്നഡയിലെ പുരോഗമന നോവലിസ്റ്റും ചെറുകഥാകൃത്തും. ശരിയായ പേര് കുളകുന്ദ ശിവരായ. 1924-ൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലെയിലെ കുളകുന്ദ എന്ന സ്ഥലത്തു ജനിച്ചു.[1] ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വിവിധ പത്രമാസികകളിൽ പ്രവർത്തിച്ചു. ജ്ഞാനാംബിക എന്ന ബാലവിജ്ഞാനകോശത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.

ജീവിതരേഖ[തിരുത്തുക]

പുരോഗമന സാഹിത്യകാരനായ നിരഞ്ജന നോവൽ, ചെറുകഥ, ലേഖനം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു. കല്യാണസ്വാമി, വിമോചനനെ, ചിരസ്മരണെ, ബനശങ്കര, രംഗമ്മനവഠാരെ, നാസ്തിക കൊട്ട ദേവരു, ഒണ്ഡി നക്ഷത്ര നക്കിതു, അഭയാശ്രമ ദൂരദ നക്ഷത്ര, മൃത്യുഞ്ജയ എന്നിവയാണ് പ്രധാന നോവലുകൾ. ഇദ്ദേഹം രചിച്ച കല്യാണസ്വാമി ഒരു ചരിത്രനോവലാണ്. ബ്രിട്ടീഷുകാർ കൈവശപ്പെടുത്തിയ കുടകിന്റെ ആധിപത്യം പുനഃസ്ഥാപിക്കുന്നതിന് 'കല്യാണസ്വാമി'യുടെ നേതൃത്വത്തിൽ നടത്തിയ അസഫലസാഹസത്തിന്റെ ചിത്രമാണ് ഇതിലെ പ്രതിപാദ്യം.

സ്വാതന്ത്ര്യസമരത്തിൽ കേരളജനത വഹിച്ച പങ്കാണ് ചിരസ്മരണെയിൽ ഹൃദയഭേദകമായി അവതരിപ്പിച്ചിരിക്കുന്നത്. കയ്യൂരിൽ നടന്ന തൊഴിലാളി സമരമാണ് ഇതിലെ പ്രതിപാദ്യം. രാഷ്ട്രീയ പ്രാധാന്യവും ചരിത്രപ്രാധാന്യവും ഏറെയുള്ള നോവലാണിത്. സാമൂഹിക നോവലുകളാണ് മറ്റുള്ളവ. പരിതഃസ്ഥിതിക്കു വശംവദരായി വഴിതെറ്റിയവർ, ബാലവിധവകൾ, കഷ്ടതകളിൽ അകപ്പെട്ട അധ്യാപകർ തുടങ്ങി സാമുദായികവും സാമ്പത്തികവുമായ ചുറ്റുപാടുകളിൽപ്പെട്ടു നരകിക്കുന്ന നിസ്സഹായരായ ജനതയുടെ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയിൽ പ്രധാനമായും ചിത്രീകരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥനും നിസ്സഹായനുമായ ചന്ദ്രശേഖരനെ പോക്കറ്റടിക്കാരനെന്നു മുദ്രകുത്തി ജയിലിലാക്കുന്ന ആത്മകഥാരൂപത്തിലുള്ള നോവലാണ് വിമോചനെ. ശില്പഭംഗിയിലും പാത്രാവിഷ്കരണത്തിലും ഉള്ള നിരഞ്ജനയുടെ സവിശേഷ കഴിവിന്റെ ഉത്തമോദാഹരണമായി നിരൂപകർ ഈ കൃതിയെ വിശേഷിപ്പിക്കുന്നു.

ഒരു ബാലവിധവയുടെ കരുണാർദ്രമായ ജീവിതമാണ് ബനശങ്കരിയിൽ ഇഴപിരിച്ചു കാണിച്ചിരിക്കുന്നത്. പ്രതിപാദ്യത്തിന്റെ സ്വഭാവം കൊണ്ടും സൂക്ഷ്മതകൊണ്ടും മികച്ച നോവലായി ഇതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. താഴ്ന്നവരും ഇടത്തരക്കാരുമായ പതിനാലു കുടുംബങ്ങളുടെ വ്യത്യസ്തവും എന്നാൽ സമ്മിളിതവുമായ യഥാതഥ ചിത്രമാണ് രംഗമ്മനവഠാറയിൽ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ യഥാർഥദർശനം, ആദർശവാദം, ആശാവാദം, പ്രഭാവകാരിയായ വർണനം, ശൈലി എന്നിവ ഇദ്ദേഹത്തിന്റെ നോവലുകളുടെ സവിശേഷതകളാണ്. സാമ്യവാദത്തിൽ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകനായിരുന്നു നിരജ്ഞന. ആ ചിന്താഗതിയുടെ പശ്ചാത്തലവും കൃതികളിൽ അങ്ങിങ്ങു നിഴലിക്കുന്നതു കാണാം.

രാഷ്ട്രീയവും സാഹസികവുമായ ജീവിതത്തിന്റെ യഥാർഥ ചിത്രങ്ങൾ വരച്ചുകാട്ടുന്ന നിരവധി കഥകളും നിരഞ്ജന രചിച്ചിട്ടുണ്ട്. രക്തസരോവര, അന്നപൂർണ, ജന്മദശാപ, സന്ധികാല എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. കഥകളിൽ ചൂഷണത്തിനും ദാരിദ്യ്രത്തിനും സാമൂഹികമായ അസമത്വത്തിനും നിക്ഷിപ്തതാത്പര്യങ്ങൾക്കുമെതിരെ പ്രചണ്ഡമായ പ്രതിഷേധവും അമർഷവും പ്രകടമാണ്. കൊനയ ഗിരാക്കി, (ഒടുവിലത്തെ പതിവുകാരൻ) ആണ് ഏറെ ശ്രദ്ധേയമായ കഥ. ഇതിനെ പുരോഗമനപ്രസ്ഥാനത്തിലുള്ള കഥകൾക്ക് മികച്ച ഉദാഹരണമായി നിരൂപകർ എടുത്തുകാട്ടിയിട്ടുണ്ട്. ഒരു ഊമപെൺകുട്ടിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. മനസാക്ഷിയില്ലാത്ത കാമവെറിയന്മാരുടെ കൈകളിൽ അകപ്പെട്ട് അവൾ നിർലജ്ജമായ ചൂഷണത്തിനു വിധേയയായി അവസാനം പട്ടിണിയും രോഗങ്ങളും പിടിപെട്ട് മരിക്കുന്നതും ഒരു കഴുകൻ-അവസാനത്തെ പതിവുകാരൻ-അവളുടെശേഷിച്ച മാംസത്തിനുവേണ്ടി വട്ടമിട്ടുപറക്കുന്നതുമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. മരണംകൊണ്ടുപോലും അവസാനിക്കാത്ത ചൂഷണത്തിന്റെ ഭീഷണമായ ചിത്രമാണിത്.

യഥാതഥ പ്രസ്ഥാനത്തിലേക്ക് കന്നഡ വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടു എന്നതാണ് നിരഞ്ജനയുടെ പ്രത്യേകത.

ബുദ്ധഭാവ ബഡുക (1984), അങ്കണ എന്നിവയാണ് മറ്റു പ്രധാന കൃതികൾ. പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ബുദ്ധഭാവ ബഡുക. പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് അങ്കണ. നിരഞ്ജന ഗോർക്കിയുടെ അമ്മ തുടങ്ങിയ നിരവധി റഷ്യൻ നോവലുകൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

1979-ലെ സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് നിരഞ്ജനക്കു ലഭിച്ചു. നിരഞ്ജനയുടെ നോവലുകൾ മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മരണം[തിരുത്തുക]

1992-ൽ നിരഞ്ജന അന്തരിച്ചു.

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിരഞ്ജന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നിരഞ്ജന&oldid=3635423" എന്ന താളിൽനിന്ന് ശേഖരിച്ചത്