Jump to content

നാൻസെൻ ബോട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റേഴ്സൺ നാൻസെൻ ബോട്ടിൽ

മാതൃകാപരിശോധനയ്ക്കുവേണ്ടി സമുദ്രപര്യവേക്ഷകൻ സമുദ്രജലം ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണത്തെ നാൻസെൻ ബോട്ടിൽ എന്ന പേരിൽ അറിയപ്പെടുന്നു. നോർവീജിയൻ സമുദ്രപര്യവേക്ഷകനായ നാൻസെൻ ഫ്രിജോഫിന്റെ (1861-1930) സ്മരണാർഥമാണ് പ്രസ്തുത ഉപകരണത്തിന് നാൻസെൻ ബോട്ടിൽ എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. 100 ലിറ്റർ മുതൽ 1000 ലിറ്റർ വരെ ജലസംഭരണ ശേഷിയുള്ള നാൻസെൻ ബോട്ടിലുകൾ പ്രചാരത്തിലുണ്ട്. അഗ്രങ്ങളിൽ ജലപ്രവാഹത്തിന്റെ സമ്മർദത്താൽ തുറക്കാൻ കഴിയും വിധം ഘടിപ്പിച്ചിട്ടുള്ള അടപ്പോടുകൂടിയ ലോഹനിർമിതമായ ഒരു കുഴലാണ് നാൻസെൻ ബോട്ടിലിന്റെ പ്രധാന ഭാഗം. ദൈർഘ്യമേറിയ ഒരു ഹൈഡ്രോഗ്രാഫിക് കേബിളിൽ നിരവധി ബോട്ടിലുകൾ ശ്രേണിയായി ഘടിപ്പിച്ചശേഷം സാവധാനം സമുദ്രത്തിലേക്കു താഴ്ത്തിയാണ് പരീക്ഷണ-നിരീക്ഷണങ്ങൾക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താൽ നാൻസെൻ ബോട്ടിലുകൾ ലംബമായി ജലത്തിലേക്കു താഴ്ത്തുമ്പോൾ നിറഞ്ഞു പ്രവഹിക്കത്തക്ക മാതൃകയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. ഹൈഡ്രോഗ്രാഫിക് കേബിളിന്റെ സഹായത്താൽ ബോട്ടിലുകൾ നിശ്ചിത ആഴത്തിൽ താഴ്ത്തിയ ശേഷം ഒരു ലോഹദണ്ഡ് (മെസെഞ്ചർ) കേബിൾ വഴി താഴേക്ക് അയയ്ക്കുന്നു. മെസെഞ്ചർ നാൻസെൻ ബോട്ടിലിലെ ട്രിപ്പിങ് ഡിവൈസിൽ ആഘാതമുണ്ടാക്കുന്നതോടെ ബോട്ടിൽ കീഴ്മേൽ മറിയുകയും അടപ്പുകൾ അടയുകയും ചെയ്യുന്നു. സാധാരണയായി ഓരോ നാൻസെൻ ബോട്ടിലിനൊപ്പം ഓരോ ജോഡി റിവേഴ്സിങ് തെർമോമീറ്ററുകളും ഘടിപ്പിച്ചിട്ടുണ്ടാകും. തെർമോമീറ്ററുകളും ബോട്ടിലുകളും കൃത്യമായി അളവുകൾ പ്രദാനം ചെയ്യുമെങ്കിലും കൂടിയ സമയദൈർഘ്യം ഈ രീതിയുടെ ഒരു പ്രധാന ന്യൂനതയായി കണക്കാക്കുന്നു.

ലോഹനിർമിത നാൻസെൻ ബോട്ടിലുകളുടെ മറ്റൊരു പ്രധാന ന്യൂനത അവയുടെ മലിനീകരണമാണ്. ഈ ന്യൂനത പരിഹരിക്കുന്ന വിധം പ്ലാസ്റ്റിക്കിൽ രൂപകല്പന ചെയ്ത വാൻഡോൺ ബോട്ടിലുകൾ ഇപ്പോൾ ഉപയോഗത്തിലുണ്ട്. ഇവയുടെ അഗ്രങ്ങളിലെ റബ്ബർ സ്റ്റോപ്പറുകൾ റബ്ബർ ബാൻഡുകൾ മുഖേന അടയ്ക്കാൻ കഴിയുംവിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇവ കൂടാതെ 10 ലിറ്റർ വരെ ജല സംഭരണ ശേഷിയുള്ളതും പ്രവർത്തനക്ഷമത കൂടിയതുമായ കുഴൽ രൂപത്തിലുള്ള ജലശേഖരണികളും പ്രചാരത്തിലുണ്ട്.

സമുദ്രജലത്തിന്റെ പരീക്ഷണ-നിരീക്ഷണങ്ങളുടെയും ആവശ്യമായ ജലത്തിന്റെ അളവിന്റെയും തോതനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള നാൻസെൻ ബോട്ടിലുകൾ തിരഞ്ഞെടുക്കണം. കാർബൺ-14 പോലുള്ള അതിസൂക്ഷ്മ ഘടകങ്ങളെ നിർണയിക്കേണ്ടി വരുമ്പോൾ 200 മുതൽ 400 വരെ ലിറ്റർ ജലസംഭരണശേഷിയുള്ള നാൻസെൻ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാൻസെൻ ബോട്ടിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാൻസെൻ_ബോട്ടിൽ&oldid=2283800" എന്ന താളിൽനിന്ന് ശേഖരിച്ചത്