നാസിക് ഢോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഉത്തരേന്ത്യൻ തുകൽ വാദ്യമാണ് നാസിക് ഡോൾ. സാധാരണ ഡോളുകളെ അപേക്ഷിച്ച് ഉയർന്ന വലിപ്പമാണ് ഇവയുടെ പ്രത്യേകത. മഹാരാഷ്ട്രയിലെ നാസിക്കാണ് ഈ വാദ്യത്തിന് പേരു കേട്ട സ്ഥലം.

ചരിത്രം[തിരുത്തുക]

ഡോൾ എന്ന വടക്കേ ഇന്ത്യൻ സംഗീത ഉപകരണത്തിന് പതിനഞ്ചാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അക്ബറിന്റെ സംഗീതസദസിൽ ഡോൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. വടികൾ കൊണ്ടു കൊട്ടാൻ പാകത്തിന് തുകൽ കൊണ്ടു നിർമിച്ച ഇരുമുഖങ്ങളാണ് സാധാരണ ഡോളിനുള്ളത്. എന്നാൽ ഡോളിനു പല വകഭേദങ്ങളുണ്ട്. മൃദംഗസമാനമായ ഭംഗ്ര ഡോൾ മുതൽ ഭീമൻ ഡോളുകളായ നാസിക് ഡോൾ വരെ അക്കൂട്ടത്തിലുണ്ട്. വലിയ ഡോളുകൾ വച്ചുണ്ടാക്കുന്ന താളാത്മകമായ സംഗീതമാണ് നാസിക് ഡോൾ. വടക്കൻ സംസ്ഥാനങ്ങളിൽ വിവാഹം, നവരാത്രി പൂജ, ഗണപതിപൂജ, റാലികൾ, കോളജ് പരിപാടികൾ തുടങ്ങി എന്തിന്റെയും അവിഭാജ്യ ഘടകമാണ് ഇന്നു നാസിക് ഡോൾ. മഹാരാഷ്ട്രയാണ് നാസിക്ക് ഡോളിനു പേരു കേട്ട സംസ്ഥാനം. അവിടത്തെ ഗുലാൻവാഡിയിൽ ഗണപതി പൂജയ്ക്കു മുമ്പു നാസിക് ഡോൾ ടീമുകൾ ചേർന്ന് നടത്തുന്ന പരിശീലനം പ്രസിദ്ധമാണ്. നാസിക് ഡോളിൽ ഡോളിനൊപ്പം താഷയെന്ന ഉപകരണവും വ്യാപകമായി ഉപയോഗിക്കാറുണ്ട്. [1]

കേരളത്തിൽ[തിരുത്തുക]

ഒരു പതിറ്റാണ്ട് മുമ്പാണ് ഈ സംഗീതം കേരളത്തിന്റെ അതിർത്തി കടന്നെത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി ഏതു പരിപാടിയുടെ മുൻനിരയിലും നാസിക് ഡോളുണ്ട്. ജില്ലാ തലങ്ങളിൽ അസോസിയേഷനുകൾ വരെ തുടങ്ങിക്കഴിഞ്ഞു. നാസിക് ഡോൾ മലയാളിക്കു പ്രിയമാകുന്നതിനു പിന്നിൽ ചില ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ ചെലവാണ്. ശിങ്കാരിമേളം പോലുള്ളവ 15,000 രുപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. ഇവിടെ നാസിക് ഡോലിനുള്ള ചെലവ് തുച്ഛമാണ്. ഒരു സാധാരണ ഒരു പരിപാടിക്ക് നാസിക് ഡോളിന് 8000 രൂപയേ വേണ്ടി വരൂ.

രണ്ടാമത്തെ ഘടകം ആകർഷണീയതയാണ്. വ്യത്യസ്ത ഈണങ്ങളായും താളങ്ങളായും മാറുമ്പോൾ ഡോൾ സംഗീതത്തിന് ഇമ്പമേറും. ചടുലവും നാടകീയവുമാണ് അവതരണം.

വിമർശനങ്ങൾ[തിരുത്തുക]

അനുവദിക്കപ്പെട്ടതിലുമധികമാണ് ഇതിന്റെ ശബ്ദം. മനുഷ്യന്റെ ശ്രവണപുടത്തിന് താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് നാൽപത് ഡെസിബെല്ലാണ്. എന്നാൽ നാസിക് ഡോൽ ഉയർത്തുന്നത് നൂറ് ഡെസിബെല്ലിൽ കൂടിയ ശബ്ദമാണ്. [2] ഉത്സവങ്ങളുടെ സാംസ്‌കാരിക തനിമയെ ഇല്ലാതാക്കുകയാണ് നാസിക് ഡോളുകൾ ചെയ്യുന്നതെന്ന് വിവിധ കലാകാരൻമാർ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതലും സ്കൂൾ തലത്തിൽ ഉള്ള കുട്ടികൾ ആണ് ഈ വാദ്യം ഉപയോഗിക്കുന്നതായി കണ്ടുവരുന്നത്. അനവധി നാസിക് ഡോൾ സംഘങ്ങളിൽ ചിലരെങ്കിലും ലഹരിമരുന്നുകൾക്ക് അടിമയാണെന്ന് അടുത്തകാലത്ത് പോലീസ് കണ്ടെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. [3]

ഇതും കാണുക[തിരുത്തുക]

ഡ്രംസ്

അവലംബം[തിരുത്തുക]

  1. രാഷ്ട്ര ദീപിക [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. അന്വേഷണം [2] Archived 2019-07-23 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 23
  3. ജന്മഭൂമി ദിനപത്രം [3] Archived 2019-07-23 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 23
"https://ml.wikipedia.org/w/index.php?title=നാസിക്_ഢോൽ&oldid=3635292" എന്ന താളിൽനിന്ന് ശേഖരിച്ചത്