നാഷണൽ ഹെറാൾഡ് കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോണിയാ ഗാന്ധിക്കും, മകൻ രാഹുൽ ഗാന്ധിക്കുമെതിരേ സുബ്രമണിയൻ സ്വാമി ഡെൽഹി ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന ഒരു കേസാണ് നാഷണൽ ഹെറാൾഡ് കേസ്.[1] സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു.[2] ഇത് വരുമാന നികുതി നിയമത്തിലെ , 269T വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിക്കുന്നു.[3] 2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയുടെ രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.[4]

അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്[തിരുത്തുക]

1937 നവംബർ 20 ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. ന്യൂഡെൽഹി, ബഹാദൂർ സഫർ മാ‍ർഗിലെ ഹെറാൾഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികൾ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. ഏതെങ്കിലും പക്ഷപാതപരമായ നിലപാടുകൾക്കതീതമായി, സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു കമ്പനി എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ദിനപത്രങ്ങൾക്കു ബദലായി ഇന്ത്യൻ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുക എന്നതു കൂടി നെഹ്രുവിന്റെ ലക്ഷ്യമായിരുന്നു. [5] 2010 സെപ്തംബർ 29 ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടകമൾ അസ്സോസ്സിയേറ്റഡ് ജേണൽസ് പ്രസ്സിനുണ്ടായിരുന്നു.

2002 മാർച്ച് 22 മുതൽ മോത്തിലാൽ വോറ ആയിരുന്നു കമ്പനിയുടെ ചെയർമാൻ.[6] മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണൽ ഹെറാൾഡ്, ഇംഗ്ലീഷിലും, ഖൗമി ആവാസ്, ഉറുദുവിലും, നവജീവൻ ഹിന്ദിയിലും ആയിരുന്നു അവ. ഡൽഹി, ലക്നൗ, ഭോപാൽ, മുംബൈ, ഇൻഡോർ, പറ്റ്ന എന്നിവിടങ്ങളിൽ വമ്പിച്ച ഭൂസ്വത്തും കമ്പനിക്കുണ്ടായിരുന്നു.[7]

യങ് ഇന്ത്യൻ[തിരുത്തുക]

2010 നവംബർ 23 ന് അഞ്ചു ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യങ് ഇന്ത്യൻ. നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിൽ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവർത്തിച്ചിരുന്നത്. 2010 ഡിസംബർ പതിമൂന്നിന്, രാഹുൽ ഗാന്ധി യങ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയിൽ, സോണിയാ ഗാന്ധി, ഡയറക്ടർ ബോർഡംഗമായും സ്ഥാനമേറ്റെടുത്തു. യങ് ഇന്ത്യൻ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുൽ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്.[8] 12 ശതമാനം വീതം ഓഹരികൾ മോത്തിലാൽ വോറക്കും, ഓസ്കാർ ഫെർണാണ്ടസിനും ഉണ്ട്.

കേസ്[തിരുത്തുക]

സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുട വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികൾ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതി മുമ്പാകെ 2012 നവംബർ ഒന്നിന് ഒരു സ്വകാര്യ അന്യായം സമർപ്പിച്ചു.[9] ഈ ഏറ്റെടുക്കലിലൂടെ, നാഷണൽ ഹെറാൾഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡൽഹിയിലും, ഉത്തർപ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലിന്റേയും, സോണിയയുടേയും കൈവശത്തിലായി എന്നും പരാതിയിൽ ആരോപിച്ചിരിക്കുന്നു. ഡൽഹിയിൽ യങ് ഇന്ത്യ ഏറ്റെടുത്ത അസ്സോസ്സിയേറ്റഡ് ജേണൽസ് പ്രസ്സിന്റെ സ്ഥലം, സർക്കാർ പത്രപ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാൽ അതിനു വിരുദ്ധമായി യങ് ഇന്ത്യൻ അവിടെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ നടത്തി എന്നും സ്വാമി ആരോപിക്കുന്നു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപാ, യങ് ഇന്ത്യൻ വരുമാനം എന്ന രീതിയിൽ കൈക്കലാക്കിയതും, നിയമവിരുദ്ധമാണ്.[10][11]

അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ,യങ് ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമെന്നും സ്വാമി ആരോപിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും, വാണിജ്യാവശ്യങ്ങൾക്കു വേണ്ടി, വായ്പ നൽകാൻ നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാൻ മാത്രമാണീ വായ്പ എന്നും, ഇതിനു പുറകിൽ യാതൊരു വാണിജ്യ താൽപര്യങ്ങളില്ലെന്നും, കോൺഗ്രസ്സ് സ്വാമിയുടെ ആരോപണങ്ങൾക്കു മറുപടിയായി വ്യക്തമാക്കി.[12]

കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയിൽ പരാതി സമർപ്പിച്ചുവെങ്കിലും, ഇരുവർക്കെതിരേയും, കേസെടുക്കാൻ പ്രഥമദൃഷ്ടിയാൽ തെളിവുകളുണ്ടെന്നു കോടതി നിരീക്ഷിച്ചു. രാഹുലിനോടും, സോണിയയോടും കോടതിയിൽ ഹാജരായി തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കോടതി സമ്മൺസ് അയച്ചു.[13] 2014 ഓഗസ്റ്റ് ഏഴാം തീയതിക്കു മുമ്പായി കോടതിയിൽ ഹാജരാവാൻ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബേ, സത്യൻ പിത്രോദ എന്നിവരോട് ഡൽഹി കോടതി ജഡ്ജിയായ ശ്രീമതി. ഗോമതി മനോക്ഷ സമ്മൺസ് അയച്ചു. ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാൻ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി.[14][15]

അപ്പീൽ[തിരുത്തുക]

മെട്രോപൊലീറ്റൻ കോടതി പുറപ്പെടുവിച്ച സമ്മൺസിനെതിരേ പ്രതിഭാഗം, ഡെൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി, ഈ സമ്മൺസ് ഒരാഴ്ചക്കാലത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു.[16]

അവലംബം[തിരുത്തുക]

 1. "ഡെൽഹി കോർട്ട് സമ്മൺസ് സോണിയ രാഹുൽ ഇൻ നാഷണൽ ഹെറാൾഡ് കേസ്". ദ ഹിന്ദു. 2014-06-27. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 2. "നാഷണൽ ഹെറാൾഡ് കേസ്, ലോൺ റൈറ്റ് ഓഫ്, കോൺഫ്ലിക്ട് ഓഫ് ഇന്റ്രസ്റ്റ്, ബെനഫിറ്റിങ് ടേക് ഓവർ ബൈ ഫാമിലി". ഇന്ത്യൻ എക്സ്പ്രസ്സ്. 2015-12-09. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 3. "ഇന്ത്യൻ വരുമാന നികുതി നിയമം". ഇന്ത്യൻ കാനൂൻ. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 4. "ദ നിറ്റി ഗ്രിറ്റി ഓഫ് നാഷണൽ ഹെറാൾഡ് കേസ്". ദ ഹിന്ദു. 2015-12-10. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 5. "എന്താണ് നാഷണൽ ഹെറാൾഡ്". മാതൃഭൂമി ഓൺലൈൻ. 2015-12-19. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 6. "വാട്ട് ഈസ് ദ നാഷണൽ ഹെറാൾഡ് കേസ് ഓൾ എബൗട്ട്". ഇന്ത്യാ ടുഡേ. 2015-12-08. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 7. "ഡീൽസ് അറ്റ് നാഷണൽ ഹെറാൾഡ്, ഹൂ ഗോട്ട് വാട്ട്, വെൻ, ഹൗ". ദ ഇൻഡ്യൻ എക്സ്പ്രസ്സ്. 2015-12-10. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 8. "എന്താണ് നാഷണൽ ഹെറാൾഡ് കേസ്". മാതൃഭൂമി ഓൺലൈൻ. 2015-12-19. ശേഖരിച്ചത് 2015-12-19. CS1 maint: discouraged parameter (link)
 9. "നാഷണൽ ഹെറാൾഡ് കേസ്" (PDF). ലോബിസ്. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 10. "സ്വാമി അക്യൂസസ് സോണിയ രാഹുൽ ഓഫ് പ്രോപർട്ടി ഫ്രോ‍‍ഡ്". ഡെക്കാൺ ഹെറാൾഡ്. 2012-11-01. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 11. "സ്വാമി ഡസ് എ കെജ്രിവാൾ, ടാർജറ്റ്സ് സോണിയ & രാഹുൽ ഫോർ ലാന്റ് ഗ്രാബ്". ഫസ്റ്റ് പോസ്റ്റ്. 2012-11-01. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 12. "കോൺഗ്രസ്സ് ടു റിവൈവ്, ചലഞ്ചസ് സ്വാമി ടു ടേക്ക് ഇറ്റ് ടു കോർട്ട്". ദ ഹിന്ദു. 2012-11-03. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 13. ദീപക്, നാഗ്പാൽ (2014-06-26). "കോർട്ട് സമ്മൺസ് രാഹുൽ ആന്റ് സോണിയാ ഗാന്ധി ഓൺ നാഷണൽ ഹെറാൾഡ് ലാന്റ് ഗ്രാബ് കേസ്". സീ ന്യൂസ്. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 14. "വാട്ടീസ് ദിസ് നാഷണൽ ഹെറാൾഡ് കേസ് എബൗട്ട്". ഇന്ത്യാ ടുഡേ. 2015-12-08. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 15. "നാഷണൽ ഹെറാൾഡ് കേസ് എക്സ്പ്ലെയിൻഡ്, എവരിതിങ് യു നീഡ് ടു നോ". ഇന്ത്യൻ എക്സ്പ്രസ്സ്. 2015-12-10. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
 16. "ഡൽഹി ഹൈക്കോർട്ട് സ്റ്റേയ്സ് ക്രിമിനൽ പ്രൊസീഡിങ്സ് എഗെയിൻസ്റ്റ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി". ടൈംസ് ഓഫ് ഇന്ത്യ. 2014-08-06. ശേഖരിച്ചത് 2015-12-20. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=നാഷണൽ_ഹെറാൾഡ്_കേസ്&oldid=2290954" എന്ന താളിൽനിന്ന് ശേഖരിച്ചത്