നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ
Agency overview
Formed11 മാർച്ച് 1986; 34 വർഷങ്ങൾക്ക് മുമ്പ് (1986-03-11)
Jurisdictionഭാരത സർക്കാർ
Headquartersഈസ്റ്റ് ബ്ലോക്ക്-7,
ആർ.കെ. പുരം,
ന്യൂഡെൽഹി[1]
Mottoവിവരസാങ്കേതികവിദ്യയോടൊപ്പം ഇന്ത്യൻ പോലീസിനെ ശക്തിപ്പെടുത്തുന്നു.
(Empowering Indian Police with Information Technology)
Employees435
(2015 ഒക്ടോബർ പ്രകാരം.)
Agency executiveഎ.ആർ.കെ. കിന്നി, ഡയറക്ടർ
Parent departmentകേന്ദ്ര ആഭ്യന്തര മന്ത്രാലയം
Key documentഎൻ.സി.ആർ.ബി.യുടെ രൂപീകരണം സംബന്ധിച്ച പ്രമേയം.
Websitencrb.gov.in

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെയും അപകടമരണങ്ങളുടെയും വിവരം ശേഖരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു കേന്ദ്രസർക്കാർ ഏജൻസിയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (National Crime Records Bureau, NCRB). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഈ ഏജൻസിയുടെ പ്രവർത്തനം.[2] ന്യൂഡെൽഹിയാണ് ആസ്ഥാനം.[2] 1986 മാർച്ച് 11-ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് എൻ.സി.ആർ.ബി. രൂപംകൊണ്ടത്‌.[2]

ഇന്ത്യയിലെ അപകട മരണങ്ങൾ, കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, കാണാതായവർ, അജ്ഞാത മൃതശരീരങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ തലത്തിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് എൻ.സി.ആർ.ബി.യുടെ പ്രധാന ലക്ഷ്യം.[2] കൂടാതെ ഈ വിവരങ്ങൾ നിയമപാലകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു.[2] എൻ.സി.ആർ.ബി.യുടെ ഇപ്പോഴത്തെ ഡയറക്ടർ എ.ആർ.കെ. കിന്നിയാണ്. (2016 ഫെബ്രുവരി പ്രകാരം). വിവരസാങ്കേതികവിദ്യയോടൊപ്പം ഇന്ത്യൻ പോലീസിനെ ശക്തിപ്പെടുത്തുന്നു. (Empowering Indian Police with Information Technology) എന്നതാണ് എൻ.സി.ആർ.ബി.യുടെ മുദ്രാവാക്യം.[2]

ചരിത്രം[തിരുത്തുക]

സാഹചര്യം[തിരുത്തുക]

കുറ്റകൃത്യങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നത് കുറ്റാന്വേഷണത്തെ വളരെയേറെ സഹായിക്കാറുണ്ട്‌. ഒരു കുറ്റകൃത്യം കണ്ടെത്തുന്നതിനോ തടയുന്നതിനോ ഇത്തരം രേഖകൾ പ്രയോജനപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യയിലും ഗതാഗത സംവിധാനങ്ങളിലുമുണ്ടായ പുരോഗതി കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനിടയാക്കി. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖകളാക്കി സൂക്ഷിക്കുന്നതിന് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ വന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കോ ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം കൈമാറുവാൻ കഴിയാതെ വന്നു. അതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരുന്നു. കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് അവയുടെ വിവരശേഖരണം അത്യാശ്യമായിരുന്നു. മാത്രമല്ല,രാജ്യത്ത് എല്ലാ പോലീസ് സ്റ്റേഷനുകളും ഒരു ഏകീകൃത രീതിയിൽ വിവരശേഖരണം നടത്തേണ്ടതും അത്യാവശ്യമായിരുന്നു. എങ്കിൽ മാത്രമേ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുകയുള്ളൂ. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഒരേ രീതിയിൽ വിവരശേഖരണം നടത്തണമെന്ന നിർദ്ദേശം ആദ്യം അവതരിപ്പിച്ചത് 1902-ലെ ഇന്ത്യൻ പോലീസ് കമ്മീഷനായിരുന്നു.[3]

ചില ഏജൻസികൾ രൂപംകൊള്ളുന്നു[തിരുത്തുക]

കുറ്റവാളികളുടെ വിരലടയാളം ശേഖരിക്കുന്നതിനായി 1956-ൽ കൊൽക്കത്ത ആസ്ഥാനമാക്കി സെൻട്രൽ ഫിംഗർപ്രിന്റ് ബ്യൂറോ പ്രവർത്തനം തുടങ്ങി.[3] ഇതുകൂടാതെ 1964-ൽ സി.ബി.ഐ.യുടെ ഇന്റർ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ഡിവിഷൻ രൂപീകരിക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിവരശേഖരണത്തിനായി രൂപീകരിക്കപ്പെട്ട ഈ ഏജൻസികളിലൂടെ സംസ്ഥാനങ്ങൾ തമ്മിലുള്ള വിവരകൈമാറ്റവും നടന്നിരുന്നു.[3]

കമ്പ്യൂട്ടർവൽക്കരണം[തിരുത്തുക]

കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ വിവരശേഖരണം ഒരു ഭാരിച്ച ജോലിയായി മാറി. ഈ സാഹചര്യത്തിലാണ് വിവരശേഖരണത്തിനായി കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥർ ചിന്തിച്ചു തുടങ്ങിയത്. 1970-ലെ ഒരു വിദഗ്ദ്ധ സമിതി കമ്പ്യൂട്ടറുകളുപയോഗിച്ചുള്ള വിവരശേഖരണം എന്ന ആശയം അവതരിപ്പിച്ചു.[3]

കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ കടന്നുവരവോടെ കുറ്റകൃത്യങ്ങളുടെ വിവരശേഖരണവും വിവരകൈമാറ്റവും കൂടുതൽ എളുപ്പമായി. 1972-ലെ ഒരു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വിരലടയാള രേഖകളുടെ കമ്പ്യൂട്ടർവൽക്കരണവും സാദ്ധ്യമായി.[3]

എൻ.സി.ആർ.ബി.യുടെ രൂപീകരണം[തിരുത്തുക]

കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങളുടെയും മറ്റും വിവരശേഖരണം എളുപ്പമായതോടെ അവയെ സംബന്ധിക്കുന്ന രേഖകൾ നിർമ്മിക്കുന്നതിനും സംരക്ഷിച്ചു വയ്ക്കുന്നതിനും ഒരു കേന്ദ്ര ഏജൻസിയുടെ ആവശ്യം വന്നുചേർന്നു. ദേശീയ തലത്തിലുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി രൂപീകരിക്കണമെന്ന നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത് 1977-ലെ ദേശീയ പോലീസ് കമ്മീഷനായിരുന്നു. സർക്കാർ ഈ നിർദ്ദേശത്തെക്കുറിച്ച് വിശദമായി പഠിക്കുകയും 'നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ' എന്ന പേരിൽ ഒരു ദേശീയ വിവരശേഖരണ ഏജൻസി രൂപീകരിക്കുന്നതിനെ അംഗീകരിക്കുകയും ചെയ്തു.[3]

1986 മാർച്ച് 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്നുണ്ടായിരുന്ന ചില ഏജൻസികളെയെല്ലാം ചേർത്ത്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ രൂപീകരിക്കുന്നതു സംബന്ധിച്ച പ്രമേയം പുറത്തിറക്കി.[3] അങ്ങനെയൊണ് എൻ.സി.ആർ.ബി. രൂപീകരിക്കപ്പെട്ടത്. 1986 മുതൽ 1988 വരെയുള്ള വർഷങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് കോർഡിനേഷൻ പോലീസ് കമ്പ്യൂട്ടേഴ്സ്, സി.ബി.ഐ.യുടെ ഇന്റർ സ്റ്റേറ്റ് ക്രിമിനൽ ഡേറ്റാ സംരംഭം, ക്രൈം സ്റ്റാറ്റിസ്റ്റിക്സ്, കൊൽക്കത്തയിലെ ഫിംഗർ പ്രിന്റ് ബ്യൂറോ തുടങ്ങിയ ഏജൻസികളെ കൂടി എൻ.സി.ആർ.ബി.യിൽ ലയിപ്പിച്ചു.[3]

ലക്ഷ്യങ്ങൾ[തിരുത്തുക]

എൻ.സി.ആർ.ബി.യുടെ ലക്ഷ്യങ്ങൾ.[3]

 • ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന കുറ്റകൃത്യങ്ങളെയും, അതിനു കാരണക്കാരായ കുറ്റവാളികളെയും സംബന്ധിച്ച വിവരം കുറ്റാന്വേഷകർക്കു ലഭ്യമാക്കുക.
 • രാജ്യത്തെ എല്ലാ അഭിഭാഷകരെയും കുറ്റാന്വേഷക ഏജൻസികളെയും, കോടതികളെയും ഏകോപിച്ചുകൊണ്ട് കുറ്റകൃത്യങ്ങളുടെ വിവരശേഖരണം നടത്തുക.
 • ദേശീയ തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുക.
 • കുറ്റവാളികളുടെ പുനരധിവാസം, റിമാൻഡ്, പരോൾ, ജയിൽമോചനം എന്നീ വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കുകയോ നൽകുകയോ ചെയ്യുക.
 • സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക.
 • ക്രൈം റെക്കോർഡ്സ് ബ്യൂറോകളിലെ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുക.
 • ക്രൈം റെക്കോർഡ്സ് ബ്യൂറോകളുടെ പ്രവർത്തനം വിലയിരുത്തുക.
 • കേന്ദ്ര പോലീസ് സംഘടനകൾക്ക് കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കുക.
 • ഇന്ത്യയിലെയും വിദേശത്തെയും കുറ്റവാളികളുടെ വിരലടയാളങ്ങൾ ശേഖരിക്കുക.
 • വിരലടയാള പരിശോധനകളിലൂടെ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുക.
 • വിരലടയാള സംബന്ധമായ വിഷയങ്ങളെപ്പറ്റി സർക്കാരിന് ഉപദേശം നൽകുക.
 • വിരലടയാള വിദഗ്ദ്ധർക്കു വേണ്ട പരിശീലനം നൽകുക.

ഘടകങ്ങൾ[തിരുത്തുക]

എൻ.സി.ആർ.ബി.യുടെ പ്രവർത്തനങ്ങൾ നടക്കുന്നത് ഈ ഘടകങ്ങളിലൂടെയാണ്.[3]

 1. സി.സി.ടി.എൻ.എസ്. (ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് ആൻഡ് നെറ്റ്‌വർക്ക് സിസ്റ്റംസ്)
 2. ക്രൈം റെക്കോർഡ്സ് ബ്രാഞ്ച്
 3. സെൻട്രൽ ഫിംഗർ പ്രിന്റ് ബ്യൂറോ
 4. സ്റ്റാറ്റിസ്റ്റിക്കൽ ബ്രാഞ്ച്.
 5. ട്രെയ്നിംഗ് ബ്രാഞ്ച്
 6. ഡേറ്റാ സെന്റർ ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്
 7. അഡ്മിനിസ്ട്രേഷൻ ബ്രാഞ്ച്

മറ്റു സേവനങ്ങൾ[തിരുത്തുക]

വാർഷിക കണക്കുകൾ[തിരുത്തുക]

ഇന്ത്യയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, അപകടമരണങ്ങൾ, ആത്മഹത്യകൾ എന്നിവയുടെ കണക്കുകൾ എല്ലാ വർഷവും എൻ.സി.ആർ.ബി. പ്രസിദ്ധീകരിക്കാറുണ്ട്.[4] അപകടമരണങ്ങളും ആത്മഹത്യകളും (Accidental Deaths And Suicides) എന്ന പേരിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ക്രൈം റെക്കോർഡ്സ് ബ്യൂറോകൾ കുറ്റകൃത്യങ്ങളുടെയും അപകടമരണങ്ങളുടെയും വിവരം ശേഖരിച്ച് വർഷാവസാനം എൻ.സി.ആർ.ബി.ക്കു നൽകുന്നു. എൻ.സി.ആർ.ബി. ഈ വിവരങ്ങൾ വിശദമായി അപഗ്രഥിച്ച് സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുന്നു. 1967 മുതലുള്ള കുറ്റകൃത്യങ്ങളുടെയും മറ്റും കണക്കുകൾ എൻ.സി.ആർ.ബി.യുടെ വെബ്സൈറ്റിൽ ലഭ്യമാണ്.[4]

നഷ്ടപ്പെട്ട വാഹനങ്ങൾ, തോക്കുകൾ[തിരുത്തുക]

കാണാതയതോ മോഷ്ടിക്കപ്പെട്ടതോ ആയ വാഹനങ്ങളുടെ കേസ് വിവരങ്ങൾ എൻ.സി.ആർ.ബി. സൂക്ഷിക്കുന്നുണ്ട്. കേസിന്റെ പുരോഗതി അറിയുവാനായി മോട്ടോർ വെഹിക്കിൾ എൻക്വയറി കൗണ്ടറുകളും രൂപീകരിച്ചിട്ടുണ്ട്. ഈ സേവനം വെബ്സൈറ്റിലൂടെയും ലഭ്യമാണ്.[5]

വാഹനങ്ങളുടെ കേസ് വിവരങ്ങൾ സൂക്ഷിക്കുന്നത് പോലെ, മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ തോക്കുകളുടെ വിവരവും എൻ.സി.ആർ.ബി.ശേഖരിക്കുന്നുണ്ട്. പോലീസ് അന്വേഷിച്ചു കണ്ടെത്തുന്ന തോക്കുകൾ ഉടമസ്ഥനു തിരികെ നൽകുകയും ചെയ്യുന്നുണ്ട്.[5]

തലാഷ് സംവിധാനം[തിരുത്തുക]

അറസ്റ്റു ചെയ്യപ്പെട്ടവർ, പൊലീസ് തിരയുന്നവർ, കാണാതായവർ, ജയിൽ ചാടിയവർ, അജ്ഞാതർ, അജ്ഞാത മൃതശരീരങ്ങൾ, എന്നിവയുടെ ചിത്രസഹിതമുള്ള വിവരങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വിപുലമായ ഒരു ഡേറ്റാബേസ് എൻ.സി.ആർ.ബി.യ്ക്കുണ്ട്. തലാഷ് സംവിധാനം എന്നാണ് ഇതറിയപ്പെടുന്നത്. ഈ വിവരങ്ങളെല്ലാം എൻ.സി.ആർ.ബി.യുടെ വെബ്സൈറ്റിലും ലഭ്യമാണ്. [5]

ഡയറക്ടർ ജനറൽ[തിരുത്തുക]

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ആളാണ് ഡയറക്ടർ ജനറൽ. ഡയറക്ടർ ജനറലിനോടൊപ്പം അഞ്ച് ഉദ്യോഗസ്ഥരുമായാണ് എൻ.സി.ആർ.ബി. 1986-ൽ പ്രവർത്തനം തുടങ്ങിയത്.[3]

പട്ടിക[തിരുത്തുക]

ഡയറക്ടർ ജനറൽമാരുടെ പട്ടിക
പേര് കാലഘട്ടം കുറിപ്പുകൾ
അർച്ചന രാമസുന്ദരം 2015 ജൂൺ 17 - 2016 ഫെബ്രുവരി 1 [6][7]
എ. രാധാകൃഷ്ണ കിന്നി 2016 ഫെബ്രുവരി 1 - തുടരു‍ന്നു [8]

അവലംബം[തിരുത്തുക]

 1. http://ncrb.gov.in/contactus.htm#contacts ശേഖരിച്ചത് 2015 ഒക്ടോബർ 15.
 2. 2.0 2.1 2.2 2.3 2.4 2.5 "N.C.R.B. Home". National Crime Records Bureau of India. ശേഖരിച്ചത് 2015 ഒക്ടോബർ 15.
 3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 "N.C.R.B.-Origin". National Crime Records Bureau of India. ശേഖരിച്ചത് 2015 ഒക്ടോബർ 15.
 4. 4.0 4.1 "Accident Deaths". National Crime Records Bureau of India. ശേഖരിച്ചത് 2015 ഒക്ടോബർ 15.
 5. 5.0 5.1 5.2 "Public services". National Crime Records Bureau of India. ശേഖരിച്ചത് 2015 ഒക്ടോബർ 15.
 6. "Archana Ramasundaram appointed as Director of National Crime Records Bureau". Jagran Josh. 2015 ജൂൺ 18. ശേഖരിച്ചത് 2015 ഒക്ടോബർ 18.
 7. "Archana Ramasundaram to head National Crime Records Bureau". The Hindu. 2015 ജൂൺ 18. ശേഖരിച്ചത് 2015 ഒക്ടോബർ 15.
 8. "Archana Breaks Another Glass Ceiling, Becomes First Woman to Head the SSB". New Indian Express. 2 February 2016. ശേഖരിച്ചത് 17 February 2016.