നാവേറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു നാടോടി വിശ്വാസമാണ് നാവേറ്. ഒരു വ്യക്തിക്ക് സ്വയമേവയോ അല്ലാതെയോ മറ്റൊരാൾക്ക് ദോഷം സംഭവിപ്പിക്കാനുള്ള ശക്തിയുണ്ട് എന്ന നാടോടി വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ദോഷം വ്യക്തിക്കോ അയാളുടെ സ്വത്തിനോ സംഭവിക്കാമെന്നു കരുതപ്പെടുന്നു. നോട്ടമോ പുകഴ്ത്തിപ്പറയലോ ആണ് ഇതിന്റെ നിമിത്തങ്ങളായി കണക്കാക്കപ്പെടുന്നത്.

നോട്ടത്തിലൂടെ ദോഷം സംഭവിക്കുന്നു എന്ന വിശ്വാസമാണ് കണ്ണുദോഷം. അഭിപ്രായപ്രകടനത്തിലൂടെ ദോഷമുണ്ടാകുന്നു എന്ന വിശ്വാസമാണ് നാവുദോഷം. കണ്ണുദോഷം സംഭവിക്കൽ കണ്ണേറ് എന്നും നാവുദോഷം സംഭവിക്കൽ നാവേറ് എന്നും അറിയപ്പെടുന്നു.

നോക്കിക്കൊല്ലു'ന്നതിനും 'നോക്കിമുടിക്കു'ന്നതിനും ചിലർക്കു കഴിയുമെന്ന വിശ്വാസമാണ് കണ്ണേറിലുള്ളത്. നാവേറിന് 'പറഞ്ഞു കൊല്ലുന്ന'തിനും 'പറഞ്ഞു മുടിക്കു'ന്നതിനും കഴിവുള്ളവരുണ്ടെന്ന വിശ്വാസമാണ് ആധാരം. ഇവ രണ്ടും വ്യക്തികൾക്കോ അവരുടെ സമ്പത്തിനോ ദോഷകാരണമാകാറുണ്ടെന്ന് പല കൂട്ടായ്മകളും കരുതുന്നു. അതുകൊണ്ട് നിരവധി പ്രതിരോധ പ്രതിവിധി കർമങ്ങൾ അവർ അനുഷ്ഠിച്ചു പോരുന്നതായി കാണാം. കണ്ണേറിനും നാവേറിനുമുള്ള പ്രതിരോധ കർമങ്ങൾക്കും പ്രതിവിധി കർമങ്ങൾക്കും മിക്കപ്പോഴും സമാന സ്വഭാവമുണ്ടായിരിക്കുകയോ അവ ഒന്നുതന്നെ ആയിരിക്കുകയോ ചെയ്യും. കാരണമാകുന്ന ശക്തിയെക്കുറിച്ചുള്ള വിശ്വാസവും സൂക്ഷ്മതലത്തിൽ ഒന്നാണെന്നു കാണാം. കണ്ണേറിൽ നോട്ടം കാരണമാണ് ദോഷം സംഭവിക്കുന്നത് എന്നു പറയുന്നുവെങ്കിലും നോട്ടത്തിലൂടെ ഒരാൾ തന്റെ അഭിപ്രായ പ്രകടനം നടത്തുന്നു എന്നിടത്താണ് ഊന്നൽ. നാവേറിൽ ഈ അഭിപ്രായം വാഗ്രൂപത്തിൽ പുറത്തുവരുന്നെന്നേയുളളൂ. ഈ വസ്തുതകൾ കണ്ണേറിനെയും നാവേറിനെയും ഒരേ വിശ്വാസത്തിന്റെ തന്നെ രണ്ടുവശങ്ങളായി കാണുവാനാണ് പ്രേരിപ്പിക്കുന്നത്. മിക്ക സംസ്കാരങ്ങളിലും ഇവ രണ്ടിനെയും കുറിക്കാൻ കരിങ്കണ്ണ് എന്നതിനു തുല്യമായ ഈവ്ൾ ഐ (Evil eye) എന്ന വാക്കു മാത്രമേ പ്രബലമായുള്ളൂ. സെമിറ്റിക് രാജ്യങ്ങളിലെ കണ്ണേറു വിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ശ്രമിച്ച അലൻഡൻഡസ് കണ്ണേറിനു നല്കിയിട്ടുള്ള നിർവചനവും ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട്.

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ പലയിടത്തും പല പേരുകളിലാണ് ഈ വിശ്വാസം അറിയപ്പെടുന്നത്. ഉത്തരകേളത്തിൽ കണ്ണേറ്, പൊട്ടിക്കണ്ണ്, കരിങ്കണ്ണ് എന്നീ പേരുകൾക്കാണ് പ്രാമുഖ്യം. തെക്കൻ കേരളത്തിൽ കമ്പേറ്, കരിനാക്ക് എന്നീ പേരുകളും മധ്യകേരളത്തിൽ അപകണ്ണ്, ചീങ്കണ്ണ്, കാലന്റെ കണ്ണ് എന്നീ പേരുകളുമാണ് നിലവിലുള്ളത്. ഇടുക്കി ജില്ലയിലും മറ്റും ചില മലയോര പ്രദേശങ്ങളിൽ എതിരേറ് എന്ന പേര് ഉപയോഗിക്കുന്നതായി കാണാം. നാവുദോഷം, നാന്ദോഷം, കണ്ണുദോഷം, ദൃഷ്ടിദോഷം, വിളിശാപദോഷം, കണ്ണുപറ്റൽ, കണ്ണുതട്ടൽ, കണ്ണുകൊള്ളൽ തുടങ്ങിയ പേരുകളും നിലവിലുണ്ട്.

ഇന്ത്യയിലെ ഇതര സംസ്കാരങ്ങളിലെന്നപോലെ കേരളത്തിലും കണ്ണേറ് സജീവമായി നിലനില്ക്കുന്ന ഒരു പരമ്പരാഗത വിശ്വാസമാണ്. മലയർ, വേലൻ, കാണിക്കാർ, പാണൻ, പുള്ളുവൻ തുടങ്ങിയ സമുദായങ്ങൾക്ക് തനതായ കണ്ണേറ്റനുഷ്ഠാനങ്ങളുണ്ട്. സാമാന്യ ജനതയുടെ ഇടയിൽ ഈ വിശ്വാസത്തിനുള്ള പ്രചാരത്തെ സൂചിപ്പിക്കുന്നവയാണ് നോക്കുകുത്തികൾ. ശ്രദ്ധ തെറ്റിച്ച് കണ്ണേറിൽ നിന്ന് രക്ഷപ്പെടുക എന്ന വിശ്വാസമാണ് ഇവ സ്ഥാപിക്കുന്നതിനു പിന്നിലുള്ളത്. ഇതിനു പുറമേ മറ്റു നിരവധി പ്രതിവിധി കർമങ്ങളും പ്രതിരോധ മാർഗങ്ങളും കേരളത്തിൽ പ്രയോഗത്തിലുണ്ട്. കണ്ണേറുമായി ബന്ധപ്പെട്ട നിരവധി കഥകളും പാട്ടുകളും അനുഷ്ഠാനങ്ങളും കേരളത്തിലെ മിക്ക കൂട്ടായ്മകളിലുമുണ്ട്.

മനുഷ്യരിൽ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സുന്ദരികൾ തുടങ്ങിയവർക്കാണ് ഇത് എളുപ്പം ബാധിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വീട്, വാഹനങ്ങൾ തുടങ്ങിയവയ്ക്കും വളർത്തുമൃഗങ്ങൾക്കും കണ്ണുപറ്റാൻ സാധ്യതയേറും എന്ന വിശ്വാസവും നിലവിലുണ്ട്.

കുട്ടികളുടെ സൗന്ദര്യവും ഓമനത്തവും കണ്ണേറു ക്ഷണിച്ചു വരുത്തുന്നു എന്ന വിശ്വാസമുള്ളതുകൊണ്ട്, അപരിചിതർ കുട്ടികളെ കാണാൻ ഇടയാകുമ്പോഴും അവരെ ആരെങ്കിലും പുകഴ്ത്തുമ്പോഴും രക്ഷാകർത്താക്കൾക്ക് ഭയം ഉണ്ടാകാറുണ്ട്. ഇതിനെ മറികടക്കുന്നതിനായാണ് അവർ കുട്ടിയുടെ കവിളത്ത് കറുത്ത പൊട്ട് തൊടുവിക്കുന്നത്. നാവേറ് പറ്റിയാൽ ഉപ്പ്, മുളക്, പുളി, കുരുമുളക്, ചീനക്കാരം (ആലം), ചവിട്ടടി മണ്ണ്, കൂരച്ചാവി, കടുക്, മൂന്നു മുക്കുവഴിയിലെ മണ്ണ് ഇവയിലേതെങ്കിലും ഒന്നോ പലതോ കൊണ്ട് കുട്ടിയുടെ തലയ്ക്കുഴിഞ്ഞിടുന്ന പതിവുണ്ട്. വീട്ടിലുള്ളവർ തന്നെ നടത്തുന്ന ഈ പ്രതിവിധി കർമം 'ഉഴിഞ്ഞിടൽ' എന്നാണ് അറിയപ്പെടുന്നത്. മന്ത്രവാദിയെക്കൊണ്ട് വെള്ളം ജപിച്ചു തളിക്കുന്ന 'വെള്ളമോതൽ' എന്ന അനുഷ്ഠാന ചികിത്സയും ഇതിനുപയോഗിച്ചു വരുന്നു.

കണ്ണുദോഷവും നാവുദോഷവും ഉണ്ടാക്കുന്നവർ എന്ന് കരുതപ്പെടുന്നവരാണ് കരിങ്കണ്ണന്മാരും കരിനാക്കന്മാരും. കരിങ്കണ്ണന്മാർക്ക് ബാഹ്യമായ പ്രത്യേകതകളൊന്നും ഉള്ളതായി വിശ്വാസമില്ല. എന്നാൽ കരിനാക്കന്മാർക്ക് നാവിനടിയിൽ കറുത്ത പുള്ളിയുള്ളതായി ചിലർ കരുതുന്നുണ്ട്.

മറ്റു രാജ്യങ്ങളിൽ[തിരുത്തുക]

നാവേറിന് ആളെ കൊല്ലാനുള്ള ശക്തിയുണ്ടെന്ന് അറേബ്യൻ ജനത വിശ്വസിച്ചുപോന്നിരുന്നു. റോമിൽ കരിങ്കണ്ണന്മാരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമങ്ങൾ തന്നെ ഉണ്ടായിരുന്നു. കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കുമാണ് നാവേറ് കൂടുതലായി ബാധിക്കുന്നത് എന്ന വിശ്വാസം ഗ്രീസ്, അയർലണ്ട്, സ്കോട്ട്‌ലൻഡ്, റോം തുടങ്ങിയ നാടുകളിൽ നിലനില്ക്കുന്നുണ്ട്. സിംഹളരുടെയിടയിലും മുസ്ലിങ്ങളുടെയിടയിലും സവിശേഷമായ കണ്ണേറു വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനില്ക്കുന്നതായി സൂചനയുണ്ട്. അതിനെക്കുറിച്ചുള്ള ഫോക്ലോർ പഠനം ഇങ്ങനെ വിശകലനം ചെയ്യുന്നു "പ്രശംസ, നോട്ടം എന്നിവയിലൂടെ പുറത്തുവരുന്ന മനുഷ്യന്റെ അസൂയ വിനാശകാരിയാണ് എന്ന വിശ്വാസത്തിന്റെ ഫലമാണ് കണ്ണേറ് എന്ന സങ്കല്പനമെന്ന് കാണാം. അസൂയാജന്യവും ഐശ്വര്യനാശകവുമായ നോട്ടത്തിനും പ്രശംസയ്ക്കും കൂട്ടായ്മ കല്പിച്ചിട്ടുള്ള പേരാണ് കണ്ണേറ്. ഇങ്ങനെ നോക്കുമ്പോൾ അസൂയയുടെ പ്രത്യക്ഷീകരണങ്ങളായ നോട്ടം, പ്രശംസ എന്നിവയെ തടയുവാനെങ്കിലും കഴിഞ്ഞാൽ കണ്ണേറിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാനാകുമെന്ന് വരുന്നു. ഇതിന്റെ ഫലമായിട്ടുള്ളവയാണ് മിക്ക കണ്ണേറ് അനുഷ്ഠാനങ്ങളും. നോക്കു കുത്തികൾ, കോമാളികൾ, കുറ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിൽ വ്യത്യസ്ത പ്രതീകാത്മക രീതികളിലൂടെ നോട്ടത്തെയും പ്രശംസയെയും തടയുകയാണ് ചെയ്യുന്നത്. ഇത് കണ്ണേറിനെക്കുറിച്ചുള്ള പരമ്പരാഗതങ്ങളും മനസ്സിന്റെ ആഴങ്ങളിൽ കുടികൊള്ളുന്നതുമായ ആശങ്കകളെ ദൂരീകരിക്കുന്നതിന് സഹായകമായിത്തീരുന്നു. ഇങ്ങനെ അസൂയ സൃഷ്ടിക്കുന്ന ഒരു ആശങ്കയും ആ ആശങ്കയെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രവും ആശങ്ക യാഥാർഥ്യമായി ഭവിച്ചു എന്നു തോന്നിയാൽ ചെയ്യുന്ന പ്രതിവിധി മാർഗങ്ങളും ചേർന്നതാണ് 'കണ്ണേറ്' നാവേറ് എന്ന ഫോക്ലോർ രൂപം.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാവേറ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാവേറ്&oldid=1726483" എന്ന താളിൽനിന്ന് ശേഖരിച്ചത്