Jump to content

നാട്ടുവൈദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുഭവജ്ഞാനത്തിൽ അധിഷ്ഠിതമായതും നാട്ടറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിക്കുന്നതുമായ ഒരു വൈദ്യവിജ്ഞാനീയമാണ് നാട്ടുവൈദ്യം. നാട്ടുവൈദ്യന്മാർ എന്നറിയപ്പെടുന്ന ഭിഷഗ്വരന്മാരാണ് നാട്ടുവൈദ്യത്തിന്റെ പ്രണേതാക്കൾ. തലമുറകളിൽനിന്നു തലമുറകളിലേക്കു വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതൽ. നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്. ശാസ്ത്രീയവൈദ്യത്തിലേക്ക് സ്വാംശീകരിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ നാട്ടുവൈദ്യങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടപ്പെടുന്നു.

അവ്യവസ്ഥാപിതപരമ്പരാഗതവൈദ്യമായ നാട്ടുവൈദ്യത്തിൽ പ്രാദേശികഭേദങ്ങൾ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടിൽത്തന്നെ രണ്ടുപേർ ഉപയോഗിക്കുന്ന രീതികൾ രണ്ടുതരമായിരിക്കും. ഇതിന്റെ ഒരു വലിയ പ്രത്യേകത, അതതു സ്ഥലങ്ങളിൽ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികൾ ആയിരിക്കും ചികിത്സാർഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തിൽ, സസ്യങ്ങൾക്കും സസ്യഭാഗങ്ങൾക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്.

വീട്ടുമുറ്റത്തും പറമ്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകൾ കൊണ്ടും മൂലികകൾകൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്. സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിൽ, കൈമാറിവന്ന ലഘുചികിത്സകളിൽ പലതും ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ ഈ ഒറ്റമൂലി സമ്പ്രദായങ്ങൾ പലതും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും കാലവും ദേശവും ദേഹസ്ഥിതിയും കണക്കിലെടുത്തായിരുന്നു ഈ ഔഷധങ്ങൾ പ്രയോഗിച്ചിരുന്നത്.

ഭാരതത്തിൽ വിഷചികിത്സ, ബാലചികിത്സ,മർമചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുർവേദത്തിന്റെ അടിസ്ഥാന ആശയങ്ങൾക്കൊപ്പം നാടൻ തനിമകളുടെയും നാട്ടുവിജ്ഞാനീയത്തിന്റെയും സങ്കേതങ്ങൾകൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് മന്ത്രതന്ത്രാദികളുടെ അകമ്പടിയോടുകൂടിയുള്ള നാട്ടുചികിത്സാസമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു. ഒരുപക്ഷേ ആധുനിക ഭാഷയിൽ പറയുന്ന മനഃശാരീരിക (സൈക്കോസൊമാറ്റിക്) രോഗങ്ങളുടെ ശമനത്തിന് മാനസികമായി ശക്തിനല്കാനുള്ള പരോക്ഷമായ സങ്കേതമായിരുന്നിരിക്കാം ഈ മന്ത്രതന്ത്രാദികളും ആചാരശൈലികളുമൊക്കെ.

മർമചികിത്സയെ സംബന്ധിച്ചിടത്തോളം പ്രശസ്തമായ പാരമ്പര്യ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്.

പാരമ്പര്യനാട്ടു ബാലചികിത്സ

[തിരുത്തുക]

മരുന്നും മന്ത്രവും പ്രാർഥനയുമൊക്കെ കലർന്ന ഒരു രീതിയാണ് പാരമ്പര്യനാട്ടു ബാലചികിത്സ. കരയുന്ന കുഞ്ഞുങ്ങളെ കയ്യിലെടുത്ത് മന്ത്രം ജപിച്ച് ഊതുക, തലയ്ക്കു ചുറ്റും ഉഴിയുക എന്നിവ ചെയ്യുന്നത് നാട്ടുചികിത്സാരീതിയാണ്. കുട്ടികളുടെ പനിക്ക് കടുകുരോഹിണി, മുത്തങ്ങാക്കിഴങ്ങ്, പർപ്പടകപ്പുല്ല് ഇവയിലേതെങ്കിലും പാലിൽ ചേർത്ത് അരച്ചു നല്കുന്നതും തെറ്റിപ്പൂവ് അല്ലെങ്കിൽ അശോകത്തിന്റെ പൂവുകൊണ്ട് വെളിച്ചെണ്ണകാച്ചി കരപ്പൻ രോഗത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതും മറ്റും നാട്ടറിവുകളാണ്.

വിഷവൈദ്യം

[തിരുത്തുക]

മന്ത്രവും ഔഷധവും ഒന്നിച്ചു കലർന്ന ഒരു രീതിയാണ് കേരളീയ വിഷവൈദ്യത്തിൽ കാണാൻ കഴിയുക. ഇതിന്റെ ഉത്പത്തിയെയോ പ്രാചീനതയെയോ സംബന്ധിക്കുന്ന തെളിവുകൾ ഒന്നും തന്നെയില്ല. ആര്യവൈദ്യത്തിനു മുമ്പ് നിലനിന്നിരുന്ന വിഷചികിത്സാസമ്പ്രദായമാണ് പില്ക്കാലത്ത് വികാസം പ്രാപിച്ചതെന്നു കരുതുന്നവരുണ്ട്. ചെറുള്ളീപ്പട്ടർ, നഞ്ചുണ്ടനാഥർ എന്നിങ്ങനെ രണ്ടു വ്യക്തികളുടെ പരമ്പരയായാണ് ഇതിന്റെ പിരിവു കാണുന്നത്. മന്ത്രവിധികൾ അധികമായിവന്നത് ഇവിടെ നിന്നാണെന്നാണു കരുതുന്നത്. ആര്യവൈദ്യത്തിലെ പാരമ്പര്യം വിഷവൈദ്യജ്യോത്സ്നിക, പ്രയോഗസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്ന തരത്തിലാണ്. എന്നാൽ ഇവയിൽ ഒന്നിലും കേവലമായ ആയുർവേദമൂലഗ്രന്ഥങ്ങളുടെ പുനരാവർത്തനമില്ല. നാട്ടുവൈദ്യവുമായി പൊരുത്തപ്പെടുന്ന രീതികൾ തന്നെയാണിവിടെയും കാണുന്നത്. ഔഷധചികിത്സയാണ് മുഖ്യം.

ആയുർവേദഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന വിഷചികിത്സാ സംബന്ധിയായ അറിവിന്റെ നൂറു മടങ്ങ് പ്രായോഗിക ചികിത്സാസമീപനം കേരളത്തിലെ വിഷചികിത്സകർക്കുണ്ടായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാകും. മരണവക്ത്രത്തിലെത്തിയ പല രോഗികളെയും ചികിത്സിച്ചു മാറ്റിയ വിഷവൈദ്യന്മാരെപ്പറ്റിയുള്ള കഥകൾ ഐതിഹ്യമാല പോലെയുള്ള ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. രോഗിയെ നേരിട്ടു കാണാതെ തന്നെ ദംശിച്ച പാമ്പ് ഏതെന്നു ദൂത ലക്ഷണം വഴി തിരിച്ചറിയുക, മന്ത്രവിദ്യ വഴിയായി അതിനു പ്രതിക്രിയ നല്കുക, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുക തുടങ്ങി അതിശയകരമായ പല പ്രയോഗങ്ങളെപ്പറ്റിയും കേട്ടുകേൾവിയുണ്ട്. നാടൻ ചികിത്സകൊണ്ട് പേപ്പട്ടിവിഷം ചികിത്സിച്ചു മാറ്റിയിരുന്ന വൈദ്യന്മാരുണ്ടായിരുന്നെന്നു പറയപ്പെടുന്നു. എന്നാൽ ഇത്തരം ശ്രേഷ്ഠവിഷവൈദ്യന്മാരുടെ പരമ്പര ഏതാണ്ടൊക്കെ അവസാനിച്ചിരിക്കുന്നു. വിഷവൈദ്യന്മാർ ചികിത്സയ്ക്കു പ്രതിഫലം വാങ്ങാൻ പാടില്ല എന്നായിരുന്നു രീതി. പല കുടുംബങ്ങളിലെയും വിഷവൈദ്യപാരമ്പര്യം അവസാനിക്കാൻ ഇതുമൊരു കാരണമായിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാട്ടുവൈദ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാട്ടുവൈദ്യം&oldid=3089108" എന്ന താളിൽനിന്ന് ശേഖരിച്ചത്