Jump to content

നാജാഡേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാജാഡേസീ
Najas marina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Najas

L. (1753)
Species

Najas filifolia
Najas flexilis
Najas gracillima
Najas graminea
Najas guadalupensis
Najas japonica
Najas marina
Najas minor
Najas wrightiana

ഒരു സസ്യകുടുംബമാണ് നാജാഡേസീ. ജലനിമഗ്ന സസ്യമായ നാജാസ് (Najas) ജീനസ് മാത്രമേ ഈ കുടുംബത്തിൽ ഉൾപ്പെടുന്നുള്ളു. നാജാസിന് 40 സ്പീഷീസുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും വളരുന്ന ഏകവർഷി സസ്യങ്ങളാണ് ഇവ. നാജാസിന്റെ ശാഖോപശാഖകളോടുകൂടിയ കനംകുറഞ്ഞ കാണ്ഡത്തിന് പർവങ്ങളും പർവസന്ധികളുമുണ്ട്. ചുവടുഭാഗത്തുള്ള പർവസന്ധികളിൽനിന്ന് ഉദ്ഭവിക്കുന്ന വേരുകൾ ജലത്തിനടിത്തട്ടിലേക്കു വളരുന്നു.

രൂപവിവരണം

[തിരുത്തുക]

നാജാസിന്റെ ഇലകൾ ജോഡികളായാണ് ഉണ്ടാകുന്നത്. ഇവ രേഖീയമോ (linear) കുന്താകാരത്തിലുള്ളതോ ആയിരിക്കും. അനുപർണങ്ങളുള്ള സ്പീഷീസും ഇല്ലാത്തവയുമുണ്ട്. നാജാസിന്റെ ഓരോ ജോടി ഇലകളും ഓരോ തലത്തിലായിരിക്കും. ഇലകൾക്ക് ഉറയും (sheath) ഫലകവും (blade) ഉണ്ട്. ഓരോ ജോടി ഇലകളുടെയും ഷീത്ത്, തൊട്ടുമുകളിലുള്ള ഒരു ജോടി ഇലകളെയും കാണ്ഡത്തെയും പൊതിഞ്ഞിരിക്കും. ഇലയുടെ ഉറയ്ക്കുള്ളിലായി പല്ലുപോലെയുള്ള ഒരു ജോടി ശല്ക്കങ്ങൾ (Scales) കാണുന്നു. ചില സ്പീഷീസിൽ ഇലയുടെ ഉപരിവൃതികോശം മുള്ളു പോലെയായി രൂപാന്തരപ്പെടാറുണ്ട്.

പുനരുല്പാദനം

[തിരുത്തുക]

കാണ്ഡത്തിനു ചുവടുഭാഗത്തുള്ള ദൃഢമായ ഇലകളോടനുബന്ധിച്ച് വളർച്ചാമുകുളങ്ങളും (Vegetative buds) പുഷ്പമുകുളങ്ങളുമുണ്ടാകുന്നു. ആൺപെൺ പുഷ്പങ്ങൾ ഒരേ സസ്യത്തിലോ വെവ്വേറെ സസ്യങ്ങളിലോ ഉണ്ടാകുന്നു. ചെറുതും, ഏകലിംഗികളുമായ പുഷ്പങ്ങൾ ഒറ്റയായോ, കൂട്ടമായോ ശാഖാകക്ഷ്യങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്. ഒരു കേസരം മാത്രമുള്ള ആൺപുഷ്പങ്ങൾ, ഫ്ലാസ്കിന്റെ ആകൃതിയിലുള്ള ഒരു സ്തരജന്യ പർണത്താൽ (Membraneous bract) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ പെൺപുഷ്പങ്ങളിൽ സാധാരണയായി ഇത്തരം ആവരണം കാണപ്പെടുന്നില്ല. ജലമാർഗ്ഗമാണ് പരാഗണം നടക്കുന്നത്. അക്കീൻ ആണ് ഫലം. വിത്തിൽ ബീജാന്നം കാണപ്പെടുന്നില്ല.

സസ്യകുടുംബം

[തിരുത്തുക]

ബ്രിട്ടനിൽനിന്നും മറ്റും കണ്ടെത്തിയിട്ടുള്ള വിത്തുകളുടെ ഫോസിലുകൾ നാജാസ് ജീനസ്സിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ നാജാസ് ജീനസിനെ പൊട്ടാമോജിറ്റോനേസീ (Potamogetonaceae) എന്ന കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പൊട്ടാമോജിറ്റോനേസീയിലെ മറ്റു സസ്യങ്ങളിൽനിന്നും വ്യത്യസ്തമായി നാജാസിന്റെ പുഷ്പങ്ങൾ പൂർണമായും ജലത്തിൽ നിമഗ്നമായിരിക്കുന്നതിനാലും, ഏകവർഷികളായതിനാലും സസ്യശാസ്ത്രജ്ഞർ ഈ ജീനസിനെ നാജാഡേസീ എന്ന ഒരു പ്രത്യേക കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകപത്രസസ്യങ്ങൾ (monocot plants) ഉൾപ്പെടുന്ന ഒരു പുരാതന സസ്യകുടുംബമാണിത്.

അവലംബം

[തിരുത്തുക]
  1. Tanaka, Norio; Setoguchi, Hiroaki; Murata, Jin (1997), "Phylogeny of the family hydrocharitaceae inferred fromrbcL andmatK gene sequence data", Journal of Plant Research, 110: 329, doi:10.1007/BF02524931
  2. Les, DH; Cleland, MA; Waycott, M (1997), "Phylogenetic studies in Alismatidae, II: Evolution of Marine Angiosperms (Seagrasses) and Hydrophily", Systematic Botany, 22: 443
  3. Genera of Hydrocharitaceae, GRIN Taxonomy for Plants
  4. Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society 141(4): 399-436. (Available online: Abstract Archived 2012-09-19 at Archive.is | Full text (HTML) Archived 2012-12-05 at Archive.is | Full text (PDF)[പ്രവർത്തിക്കാത്ത കണ്ണി])

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാജാഡേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാജാഡേസീ&oldid=3635141" എന്ന താളിൽനിന്ന് ശേഖരിച്ചത്