നാഗദന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗദന്തി
നാഗദന്തി - Baliospermum montanum.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Crotonoideae
Tribe: Codiaeae
ജനുസ്സ്: Baliospermum
Blume
വർഗ്ഗം: ''Baliospermum montanum''
പര്യായങ്ങൾ

Jatropha montana, Baliospermum axillare, Baliospermum solanifolium

ഒരു ഔഷധസസ്യമാണ്‌ നാഗദന്തി. ഈ കുറ്റിച്ചെടിയുടെ വേര്‌, ഇല, കുരു എന്നിവയാണ്‌ ഔഷധത്തിനായുപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോങ്ങൾക്കുള്ള ഔഷധമായി നാഗദന്തി ഉപയോഗിച്ചുവരുന്നു. യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം ബാലിയോസ്പെർമം മൊണ്ടാനം (Baliospermum montanum), ബാ. ആക്സില്ലെർ (B.axillare എന്നാണ്). ദന്തി എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന നാഗദന്തിക്ക് നീർവാളത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. ഹിമാലയസാനുക്കളിൽ ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇത് ധാരാളമായുണ്ട്. മ്യാൻമർ, മലയ എന്നിവിടങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് വളരുന്നുണ്ട്.

ഘടന[തിരുത്തുക]

ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്ന ലഘു പത്രങ്ങൾക്കു നല്ല കട്ടിയുണ്ടെങ്കിലും അവയിലെ സിരകൾ വളരെ വ്യക്തമായി കാണാൻ കഴിയും. നാഗദന്തിയുടെ ചുവടുഭാഗത്തുള്ള ഇലകൾ 15-30 സെ.മീറ്ററോളം നീളമുള്ളതാണ്. ചുവടുഭാഗം വൃത്താകാരമായ ഇലയുടെ അരികുകൾ ദന്തുരമാണ്. പത്രവൃന്തത്തിനു ചുവട്ടിലായി കാണപ്പെടുന്ന ഗ്രന്ഥികൾ പോലെയുള്ള രണ്ട് ഭാഗങ്ങളിലും ഓരോ അനുപർണങ്ങളുണ്ടായിരിക്കും. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ നാഗദന്തി പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളിൽനിന്ന് റസീം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരു പുഷ്പമഞ്ജരിയിൽ അനേകം ചെറിയ ഇളംപച്ചനിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നു. ആൺപുഷ്പങ്ങളും പെൺപുഷ്പങ്ങളും ഒരേ സസ്യത്തിൽത്തന്നെയാണ് ഉണ്ടാകുന്നത്. ബാഹ്യദളങ്ങൾ കൊഴിഞ്ഞുപോകാതെ കായ്കളോടൊപ്പം നിലനില്ക്കുന്നു. ആൺപുഷ്പങ്ങളിൽ വൃത്താകാരത്തിലുള്ള 4-6 ബാഹ്യദളപുടങ്ങളുണ്ടായിരിക്കും. 10-30 കേസരങ്ങളുണ്ട്. പെൺപുഷ്പങ്ങളിൽ 5-6 ബാഹ്യദളപുടങ്ങളും നീളം കൂടിയ വർത്തികയും മൂന്ന് അറകളുള്ള അണ്ഡാശയവുമുണ്ട്. കായ് 0.8-1.5 സെന്റീമീറ്ററോളം നീളമുള്ള കാപ്സ്യൂളാണ്. കാപ്സ്യൂളുകൾ ലോമിലമാണ്. വിവിധനിറങ്ങളിലുള്ള വിത്തുകൾ കാണപ്പെടുന്നു. ഈ ചെടിയുടെ മിനുസമുള്ള വിത്തുകൾക്ക് ആവണക്കിൻ കുരുവിനോട് സാദൃശ്യമുണ്ട്. അതിനാലാകാം 'ഏരണ്ഡഫല' (ഏരണ്ഡ=ആവണക്ക്) എന്ന സംസ്കൃതനാമത്തിൽ ഈ ചെടി അറിയപ്പെടാനിടയായത്.

നാഗദന്തിയുടെ വേരും കാണ്ഡവും ഇലയും വിത്തും വിഷമയമാണ്. ഇതിന്റെ വിഷാംശം ഉള്ളിൽ ചെന്നാൽ ആദ്യമായി ത്രികോല്പക്കൊന്ന അരച്ചു കഴിച്ച് വയറിളക്കിയശേഷം പാലോ നെയ്യോ കഴിക്കണം. ദേഹത്ത് താന്നിമരത്തിന്റെ മരത്തൊലി അരച്ചു പുരട്ടുന്നതും നല്ലതാണ്. വിഷമയമായതിനാൽ നാഗദന്തിയുടെ ഔഷധയോഗ്യമായ ഭാഗങ്ങളെല്ലാം ശുദ്ധിചെയ്തശേഷമാണ് ഉപയോഗിക്കുന്നത്.

നാഗദന്തിയുടെ കട്ടിയുള്ള വേര് തവിട്ടുനിറമുള്ളതാണ്. വേരിൽ സ്റ്റാർച്ചും റെസിനും അടങ്ങിയിട്ടുണ്ട്. ഇത് ഒരു വിരേചനൌഷധമാണ്. ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും. വിത്തിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു. ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്.

'നാഗദന്തിയെരിച്ചുള്ളു ഗുണം തീക്ഷ്ണോഷ്ണമായ് വരും

നിറത്തെ തെളിയിപ്പാനുമെത്രയും ഗുണമായ് വരും'

എന്നാണ് നാഗദന്തിയെ ഗുണപാഠത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം: കഷായം, തിക്തം

ഗുണം: ലഘു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : കടു

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗദന്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഗദന്തി&oldid=2370817" എന്ന താളിൽനിന്നു ശേഖരിച്ചത്