നവീൻ പട്നായിക്
നവീൻ പട്നായിക് | |
---|---|
![]() | |
ഒഡീഷ മുഖ്യമന്ത്രി | |
ഓഫീസിൽ 5 മാർച്ച് 2000 - തുടരുന്നു | |
മുൻഗാമി | ഹേമാനന്ദ ബിശ്വാൾ |
നിയമസഭാംഗം | |
ഓഫീസിൽ 2019, 2014, 2009, 2004, 2000 | |
മണ്ഡലം |
|
കേന്ദ്രമന്ത്രി, ഉരുക്ക്-ഖനന വകുപ്പ് | |
ഓഫീസിൽ 1998-2000 | |
മുൻഗാമി | ബി.പി.ബൈശ്യ |
പിൻഗാമി | സുന്ദർലാൽ പട്വ |
ലോക്സഭാംഗം | |
ഓഫീസിൽ 1999-2000, 1998-1999, 1997-1998 | |
മണ്ഡലം | അസ്ക |
ബി.ജെ.ഡി, സംസ്ഥാന അധ്യക്ഷൻ | |
ഓഫീസിൽ 1997-തുടരുന്നു | |
മുൻഗാമി | നിലവിൽ വന്നത് മുതൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കട്ടക്ക്, ഒഡീഷ | 16 ഒക്ടോബർ 1946
രാഷ്ട്രീയ കക്ഷി |
|
പങ്കാളി(കൾ) | un-married |
വെബ്‌വിലാസം | http://naveenpatnaik.in/biography |
As of 12 ജൂൺ, 2023 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് |
2000 മാർച്ച് 5 മുതൽ 23 വർഷമായി ഒഡീഷ മുഖ്യമന്ത്രിയായി തുടരുന്ന[1] മുതിർന്ന ബി.ജെ.ഡി നേതാവാണ് നവീൻ പട്നായിക്.(ജനനം : 16 ഒക്ടോബർ 1946) 1997-ൽ ജനതാദൾ പിളർപ്പിനെ തുടർന്ന് ബിജു ജനതാദൾ എന്ന പാർട്ടി രൂപീകരിച്ച നവീൻ അഞ്ച് തവണ നിയമസഭാംഗം, മൂന്ന് തവണ ലോക്സഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5]
ജീവിതരേഖ
ഒഡീഷ മുൻ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായിക്കിൻ്റെയും ജ്ഞാൻ ദേവിയുടേയും മകനായി 1946 ഒക്ടോബർ 16ന് ഒഡീഷയിലെ കട്ടക്കിൽ ജനനം. ഡെറാഡൂണിലെ വെൽഹാം, ഡൂൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ നവീൻ ഡൽഹി യൂണിവേഴ്സിറ്റിയിലുള്ള സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി. പഠനശേഷം സാഹിത്യ ലോകത്തിലേക്ക് ചുവടുവച്ച് ഒരു എഴുത്തുകാരനായി മാറി.
രാഷ്ട്രീയ ജീവിതം
ഒഡീഷ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായിരുന്ന പിതാവ് ബിജു പട്നായിക് അന്തരിച്ചതിനെ തുടർന്നാണ് മകൻ നവീൻ രാഷ്ട്രീയത്തിലെത്തുന്നത്. 1997-ലെ ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ അസ്ക മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയ നവീൻ 1998, 1999 ലോക്സഭ തിരഞ്ഞെടുപ്പുകളിലും അസ്ക മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1998 മുതൽ 2000 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
1997-ലെ ജനതാദൾ പിളർപ്പിനെ തുടർന്ന് ജനതാദളിൽ നിന്ന് രാജിവെച്ച് നവീൻ ബിജു ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. പിളർപ്പിനെ തുടർന്ന് ജനതാദൾ നാലു വിഭാഗങ്ങളായി ഇന്ത്യയിൽ വിഘടിച്ചു മാറി. നിതീഷ് കുമാർ നേതാവായ ജനതാദൾ യുണൈറ്റഡ്(ജെ.ഡി.യു). ലാലുപ്രസാദ് യാദവിൻ്റെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി). ദേവഗൗഡ നയിക്കുന്ന ജനതാദൾ സെക്യുലർ(ജെ.ഡി.എസ്), ഒഡീഷയിൽ നവീൻ്റെ പാർട്ടിയായ ബിജു ജനതാദൾ.(ബി.ജെ.ഡി)
2000-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.ഡി-ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യം നിയമസഭയിൽ ആദ്യമായി കോൺഗ്രസ് ഇതര സർക്കാർ രൂപീകരിച്ചു. 2004-ലെ നിയമസഭയിലും എൻ.ഡി.എ സഖ്യം ഒഡീഷയിൽ വീണ്ടും അധികാരത്തിലെത്തി. 2009-ൽ ബി.ജെ.ഡി എൻ.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് നിയമസഭയിൽ മത്സരിച്ച് വിജയിച്ചു. 147-ൽ 103 സീറ്റ് നേടി നവീൻ പട്നായിക് മുഖ്യമന്ത്രിയായി തുടർന്നു. 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബി.ജെ.ഡി ഒറ്റയ്ക്ക് അധികാരം നിലനിർത്തി.
ഏറ്റവും കൂടുതൽ വർഷം മുഖ്യമന്ത്രിയായി തുടരുന്ന മൂന്നാമത്തെയാളാണ് നവീൻ പട്നായിക്. 1977 മുതൽ 2000 വരെ 23 വർഷം പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു, 1994 മുതൽ 2019 വരെ 25 വർഷം സിക്കിം മുഖ്യമന്ത്രിയായ പവൻ കുമാർ ചാംലിംഗ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവർ. നിലവിൽ 2000 ആണ്ടിൽ മുഖ്യമന്ത്രിയായ നവീൻ മുഖ്യമന്ത്രിസ്ഥാനത്ത് 23 വർഷം പിന്നിടുന്നു.
രാഷ്ട്രീയത്തിലെയും പാർട്ടിയിലെയും മിതവാദി, അഴിമതിക്കെതിരായ നിലപാട്, സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്ക് വേണ്ടിയുള്ള പ്രവർത്തനം എന്നീ ഘടകങ്ങളാണ് ഒഡീഷ രാഷ്ട്രീയത്തിൽ നവീനെ ജനപ്രിയമാക്കുന്ന മറ്റ് ഘടകങ്ങൾ. ചുഴലിക്കൊടുങ്കാറ്റ് മൂലം നശീകരണം നേരിടുന്ന ഒഡീഷയെ അതിൽ നിന്ന് വിമുക്തമാക്കാൻ പ്രത്യേക പരിപാടി രൂപീകരിച്ച് നടപ്പിലാക്കിയതും കളഹന്ദി എന്ന ജില്ലയെ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടേയും കാലത്തിൽ നിന്ന് മോചിപ്പിച്ച് വികസിത കളഹന്ദിയാക്കിയതും നവീൻ്റെ ജനപ്രിയത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഒഡീഷ മുഖ്യമന്ത്രി
2000 മാർച്ച് അഞ്ചിന് ആദ്യമായി ഒഡീഷ മുഖ്യമന്ത്രിയായ നവീൻ മുഖ്യമന്ത്രി പദത്തിൽ നിലവിൽ 23 വർഷം പിന്നിട്ടു.
1995-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻവിജയം(80/147) നേടി കോൺഗ്രസ് ഒഡീഷയിൽ അധികാരം പിടിച്ചെങ്കിലും പാർട്ടിയിലെ തമ്മിലടിയിൽ അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒഡീഷ ഭരിച്ചത്. 2000-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസ് പിന്നീട് സംഘടന തലത്തിൽ ഒഡീഷയിൽ ദുർബലരായപ്പോൾ ബി.ജെ.ഡി അധികാരത്തിൽ തുടരുന്നു.
1997 മുതൽ 2009 വരെ 12 വർഷം ബി.ജെ.പിയുമായി കൂട്ടുചേർന്ന് എൻ.ഡി.എ സഖ്യം ഒഡീഷ ഭരിച്ചെങ്കിലും 2009-ൽ ബി.ജെ.ഡി എൻ.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ച് പോരുന്നു. നിലവിൽ ഒഡീഷയിൽ ഏറ്റവും ജനപിന്തുണയുള്ള പാർട്ടി ബി.ജെ.ഡി തന്നെയാണ്.
അവലംബങ്ങൾ
- ↑ "Naveen patnaik oath ceremony: Naveen Patnaik takes oath as Odisha chief minister" https://m.economictimes.com/news/elections/lok-sabha/india/naveen-patnaik-takes-oath-as-odisha-cm/amp_articleshow/69553949.cms
- ↑ "NAVEEN PATNAIK:Biography" http://naveenpatnaik.in/biography
- ↑ "Naveen Patnaik takes oath as Odisha Chief Minister, 20 sworn in as Ministers - The Hindu" https://www.thehindu.com/elections/odisha-assembly/naveen-patnaik-takes-oath-as-odisha-chief-minister-20-ministers-also-sworn-in/article62001917.ece/amp/
- ↑ "Odisha CM: Naveen Patnaik sworn-in as Odisha chief minister for fifth term | India News - Times of India" https://m.timesofindia.com/india/naveen-patnaik-sweared-in-as-odishas-chief-minister-for-fifth-term/amp_articleshow/69553580.cms
- ↑ "Naveen Patnaik sworn-in as Odisha CM for 5th term | India News | Manorama English" https://www.onmanorama.com/news/india/2019/05/29/naveen-patnaik-sworn-in-as-odisha-cm-for-fifth-term.amp.html
പുറം കണ്ണികൾ
- ഒഡീഷയിലെ മുഖ്യമന്ത്രിമാർ
- ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകർ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഡൂൺ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
- ഒഡീഷയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- 1946-ൽ ജനിച്ചവർ
- ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ