നവഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1978-ൽ പ്രസിദ്ധീകൃതമായ ഒരു സംസ്കൃത മഹാകാവ്യമാണ് നവഭാരതം. ആലപ്പുഴ ജില്ലയിൽ മുതുകുളം നിവാസിയായ ശ്രീധര കവിയാണ് രചയിതാവ്.

പതിനെട്ടു സർഗങ്ങളാണ് നവഭാരതത്തിൽ. ഏതാണ്ട് 1300 ശ്ളോകങ്ങൾ വ്യത്യസ്ത വൃത്തങ്ങളിൽ രചിക്കപ്പെട്ടിരിക്കുന്നു. ജവാഹർലാൽ നെഹ്രുവിന്റെ ജീവചരിത്രമാണ് കാവ്യത്തിന്റെ മുഖ്യ ഇതിവൃത്തം. ജവാഹർലാലിന്റെ ജനനം, മാതാപിതാക്കൾ, കുട്ടിക്കാലം, വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ മുഖ്യസംഭവങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ മഹാകാവ്യം ഇന്ത്യൻ ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളെയും മഹാത്മാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ സ്വാതന്ത്യ്രസമരത്തെ ജനകീയ സമരമാക്കി ഉയർത്തുവാൻ ചെയ്ത സേവനങ്ങളെയും വിശദമായി വരച്ചു കാണിക്കുന്നുണ്ട്. മറ്റു ദേശീയ നേതാക്കളിൽ നിന്നുള്ള ജവാഹർലാലിന്റെ വ്യത്യസ്തത വ്യക്തതയോടെ അനാവരണം ചെയ്യുന്നതിൽ കവി ഏറെ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ സമര പ്രസ്ഥാനത്തെ ഇത്രയും ഫലപ്രദമായി, വിശദമായി പ്രതിപാദിക്കുന്ന സംസ്കൃതകാവ്യങ്ങൾ അധികമുണ്ടെന്നു തോന്നുന്നില്ല. ഹിമാലയ വർണനയോടെ ആരംഭിക്കുന്ന ഈ മഹാകാവ്യം ജവാഹർലാലിന്റെ പ്രധാനമന്ത്രിസ്ഥാനാരോഹണത്തോടെ അവസാനിക്കുന്നു.

പരമ്പരാഗതമായ മഹാകാവ്യത്തിന്റെ കെട്ടും മട്ടും സ്വീകരിക്കുന്നുണ്ടെങ്കിലും നവഭാരതത്തിൽ ഒരിടത്തും കവി ലക്ഷണമൊപ്പിക്കാനുള്ള വ്യഗ്രത കാണിക്കുന്നില്ല. ജവാഹർലാലിന്റെ സംഭവബഹുലമായ ജീവിതവും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളും മഹാകാവ്യത്തിനുതകുന്ന നിരവധി കാവ്യസന്ദർഭങ്ങൾ കവിക്ക് നിർലോഭം നൽകിയിരിക്കുന്നു. അതുകൊണ്ടു തന്നെ അകൃത്രിമമായി ആലേഖനം ചെയ്യുന്ന കാവ്യ സന്ദർഭങ്ങൾ അനുവാചകരെ ഏറെ ആഹ്ലാദിപ്പിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവഭാരതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവഭാരതം&oldid=3127719" എന്ന താളിൽനിന്ന് ശേഖരിച്ചത്