നരസിംഹ ചിന്താമൺ കേൽകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ മിറജിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായിരുന്നു നരസിംഹ ചിന്താമൺ കേൽകർ (24 ഓഗസ്റ്റ് 1872 - ഒക്ടോബർ 14, 1947). നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ജീവചരിത്രകാരൻ, വിമർശകൻ, ചരിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കേസരി പത്രത്തിന്റെ എഡിറ്ററും ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ബാല ഗംഗാധര തിലകനെ 1897-ലും 1908-ലും ജയിലിലടച്ചപ്പോൾ അദ്ദേഹം കേസരിയുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു [1]. സാഹിത്യസാമ്രാട്ട് തത്യാസാഹെബ് കേൽക്കർ എന്ന പേരിൽ അറിയപ്പെട്ടു.

ആദ്യകാല ജീവിതം[തിരുത്തുക]

1872 ഓഗസ്റ്റ് 24-ന് മഹാരാഷ്ട്രയിലെ മിറജിലെ മോഡ്നിമ്പിൽ ജനിച്ചു. പതിനാലാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കോലാപ്പൂരിലെ രാജാറാം കോളേജിലും പൂനെയിലെ ഫെർഗൂസൺ കോളേജ് ഡെക്കാൺ കോളേജ് എന്നിവിടങ്ങളിലും പഠിച്ചു ബിരുദാനന്തര ബിരുദം നേടി. 1894 ൽ അദ്ദേഹം നിയമബിരുദം നേടി[2]. തുടർന്ന് സത്താറയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു[3]

പത്രപ്രവർത്തനം[തിരുത്തുക]

1896 ൽ 'മറാഠ' എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ ജീവനക്കാരനായി ചേർന്നു. അടുത്ത വർഷം അദ്ദേഹം എഡിറ്റോറിയൽ ഏറ്റെടുത്ത് 1908 വരെ ആ പദവിയിൽ പ്രവർത്തിച്ചു. കൂടാതെ മറാത്തി ദിനപത്രമായ കേസരിയിലും അദ്ദേഹം പ്രവർത്തിച്ചു. 1910-ൽ അദ്ദേഹം കേസരിയുടെ എഡിറ്റോറിയൽ ഏറ്റെടുക്കുകയും 1932 വരെ ആ പദവിയിൽ സേവിക്കുകയും ചെയ്തു. പൂനെയിലെ വിദ്യാഭ്യാസ ശൃംഖലയായ ശിക്ഷണ പ്രസാരക് മണ്ഡലി എന്ന സംഘടനയുമായി ഇദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ബാല ഗംഗാധര തിലകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

രാഷ്ട്രീയത്തിൽ[തിരുത്തുക]

1920-ൽ തിലകൻറെ മരണത്തിനു ശേഷം അദ്ദേഹം കോൺഗ്രസ് പാർട്ടിയിലെ തിലക് വിഭാഗത്തിന്റെ പ്രമഖനേതാക്കളിൽ ഒരാളായി. 1923-ൽ ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കീഴിലുള്ള സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1929 വരെ സേവനം അനുഷ്ടിക്കുകയും ചെയ്തു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് ആയി രണ്ടു തവണ (1928-ൽ ജബൽപൂരിലും 1932-ൽ ദൽഹിയിലും) തിരഞ്ഞെടുക്കപ്പെട്ടു. 1924 മുതൽ 29 വരെ വൈസ്രോയി കൗൺസിൽ അംഗമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1932 ൽ ലണ്ടനിൽ നടന്ന മൂന്നാം വട്ടമേശ സമ്മേളനത്തിൽ അംഗമായിരുന്നു. 25 വർഷക്കാലം പൂനെ മുനിസിപ്പൽ കൗൺസിൽ അംഗം ആയിരുന്നു. അതിൽ ആറ് വർഷക്കാലം അദ്ദേഹം മേയർ ആയി പ്രവർത്തിച്ചു[2].

65 വയസ്സുള്ളപ്പോൾ, അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിരമിച്ചു. അതിനുശേഷം1947 ഒക്ടോബർ 14-ന് തന്റെ മരണം വരെ അദ്ദേഹം പൂർണ്ണമായും സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി.

ആദരം[തിരുത്തുക]

മുംബൈയിലെ ദാദർ വെസ്റ്റിലുള്ള എൻ.സി. കേൽക്കർ മാർഗ്ഗ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ്[4].

അവലംബം[തിരുത്തുക]

  1. Watve, K.N. (1947). "SRI NARASIMHA CHINTAMAN" ALIAS" TATYASAHEB KELKAR]". Annals of the Bhandarkar Oriental Research Institute: 156–158. JSTOR 44028058.
  2. 2.0 2.1 https://ipfs.io/ipfs/QmXoypizjW3WknFiJnKLwHCnL72vedxjQkDDP1mXWo6uco/wiki/Narasimha_Chintaman_Kelkar.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://savarkar.org/en//Encyc/2017/5/23/Associates-in-Hindutva-Movement.html
  4. https://indianexpress.com/article/cities/mumbai/mumbais-n-c-kelkar-marg-has-historically-never-been-short-of-action-5226350/
"https://ml.wikipedia.org/w/index.php?title=നരസിംഹ_ചിന്താമൺ_കേൽകർ&oldid=3832904" എന്ന താളിൽനിന്ന് ശേഖരിച്ചത്