നയീ കവിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദിയിലെ ഒരു കവിതാപ്രസ്ഥാനമാണ് നയീ കവിത. ദൂസരാ സപ്തകിന് (1951) ശേഷമുള്ള കാവ്യപ്രസ്ഥാനമാണ് ഇത്. 1943-ൽ താരസപ്തക് എന്ന പേരിൽ അജ്ഞേയ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഏഴ് കവികളുടെ കാവ്യസമാഹാരത്തോടുകൂടിയാണ് ഹിന്ദി കവിതയിൽ 'പ്രയോഗവാദ്' എന്ന പരീക്ഷണ കാവ്യപ്രസ്ഥാനം ഉടലെടുത്തത്. ഈ പേരിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങളുമുണ്ടായി. വാസ്തവത്തിൽ 'പ്രയോഗവാദ'ത്തിനും 'നയീ കവിത'യ്ക്കുമിടയിൽ കൃത്യമായ ഒരു അതിർവരമ്പിടുക പ്രയാസമാണ്. 'പ്രയോഗവാദ'ത്തിലെ പല കവികളെയും കാവ്യസവിശേഷതകളെയും 'നയീകവിത'യിലും കാണാൻ കഴിയുന്നു എന്നതാണ് വസ്തുത.

'നയീ കവിത' എന്ന പേര് ആദ്യമായി പ്രയോഗിച്ചത് പ്രശസ്ത കവി അജ്ഞേയ് ആണ്. 1952-ൽ ലക്നൌ (Lucknow) റേഡിയോ പ്രഭാഷണത്തിൽ പ്രയോഗിച്ച ഈ പേര് പിന്നീട് 'നയീ കവിത' എന്ന തലക്കെട്ടോടുകൂടി 1953-ൽ നയേ പത്തേ എന്ന മാസികയിൽ ലേഖനമായി പ്രസിദ്ധീകരിച്ചു. ഈ മാസികയ്ക്ക് 'നയീ കവിത'യുടെ വളർച്ചയിൽ ഒരു പ്രധാന പങ്കുണ്ടായിരുന്നു. 1953-ൽ പുതിയ എഴുത്തുകാരുടെ ഒരു സ്ഥാപനമായ 'പരിമൾ' അലഹബാദ് യൂണിവേഴ്സിറ്റിയിൽ വച്ച് 'നയീ കവിത'യെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പ്രസ്തുത വിഷയത്തെക്കുറിച്ച് ഭാരത്ഭൂഷൺ അഗർവാൾ, ജഗദീശ് ഗുപ്ത, രാംസ്വരൂപ് ചതുർവേദി എന്നിവർ പ്രബന്ധം അവതരിപ്പിച്ചിരുന്നു. പിന്നീട് 1954-ൽ അലഹബാദിൽ നിന്ന് ജഗദീശ് ഗുപ്തയും രാംസ്വരൂപ് ചതുർവേദിയും എഡിറ്ററായിക്കൊണ്ട് 'സാഹിത - സഹയോഗ്' എന്ന സഹകരണസ്ഥാപനം 'നയീ കവിത' എന്ന മാസിക പ്രസിദ്ധീകരിച്ചതോടുകൂടി നയീ കവിത അതിന്റെ പൂർണമായ അർഥത്തിൽ പ്രശസ്തമായി.

പുതുമയും സമകാല യാഥാർഥ്യത്തിന്റെ ചിത്രീകരണവും നയീ കവിതയ്ക്ക് വ്യത്യസ്തത പ്രദാനം ചെയ്തു. എങ്കിലും പ്രയോഗവാദി കവികളെയും നയീ കവിതകളുടെ കവികളെയും വേറിട്ട് തിരിച്ചറിയുക പ്രയാസമായിരുന്നു. (ഉദാ. താരസപ്തകിലെ ഗജാനൻ മാധവ് മുക്തിബോധ്, നേമിചന്ദ്ര ജെയ്ൻ, പ്രഭാകർ മാച്വേ, ഗിരിജകുമാർ മാഥുർ, അജ്ഞേയ്; ദൂസരാസപ്തകിലെ ഭവാനി പ്രസാദ് മിശ്ര, ശംശേർ ബഹാദുർ സിങ്, ധർമവീർ ഭാരതി തുടങ്ങിയവർ.) അതുകൊണ്ടുതന്നെ തീസരാ സപ്തകിന്റെ (1959) ആമുഖത്തിൽ നയീ കവിതയെക്കുറിച്ച് അജ്ഞേയ് നടത്തിയ പരാമർശം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അജ്ഞേയിന്റെ അഭിപ്രായത്തിൽ, 'നയീ കവിത'യിലെ പരീക്ഷണപരതയുടെ പ്രഥമബന്ധം ഭാഷയുമായിട്ടാണ്. "ഓരോ വാക്കും സമർഥമായി ഉപയോഗിക്കുന്നയാൾ അതിന് പുതിയ സംസ്കാരം കൊടുക്കുന്നു... പുതിയ കവിയുടെ നേട്ടത്തിന്റെയും സംഭാവനയുടെയും മാനദണ്ഡം ഇതായിരിക്കണം. അതേ സമയത്തുതന്നെ കവികൾ കേവലം വാഗ്ജാലങ്ങളിൽ അകപ്പെട്ടുപോകാതിരിക്കാൻ മുന്നറിയിപ്പും കൊടുത്തു. പ്രയോഗവാദ് കാവ്യത്തെ ഭാഷയുടെ ഒരു വൈശിഷ്ട്യമായി കണ്ടപ്പോൾ അതിനെ പുതിയ ശബ്ദഘടനയുടെ രൂപത്തിൽ നയീ കവിത ദർശിച്ചു.

ഇന്നത്തെ മാനവീയ വൈശിഷ്ട്യത്തിൽ നിന്നാണ് നയീ കവിത ഉടലെടുത്തതെന്ന് കാണാൻ കഴിയും. ഇറക്കുമതി ചെയ്ത മഹാനഗര സംസ്കാരത്തിന്റെ പ്രശ്നങ്ങളും പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരന്റെ ക്ഷണികാനുഭൂതികളും ഇവ വിഷയീകരിക്കുന്നു. ഇക്കാരണത്താൽ തന്നെയാകണം ചില നിരൂപകർ ഛായാവാദോ(കാല്പനിക)ത്തര കാവ്യപ്രവണതകളെ നയീ കവിതയിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നത്.

നയീ കവിതാപ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. മാനുഷിക വ്യക്തിത്വത്തിന്റെ വികാസവും മനസ്സിന്റെ ആഴങ്ങളിലേക്കുള്ള പ്രയാണവും തുടരുന്നതോടൊപ്പം അവന്റെ രാഗ-വിരാഗാത്മകതകളെക്കുറിച്ച് അത് അന്വേഷിക്കുന്നു. അവന്റെ സാമൂഹികസാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സാധാരണക്കാരനായ പച്ചമനുഷ്യന്റെ കഴിവുകളും സാധ്യതകളും അത് വിശകലനം ചെയ്യുന്നു.

നയീ കവിതയിലെ കവികൾ ആധുനികതയിൽ വിശ്വസിക്കുന്നു. ആ ആധുനികതയിൽ ത്യജിക്കലിനെയും നിരാശതയെയും അപേക്ഷിച്ച് യാഥാർഥ്യമാണ് സമർഥിക്കപ്പെട്ടിട്ടുള്ളത്. ഈ യാഥാർഥ്യത്തിന്റെ സാക്ഷാത്കാരം വിവേകത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്നതാണ് കൂടുതൽ നീതിയുക്തമെന്ന് അവർ കരുതുന്നു. ഒപ്പം മനോവിശ്ളേഷണസിദ്ധാന്തത്തിന്റെയും കമ്യൂണിസത്തിന്റെയും ചില സവിശേഷതകളെ പുതിയ കവികൾ അംഗീകരിക്കുകയും ചെയ്യുന്നു. അനുഭൂതിയെ സത്യസന്ധമായി ആവിഷ്കരിക്കാൻ ഇക്കൂട്ടത്തിൽപ്പെട്ട കവികൾ ഇഷ്ടപ്പെടുന്നു. സുഖമായാലും ദുഃഖമായാലും, ആശയോ നിരാശയോ ആയാലും അവർ ഏറ്റുവാങ്ങാൻ തയ്യാറാണ്.

നയീ കവിത നിമിഷത്തിന് പ്രാധാന്യം നൽകുന്നു. തിരക്കുപിടിച്ച വർത്തമാനകാലത്തിൽ ഓരോ നിമിഷവും പ്രധാനപ്പെട്ടതാകുന്നു. ഏത് നിമിഷവും ചരിത്രത്തിൽ ഒരു വഴിത്തിരിവായേക്കാം. നിമിഷങ്ങൾക്ക് യുഗങ്ങളെത്തന്നെ മാറ്റിമറിക്കാനുള്ള ശക്തിയും സാധ്യതകളും കവികൾ കാണുന്നു.

ജീവിത പ്രവാഹത്തിൽ അതിന്റെ സന്ദർഭോചിതമായ ആവിഷ്കാരം നയീ കവിതയുടെ ഭാവതലമാണ്. ചരിത്രപരമായ കാഴ്ചപ്പാടിൽ നയീ കവിത 'സപ്തക്' കവികളുടെ മുന്നിലെ വികസിത രൂപമാണെന്ന് പറയുമ്പോൾ അർഥമാക്കുന്നത് അത് ഭാവബോധതലത്തിലും ആധുനിക യാഥാർഥ്യത്തിന്റെ തലത്തിലും തീർത്തും പുതിയ ദിശകളിലേക്ക് വിരൽചൂണ്ടുന്ന അനുഭൂതി പ്രദാനം ചെയ്യുന്നുവെന്നാണ്. ആയതിനാൽ അതിൽ ഛായാവാദത്തെപ്പോലെ പലായന പ്രവണതയില്ല. വർഗീയ ആഗ്രഹവുമില്ല.

രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്താകമാനം വ്യാപിച്ച നിരാശയും മോഹഭംഗവും സൃഷ്ടിച്ച അനാസ്ഥ നയീ കവിതയിൽ വ്യക്തമായി കാണാം. മനുഷ്യന്റെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ ഉണ്ടാകുകയും പാരമ്പര്യത്തോടും മറ്റും താത്പര്യക്കുറവ് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോൾ പാരമ്പര്യത്തെ നിഷേധിച്ചുക്കൊണ്ട് യാഥാർഥ്യങ്ങൾ തുറന്നടിക്കാൻ പുതിയ കവികൾ താത്പര്യം കാണിച്ചു. ജനവാദികളായ കവികളെയും നയീ കവിതയിൽ കാണാവുന്നതാണ്. ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങൾ അവർ യാതൊരു മടിയും കൂടാതെ തുറന്നുകാട്ടി. സുദാമാ പാണ്ഡേ 'ധൂമിലി'നെപ്പോലുള്ള കവികൾ ഇതിനുദാഹരണമാണ്. സൻസദ് സേ സഡക് തക് (പാർലമെന്റ് മുതൽ റോഡ് വരെ) അത്തരം ജനോന്മുഖത വ്യക്തമാക്കുന്ന പ്രതീകാത്മക കവിതയാണ്. വർത്തമാനകാല ജീവിതത്തിന്റെ പൊരുത്തക്കേടുകൾ, ആധുനിക ജീവിതാവബോധം, ജീവിതത്തിന്റെ അപരിചിതത്വം, ഏകാന്തത, മൂല്യത്തകർച്ച എന്നിവയെല്ലാം നയീ കവിതയുടെ വിഷയമാകുന്നു. സൗന്ദര്യബോധത്തിന്റെ കാര്യത്തിലും വ്യത്യസ്തത പ്രകടമാണ്. യാഥാർഥ്യത്തിൽനിന്നും വേറിട്ട സൗന്ദര്യസങ്കല്പം അവർക്കില്ല. യാഥാർഥ്യത്തിന്റെ ക്രിയാത്മക തത്ത്വങ്ങൾ സൗന്ദര്യമാനങ്ങളെ നിർധാരണം ചെയ്യുന്നു.

നയീ കവിതയുടെ മറ്റു പ്രധാന സവിശേഷതകളിൽ ചിലത് ഇവിടെ സംഗ്രഹിക്കുകയാണ്. യാഥാർഥ്യത്തിലൂന്നിയ അഹംവാദം, സ്വതന്ത്രമായ ആത്മാവിഷ്കാരത്തിന്റെ പ്രവണത, യാഥാർഥ്യത്തിൽ നിന്നും ദ്രവിതമായ ആക്ഷേപഹാസ്യപരമായ കാഴ്ചപ്പാട്, ചിത്രാത്മകമായ അച്ചടക്കമുള്ള കാവ്യശില്പം.

സച്ചിദാനന്ദ് ഹീരാനന്ദ് വാത്സ്യായൻ 'അജ്ഞേയ്', ഗജാനൻ മാധവ് 'മുക്തിബോധ്', നേമീചന്ദ്ര ജെയ്ൻ, ഭാരത്ഭൂഷൺ അഗർവാൾ, ഗിരിജാകുമാർ മാഥുർ, പ്രഭാകർ മാച്വേ, ശംശേർ ബഹാദൂർ സിങ്, ധർമവീർ ഭാരതി, ശകുന്തളാ മാഥുർ, നാഗാർജുൻ, നരേശ് മേഹ്ത്താ, ലക്ഷ്മീകാന്ത് വർമ, ഭവാനി പ്രസാദ് മിശ്ര്, കേദാർനാഥ് സിങ്, കേദാർനാഥ് അഗർവാൾ, സുദാമാ പാണ്ഡേ 'ധൂമിൽ', ജഗദീശ് ഗുപ്ത്, കീർത്തി ചൌധരി, രഘുവീർ സഹായ്, വിജയ്ദേവ് നാരായൺ സാഹി, കുംവർ നാരായൺ, സർവേശ്വർ ദയാൽ സക്സേന, ദുഷ്യന്ത് കുമാർ, മദൻ വാത്സ്യായൻ, അജിത് കുമാർ, രാജേന്ദ്ര കിശോർ, മലയജ്, വിപിൻ കുമാർ അഗർവാൾ, കൈലാസ് വാജ്പേയി എന്നിവർ നയീ കവിതാ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട കവികളാണ്. ആധുനിക ഹിന്ദി കവിതയെ സമ്പന്നമാക്കിയവരിൽ ഇവരുടെ സംഭാവന മഹത്താണ്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നയീ കവിത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നയീ_കവിത&oldid=1755134" എന്ന താളിൽനിന്ന് ശേഖരിച്ചത്