Jump to content

നമ്മവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1994-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് നമ്മവർ. കമൽ ഹാസൻ, ഗൗതമി, നാഗേഷ്, കരൺ, സെന്തിൽ, കോവൈ സരള, ശ്രീവിദ്യ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുരോഗമനവാദിയായ ഒരു ചരിത്ര അധ്യാപകൻ, മോശം അവസ്ഥയിലുള്ള ഒരു കോളേജിനെ മികവുറ്റതാക്കി മാറ്റാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. 1982 - ൽ പുറത്തിറങ്ങിയ ക്ലാസ് ഓഫ് 1984 എന്ന കനേഡിയൻ ചലച്ചിത്രത്തിന്റെ മൂലകഥയെ ആസ്പദമാക്കിയാണ് നമ്മവർ നിർമ്മിച്ചത്.

മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിച്ച ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധായകൻ പുതുമുഖമായിരുന്ന മഹേഷ് മഹാദേവൻ ആയിരുന്നു. 1994 - ൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ നമ്മവർ, ആ വർഷത്തെ മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കി. തെലുഗിൽ വിശ്വം എന്ന പേരിൽ ഈ ചലച്ചിത്രം ഡബ്ബ് ചെയ്തും പുറത്തിറക്കിയിരുന്നു.

"https://ml.wikipedia.org/w/index.php?title=നമ്മവർ&oldid=3521857" എന്ന താളിൽനിന്ന് ശേഖരിച്ചത്