നമ്പ്യാന്തമിഴ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമ്പ്യാന്മാർ കഥാകഥനത്തിനുപയോഗിച്ചിരുന്ന വിശേഷ വ്യവഹാരഭാഷ. സംസ്‌കൃതപ്രാതിപദികങ്ങൾ ധാരാളമായിച്ചേർത്ത ഭാഷയാണിത്. സംസ്‌കൃതപദബഹുലമോ ആര്യശൈലീനിബദ്ധമോ അല്ല ഇത്. വിഭക്ത്യാന്ത സംസ്‌കൃതമില്ലാത്തതിനാൽ ലീലാതിലകകാരൻ നന്വ്യാന്തമിഴിനെ മണിപ്രവാള വിഭാഗത്തിൽ ഉൾപ്പെടുത്തുന്നില്ല.

ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയാണ് ഈ സാഹിത്യഭാഷ ഉപയോഗിച്ച് എഴുതിയ പ്രധാന കൃതികൾ. നമ്പ്യാന്തമിഴിനെപ്പറ്റി ആധികാരികമായ പരാമർശം ലീലാതിലകത്തിൽ ഉണ്ട്.

ഉൽഭവം[തിരുത്തുക]

പണ്ട് കൂടിയാട്ടം എന്ന ക്ഷേത്രകല ആസ്വദിക്കുവാൻ ത്രൈവർണ്ണികരോടൊപ്പം സാധാരണക്കാരും വന്നിരുന്നു. സംസ്‌കൃതപ്രഭാവമുള്ള ആ കലാരൂപം കാണാനല്ലാതെ, എല്ലാം മനസ്സിലാക്കുവാൻ സാധാരണക്കാർക്ക് കഴിഞ്ഞിരുന്നില്ല. അപ്പോൾ കൂടിയാട്ടത്തിന്റെ ചില ഭാഗങ്ങൾ ചൊല്ലി വിസ്തരിച്ചു മലയാളത്തിൽ കൂത്തു പറയുന്ന രീതിയുണ്ടായി. ചാക്യാന്മാരാണ് ഇത് തുടങ്ങിവെച്ചത്. പതിമൂന്നാംശതകമായപ്പോഴേക്കും പുരാണകഥകളും അവയുടെ സംക്ഷേപവും ആടുന്നതിനുവേണ്ടി നാട്ടുഭാഷയിൽ എഴുതിത്തുടങ്ങി. ആ ഭാഷയ്ക്ക് നമ്പ്യാന്തമിഴ് എന്നു പേരു വിളിച്ചു. ചാക്യാന്മാർ കൂത്ത് പറയുമ്പോൾ അത് വിസ്തരിച്ച് സാധാരണക്കാർക്ക് മനസ്സിലാക്കികൊടുക്കുന്നത് നമ്പ്യാന്മാരായിരുന്നു. അങ്ങനെ നമ്പ്യാന്തമിഴ് എന്ന പേരിൽ സാമാന്യ വ്യവഹാരഭാഷ അറിയപ്പെട്ടു തുടങ്ങി. (തമിഴ് എന്നാണ് അന്ന് കേരളഭാഷ അറിയപ്പെട്ടിരുന്നത്). ആദ്യകാല ഗദ്യത്തിന്റെ മാതൃകയാണിത്.

നമ്പ്യാന്തമിഴിന്റെ മാതൃക[തിരുത്തുക]

അക്കാലത്തു ഭദ്ര ശ്രേണ്യനുമൊട്ടു പെഴുതു കിടന്ന മോഹം തീർന്നവാറെ ഭാര്യാസഹിതനായ് മാഹിഷമതിയെ പ്രാപിച്ചാൻ. ഹരിണിയെ വിവാഹം ചെയതാൻ. അവളിൽ അക്കാലത്തെ ദുർമ്മദനാകിന്റെ പുത്രനുളനായാൻ. തന്നുടെ മാതുലനുടെ മകളെ സ്വയംവരത്തിൽ വെച്ചു വിവാഹം പെണ്ണി അവളിൽ കനകനെന്റൊരു പുത്രൻ ഉളനായാൻ. ഭദ്രശ്രേണ്യൻ പുത്രനോടും പൊത്രനോടും കൂടി തന്റെ രാജ്യത്തിൽ പലകാലം സുഖിച്ചിരുന്നാൻ

അവലംബം[തിരുത്തുക]

  1. . ഭാഷാഗദ്യം. പ്രൊഫ. സി എൽ ആന്റണി
  2. . സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എഡി. ഡോ. കെ എം ജോർജ്ജ്
  3. . പ്രാചീന മധ്യകാലീന സാഹിത്യം-ഡോ. നളിനി സതീഷ്, കാലിക്കറ്റ് സർവ്വകലാശാല പ്രസിദ്ധീകരണം
"https://ml.wikipedia.org/w/index.php?title=നമ്പ്യാന്തമിഴ്‌&oldid=1386644" എന്ന താളിൽനിന്ന് ശേഖരിച്ചത്