Jump to content

നന്ദലാൽ ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദലാൽ ബോസ്
নন্দলাল বসু
ജനനം(1882-12-03)3 ഡിസംബർ 1882
മരണം16 ഏപ്രിൽ 1966(1966-04-16) (പ്രായം 82)
അറിയപ്പെടുന്നത്ചിത്രകല
പ്രസ്ഥാനംആധുനിക ഇന്ത്യൻ ചിത്രകല

ഭാരതത്തിലെ പ്രസിദ്ധരായ കലാകാരന്മാരിൽ അഗ്രഗണ്യരുടെ കൂട്ടത്തിൽ പെട്ട ചിത്രകാരനാണ് നന്ദലാൽ ബോസ് (Bengali: নন্দলাল বসু, Nondo-lal Boshū) (3 December 1882 – 16 April 1966).ഇദ്ദേഹം മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തരവനായ പ്രസിദ്ധ ചിത്രകാരൻ അവനീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യനായിരുന്നു . ബംഗാളിത്തനിമ നിലനിർത്തിക്കൊണ്ട് ചിത്രകലയെ ഉപാസിച്ചുപോന്ന അദ്ദേഹം തന്റെ കൃതികളിൽ സ്വീകരിച്ച ഇന്ത്യൻ ശൈലികൊണ്ട് ഖ്യാതി നേടി. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം. ഇന്ത്യയിലെ പുരാണ-ഐതിഹ്യ കഥാപാത്രങ്ങളും, ഗ്രാമീണജീവിതവും അവിടത്തെ സ്ത്രീകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.അദ്ദേഹത്തിന്റെ കൃതികൾ പുരാവസ്തുക്കളല്ലാതിരുന്നിട്ടുകൂടി, 1976-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, മറ്റ് ഒമ്പതു കലാകാരന്മാരുടെ കൃതികൾക്കൊപ്പം, ഇന്ത്യൻകലയിലെ "അമൂല്യനിധികൾ" ആയി പ്രഖ്യാപിക്കുകയുണ്ടായി.

ആദ്യകാലജീവിതം

[തിരുത്തുക]

ബീഹാറിൽ മോൺഖേർ ജില്ലയിലെ പട്ടണമായ ഖരഗ്പൂരിൽ, ഒരു സാധാരണ ബംഗാളി കുടുബത്തിലാണ് നന്ദലാൽ ബോസ് ജനിച്ച്ത്. കുട്ടിക്കാലം മുതലേ പ്രതിമാ നിർമ്മാണത്തിലും പൂജാപ്പന്തലിന്റെ അലങ്കാരപ്പണികളിലുമെല്ലാം അദ്ദേഹം തല്പരനായിരുന്നു. കൽക്കത്തയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനെത്തിയ ശേഷം സെൻട്രൽ കോളേജിയറ്റ് സ്കൂളിൽത്തന്നെ ബിരുദപഠനത്തിനും ചേർന്നു. പിന്നീട് പല കോളേജുകളിൽ ചേർന്നെങ്കിലും ബിരുദപഠനം പൂർത്തിയാക്കാനാകാതെ വന്നപ്പോൾ മാതാപിതാക്കളോട് പറഞ്ഞ് അദ്ദേഹം കൽക്കത്ത സ്കൂൾ ഒഫ് ആർട്സിൽ ചിത്രകല പഠിക്കാൻ ചേർന്നു.

കലാജീവിതം

[തിരുത്തുക]

അജന്തഗുഹകളിലെ ചുമർച്ചിത്രങ്ങൾ നന്ദലാൽബോസിനെ ചെറുപ്പം മുതലേ സ്വാധീനിച്ചിരുന്നു. പിൽക്കാലത്ത് ധാരാളം ചിത്രങ്ങൾ വരച്ച് തന്റെ കഴിവുകൾ തെളിയിച്ചതോടെ ഗഗനേന്ദ്രനാഥ് ടഗോർ, ആനന്ദ കുമാരസ്വാമി, ഒ.സി.ഗാംഗുലി തുടങ്ങിയ ചിത്രകാരന്മാരുടേയും ചിത്രകലാവിമർശകരുടേയും ശ്രദ്ധയിൽപ്പെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരൊക്കെ നന്ദലാൽബോസിന്റെ പ്രതിഭയേയും ശൈലിയിലെ മൗലികതയേയും ശരിക്കും കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സുഹൃദ് വലയം വിപുലമാകുകയും വിദേശങ്ങളിലും അദ്ദേഹത്തിന്റെ ഖ്യാതി എത്തുകയും ചെയ്തു.

പ്രമാണം:Yama and Nachiketa.jpg
യമനും നചികേതസ്സും, നന്ദലാൽ ബോസ്,1914

ഉപ്പുസത്യാഗ്രഹകാലത്ത് ഗാന്ധിജി ഒരു വലിയ വടിയും പിടിച്ച് നടക്കുന്ന ഒരു ലിനോകട് ചിത്രം അദ്ദേഹം തയ്യാറാരാക്കിയത്‌ പില്ക്കാലത്ത്‌ സത്യാഗ്രഹപ്രസ്ഥാനത്തിന്റെ അടയാളചിത്രമായി മാറി. 1922-ൽ അദ്ദേഹം ശാന്തിനികേതനിലെ കലാവിഭാഗത്തിൽ ( സ്കൂൾ ഓഫ് ആർട്സ്‌) പ്രിൻസി‍പ്പലായി. ഭാരതരത്നം, പദ്മശ്രീ തുടങ്ങിയ ഭാരതസർക്കാർ അവാർഡുകളിൽ ചേർക്കാൻ അനുയോജ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ ജവഹർലാൽ നെഹ്‌റു നന്ദലാൽ ബോസിനേയാണ് കണ്ടെത്തിയത്. ദൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ‍ ആർട്സിൽ നന്ദലാൽ ബോസിന്റെ‍ ഏഴായിരത്തിലധികം കൃതികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ പ്രസിദ്ധമായ ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ ചിത്രവുമുണ്ട്‌.

തിരുവനന്തപുരത്തെ ശ്രീ ചിത്ര ആർട് ഗാലറിയിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്.

അന്ത്യം

[തിരുത്തുക]

1966 ഏപ്രിൽ 16-നു കൽക്കത്തയിൽ വച്ച് അദ്ദേഹം അന്തരിച്ചു. [1]

അവലംബം

[തിരുത്തുക]

<references>

  1. http://en.wikipedia.org/wiki/Nandalal_Bose
"https://ml.wikipedia.org/w/index.php?title=നന്ദലാൽ_ബോസ്&oldid=2350648" എന്ന താളിൽനിന്ന് ശേഖരിച്ചത്