നന്ദഗോപർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദഗോപരും യശോദയും ഉണ്ണിക്കണ്ണനെ ഊഞ്ഞാലാട്ടുന്നു.

ഒരു ഭാരതീയ പുരാണ കഥാപാത്രമാണ് നന്ദഗോപർ. മഥുരാവസിയായ ഗോപരാജാവും ഉഗ്രസേനന്റെ സാമന്തനുമായ ഇദ്ദേഹം ശ്രീകൃഷ്ണന്റെ വളർത്തച്ഛനാണ്.

നന്ദഗോപരുടെ പൂർവജന്മത്തെപ്പറ്റി രണ്ടു കഥകളുണ്ട്. അഷ്ടവസുക്കളിൽ ഒരാളായ ദ്രോണരും ഭാര്യയായ കൃപിയു൦ കൂടി ഒരിക്കൽ ദേവോചിതമല്ലാത്ത ഒരു തെറ്റു ചെയ്തു. ആ തെറ്റ് കണ്ടെത്തിയ ബ്രഹ്മാവ് അവർ ഗോപന്മാരുടെ വംശത്തിൽ പോയി ജനിക്കട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി ദ്രോണരും ധരയും ബ്രഹ്മാവിനോട് കേണപേക്ഷിച്ചു. വിഷ്ണുഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ ജനിക്കുമെന്നും, ആ ജന്മത്തിനുശേഷം അവർക്ക് ശാപമോക്ഷം ലഭിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിച്ചു. അങ്ങനെ ദ്രോണർ നന്ദഗോപരും ധര യശോദയുമായി ജന്മമെടുത്തു.

മറ്റൊരു കഥ ഇതാണ്. ഒരിക്കൽ ചന്ദ്രസേനൻ എന്നൊരു രാജാവ് ഉജ്ജയിനിയിലുള്ള മഹാകാള ക്ഷേത്രത്തിൽ തപസ്സിരുന്നു. തപസ്സിൽ പ്രസാദിച്ച ശിവൻ അദ്ദേഹത്തിന് തന്റെ എല്ലാ ഇംഗിതങ്ങളും നിറവേറ്റിക്കൊടുക്കുന്ന ഒരു രത്നം സമ്മാനിച്ചു. അന്യരാജാക്കന്മാർ ഈ രത്നത്തിനുവേണ്ടി ചന്ദ്രസേന രാജാവിനെതിരായി പടവെട്ടി. രാജാവ് വീണ്ടും വന്നു ക്ഷേത്രത്തിൽ അഭയംപ്രാപിച്ചു. ആ ഘട്ടത്തിൽ ഉജ്ജയിനിയിലുള്ള ഒരു ഗോപികയ്ക്ക് ശ്രീകരൻ എന്ന ഒരു പുത്രൻ ജനിച്ചു. ബാല്യത്തിൽ ത്തന്നെ ഈശ്വരഭക്തനായിത്തീർന്ന ശ്രീകരൻ മഹാകാളക്ഷേത്രത്തിൽ വന്ന് ഭജനമിരിക്കുകയും ശിവപ്രസാദം കൈവരിക്കുകയും ചെയ്തു. ചന്ദ്രസേനനെ അന്വേഷിച്ചുവന്ന ശത്രുരാജാക്കന്മാർക്ക് ശ്രീകരന്റെ അഭൌമിക പ്രകാശം നിമിത്തം അങ്ങോട്ടടുക്കാൻ കഴിഞ്ഞില്ല. ഇതിൽ അത്ഭുതപരതന്ത്രരായ അവരുടെ മുമ്പിൽ ഹനുമാൻ പ്രത്യക്ഷപ്പെട്ട് ശ്രീകരൻ വെറുമൊരു കാലിച്ചെറുക്കനല്ലെന്നും ഈശ്വരൻ അവനിൽ പ്രസാദിച്ചിരിക്കുന്നു എന്നും പറഞ്ഞു. കൂടാതെ, അവൻ എട്ടാം ജന്മത്തിൽ അമ്പാടിയിൽ നന്ദഗോപർ എന്ന പേരിൽ ജനിക്കുമെന്നും അന്ന് നന്ദഗോപരുടെ പുത്രനായി മഹാവിഷ്ണു ജനിക്കുമെന്നുംകൂടി അരുൾചെയ്തു. ഈ ശ്രീകരന്റെ എട്ടാം ജന്മമാണ് നന്ദഗോപർ എന്ന് കരുതപ്പെടുന്നു.

പിന്നീട് നന്ദഗോപരുടെ മകളായി ജനിച്ച മായാഭഗവതിയെ വസുദേവൻ ദേവകിയുടെ സമീപത്തും ശ്രീകൃഷ്ണനെ യശോദയുടെ സമീപത്തും കിടത്തി. ശ്രീകൃഷ്ണൻ യശോദയുടെയും വസുദേവരുടെയും മകനായി ഗോകുലത്തിൽ വളർന്നു. അക്രൂരൻ വന്നു കംസന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുംവരെ കൃഷ്ണൻ അവരോടൊപ്പമാണ് വസിച്ചിരുന്നത്. മകനോടൊപ്പം മഥുരയിൽ എത്തിയ നന്ദഗോപർ കംസവധത്തിനുശേഷം മാത്രമേ ശ്രീകൃഷ്ണൻ വസുദേവപുത്രനാണ് എന്ന യാഥാർഥ്യ മറിഞ്ഞുള്ളൂ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്ദഗോപർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നന്ദഗോപർ&oldid=3519763" എന്ന താളിൽനിന്ന് ശേഖരിച്ചത്