നടുവത്ത് അച്ഛൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള കവിയായിരുന്നു നടുവത്ത് അച്ഛൻ നമ്പൂതിരി. പെട്ടെന്ന് അർഥബോധമുളവാകത്തക്കതരത്തിൽ ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണനായിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിൽ ചാലക്കുടി നടുവത്തില്ലത്ത് ദിവാകരൻ നമ്പൂതിരിയുടെയും ആര്യാഅന്തർജനത്തിന്റെയും മകനായി ജനിച്ചു. ദിവാകരൻ എന്നാണ് യഥാർഥ നാമം. ഉണ്ണി പിറന്ന് നാലുമാസം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു, നടുവത്തില്ലം ദരിദ്രമായിത്തീർന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവർത്തനം, വിദ്യാഭ്യാസം തുടങ്ങിയവ ബന്ധുഗൃഹങ്ങളിൽവച്ചാണ് നടത്തിയത്. സംസ്കൃതം അഭ്യസിക്കാൻ ആദ്യം സാധിച്ചില്ല. നമ്പ്യാരുടെ തുള്ളൽ കഥകളും മറ്റു ഭാഷാകൃതികളും നല്ലവണ്ണം വായിച്ചുപഠിച്ചു. 1856-ൽ മരുത്തോമ്പിള്ളി തെക്കേപുഷ്പകത്തു വാസുനമ്പ്യാർ, തൃപ്പൂണിത്തുറ ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ കീഴിൽ സംസ്കൃതാഭ്യസനം ആരംഭിച്ചെങ്കിലും സാമ്പത്തികക്ലേശംമൂലം 1863-ൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഈ കാലഘട്ടത്തിൽ പൂന്തോട്ടത്തു നമ്പൂതിരിയുടെ കീഴിൽ സംസ്കൃതത്തിൽ സാമാന്യജ്ഞാനം നേടുകയും ഭാഷാകാവ്യരചന ആരംഭിക്കുകയും ചെയ്തിരുന്നു. കുറേക്കാലം ഇദ്ദേഹം തുണിത്തരങ്ങൾ വാങ്ങി വിറ്റ് കാലക്ഷേപം നടത്തിപ്പോന്നു. 1864-ൽ അന്യംനില്ക്കാറായ വടക്കാഞ്ചേരി ഇല്ലത്തുനിന്നും വേളി കഴിച്ചതിനാൽ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു.

ചരിത്രം[തിരുത്തുക]

മൂന്നു സന്താനങ്ങളുണ്ടായതിൽ നാരായണൻ ആണ് നടുവത്തുമഹൻ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്ലങ്ങളിൽ സന്തതി അറ്റപ്പോൾ അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതൽ 67 വരെ തൈക്കാട് നാരായണൻ മൂസ്സിന്റെയും പിന്നീട് ഇട്ടിരി മൂസ്സിന്റെയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യവൃത്തിയിൽ പ്രഗല്ഭനായിത്തീർന്നു. വെൺമണി മഹനുമായുള്ള നിരന്തര സമ്പർക്കംമൂലം കൊടുങ്ങല്ലൂർക്കളരിയിലെ ശ്രദ്ധേയനായ കവിയായി. 1880 മുതൽ 89 വരെ കൊച്ചിരാജ്യത്തിലെ കോടശ്ശേരി കർത്താവിന്റെ കാര്യസ്ഥനായി ജോലിനോക്കി. 1889-ൽ മൂത്രാശയ സംബന്ധമായ രോഗം ബാധിച്ചെങ്കിലും കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സയാൽ സുഖം പ്രാപിച്ചു. 1909-ൽ കാലിനു നീരുണ്ടായി. അച്ഛൻ നമ്പൂതിരിക്ക് രോഗശാന്തി നേർന്നുകൊണ്ട് അന്നത്തെ കവികൾ അയച്ചുകൊടുത്ത ശ്ലോകങ്ങളുടെ സമാഹാരമാണ് ആരോഗ്യസ്തവം. 1919-ൽ അച്ഛൻ നമ്പൂതിരി നിര്യാതനായി.

കൃതികൾ[തിരുത്തുക]

  • അംബോപദേശം (വെൺമണിമഹന്റെയും മറ്റും രീതിപിടിച്ച് എഴുതിയതാണെങ്കിലും അതിരു കടന്ന ശൃംഗാരമില്ലാതെ സ്ത്രീകളെ ഉപദേശിക്കുന്ന കൃതി);
  • ഭഗവത്സ്തുതി (ശ്രീകൃഷ്ണസ്തോത്രം);
  • ശൃംഗേരിയാത്ര (മരുത്തോമ്പിള്ളി നമ്പൂതിരി ശൃംഗേരിയിൽ പോയി ശങ്കരാചാര്യരെ ദർശിച്ചതിന്റെ വർണന);
  • അഷ്ടമിയാത്ര (വൈക്കത്തഷ്ടമിക്കു കവി പോയതിന്റെ അനുഭവചിത്രണം);
  • ഭഗവദ്ദൂത് (ഏഴ് അങ്കങ്ങളുള്ള ഭക്തിപ്രധാനമായ നാടകം);
  • ചാലക്കുടിപ്പുഴ (ഖണ്ഡകാവ്യം);
  • ബാല്യുദ്ഭവം (കൈകൊട്ടിക്കളിപ്പാട്ട്)

എന്നിവയാണ് പ്രധാന കൃതികൾ. ഇവയ്ക്കുപുറമേ

  • കുമാരസംഭവം (രണ്ടാംസർഗം),
  • അക്രൂരഗോപാലം (നാടകം-രണ്ട് അങ്കങ്ങൾ),
  • ഭാരതം കർണപർവം (കിളിപ്പാട്ട് - അഞ്ചധ്യായങ്ങൾ)

എന്നീ അപൂർണ കൃതികളും നിരവധി കവിതക്കത്തുകളും ഇദ്ദേഹത്തിന്റേതായുണ്ട്. സി.പി. അച്യുതമേനോന്റെ നേതൃത്വത്തിൽ പലർ ചേർന്നു തർജുമ ചെയ്ത ഉത്തരരാമചരിതത്തിന്റെ നാലാമങ്കം തയ്യാറാക്കിയത് നടുവത്തച്ഛനും കുഞ്ഞിക്കുട്ടൻ തമ്പുരാനും ഒറവങ്കര രാജയും ചേർന്നാണ്.

പഴമയേയും പുതുമയേയും സമന്വയിപ്പിക്കുന്ന കവിതകളാണ് നടുവത്തച്ഛന്റേത്. പ്രസാദം, ആർജവം, ലാളിത്യം എന്നിവയാണ് ആ ശൈലിയുടെ പ്രത്യേകതകൾ. ശൃംഗാരത്തിൽനിന്നകന്നുമാറി, കരുണം, ഹാസ്യം എന്നീ രസങ്ങളോടാണ് ഇദ്ദേഹം കൂടുതൽ പ്രതിപത്തി കാണിച്ചത്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നടുവത്ത് അച്ഛൻ നമ്പൂതിരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.