നഗര നികുതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നഗരപ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളായ നഗര പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവ അവയുടെ ഭരണച്ചെലവിനും വികസനച്ചെലവിനും വേണ്ടി ചുമത്തുന്ന നികുതികൾ. സാധാരണയായി ജനസംഖ്യ, ജനസംഖ്യാ സാന്ദ്രത, റവന്യൂ വരുമാനം, കാർഷികേതരമേഖലയിലെ തൊഴിലെടുക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരപ്രദേശങ്ങളെ നിർവചിക്കുന്നത്. ഇന്ത്യയിൽ ഭരണഘടനയുടെ 74-ം ഭേദഗതി നഗരപ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധർമങ്ങളും ചുമതലകളും വിശദമായി സൂചിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചെലവുകൾക്കായി വരുമാനം സ്വരൂപിക്കേണ്ടതുണ്ട്.

പ്രധാന വരുമാനസ്രോതസ്സുകൾ[തിരുത്തുക]

  • വസ്തു-കെട്ടിട നികുതി,
  • തൊഴിൽ നികുതി,
  • വിനോദ നികുതി,
  • പരസ്യ നികുതി,
  • മാർക്കറ്റ് നികുതി,
  • വിവിധതരം ഫീസുകൾ,
  • സംസ്ഥാന സർക്കാരിൽനിന്നു കിട്ടുന്ന ഗ്രാന്റുകൾ.

വസ്തു-കെട്ടിട നികുതി[തിരുത്തുക]

കേരളത്തിൽ ഇത് 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷൻ 233 അനുസരിച്ചാണ് ചുമത്തിയിരിക്കുന്നത്. നഗരപ്രദേശത്ത് നിലനില്ക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും (വാസഗൃഹം, ഫ്ളാറ്റുകൾ, കൊമേർഷ്യൽ കെട്ടിടങ്ങൾ എന്നിവയുടെ) മേലാണ് ഇത് ചുമത്തുന്നത്. മുനിസിപ്പൽ പ്രദേശത്ത് ഇതിന്റെ നിരക്ക് കെട്ടിടത്തിന്റെ വാർഷിക വാടക മൂല്യത്തിന്റെ 10-25 ശതമാനവും കോർപ്പറേഷൻ പ്രദേശത്ത് 15-25 ശതമാനവും ആണ്. കെട്ടിടം വാടകയ്ക്കു കൊടുത്താൽ എന്തു തുക കിട്ടും എന്നു കണക്കാക്കിയാണ് കെട്ടിടത്തിന്റെ വാർഷിക വാടകമൂല്യം കണക്കാക്കുക. ഉടമസ്ഥന്റെ പരാതി കേട്ട് ഇളവുകൾ നല്കാൻ റവന്യൂ ഓഫീസർക്കും ജനപ്രതിനിധികളടങ്ങിയ സ്റ്റാൻഡിങ് സമതികൾക്കും അധികാരമുണ്ട്. ചുമത്തുന്ന നികുതി അയ്യഞ്ചുവർഷം കൂടുമ്പോൾ പുനർനിർണയം ചെയ്യും. സാധാരണയായി വസ്തു-കെട്ടിട നികുതിക്ക് രണ്ട് ഭാഗങ്ങൾ കാണും.

  1. അടിസ്ഥാന നിരക്ക്;
  2. സേവന നിരക്ക്.

കുടിവെള്ളം, ഡ്രെയിനേജ്, ഖരമാലിന്യ സംസ്കരണം, വഴിവിളക്കുകൾ എന്നീ പ്രത്യേക സേവനങ്ങൾ പരിഗണിച്ചാണ് സേവന നികുതി ഘടകം കണക്കാക്കുന്നത്. വസ്തു-കെട്ടിട നികുതി വാർഷികാടിസ്ഥാനത്തിലാണെങ്കിലും അത് രണ്ട് അർധ വാർഷിക ഗഡുക്കളായിട്ടാണ് ഈടാക്കാറ്.

തൊഴിൽ നികുതി[തിരുത്തുക]

ബിസിനസ്സ്, തൊഴില്‍, വ്യാപാരം എന്നിവയിൽ ഏർ പ്പെടുന്നവരുടെമേൽ ചുമത്തുന്നതാണ് തൊഴിൽ നികുതി. തൊഴിൽദായകൻ ഈ നികുതി തന്റെ കീഴിൽ പണിയെടുക്കുന്നവരുടെ കൈയിൽനിന്നു പിരിച്ച് അടയ്ക്കാൻ ചിലപ്പോൾ നിർദ്ദേശിക്കാറുണ്ട്. കേന്ദ്ര സർക്കാർ ചുമത്തുന്ന വരുമാന നികുതിയിൽ (Income Tax) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വ്യക്തികൾ നല്കുന്ന തൊഴിൽ നികുതി(Profession Tax)ക്ക് കിഴിവ് നല്കുന്നുണ്ട്. 60 ദിവസമോ അതിൽ കൂടുതലോ തുടർച്ചയായി ഒരു തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ നികുതി ബാധകമാണ്.

വിനോദ നികുതി[തിരുത്തുക]

സാധാരണയായി സിനിമാശാലകൾ വസൂലാക്കുന്ന ടിക്കറ്റ് ചാർജിന്റെ കൂടെയാണ് പിരിക്കുക. ടിക്കറ്റ് ചാർജിന്റെ 15%-ത്തിൽ കുറയാതെയും 30%-ത്തിൽ കൂടാതെയുമുള്ള നിരക്കിലാണ് ഈ നികുതി ചുമത്തുന്നത്. തിയെറ്റർ ഉടമകളാണ് ഈ നികുതി പിരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നല്കുക. ഈ നികുതിയുടെമേൽ ഒരു സർവീസ് ചാർജ് ഏർപ്പെടുത്താനും നഗരസഭകൾക്ക് അധികാരമുണ്ട്. ഇതിനുപുറമേ സർക്കസ്, നാടകങ്ങൾ, പ്രദർശനങ്ങൾ, മറ്റുതരത്തിലുള്ള ആഘോഷപ്രകടനങ്ങൾ എന്നിവയുടെമേലും നികുതി ചുമത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്.

പരസ്യ നികുതി[തിരുത്തുക]

പരസ്യ നികുതികളാണ് നഗരസഭകളുടെ മറ്റൊരു വരുമാനം. നഗരവീഥികളുടെ ഇരുവശങ്ങളിലും പരസ്യ ബോർഡുകൾ, ബാനറുകൾ, കമാനങ്ങൾ എന്നിവ സ്ഥാപിക്കുന്ന രീതി ഇന്ന് വളരെ വ്യാപകമാണ്. ഇവ സ്ഥാപിക്കുന്നതിന് നികുതിക്കുപുറമേ പ്രത്യേക ലൈസൻസ് ഫീസും ചില നഗരസഭകൾ ചുമത്താറുണ്ട്. പലപ്പോഴും പരസ്യബോർഡുകൾ ദീർഘകാലം നഗരവീഥികളിൽ കാണുക പതിവാണ്. കാലദൈർഘ്യമനുസരിച്ച് നികുതി നിരക്കുകൾ ക്രമീകരിക്കാം.

വസ്തുനികുതി[തിരുത്തുക]

കേരള മുനിസിപ്പാലിറ്റീസ് നിയമം 1994 സെക്ഷൻ 270 അനുസരിച്ച് വസ്തു ഇടപാടുകളിൽ സ്റ്റേറ്റ് രജിസ്റ്റ്ട്രേഷൻ വകുപ്പ് ചുമത്തുന്ന സ്റ്റാമ്പ് ഡ്യൂട്ടിയുടെമേൽ ഒരു സർചാർജ് ചുമത്തുന്ന പതിവുണ്ട്. ഇങ്ങനെ പിരിക്കുന്ന സർചാർജ് നഗരസഭകൾക്കും മുനിസിപ്പിലാറ്റികൾക്കും വിട്ടുകൊടുക്കുന്നു. പിരിക്കുന്ന ചെലവ് കിഴിച്ചാണ് ഇതു ചെയ്യുക.

മറ്റുനികുതികൾ[തിരുത്തുക]

നഗരപ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മറ്റു ചില വരുമാന സ്രോതസ്സുകൾകൂടി ഉണ്ട്. നഗരപ്രദേശത്ത് അതിന്റെ അതിർത്തിക്കു വെളിയിൽനിന്നു പ്രവേശിക്കുന്ന ചരക്കുകളിന്മേൽ ഒക്ട്രോയ് (Octroi) നികുതി ചുമത്താറുണ്ട്. നഗരപ്രദേത്ത്, അധികാരികൾ സ്ഥാപിച്ച് സംരക്ഷിക്കുന്ന മാർക്കറ്റുകൾ ഉപയോഗിക്കുന്ന കച്ചവടക്കാരിൽനിന്നും മാർക്കറ്റ് നികുതി പിരിക്കും. പൊതുജനങ്ങൾക്കുവേണ്ടി സ്ഥാപിച്ച് സംരക്ഷിക്കുന്ന കക്കൂസുകൾ, കുളിസ്ഥലങ്ങൾ, പൊതു ടാപ്പുകൾ, പാർക്കുകൾ, ആംബുലൻസ് വാഹനങ്ങൾ, സേവനങ്ങൾ, മോട്ടോർ വാഹനങ്ങൾക്കു (ടാക്സി, ഓട്ടോറിക്ഷകൾ) നല്കുന്ന പാർക്കിങ് സൗകര്യങ്ങൾ എന്നിവയുടെമേൽ ചുമത്തുന്ന സേവന നികുതികൾ, ഫീസുകൾ എന്നിവയും നഗരസഭകളുടെ വരുമാനം വർധിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നഗര നികുതികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഗര_നികുതികൾ&oldid=3634920" എന്ന താളിൽനിന്ന് ശേഖരിച്ചത്