Jump to content

നകേനവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദിഭാഷയിലെ ഒരു പ്രസ്ഥാനമാണ് നകേനവാദം അഥവാ പ്രപദ്യവാദം. ആധുനിക ഹിന്ദി കവിതയുടെ ചരിത്രത്തിൽ ഒട്ടേറെ 'വാദ'ങ്ങൾ (കവിതാപ്രവണതകൾ) ഉണ്ടായിട്ടുണ്ട്. ഛായാവാദം, രഹസ്യവാദം, പ്രഗതിവാദം, നവസ്വച്ഛന്ദതാവാദം എന്നിവ 20-ാം ശ.-ത്തിന്റെ പൂർവാർധത്തിൽ പ്രചാരംനേടിയ കവിതാപ്രസ്ഥാനങ്ങളായിരുന്നു.

ഈ 'വാദ'ങ്ങളെ സംബന്ധിച്ച ഒരു സവിശേഷത ഇത്തരം പ്രവണതകളൊന്നും വളരെക്കാലം നീണ്ടുനിന്നില്ല എന്നതാണ്. ഒരു രീതിയിൽ കുറേക്കൊല്ലം എഴുതിക്കഴിയുമ്പോഴേക്കും അതിൽ നിന്നു മാറി പുതിയ ഒരു ധാര വേണമെന്ന ആശയത്തിനു പ്രചാരം കിട്ടിയിരുന്നു. ഈ മാറ്റം ചിലപ്പോൾ വളരെ വേഗം തന്നെ സംഭവിച്ചിരുന്നു. ഒരു വ്യക്തിയുടെ കവിതകളെ ആശ്രയിച്ച് ഒരു പുതിയ വാദത്തിനു രൂപംകൊടുക്കുന്ന പതിവും ഉണ്ടായിട്ടുണ്ട്. ഉദാഹരണം ഹരിവംശറായ് ബച്ചന്റെ 'ഹാലാവാദം'.

1943-ൽ സച്ചിദാനന്ദ ഹീരാനന്ദ് വാത്സ്യായൻ 'അജ്ഞേയ്' അവതരിപ്പിച്ച 'പ്രയോഗവാദ'ത്തിന്റെ പ്രചാരത്തിനുശേഷം ബിഹാറിലെ മൂന്ന് പ്രശസ്ത കവികളും നിരൂപകരും ചേർന്ന് ഒരു പുതിയ വാദത്തിനു രൂപംനല്കി. അതാണ് 'നകേനവാദം' അഥവാ 'പ്രപദ്യവാദം'. നളിൻ വിലോചന ശർമ, കേസരികുമാർ, നരേശ് കുമാർ എന്നീ മൂന്നുപേർ അവരുടെ പേരുകളിലെ ന, കേ, ന എന്നീ ആദ്യ അക്ഷരങ്ങൾ ചേർത്ത് 'നകേന' എന്ന നാമധേയം ഈ കാവ്യധാരയ്ക്കു സമ്മാനിച്ചു. അവർ അതിന് പന്ത്രണ്ട് അടിസ്ഥാനസൂത്രങ്ങളും നല്കി. 'ദ്വാദശതി' എന്ന പേരിൽ തയ്യാറാക്കിയ അവയുടെ ഏകദേശ വിവർത്തനം താഴെ നല്കുന്നു.

1.നകേനവാദം ആശയത്തിന്റെയും വ്യഞ്ജനയുടെയും ശില്പമാണ്.

2.ഇത് സർവതന്ത്രസ്വതന്ത്രമാണ്. ഇതിനൊരു ശാസ്ത്രമോ ഗ്രൂപ്പോ ഇല്ല.

3. ഇത് മഹാന്മാരായ പൂർവസൂരികളുടെ പാതകളെ അനുകരിക്കാൻ ആഗ്രഹിക്കുന്നില്ല.

4.ഇത് മറ്റുള്ളവരുടെ അനുകരണമെന്നപോലെ സ്വന്തം അനുകരണത്തെയും വർജ്യമായി കരുതുന്നു.

5.നകേനവാദത്തിന് മുക്തകം അഥവാ സ്വച്ഛന്ദകാവ്യത്തിന്റെ സ്ഥിതിയാണ് കൂടുതൽ യോജിക്കുന്നത്.

6.ഇത് പരീക്ഷണത്തെ സാധനയായും പ്രപദ്യവാദിയെ സാധ്യമായും കരുതുന്നു.

7.നകേനവാദത്തിന്റെ രീതി വാക്യപദീയമാണ്.

8.നകേനവാദത്തിന് ജീവിതവും സമ്പത്തും അസംസ്കൃത വസ്തുക്കളുടെ നിധിയാണ്.

9.പ്രപദ്യവാദി താൻ പ്രയോഗിക്കുന്ന ഓരോ പദത്തിന്റെയും ഛന്ദസ്സിന്റെയും നിർമ്മാണം സ്വയം നടത്തുന്നു; ചിത്രകാരൻ വർണവിന്യാസത്തിന്റെയും പ്രതിമാശില്പി ശിലയുടെയും എന്നപോലെ.

10.പ്രപദ്യവാദം പ്രത്യേക വീക്ഷണത്തിന്റെയും ഗവേഷണമാണ്.

11.പദ്യത്തിൽ ഉത്കൃഷ്ടമായ കേന്ദ്രീകരണം നടക്കുന്നുവെന്നും പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അതാണ് എന്നും പ്രപദ്യവാദം കരുതുന്നു. പദ്യത്തിന്റെ ലയാത്മകവും സംഗീതാത്മകവുമായ ഘടകങ്ങളുടെ ഫലമായി അത്യാവശ്യമായ പദങ്ങൾക്കൊണ്ടുതന്നെ പദ്യത്തിൽ രാഗാത്മകമായ ഘനത്വം സന്നിഹിതമായിരിക്കും.

12.ഈ പ്രസ്ഥാനത്തിന്റെ ശരിയായ പേര് പ്രപദ്യവാദം എന്നു മാത്രമാണ്. ഏകമാത്രം എന്നാണ് ഫ്ളാബർട്ട് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഈ പന്ത്രണ്ട് സൂത്രങ്ങൾ ഉത്കൃഷ്ടാശയങ്ങൾ ഉൾ ക്കൊള്ളുന്നവയാണെങ്കിലും തുടർന്നുവന്ന ഒരു കാവ്യപരമ്പരയായി 'നകേനവാദം' മുന്നേറിയില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നകേനവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നകേനവാദം&oldid=2283651" എന്ന താളിൽനിന്ന് ശേഖരിച്ചത്