നകാനോ ടകേക്കോ
നകാനോ ടകേക്കോ
| |
---|---|
![]() നകാനോ ടകേക്കോ, ഐസുവിലെ വനിതാ പോരാളി
| |
തദ്ദേശീയ നാമം | 中野 竹子
|
ജനനം. | ഏപ്രിൽ 1847 എഡോ, ജപ്പാൻ |
മരണം. | ഒക്ടോബർ 16, 1868 (വയസ്സ് 21) ഐസു, ജപ്പാൻ |
സംസ്കാരം. | |
അംഗത്വം | ഐസു ഡൊമെയ്ൻ |
സേവനം/ശാഖ | ജോഷിതായ് |
സേവന വർഷങ്ങൾ | 1868 |
യുദ്ധങ്ങൾ/യുദ്ധങ്ങൾ | ഐസു യുദ്ധം |
കുടുംബം | നകാനോ ഹൈനായി (പിതാവ്) നകാനോ കോക്കോ (അമ്മ) അകോക ഡൈസുകെ (രണ്ടാനച്ഛൻ) |
ബോഷിൻ യുദ്ധത്തിൽ പോരാടിമരിച്ച ഒരു ജാപ്പനീസ് വനിതാ യോദ്ധാവായിരുന്നു നകാനോ ടകേക്കോ (中野 竹子, ഏപ്രിൽ 1847 - 16 ഒക്ടോബർ 1868). ഐസു യുദ്ധത്തിൽ നാഗിനാറ്റ എന്ന ആയുധവുമായാണ് അവർ പോരാടിയത്. മറ്റുള്ളവരുടെ സഹായമില്ലാതെ യുദ്ധത്തിൽ പങ്കെടുത്ത വനിതാ പോരാളികളുടെ ഒരു അഡ്ഹോക്ക് കോർപ്സിന്റെ നേതാവായിരുന്നു അവർ.
ഐസു പ്രദേശത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കാനായി പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന മുതിർന്ന പോരാളികൾക്ക് അവരുടെ സൈന്യത്തിന്റെ ഭാഗമായി പോരാടാൻ ഔദ്യോഗികമായി അനുവദിക്കാതിരുന്നതിനാൽ ആരുടേയും അനുമതിയില്ലാതെ ടകാക്കോയും മറ്റ് സ്ത്രീകളും യുദ്ധമുന്നണിയിലേക്ക് സ്വയം മുന്നോട്ടുവരുകയാണുണ്ടായത്. സ്ത്രീകളുടെ ഈ സംഘം പിന്നീട് ജോഷിതായ് (娘子隊, സ്ത്രീകളുടെ സൈന്യം) എന്ന് തുടർന്ന് അറിയപ്പെട്ടു.
ചരിത്രം
[തിരുത്തുക]ആദ്യകാല ജീവിതം
[തിരുത്തുക]ഉദ്യോഗസ്ഥനായ നകാനോ ഹൈനായിയുടേയും (1810-1878) ഒരു സമുറായിയായിരുന്ന ഒയിനുമ കിനായിയുടെ മകളായിരുന്ന നകാനോ കോക്കോയുടേയും (1825-1872) ആദ്യത്തെ മകളായി എഡോ എന്ന സ്ഥലത്ത് ജനിച്ച നകാനോ ടകേക്കോയ്ക്ക് ഒരു ഇളയ സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. ബെയ്ഡായ് നിനോച്ചോയിലെ പിതാവിന്റെ അകന്ന ബന്ധുവായ തമോഗാമി ഹ്യോഗോയുടെ ക്വാർട്ടേഴ്സിലായിരുന്നു അവരുടെ താമസം. വിദ്യാസമ്പന്നയായിരുന്ന നകാനോയുടേത് പ്രബലമായ ഒരു സമുറായ് കുടുംബമായിരുന്നു.
1853 മുതൽ 1863 വരെ അവർ ആയോധനകലകളിലും സാഹിത്യകലകളിലും പ്രത്യേകിച്ച് ചൈനീസ് കൺഫ്യൂഷ്യൻ ക്ലാസിക്കുകളിലും ഇവയ്ക്കൊപ്പം കാലിഗ്രാഫിയിലും പരിശീലനം നേടി. ഐസുവിലെ മാറ്റ്സുദൈറ കറ്റമോറിയുടെ ദത്തെടുക്കപ്പെട്ട ഇളയ സഹോദരിയായിരുന്ന മാറ്റ്സുഡൈറ ടെറുവിന്റെ പ്രശസ്ത ഗുരുവായ അകോക ഡൈസുകെ നകാനോയെ ദത്തെടുത്തു. സ്കൂളിൽ പഠിച്ചിരുന്ന തന്റെ സഹോദരിയെപ്പോലെ തന്നേക്കാൾ പ്രായംകുറഞ്ഞ വിദ്യാർത്ഥികളെ നകാനോ പഠിപ്പിക്കുമായിരുന്നു.
പ്രധാനപ്പെട്ട ഇറ്റോ-റ്യു സമ്പ്രദായത്തിന്റെ ഒരു ശാഖയായ ഹാസ്സോ-ഷോക്കണിൽ അവർ വിജയകരമായി പഠനം പൂർത്തിയാക്കി. ഇതോടെ ഇന്നത്തെ ഒകയാമ പ്രിഫെക്ചറിലെ നിവാസെയിൽ അവർക്ക് ജോലി ലഭിച്ചു. നകാനോ അവിടുത്തെ പ്രഭുവിന്റെ ഭാര്യയെ നാഗിനാറ്റ എന്ന ആയുധത്തിന്റെ ഉപയോഗം പഠിപ്പിക്കുകയും അതോടൊപ്പം അവരുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. 1863-ൽ, സുരക്ഷാചുമതലകൾക്കായി ക്യോട്ടോയിൽ സൈന്യത്തെ വിന്യസിക്കാൻ ഗുരുവായ അകോക ഡൈസുകെയ്ക്ക് പോകേണ്ടതിനാൽ തന്നോടൊപ്പം വരാൻ അദ്ദേഹം നകാനോയെ ക്ഷണിച്ചു. ഇക്കാരണത്താൽ അവർ ആ വർഷം തന്നെ നിവാസെയിലെ ജോലി അവർ രാജിവെച്ചു. തന്റെ അനന്തരവനെക്കൊണ്ട് നകാനോയെ വിവാഹം കഴിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും സാമൂഹികപരമായ അസ്വസ്ഥത രാജ്യത്തെയാകെ പിടിച്ചുകുലുക്കുന്ന സമയമായതിനാൽ അവൾ ഇത് നിരസിക്കുകയും തന്റെ കുടുംബത്തിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
1860 കളിൽ അകോക ഡൈസുവിനൊപ്പം ആയോധനകലാപരിശീലകയായി പ്രവർത്തിച്ച ശേഷം ആദ്യമായി ഐസു മേഖലയിലേക്ക് നകാനോ എത്തുന്നത് 1868 ഫെബ്രുവരിയിലാണ്. തുടർന്നുള്ള വസന്തകാലത്തും വേനൽക്കാലത്തും ഐസുവകമറ്റ്സു കോട്ടയിൽ സ്ത്രീകളേയും കുട്ടികളേയും നാഗിനാറ്റ പഠിപ്പിക്കുന്നതിലും സ്ത്രീകളുടെ കുളിമുറികളിലെ എത്തിനോട്ടക്കാരെ പിടിക്കുന്നതിലും വ്യാപൃതയായിരുന്നു അവർ.
ആഭ്യന്തരയുദ്ധം
[തിരുത്തുക]ടോക്കുഗാവ ഷോഗുനേറ്റിനെ പിന്തുണയ്ക്കുന്നവരും മെയിജി ചക്രവർത്തിയുടെ ഭരണപുനഃസ്ഥാപനത്തിനായി പോരാടുന്നവരും തമ്മിലുള്ള ആഭ്യന്തര കലഹമായിരുന്ന ബോഷിൻ യുദ്ധത്തിൽ നകാനോ പങ്കെടുത്തു.
ഈ സംഘർഷസമയത്ത്, അമ്മയും സഹോദരിയും ഉൾപ്പെടുന്ന വനിതാ യോദ്ധാക്കളുടെ സംഘത്തിന്റെ തലവയായി ഐസു യുദ്ധത്തിൽ നകാനോ തന്റെ നാഗിനാറ്റ കൊണ്ട് പോരാടി.

ജോഷിതായ് (娘子隊, സ്ത്രീകളുടെ സൈന്യം) രൂപീകരിച്ചത് ഈ സ്ത്രീകളാണ്:
- സംഘത്തിന്റെ നേതാവായ നകാനോ ടകേക്കോ. ഈ സമയത്ത് അവർക്ക് 21 വയസ്സായിരുന്നു പ്രായം.
- ടകേക്കോയുടെ അമ്മയായിരുന്ന കോക്കോയും സഹോദരിയായിരുന്ന യൂക്കോയും. ഈ സമയത്ത് കൊക്കോയ്ക്ക് 40 വയസ്സിനു മുകളിലും യൂക്കോയ്ക്ക് 16 വയസ്സുമായിരുന്നു പ്രായം.
- ഹിരാത കൊച്ചോയും ഇളയ സഹോദരി ഹിരാത യോഷിയും.
- യോഡ കിക്കുക്കോയും അമ്മയോ അല്ലെങ്കിൽ മൂത്ത സഹോദരിയോ ആയിരുന്ന യോഡ മാരികോയും.
- പ്രശസ്ത വനിതാ യോദ്ധാവായ യമമോട്ടോ യേക്കോ.
- ഒകാമുറ സകികോയും മൂത്ത സഹോദരി ഒകാമുറ മകികോയും.
- വാതാഷിയുടെ വെപ്പാട്ടിയായ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ.
- ഐസു കുലത്തിലെ ഒരു ഭൃത്യയായിരുന്ന ജിൻബോ യുകിക്കോ.
- മോന്ന നാഗിനാറ്റ ഡോജോയിലെ വിദ്യാർത്ഥികളായിരുന്ന മോന്ന റിക്കോ, സൈഗോ ടോമികോ, നാഗായ് സഡാകോ എന്നിവർ.
- ഹരാ ഗോറോയുടെ ഇളയ സഹോദരി.
- കവഹാര അസാകോ
- കൊയ്ക്കെ ചിക്ക്യോകു (1824-1878), യുദ്ധത്തെ അതിജീവിച്ച ഒരു നംഗ ശൈലി പിന്തുടരുന്ന ചിത്രകാരി.[1][2]
ഐസുവിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് കയാനോ ഗോൺബെയ്, അവരെ സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്യാൻ ഔദ്യോഗികമായി അനുവദിക്കാത്തതിനാൽ ഈ സ്ത്രീപോരാളികൾ സ്വതന്ത്രമായാണ് പോരാടിയത്. ഇവർക്ക് പിന്നീട് മുൻകാല പ്രാബല്യത്തോടെ ഒരു വനിതാസൈന്യം എന്ന രീതിയിൽ ജോഷിതായ് (娘子 隊 Jōshitai) എന്ന പേര് നൽകി. 11,12 ഇൻഫൻട്രി റെജിമെന്റുകളുടെ ഭാഗങ്ങളെ നിയന്ത്രിക്കുന്ന ഷോഗുനേറ്റ് ആർമി കേണലായിരുന്ന ഫുരൂയ സകൂസെമോൺ, നകാനോയെ അവരുടെ മരണത്തിന് തലേദിവസം വനിതാസൈന്യത്തിന്റെ നേതാവായി നിയമിച്ചു.

മരണം
[തിരുത്തുക]
1868 ഒക്ടോബർ 16 ന് രാവിലെ ഫുകുഷിമയിലെ നിഷിബാറ്റ പ്രദേശത്തെ യാനാഗി പാലത്തിൽ, ഷഗുമ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള ഒഗാക്കിയിൽ നിന്നുള്ള റൈഫിളുകളുള്ള ആയുധധാരികളായ സാമ്രാജ്യത്വ സൈന്യത്തിനെതിരെ നകാനോ ഒരു ആക്രമണം നടത്തി. തങ്ങളുടെ ശത്രുക്കൾ വനിതാ യോദ്ധാക്കളാണെന്ന് സാമ്രാജ്യത്വ സൈന്യം തിരിച്ചറിഞ്ഞപ്പോൾ, അവരെ വെടിവയ്ക്കരുതെന്ന് അവരുടെ കമാൻഡർമാർ ഉത്തരവിട്ടു. ഇത് നകാനോയോടൊപ്പമുള്ള യോദ്ധാക്കൾക്ക് ആക്രമിക്കാൻ ഒരവസരം നൽകി. സാമ്രാജ്യത്വ സൈന്യം വെടിയുതിർക്കുന്നതിന് മുമ്പ് അവർ നിരവധിപ്പേരെ വധിച്ചു. നെഞ്ചിൽ വെടിയുണ്ടയേറ്റ് നകാനോയ്ക്ക് പരിക്കേറ്റു.
ഒരു ട്രോഫിയായി തന്റെ തല കൈവശപ്പെടുത്താൻ ശത്രുവിനെ അനുവദിക്കാതെയിരിക്കുക എന്നതിലുപരി തന്നെ പിടികൂടുന്നത് തടയുന്നതിനും മാന്യമായ ഒരു ശവസംസ്കാരം ലഭിക്കുന്നതിനുമായി നകാനോ തന്റെ സഹോദരിയായ യൂക്കോയോട് തന്നെ ശിരഛേദം ചെയ്യാൻ ആവശ്യപ്പെട്ടു. യൂക്കോ തന്റെ സഹോദരിയുടെ അഭ്യർത്ഥന അതുപോലെ അനുസരിച്ചു. ശിരഛേദം ചെയ്യുന്നതിൽ തന്നെ സഹായിക്കാൻ യോക്കോ ഒരു ഐസു സൈനികനായ യുനോ യോഷിസാബുറോയുടെ സഹായം തേടി.
യുദ്ധത്തിനിടയിൽ ഹിരാത കൊച്ചോയെ ജിൻബോ യുകിക്കോ രക്ഷിച്ചു. വൈസ് കമാൻഡർ എന്ന നിലയിൽ കോട്ടയെ പ്രതിരോധിക്കാനായി ഹിരാത ഐസുവകാമറ്റ്സു സൈന്യത്തിന്റെ കമാൻഡറായും യമമോട്ടോ യെക്കോ ഡെപ്യൂട്ടി കമാൻഡറായും ചുമതല ഏറ്റെടുത്തു. പിന്നീട്, കൊക്കോയും യൂക്കോയും സുറുഗ കോട്ടയിൽ പ്രവേശിച്ച് യമമോട്ടോ യേയോടൊപ്പം ചേർന്നു.
യുദ്ധത്തിനുശേഷം, നകാനോയുടെ തല അവരുടെ സഹോദരി ഫുകുഷിമ പ്രിഫെക്ചറിൽ സ്ഥിതിചെയ്യുന്ന ഹോക്കായ് കുടുംബക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ഉപചാരപൂർവ്വം പുരോഹിതന്റെ സാന്നിധ്യത്തിൽ ഒരു പൈൻ മരത്തിനടിയിൽ സംസ്ക്കരിച്ചു. അതുപോലെ അവരുടെ ആയുധം ക്ഷേത്രത്തിന് സംഭാവനയും ചെയ്തു.
സ്മാരകം
[തിരുത്തുക]
ഹോക്കായ് ക്ഷേത്രത്തിൽ അവരുടെ ശവകുടീരത്തിനരികിൽ ഒരു സ്മാരകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഐസു സ്വദേശിയും ഇംപീരിയൽ ജാപ്പനീസ് നാവികസേനയുടെ അഡ്മിറലുമായ ദേവ ഷിഗെറ്റോയാണ് ഇതിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കായത്.
പൈതൃകം
[തിരുത്തുക]എല്ലാവർഷവുമുള്ള ഐസു ശരത്കാല ഉത്സവത്തിൽ, നകാനോയുടെയും ജോഷിഗണിലെ വനിതാ പോരാളികളുടെയും പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്രയിൽ ഹക്കാമയും വെളുത്ത തലപ്പാവും ധരിച്ച ഒരു കൂട്ടം പെൺകുട്ടികൾ പങ്കെടുക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ 日本人名大辞典+Plus, デジタル版. "小池池旭(こいけ ちきょく)とは? 意味や使い方". コトバンク (in ജാപ്പനീസ്). Retrieved 2023-07-27.
- ↑ Bakkalian, Nyri (2021-10-01). "Queer Echoes: Koike Chikyoku, Unlikely Warrior Artist". Unseen Japan (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-27.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Hoffman, Michael (October 9, 2011). "Women warriors of Japan". The Japan Times.
- (ഇൻക്ല. "ദി ഷിഗൺ") Kincaid, Chris (August 9, 2015). "Japan's Warrior Women". Japan Powered.
- Smithsonian Institution (2015). "Samurai Warrior Queens". Smithsonian Channel. Archived from the original on 2019-04-10. Retrieved 2025-03-09.
- Szczepanski, Kallie (April 1, 2017). "Images of Samurai Women". ThoughtCo.
പുറംകണ്ണികൾ
[തിരുത്തുക]- സമുറായ് വാരിയർ ക്വീൻസ് ട്രെയിലർ. അർബൻ കന്യൺസ്. യൂട്യൂബ്.