ധർമപദം കിളിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ബൗദ്ധ കൃതിയാണ് ധർമപദം കിളിപ്പാട്ട്. ബുദ്ധമത ഗ്രന്ഥമായ 'ധർമപദ'ത്തിന് സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ രചിച്ച പരിഭാഷയാണിത്. മൂലഗ്രന്ഥം പാലി ഭാഷയിലാണ് വിരചിതമായിരിക്കുന്നത്. പാലി ഭാഷയിൽ നിന്ന് നേരിട്ടായിരുന്നു വിവർത്തനം. കവിയുടെ മരണാനന്തരമാണ് ഗ്രന്ഥം പ്രകാശിതമായത്.

ബുദ്ധമത ഗ്രന്ഥങ്ങളെ കൂട്ടായി 'ത്രിപിടകം' എന്നാണ് പറയുന്നത്. പിടകം എന്നാൽ കുട്ട എന്നർഥം. വിനയപിടകം, സൂത്രപിടകം, അഭിധർമപിടകം എന്നിവയാണ് മൂന്നു പിടകങ്ങൾ. സൂത്രപിടകത്തിൽ ദീർഘനികായം, മഞ്ജിമ നികായം, സംയുക്തിനികായം, അംഗുത്തരനികായം, ഖുദ്ദക നികായം എന്നിങ്ങനെ അഞ്ചു നികായങ്ങളുണ്ട്. ഇവയിൽ ആദ്യത്തെ നാല് നികായങ്ങളും ബുദ്ദന്റെയോ പ്രഥമശിഷ്യരുടെയോ ഭാഷണങ്ങൾ സമാഹരിച്ചിരിക്കുന്നവയാണ്. ഖുദ്ദകനികായം ബുദ്ധ ശിഷ്യരുടെ ഉപദേശങ്ങളാണ്. ബുദ്ധന്റെ ഉപദേശങ്ങൾ തന്നെ ശിഷ്യർ ലളിതവും സുഗ്രാഹ്യവുമാക്കിയിരിക്കുകയാണ് ഇതിൽ. ഈ ഖുദ്ദക നികായത്തിന് 15 ഉപവിഭാഗങ്ങളുണ്ട്. അതിൽ രണ്ടാമത്തേതാണ് ധർമപദം. 26 വർഗ (അധ്യായം) ങ്ങളും 423 പദ്യങ്ങളും ഉള്ള ഈ ഗ്രന്ഥം ബുദ്ധമത തത്ത്വങ്ങളുടെ പാഠാവലിയാണ്.

ബുദ്ധന്റെയും ധർമത്തിന്റെയും സംഘത്തിന്റെയും പന്ഥാവിലെത്തി സർവ ദു:ഖങ്ങളിൽ നിന്നും മുക്തനാകണമെന്നാണ് ധർമപഥത്തിന്റെ സിദ്ധാന്തം. അറിവ്, സങ്കൽപം, വാക്ക്, പ്രവൃത്തി, ജീവിതം, വ്യായാമം, ഓർമ, ധ്യാനം ഇവ ശരിയാംവണ്ണം നിൽക്കുന്ന ആൾക്ക് തെറ്റോ ദുഃഖമോ ഉണ്ടാകുന്നില്ല എന്ന ലളിതവും ഗംഭീരവുമായ സന്ദേശം ധർമപദം നൽകുന്നു.

ജീവിതവ്യമായ ജീവിതത്തിന് ആചരിക്കേണ്ട ധർമങ്ങളാണ് ധർമപദം കിളിപ്പാട്ടിൽ ഉടനീളം. അർഥപുഷ്ടികൊണ്ടും ശബ്ദഭംഗിയാലും അനുഗൃഹീതമാണ് മിക്ക ഭാഗങ്ങളും. വാക്കിന്റെ വിശുദ്ധിയും പ്രയോഗത്തിന്റെ ഔചിത്യവും പരാമർശിക്കുന്ന ഒരു ഭാഗം ഇങ്ങനെ:

"കണ്ടാൽ നല്ലഴകുള്ള പൂവിനു പരിമളമുണ്ടായാലതു പരമാദരണീയമത്രെ വേണ്ടോളം ഭംഗിവാക്കിനുണ്ടെങ്കിലതേ വൃത്തിപൂണ്ടുമിങ്ങിരിപ്പവൻ സർവ ലോകാദരാർഹൻ" (പുഷ്യവർഗം-8)

"അർഥമില്ലാത്ത വാക്കോരായിരം പ്രശംസിച്ചു വ്യർഥമായ് സമയത്തെ നയിക്കുന്നതിനേക്കാൾ അർഥമുള്ളൊരു വാക്കു സംസാരിച്ചിടുന്നതാണുത്തമമതു കേട്ടാൽ ശാന്തിയാർക്കും ലഭിക്കും" ( സഹസ്രവർഗം -1)

ശരീരത്തിന്റെ നശ്വരതയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു:

"ചിത്രമായ് മാംസരക്തക്കുമ്മായമിട്ടു പൂശിയസ്ഥിയാൽ പണി ചെയ്തിട്ടുള്ളോരീ നഗരത്തെ ജരയും മൃതിയും മീ ഗർവവുമശാന്തിയും ഒരുമിച്ചധീവശിച്ചീടുന്നു യഥാസുഖം ചിത്രശലഭങ്ങൾ ചേർന്ന രാജസ്യന്ദനങ്ങളുമെത്രയും ജീർണങ്ങളായ് നശിച്ചുപോയിടുന്നു മർത്യ ദേഹവും തഥാ ജീർണമായ് ഭവിക്കുന്നു സത്തുക്കൾക്കുള്ള ധർമം ജീർണമായിടുന്നില്ല" (ജരാവർഗം 5, 6)

"https://ml.wikipedia.org/w/index.php?title=ധർമപദം_കിളിപ്പാട്ട്&oldid=2283652" എന്ന താളിൽനിന്ന് ശേഖരിച്ചത്