ധ്രുവനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്രുവനക്ഷത്രത്തിലേക്ക് ഒരു ക്യാമറ കുറേ നേരം ഫോക്കസ് ചെയ്തു വെച്ചാൽ സമീപനക്ഷത്രങ്ങൾ ധ്രുവനക്ഷത്രത്തെ ചുറ്റിനും വലം വച്ചു കൊണ്ടിരിക്കുന്നതായി തോന്നും
ധ്രുവ നക്ഷത്രത്തിന്റെ സ്ഥാനം

ഭൂമിയുടെ അച്ചുതണ്ടിന്റെ ഏകദേശദിശയിൽ സ്ഥിതിചെയ്യുന്നതിനാൽ ഭ്രമണത്തിനനുസരിച്ച് സ്ഥാനം മാറാത്ത നക്ഷത്രമാണ് ധ്രുവനക്ഷത്രം.സ്ഥിരമായി ഒരേ സ്ഥാനത്തുതന്നെ കാണപ്പെടുന്നതിനാൽ ഇവ ദിക്കുകൾ കണ്ടെത്താൻ സഹായിക്കുന്നു. ലഘുബാലു നക്ഷത്രരാശിയിൽ സ്ഥിതിചെയ്യുന്നതും പ്രഭയേറിയതുമായ പൊളാരിസ് നക്ഷത്രം നിലവിൽ ഉത്തരധ്രുവത്തിന് വളരെ സമീപത്തായതിനാൽ (88° 58' അക്ഷാംശത്തിൽ) ഇതിനെ ഉത്തരധ്രുവനക്ഷത്രമായി കണക്കാക്കുന്നു. സാധാരണഗതിയിൽ ധ്രുവനക്ഷത്രം എന്നതുകൊണ്ട് ഈ നക്ഷത്രത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിന് സമാനമായി പ്രഭയേറിയ ദക്ഷിണധ്രുവനക്ഷത്രങ്ങളില്ല.

ധ്രുവനക്ഷത്രത്തിനു നേരേ താഴെ ചക്രവാളത്തിൽ കാണപ്പെടുന്ന ബിന്ദു നിരീക്ഷകന്റെ ഉത്തരദിശ സൂചിപ്പിക്കുന്നു. ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങൾ (സപ്തർഷികളും മറ്റും) ധ്രുവനക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്നതുപോലെ കാണപ്പെടും.

കേരളത്തിലെ പരമ്പരാഗത മൽസ്യതൊഴിലാളികളുടെ ഇടയിൽ കൗ എന്നും ഈ നക്ഷത്രത്തിനൊരു വിളിപ്പേരുണ്ട്

ഭാരതീയ ഐതിഹ്യം[തിരുത്തുക]

ധ്രുവനക്ഷത്രത്തെ സംബന്ധിച്ച് ഭാരതീയമായ ഒരു ഐതിഹ്യം നിലവിലുണ്ട്. ഉഗ്രതപസ്സുചെയ്ത ധ്രുവൻ എന്ന രാജകുമാരനിൽ സംപ്രീതനായ മഹാവിഷ്ണു ധ്രുവനെ ആകാശത്തിൽ അഗ്രഗണ്യമായ സ്ഥാനത്തിരുത്തിയെന്നും മറ്റു നക്ഷത്രങ്ങളെല്ലാം ധ്രുവനെ ചുറ്റിക്കൊണ്ടിരിക്കണമെന്ന് അനുശാസിച്ചു എന്നുമാണ് ഈ ഐതിഹ്യം.[1][2][3]

പുരസ്സരണവും ധ്രുവനക്ഷത്രവും[തിരുത്തുക]

ഭൂമിയുടെ പരിക്രമണാക്ഷത്തിനുചുറ്റും ഭ്രമണാക്ഷം അയനം അഥവാ പുരസ്സരണം ചെയ്യുന്നതിനാൽ ഒരേ നക്ഷത്രത്തിനു നേരേ ആയിരിക്കില്ല എപ്പോഴും ഭൂമിയുടെ അക്ഷം ചൂണ്ടിനില്ക്കുന്നത്. അതിനാൽ, ഒരേ നക്ഷത്രമായിരിക്കില്ല എല്ലാക്കാലത്തും ധ്രുവനക്ഷത്രമായി കാണപ്പെടുന്നത്. അയനത്തിന്റെ ഫലമായി ഭൗമ അക്ഷത്തിന്റെ അഗ്രം ആകാശത്തിൽ ഒരു സാങ്കല്പിക വൃത്തം സൃഷ്ടിക്കുന്നു. ഈ അഗ്രത്തിന് ഒരു വൃത്തപഥം പൂർത്തിയാക്കാൻ ഏതാണ്ട് 25,800 വർഷം വേണ്ടിവരും. ഇക്കാരണത്താൽ ഭൂമിയുടെ ഉത്തരധ്രുവത്തിനു മുകളിലായി, ഈ വൃത്തപഥത്തിലോ അടുത്തോ ഉള്ള ദീപ്തിയാർന്ന നക്ഷത്രങ്ങളെ ഓരോ കാലത്തും ധ്രുവനക്ഷത്രമായിപരിഗണിക്കുന്നു. ദീർഘകാലം ധ്രുവസ്ഥാനത്തിനടുത്ത് പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഇല്ലാത്ത അവസ്ഥയും ഉണ്ടാകും.

ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് ലഭ്യമായ അറിവുകളനുസരിച്ച്, വ്യാളം രാശിയിലെ തുബൻ (α -Draconis) ആയിരുന്നു ബി.സി. 2500-ൽ ധ്രുവനക്ഷത്രം. ക്രിസ്തുവർഷാരംഭത്തിൽ ധ്രുവസ്ഥാനത്തു നിന്നത് ലഘുബാലു ഗണത്തിലെ കൊക്കാബ് എന്ന നക്ഷത്രമായിരുന്നു. ഇതേ ഗണത്തിലെ പൊളാരിസ് ആണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. ഏതാണ്ട് 2100-ാമാണ്ട് വരെ പൊളാരിസ് നമ്മുടെ ധ്രുവനക്ഷത്രമായി തുടരും, 25,800 വർഷങ്ങൾക്കുശേഷം വീണ്ടും പൊളാരിസിന്റെ സ്ഥാനം ഭൂമിയുടെ അക്ഷത്തിനു നേരേ വരികയും അതു ധ്രുവനക്ഷത്രമായി മാറുകയും ചെയ്യും.[4][5] ഇതിനിടെ സുമാർ 5,000 വർഷം കഴിഞ്ഞ് കൈകവസ് രാശിയിലെ അൽഡെറാമിൻ (α Cephei) നക്ഷത്രവും എ.ഡി. 12,000-ൽ അയംഗിതി രാശിയിലെ അഭിജിത് (Vega) നക്ഷത്രവും ധ്രുവസ്ഥാനത്തു വരുമെന്നു കണക്കാക്കപ്പെടുന്നു.

പ്രാധാന്യം[തിരുത്തുക]

പ്രാചീനകാലം മുതൽത്തന്നെ ശാസ്ത്രജ്ഞർ ധ്രുവനക്ഷത്രത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ഭൂമിശാസ്ത്രപഠനങ്ങളും നാവികയാത്രകളും ഈ നക്ഷത്രത്തെ ആശ്രയിച്ചു നടത്തിയിരുന്നു. നാവികർ ദിശ മനസ്സിലാക്കുന്നതിനും അക്ഷാംശം നിർണയിക്കുന്നതിനും ഈ നക്ഷത്രത്തെയാണ് ആശ്രയിച്ചത്.

അവലംബം[തിരുത്തുക]

  1. Linda Johnsen. The Complete Idiot's Guide to Hinduism, 2nd Edition: A New Look at the World’s Oldest Religion. Penguin. p. 216. Retrieved 5 May 2009.
  2. Manohar Laxman Varadpande (2009). Mythology of Vishnu and His Incarnations. Gyan Publishing House. p. 38.
  3. Bibek Debroy. Harivamsha. Penguin UK. p. 21. Retrieved 9 September 2016.
  4. "Ancient Astronomical Terms". Retrieved 5 ജൂൺ 2018.
  5. Kreisberg, Glenn (2018). Spirits in Stone: The Secrets of Megalithic America. Simon and Schuster. pp. 4–20. Retrieved 5 June 2018.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്രുവനക്ഷത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധ്രുവനക്ഷത്രം&oldid=3273360" എന്ന താളിൽനിന്ന് ശേഖരിച്ചത്