ധാതുപര്യവേക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമ്പദ്പ്രാധാന്യമുള്ള ധാതുക്കളുടെ അവസ്ഥിതി കണ്ടെത്തുന്നതിനും, അവയുടെ ലാഭകരമായ ഉത്ഖനനത്തിനുള്ള സാധ്യത നിർണയിക്കുന്നതിനും, ഖനന വിധേയമാക്കാവുന്ന അയിരിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനുമുള്ള യത്നങ്ങളെ മൊത്തത്തിൽ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സംജ്ഞയാണു് ധാതുപര്യവേക്ഷണം (Mineral Exploration). പുതിയ ധാതുക്കളുടെ സമ്പന്ന നിക്ഷേപങ്ങളെ സംബന്ധിച്ച അറിവുകൾ ഏറ്റവും കുറഞ്ഞ ചെലവിൽ എത്രയും വേഗം കണ്ടെത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഏർപ്പെടുത്തുന്ന സംരംഭ-സംവിധാനങ്ങൾക്കും ധാതുപര്യവേക്ഷണം എന്ന സംജ്ഞയാണു നല്കാറുള്ളത്.

ധാതുപര്യവേക്ഷണത്തിൽ പരമപ്രധാനമായ പങ്കു നിർവഹിക്കേണ്ടത് ഭൂവിജ്ഞാനികളാണ്. ധാതുനിക്ഷേപങ്ങളുടെ സ്ഥാനം, സ്വഭാവം, പരിമാണം, ഗുണമേന്മ തുടങ്ങിയവ ഏറെക്കുറെ കൃത്യമായി നിർവഹിക്കപ്പെട്ടശേഷം മാത്രമേ അവയുടെ ഖനന സാധ്യത തിട്ടപ്പെടുത്താനാവുകയുള്ളൂ. ശിലാഘടനയെയും ശിലാസവിശേഷതകളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെയാണ് ധാതുക്കളുടെ സാന്നിധ്യം നിർണയിക്കുന്നത്. പ്രസക്തമേഖലയുടെ ഭൂവിജ്ഞാനീയ മാനചിത്ര(Geological map)ങ്ങളെ ആധാരമാക്കിയാണ് ഈ പഠനം നിർവഹിക്കുന്നത്. ആധികാരികത അവകാശപ്പെടാവുന്ന മാനചിത്രങ്ങളെ മാത്രമേ പ്രയോജനപ്പെടുത്താനാവൂ; ഇത്തരം മാനചിത്രണം നടന്നിട്ടില്ലാത്ത ഇടങ്ങളിൽ ധാതുപര്യവേക്ഷണത്തിന്റെ ആദ്യപടിയായി ഈ ജോലി പൂർത്തിയാക്കണം. ഒരു പ്രത്യേക സ്ഥലത്ത് ധാതുസാന്നിധ്യം നിരീക്ഷിക്കപ്പെടുമ്പോൾ അവിടം ഉൾപ്പെട്ടിട്ടുള്ള മേഖലയുടെ മൊത്തത്തിലുള്ള ശിലാസവിശേഷതകൾ മനസ്സിലാക്കുവാനാണ് ഭൂവിജ്ഞാനികൾ താത്പര്യപ്പെടുന്നത്. കണ്ടെത്തുന്ന ധാതുനിക്ഷേപം ഒരിടത്തുമാത്രം അഗാധതലത്തിലേക്ക് ആഴ്ന്നിറങ്ങി അവസ്ഥിതമായിരിക്കുന്നത് നന്നേ അപൂർവമാണ്; മറിച്ച് സമാന സ്വഭാവത്തിലുള്ള ശിലാപ്രസ്തരങ്ങൾക്കിടയിലേക്കു പടർന്നുകയറി, വ്യത്യസ്ത കനത്തിൽ രൂപം കൊണ്ടുകാണുന്നത് വളരെ സാധാരണവുമാണ്. ശിലാഘടനയിലുള്ള വ്യതിയാനങ്ങൾ കണ്ടെത്താവുന്ന നിക്ഷേപങ്ങളിലെ സഹധാതുക്കളുടെയും ഉപധാതുക്കളുടെയും ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്നു. ഖനനസാധ്യമായ നിക്ഷേപങ്ങളിൽത്തന്നെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ധാതുക്കളുടെ കനത്ത തോതിലുള്ള അവസ്ഥിതി ഉണ്ടാവുന്നതും അസാധാരണമല്ല. ഒരിടത്ത് കണ്ടെത്തുന്ന അയിരുകൾ അതേ ഘടനയിലും സ്വഭാവസവിശേഷതകളിലുമുള്ള ശിലാപ്രസ്തരങ്ങൾക്കടിയിലും സാന്ദ്രീകൃതമായി കാണപ്പെടുവാനുള്ള സാധ്യത തെളിയുമ്പോൾ പ്രസക്ത ശിലാസമുച്ചയത്തെ ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് പ്രാധാന്യം കല്പിക്കേണ്ടിവരും. ഖനനസാധ്യത എന്നതിനെക്കാൾ, ലാഭകരമായ ഖനനം കണക്കിലെടുക്കുമ്പോൾ അനുയോജ്യമായ പരിസ്ഥിതിയുള്ളയിടങ്ങൾക്ക് മുൻതൂക്കമുണ്ടാകുന്നു. ഖനനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ഉച്ചാവചം, പ്രതല സ്വഭാവം, ജനവാസം, അധിവാസകേന്ദ്രങ്ങളിൽനിന്നുള്ള അകലം, പ്രസക്തസ്ഥലത്തേക്കുള്ള ഗതാഗത സൌകര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ താരതമ്യ വിശകലനത്തിനു വിധേയമാക്കേണ്ടിവരും. ഒരു സമ്പന്ന നിക്ഷേപത്തിന്റെ ഒരു ഭാഗം ഖനനത്തിനു വിധേയമാകുമ്പോൾ മറ്റു ഭാഗങ്ങൾ അചുംബിതമായി നിലനിർത്തപ്പെട്ടെന്നും വരാം. ചുരുക്കത്തിൽ ഒരു ധാതുനിക്ഷേപത്തിന്റെ സാന്നിധ്യം മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ സ്ഥാനത്തെ ഉൾക്കൊള്ളുന്ന മേഖലയിലെ മൊത്തം അവസ്ഥിതി നിരൂപിക്കുകയാണ് ഭൂവിജ്ഞാനികൾ ചെയ്യേണ്ടത്. ഇതിനായി, മാനചിത്രങ്ങളെ ആധാരമാക്കിയും അല്ലാതെയും നേരിട്ടുള്ള സർവേഷണത്തിനു തുനിയുന്നതിനുമുമ്പുതന്നെ, നേരത്തേയുണ്ടായിട്ടുള്ള പഠനങ്ങളെ സംബന്ധിച്ച രേഖകൾ പരിശോധിക്കുവാനും പര്യവേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂഭൗതികം, ഭൗമരസതന്ത്രം, വിദൂര സർവേഷണം (Remote Sensing) എന്നീ അനുബന്ധ ശാസ്ത്രശാഖകളിലെ നൂതന പ്രവിധികൾ മേഖലാപരമായ പര്യവേക്ഷണത്തിൽ വളരെയേറെ സഹായകമാകുന്നുണ്ട്. ഈദൃശ പ്രവിധികൾ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ പ്രയോജനപ്പെടുത്തി, ധാതുനിക്ഷേപങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നു. പ്രത്യേക അയിരുകളുടെ ഇലക്ട്രോമാഗ്നറ്റിക സ്വഭാവം നിർണയിച്ച്, സദൃശങ്ങളായ തരംഗങ്ങൾ ഉദ്വമിപ്പിക്കുന്ന സ്ഥാനങ്ങൾ ഇലക്ട്രോണിക സജ്ജീകരണങ്ങളുപയോഗിച്ചു കണ്ടെത്തുന്ന രീതിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അധികം ആഴത്തിലേക്കു കടന്ന് നിരീക്ഷണം നടത്താവുന്ന ഒരു നിലയിലേക്ക് ഇവ വികസിച്ചിട്ടില്ല. തന്നിമിത്തം നിർദിഷ്ടമാവുന്നയിടങ്ങളിൽ പരമ്പരാഗതമായ ശൈലിയിൽ ഭൂവിജ്ഞാനീയ പഠനം നിർവഹിക്കേണ്ടിവരുന്നു. നിക്ഷേപങ്ങളുടെ സ്ഥാനം നിർണയിച്ചുകിട്ടുന്നതിലൂടെ ഭൂവിജ്ഞാനിയുടെ ഭാരം ഗണ്യമായി ലഘൂകരിക്കപ്പെടുന്നു.

ഭൂഗുരുതാപരം, കാന്തികം, കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതകാന്തികം, ഭൂകമ്പീയം (Seisonic), വൈദ്യുതം എന്നിങ്ങനെയുള്ള, ധാതുക്കളുടെ പ്രത്യേക സ്വഭാവ വിശേഷങ്ങളെ അവലംബിച്ചാണ് ഭൂഭൗതിക പര്യവേക്ഷണം (Geophysical prospecting) സാധിക്കുന്നത്. കാന്തിക, വൈദ്യുത, വൈദ്യുതകാന്തിക തരംഗങ്ങൾ ഭൂമിക്കടിയിൽ 600 മീ. ആഴത്തോളം സജീവമായി വർത്തിക്കുന്നു. വായൂഢ(airborne)വും ഭൂതലീയ(ground)വുമായ കാന്തിക സർവേഷണത്തിലൂടെ ധാതുസഞ്ചയം ഉൾക്കൊണ്ടിട്ടുള്ള മാഗ്നട്ടൈറ്റ്, പൈറോട്ടൈറ്റ് തുടങ്ങിയ അയിര്ധാതുക്കളുടെ അളവ് തിട്ടപ്പെടുത്താം. വായൂഢവും ഭൂതലീയവുമായ ഇലക്ട്രോമാഗ്നറ്റിക പ്രവിധികളിൽ ശിലാപടലങ്ങളിലേക്ക് വൈദ്യുതിപ്രവാഹം കടത്തിവിടുകയും വൈദ്യുതചാലകങ്ങളായ ധാതുക്കൾ ഉദ്വമിക്കുന്ന വൈദ്യുത-കാന്തിക ക്ഷേത്രങ്ങളുടെ സ്വഭാവംവച്ച് അവയുടെസ്രോതസ്സായ ധാതുവിനെ വേർതിരിച്ചറിയുകയുമാണ് ചെയ്യുന്നത്. ഈദൃശ പ്രവിധികളിൽ ഏറ്റവും കാര്യക്ഷമം പ്രേരിത-ധ്രൂവീകരണ (Induced Polarisation-IP) രീതിയാണ്. നന്നേ വ്യാപകവും വികീർണിത നിലയിൽ അവസ്ഥിതവുമായിട്ടുള്ള സൾഫൈഡ് അയിരു(ഉദാ: അന്തർവേശിത ചെമ്പയിര്)കളുടെ സ്ഥാന നിർണയനത്തിന് IP യാണ് ഉപയോഗപ്പെടുന്നത്. ഒരു നേർകറന്റോ താഴ്ന്ന ആവൃത്തിയിലുള്ള പ്രത്യാവർത്തിധാരയോ ഭൂമിയിലേക്കു പ്രവഹിപ്പിച്ചാൽ വികീർണിത (disseminated) നിലയിൽ അവസ്ഥിതമായിട്ടുള്ള സൾഫൈഡുകൾ ധ്രുവീകരണത്തിനു പ്രേരിതമാകുന്നു. ധ്രൂവീകരണത്തിന്റെ തോതുവച്ച് സൾഫൈഡ് ധാതുക്കളുടെ വ്യാപ്തിയും തരികളുടെ മുഴുപ്പും മനസ്സിലാക്കാനാവുന്നു. ഭൂഭൗതിക രംഗത്തെ വികാസത്തിനൊത്ത് പുതിയ പര്യവേക്ഷണ സമ്പ്രദായങ്ങൾ പരീക്ഷിക്കപ്പെട്ടുവരുന്നു.

ഭൗമരസതന്ത്രത്തിന്റെ പ്രയുക്തിയിലൂടെയും നിരീക്ഷിതമായ ഒരു ധാതുനിക്ഷേപത്തിനെ സംബന്ധിച്ച വിശദാംശങ്ങൾ സഞ്ചയിക്കാവുന്നതാണ്. അപരദന(erosion)പ്രക്രിയയുടെ പരിണതഫലമായി ഏത് ധാതുനിക്ഷേപത്തിലെയും ഘടകവസ്തുക്കൾ, നിയതമായ തോതിൽ, പ്രവാഹജലത്താൽ വഹിക്കപ്പെട്ട്, ഊറലു(sediments)കളായി നിക്ഷേപിക്കപ്പെടും. ധാതുസാന്ദ്രമായ ഇത്തരം ഊറലുകളെ വിശ്ളേഷണവിധേയമാക്കി അവ ഉൾക്കൊണ്ടിരിക്കുന്ന മൂലകങ്ങളെയും യൌഗികങ്ങളെയും വേർതിരിച്ചെടുക്കുന്നതിലൂടെ ഏതിനം അയിരുകളിൽനിന്ന് അടർത്തിമാറ്റപ്പെട്ടവയാണെന്നും അയിരിലെ ധാത്വംശത്തിന്റെ തോത് ഏതേതു പ്രകാരത്തിലാണെന്നും മനസ്സിലാക്കാം. പ്രസക്ത പ്രദേശത്തെ വിവിധ നീർച്ചാലുകളിൽനിന്നുള്ള ഊറലുകളെ വെവ്വേറെ വിശ്ലേഷണവിധേയമാക്കി ധാതുനിക്ഷേപത്തിന്റെ വ്യാപ്തിയെക്കുറിച്ചും ധാരണയുണ്ടാക്കാം. ഊറലുകൾക്കു പകരം ശിലാഖണ്ഡങ്ങളെ ധൂളീകരിച്ച് വിശ്ലേഷണവിധേയമാക്കിയും സമാനരീതിയിലുള്ള പര്യവേക്ഷണം സാധിക്കാം. എന്നാൽ ഈ സമ്പ്രദായത്തിൽ ദ്വിതീയ ഉത്പന്നങ്ങൾ (Secondary products) ഉരുത്തിരിഞ്ഞ് വിശകലനത്തിന്റെ സൂക്ഷ്മത കുറയാനിടയുണ്ട്.

ധാതുനിക്ഷേപങ്ങളുടെ അവസ്ഥിതിയെ സംബന്ധിച്ച വിശദാംശങ്ങൾ കുറഞ്ഞ ചെലവിലും സമയാന്തരാളത്തിലും നിർവഹിക്കാനാവുന്നു എന്നതാണ് ഈയിനം പര്യവേക്ഷണ സമ്പ്രദായങ്ങളുടെ മെച്ചം. തുടർന്ന് നിക്ഷേപങ്ങളുടെ ആവുന്നിടത്തോളം ആഴത്തിലുള്ള കോർ സാമ്പിളുകൾ (Core samples) ആവശ്യാനുസരണം ശേഖരിച്ച് വിശ്ലേഷണം ചെയ്യേണ്ടതുണ്ട്. യന്ത്രസഹായത്തോടെ ഭൂമി തുരന്ന് കോർ സാമ്പിളുകൾ ലഭ്യമാക്കുന്ന പ്രക്രിയയ്ക്ക് പൊതുവേ ഡ്രില്ലിങ് (drilling) എന്ന സംജ്ഞയാണ് നല്കപ്പെട്ടിട്ടുള്ളത്. അയിരിന്റെ വിവിധ തലങ്ങളിലുള്ള അടരുകളിൽ സമ്പദ്പ്രധാനമായ ധാതു ഏതളവിൽ സാന്ദ്രീകരിച്ചിരിക്കുന്നുവെന്നും അതിന്റെ ഗുണമേന്മ ക്രമമായ രീതിയിലാണോ എന്നും പരിശോധിച്ചറിയേണ്ടതുണ്ട്. അയിരിന്റെ വിന്യാസക്രമവും (ഇടതൂർന്നത്, വികീർണിതം എന്നിങ്ങനെ) അവസ്ഥിതിയിലെ അവിച്ഛിന്നതയും അറിഞ്ഞിരിക്കേണ്ടതുണ്ട്. അയിർ പടലങ്ങൾക്കിടയിൽ ഉണ്ടായിരിക്കാവുന്ന മറ്റിനം ശിലാപ്രസ്തരങ്ങളെ സംബന്ധിച്ച അറിവും പ്രധാനമാണ്. ഡ്രില്ലിങ്ങിലൂടെ ലഭിക്കുന്ന കോർ സാമ്പിളുകൾ (വൃത്തസ്തംഭാകൃതിയിലുള്ള ക്രോഡങ്ങൾ) ശിലാഘടനയുടെ തൂക്കായുള്ള പരിച്ഛേദം ആയിരിക്കും. 18 മി.മീ. മുതൽ 150 മീ.മീ. വരെ വ്യാസത്തിൽ ലഭ്യമാവുന്ന ക്രോഡങ്ങളുടെ പഠനത്തിലൂടെ ശിലാസിരകൾ (Veining), വിഭജനം (Fracturing), സമർഥ സംസ്കരണം (Competent bedding) തുടങ്ങി ഭൂഗർഭത്തിലെ ഘടനാവിശേഷങ്ങളെ സംബന്ധിച്ച് ഗ്രാഹ്യം നേടുവാനും ഭൂവിജ്ഞാനിക്കു കഴിയുന്നു. മൊത്തത്തിൽ ശിലാഘടനയുടെ ഒരു പ്രതിരൂപം ലഭ്യമാക്കുവാൻ ഡ്രില്ലിങ് ഉപകരിക്കുന്നു. ഒപ്പം ധാതുനിക്ഷേപത്തിന്റെ പരിമാണവും ഗുണമേന്മയും തിട്ടപ്പെടുത്താനും സാധിക്കുന്നു.

മൂന്നുതരത്തിലുള്ള ഡ്രില്ലിങ് സമ്പ്രദായങ്ങൾ പ്രചാരത്തിലുണ്ട് : കോറിങ് (coring), റോട്ടറി (rotary), പെർക്കഷൻ (percussion) എന്നിങ്ങനെ. നിയത വ്യാസത്തിലും അഗ്രത്തിൽ അപഘർഷക വസ്തു refractory materialഏറ്റവും ഉപയുക്തം വജ്രം) കൊണ്ടുള്ള ദംശന-ഹനു (biting jaw) ഘടിപ്പിച്ചിട്ടുള്ളതുമായ ലോഹക്കുഴൽ ശക്തിയായി ചുഴറ്റി ശിലാസ്തരങ്ങളിലേക്ക് കടത്തിവിടുന്നതിലൂടെ ശിലാസാമ്പിളുകളെ വൃത്തസ്തംഭാകാരമായ ക്രോഡങ്ങളാക്കി അനുക്രമമായി പുറത്തുകൊണ്ടുവരുന്ന 'ക്രോഡ-അഭിലേഖന' പ്രക്രിയയാണ് ആദ്യത്തേത്. റോട്ടറി സമ്പ്രദായത്തിൽ ദംശനഹനുവിനു പകരം സ്വയം ചുഴലുന്ന മൂന്ന് അപഘർഷക-സ്തൂപങ്ങളാണ് ഘടിപ്പിച്ചിട്ടുണ്ടാവുക. ഇവയുടെ സഹായത്തോടെ കുഴലിന്റെ പരിധിക്കകത്തെത്തുന്ന ശിലകളെ കുത്തിയിളക്കി നിയത രൂപത്തിൽ സംഭരിക്കാനാവുന്നു; ഇങ്ങനെ ശേഖരിക്കപ്പെടുന്ന സാമ്പിളുകളിൽ ശിലാധൂളിയോടൊപ്പം ഏതാനും മി.മീ. കനത്തിലുള്ള കണങ്ങൾ വരെ കലർന്നു കാണാം. ഇവയുടെ പരിശോധനയിലൂടെ തഴക്കംചെന്ന ഭൂവിജ്ഞാനികൾക്ക് പ്രസക്ത ശിലകളുടെഇനവും അവയിലെ ഖനിജീഭവന(mineralisation)ത്തിന്റെ തോതും നിർണയിക്കാനാവും; സാമ്പിളുകളിൽ അനുക്രമം പാലിക്കപ്പെടായ്ക നിമിത്തം ഭൂഗർഭത്തിലെ അവസ്ഥാവിശേഷങ്ങൾ പൂർണമായി സംഗ്രഹിക്കാനാവില്ല. മൂന്നാമത്തെ ഡ്രില്ലിങ് രീതിയായ പെർക്കഷൻ സമ്പ്രദായത്തിൽ കാഠിന്യവും മൂർച്ചയും ഉള്ള ഒരു ദണ്ഡുപയോഗിച്ച് ശിലാപ്രതലത്തിൽ തുടർച്ചയായി ആഘാതമേല്പിക്കുന്നു; ധൂളീരൂപത്തിൽ വിഘടിതമാവുന്ന ശിലാപദാർഥം സംഭരിച്ച് വിശ്ളേഷണവിധേയമാക്കുന്നതിലൂടെ സാമ്പിളിലെ ധാത്വംശവും അതിന്റെ ഗുണനിലവാരവും നിർണയിക്കാനാവും. താരതമ്യേന ചെലവുകുറഞ്ഞ രീതിയെന്നനിലയിലാണ് ഈ സമ്പ്രദായത്തിനു പ്രസക്തിയുള്ളത്. ധാതുപര്യവേക്ഷണത്തിൽ ഖനിജ നിക്ഷേപങ്ങളെ സംബന്ധിച്ച ഭൂവിജ്ഞാനീയപരമായ വിശദാംശങ്ങൾ അത്യന്താപേക്ഷിതമാകയാൽ ഭാരിച്ച ചെലവ് വിഗണിച്ച് ക്രോഡ-അഭിലേഖന(Coring)സമ്പ്രദായത്തിലുള്ള ഡ്രില്ലിങ് നടത്തുന്നു.

ശിലാഘടനയെ സംബന്ധിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നതോടെ ധാതുനിക്ഷേപത്തിന്റെ വ്യാപ്തി ലാഭകരമായ ഖനനം സാധ്യമാവുന്നിടത്തേക്കു മാത്രമായി ചുരുക്കാനാവുന്നു. ഇതോടൊപ്പം വളരെ വിശദമായ മാപ്പിങ്ങും പരീക്ഷണശാലയിൽ കൂടുതൽ സൂക്ഷ്മമായ പഠനങ്ങളും നടത്തുന്നത് സുകരമായിത്തീരും. സ്ഥലവിസ്തൃതി കുറയുമ്പോൾ ഭൂഭൌതിക സർവേഷണം കൃത്യതയോടെ നിർവഹിക്കാനാവും. ഊറലുകളോടൊപ്പം ശിലാഖണ്ഡങ്ങളുടെയും സൂക്ഷ്മമാത്രികാമൂലകങ്ങളു(trace elements)ടെയും വിശ്ലേഷണത്തിന് ഭൗമ രസതന്ത്ര വിഭാഗം സൗകര്യം തേടുന്നു. ഇവയെത്തുടർന്ന് ധാതുപര്യവേഷണം നാലാം ഘട്ടത്തിലേക്കു നീങ്ങുന്നു.

ആദ്യത്തെ മൂന്നുഘട്ടങ്ങളിലായി ധാതുനിക്ഷേപത്തിലെ ലോഹാംശം അഥവാ ധാത്വംശം ഏതനുപാതത്തിലാണെന്നും അയിരുകളുടെ ഗുണമേന്മ ഏതു വിധമാണെന്നും, ഖനന സാധ്യമായ അയിരിന്റെ മൊത്തം പരിമാണം ഉദ്ദേശം എത്രയായിരിക്കുമെന്നും ഏറെക്കുറെ കൃത്യമായി തിട്ടപ്പെടുത്താനാവുന്നു. ഇക്കാര്യങ്ങൾ കുറഞ്ഞ സമയംകൊണ്ട്, ചുരുങ്ങിയ ചെലവിൽ നിർവഹിക്കപ്പെടണമെന്നത്, ധാതുപര്യവേഷണം വിജയകരമാണെന്നു വരുത്തുന്നതിൽ സർവപ്രധാനമാണ്. ബൃഹത്തായ നിക്ഷേപങ്ങളുടെ നേരിയ അംശം മാത്രം വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ സാംഖ്യികമായ (Statistical) വികല്പങ്ങൾക്കു വിധേയങ്ങളായിരിക്കും.

വേധന (ഡ്രില്ലിങ്) പ്രക്രിയ, അതിന്റെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്നിനമായി പിരിയുന്നു: വിവരശേഖരണ വേധനം (Information drilling); സീമാനിർണയന വേധനം (Outline drilling); സാമ്പ്ളിങ് വേധനം (Sampling drilling). ഇവയിൽ ആദ്യത്തേത് ധാതുനിക്ഷേപത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു; ഒപ്പം ഖനനസാധ്യത സൂചിപ്പിച്ചുവെന്നുംവരാം. രണ്ടാമത്തേതിലൂടെ നിക്ഷേപത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താം. സാമ്പ്ളിങ് വേധനത്തിലൂടെയാണ് സാമ്പത്തിക നേട്ടം നിർണയിക്കുവാനുതകുന്ന മാറ്റ് (assay), ധാത്വംശ സ്വഭാവം, പരിമാണം, ശിലാസവിശേഷതകൾ തുടങ്ങിയവയെ സംബന്ധിച്ച വിശദാംശങ്ങൾ സമ്പാദിക്കേണ്ടത്. നിക്ഷേപത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് അല്പമാത്രമായ പദാർഥം മാത്രമേ സാമ്പിളുകളായി ശേഖരിക്കുന്നുള്ളൂ. അതുകൊണ്ട്, സാമ്പിളുകൾ എടുക്കുമ്പോൾ അവ നിക്ഷേപത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അവ ശിലാഘടനയിലെ അനുക്രമം പാലിക്കുന്നുണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്. സാമ്പിൾ ശേഖരണം അനുഭവ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ വളരെ സൂക്ഷ്മതയോടെ നിർവഹിക്കപ്പെടേണ്ടതാണ്.

ഡ്രില്ലിങ് പ്രക്രിയയുടെ പരിസമാപ്തിയോടെ സഞ്ചിതമാകുന്ന വിവരങ്ങൾ ചുവടെ സംഗ്രഹിക്കാം: (1) ക്രോഡ-അഭിലേഖം; ഇത് വേധനാളിയുടെയും അതിലൂടെ വേധിക്കപ്പെട്ട അടരുകളിലെയും ശിലാക്രമം സ്പഷ്ടമാക്കുന്നു. (2) സാമ്പിളുകൾ, ക്രോഡങ്ങൾ (cores), വേധിത പരിച്ഛേദങ്ങൾ (drilled cutting) എന്നിവയുടെ ഭൗതിക-രാസിക-ധാതുപര സ്വഭാവ സവിശേഷതകൾ; (3) ഭൂഭൗതിക സർവേഷണത്തിലൂടെ വെളിവാക്കപ്പെടുന്ന ഭൂഗർഭീയ പരിസ്ഥിതി; (4) ലോഹനിഷ്കർഷണ പ്രവിധികളിലൂടെ മാറ്റ് പരിശോധന നടത്തിക്കിട്ടുന്ന അയിരുകളുടെ ഗുണനിലവാരം; നിക്ഷേപത്തിന്റെ പരിമാണത്തെക്കുറിച്ചുള്ള അനുമാനം; ഖനനചെലവുകളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ; (7) ധാതുനിക്ഷേപം അവസ്ഥിതമായിട്ടുള്ള പ്രദേശത്തിന്റെ പരിസ്ഥിതിയും സഹ ബന്ധങ്ങളും. ഇവയൊക്കെത്തന്നെ സാംഖ്യികീയമായ വികല്പങ്ങൾക്കു വിധേയമായിരിക്കും. പര്യവേക്ഷണത്തിന്റെ നാലാം ഘട്ടമായി സഞ്ചയിക്കപ്പെട്ട വിവരങ്ങൾ ഒരു വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്കും അഭിപ്രായത്തിനും വിധേയമാക്കുന്നു. ഖനികളിൽ സജീവവും സുദീർഘവുമായി പ്രവർത്തിച്ച് പരിണതപ്രജ്ഞരായി വളർന്നിട്ടുള്ള വ്യക്തികളുടെ സാന്നിധ്യം ഈദൃശ സമിതികളിൽ അവശ്യമാണ്. ആവശ്യമെങ്കിൽ, കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പഠിക്കുന്നതിനോ ലബോറട്ടറി പരിശോധനകൾ നടത്തുന്നതിനോ ഉള്ള സ്വാതന്ത്ര്യവും വിദഗ്ദ്ധ സമിതിക്കുണ്ടായിരിക്കും. ഇവർ തയ്യാറാക്കി സമർപ്പിക്കുന്ന സാധ്യതാപഠന റിപ്പോർട്ടാണ് ധാതുപര്യവേക്ഷണ പ്രക്രിയയുടെ ജയാപജയങ്ങൾ നിർണയിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ധാതുപര്യവേക്ഷണം&oldid=2315835" എന്ന താളിൽനിന്ന് ശേഖരിച്ചത്