Jump to content

ധനുർവേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപവേദങ്ങളിലൊന്നായ ധനുർവേദം ആയുധങ്ങളെപ്പറ്റിയും ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക ഭാരതത്തിൽ വില്ലും അമ്പും ഉപയോഗിച്ചുള്ള യുദ്ധത്തിനു പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അർഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുർവേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. ആയുർവേദം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), ധനുർവേദം, അർഥശാസ്ത്രം എന്നിവ നാല് ഉപവേദങ്ങൾ എന്ന് അറിയപ്പെടുന്നു. വേദത്തിൽത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്. ആയുർവേദത്തിലെഅർക്ക വിധികളെക്കുറിച്ച് പ്രതിപാദിക്കുന്നതും ധനുർവേദത്തിലാണ്.

വേദങ്ങൾ

[തിരുത്തുക]

യജുർവേദത്തിന്റെ ഭാഗമാണ് ധനുർവേദമെന്ന് കരുതപ്പെടുന്നു. ധനുർവേദസംഹിത എന്ന ഗ്രന്ഥം ഈ ശാസ്ത്രം നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്നു. ഈ കൃതി വേദങ്ങളോളം പ്രാചീനമല്ല, കൂടുതൽ അർവാചീനമാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിലും അഗ്നിപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും ധനുർവേദത്തെപ്പറ്റിയും അതിലെ പ്രതിപാദ്യത്തെപ്പറ്റിയും വിശദീകരിക്കുന്നു. വൈദികകാലത്തു തന്നെ ഈ ശാസ്ത്ര ശാഖയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നതായി കരുതാം. ശുക്രനീതി, കാമന്ദകനീതിശാസ്ത്രം, വൈശമ്പായനം, വീരചിന്താമണി, ലഘുവീരചിന്താമണി, വൃദ്ധശാർങ്ഗധരം, യുദ്ധജയാർണവം, യുദ്ധകല്പതരു, നീതിമയൂഖം തുടങ്ങിയ കൃതികൾ ധനുർവേദപ്രതിപാദകങ്ങളായുണ്ട്. ഇവയിൽ പല വിഷയങ്ങളിലും വ്യത്യസ്തമായി വിശദീകരണം കാണുന്നതിനാൽ ഈ വിഷയം പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളും മറ്റു ശാസ്ത്രശാഖകളെപ്പോലെ വിഭിന്ന പദ്ധതികളും ഉണ്ടായിരുന്നതായി കരുതാം.

ബ്രഹ്മാവും പരമശിവനുമാണ് ഈ വേദത്തിന്റെ ഉപജ്ഞാതാക്കളെന്ന് അഗ്നിപുരാണത്തിൽ പറയുന്നു. വിശ്വാമിത്രനെ ഇതിന്റെ ഋഷിയായി കണക്കാക്കുന്നുണ്ട്. അഗ്നിവേശമുനിയാണ് ഇതിന്റെ ദ്രഷ്ടാവ് എന്നും പരാമർശമുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണത്രെ ദ്രോണാചാര്യർ. വിശ്വാമിത്രൻ, സദാശിവൻ, ശാർങ്ഗദത്തൻ, വിക്രമാദിത്യൻ തുടങ്ങിയവർ ഈ ശാസ്ത്രം പ്രതിപാദിച്ച് ഗ്രന്ഥം രചിച്ചതായി പരാമർശമുണ്ടെങ്കിലും ഇവ ലബ്ധമായിട്ടില്ല. ഇവയെപ്പറ്റി അഗ്നിപുരാണം, അജ്ഞാതകർതൃകമായ കോദണ്ഡമണ്ഡനം, 14-ആം നൂറ്റാണ്ടിൽ ശാർങ്ഗധരൻ രചിച്ച വീരചിന്താമണി തുടങ്ങിയവയിൽ വിവരണമുണ്ട്.

പ്രധാന പ്രതിപാദ്യങ്ങൾ

[തിരുത്തുക]

ധനുർവേദത്തിലെ പ്രധാന പ്രതിപാദ്യങ്ങൾ അഗ്നിപുരാണത്തിന്റെ 249 മുതൽ 252 വരെ അധ്യായങ്ങളിൽ സംഗ്രഹിച്ചു വിവരിക്കുന്നുണ്ട്. ഇതിലെ വിഷയങ്ങളെ ദീക്ഷാപാദം, സംഗ്രഹപാദം, സിദ്ധിപാദം, പ്രയോഗപാദം എന്ന് നാല് പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ദീക്ഷാപാദത്തിൽ ധനുർലക്ഷണവും അധികാരി നിരൂപണവും ദീക്ഷ, അഭിഷേകം, ശാകുനം, മംഗളം തുടങ്ങിയ സങ്കേതങ്ങളുടെ നിരൂപണവും ആണ് പ്രധാന പ്രതിപാദ്യം.

ധനുസ്സ് എന്ന പദം വിവിധതരം അസ്ത്രശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആയുധങ്ങളെ

  1. മുക്തം (പാണിമുക്തം)
  2. അമുക്തം
  3. മുക്താമുക്തം (മുക്തസന്ധാരിതം)
  4. യന്ത്രമുക്തം

എന്ന് നാലായി വിഭജിച്ചിരിക്കുന്നു.

യന്ത്രമുക്തം

[തിരുത്തുക]

ക്ഷേപിണി, വില്ല്, മറ്റ് യന്ത്രങ്ങൾ എന്നിവകൊണ്ടു വിക്ഷേപിക്കുന്ന ആയുധമാണ് യന്ത്രമുക്തം.

മുക്തം (പാണിമുക്തം)

[തിരുത്തുക]

കൈകൊണ്ട് എറിഞ്ഞു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ആയുധമാണ് മുക്തം അഥവാ പാണിമുക്തം. ഗദയെ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്.

മുക്താമുക്തം

[തിരുത്തുക]

കൈയിൽ വച്ചുകൊണ്ടും എറിഞ്ഞും പ്രയോഗിക്കാവുന്നവ മുക്താമുക്തം അഥവാ മുക്തസന്ധാരിതം എന്ന വിഭാഗത്തിൽപ്പെടുന്നു. കുന്തം, ശൂലം തുടങ്ങിയവയാണിത്.

അമുക്തം

[തിരുത്തുക]

കൈയിൽ പിടിച്ചുകൊണ്ടു മാത്രം പ്രയോഗിക്കുന്ന വാൾ അമുക്തം എന്ന വിഭാഗത്തിലാണ്.

ഇതിൽ മുക്തവിഭാഗത്തിലേത് (വില്ല് തുടങ്ങിയവ) ശ്രേഷ്ഠവും കുന്തം തുടങ്ങിയ മുക്താമുക്ത വിഭാഗം മധ്യമവും വാൾ തുടങ്ങിയ അമുക്തവിഭാഗം അധമവുമായ ആയുധങ്ങളായാണ് സങ്കല്പം. ഇവയിൽപ്പെടാത്ത ബാഹുയുദ്ധവും അധമ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ബ്രാഹ്മം, വൈഷ്ണവം, പാശുപതം, പ്രാജാപത്യം, ആഗ്നേയം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുത്തിയും ആയുധങ്ങളെ വിശകലനം ചെയ്യുന്നുണ്ട്.

സംഗ്രഹപാദം

[തിരുത്തുക]

ധനുർവേദത്തിലെ രണ്ടാമത്തെ വിഭാഗമായ സംഗ്രഹപാദത്തിൽ ആചാര്യലക്ഷണവും വ്യത്യസ്ത തരം അസ്ത്രശസ്ത്രങ്ങളുടെ വിവരണവുമാണ് മുഖ്യം. സാമാന്യപരിജ്ഞാനത്തിനുശേഷം ഉപരിപഠനമാണ് മൂന്നാം പാദമായ സിദ്ധിപാദത്തിൽ. ഗുരുവിന്റെ വിശേഷസിദ്ധികൾ മനസ്സിലാക്കുക; ഗുരുമുഖത്തു നിന്നുതന്നെ അവ സ്വായത്തമാക്കുക, വിശേഷ ആയുധങ്ങൾ അറിഞ്ഞിരിക്കുക, അവരുടെ ഉപദേശം നേടുക, മന്ത്രദേവതാഉപാസന, മന്ത്രസിദ്ധി തുടങ്ങിയ ഉപരിപഠന വിധികൾ ഈ പാദത്തിൽ വിവരിക്കുന്നു. പ്രയോഗപാദം എന്ന നാലാം പാദത്തിൽ അസ്ത്രശസ്ത്രാദി പ്രയോഗവൈദഗ്ദ്ധ്യമാണ് പ്രധാന വിവരണം. അസ്ത്രശസ്ത്രപ്രയോഗസമയത്ത് ശരീരം ഏതു സ്ഥിതിയിലാകണം, വില്ല് പിടിക്കുന്ന രീതി, ലക്ഷ്യവിവേചനം, സൈന്യവിന്യാസരീതികൾ, വിവിധതരം അസ്ത്രശസ്ത്രങ്ങളുടെ പ്രയോഗത്തിൽ പാലിക്കേണ്ട വ്യത്യസ്ത രീതികൾ തുടങ്ങിയവ വിശദീകരിക്കുന്നു.

ധനുർവേദത്തിന് പത്ത് അംഗങ്ങളും നാല് ചരണങ്ങളും ഉണ്ടെന്ന് മഹാഭാരതത്തിൽ പ്രസ്താവമുണ്ട്. തേര്, ആന, കുതിര, കാലാൾ എന്ന് നാലു പാദമായി സേനാവിഭാഗമുള്ളതിനാൽ ചതുഷ്പാദി എന്നും ഈ ശാസ്ത്രശാഖയ്ക്കു പേരുണ്ട്. ഋജു, മായ എന്നിങ്ങനെയും ഈ ശാസ്ത്രശാഖയെ തിരിക്കുന്നുണ്ട്.

വിവിധതരം ആയുധങ്ങൾ

[തിരുത്തുക]

അത്ഭുതകരമായ സംഹാരശേഷിയുള്ള അസ്ത്രങ്ങളും അനുപമമായ അസ്ത്രപ്രയോഗരീതികളും സ്വായത്തമാക്കിയ ധനുർധരന്മാരുടെ വീരേതിഹാസങ്ങൾ ഭാരതീയ പുരാണങ്ങളിലും ചരിത്ര കൃതികളിലും സുലഭമാണ്. ആഗ്നേയാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയവയെപ്പറ്റിയുള്ള വിവരണം ആധുനികകാലത്തെ അതിമാരകമായ ആയുധങ്ങളെ അനുസ്മരിപ്പിക്കുന്നു. അമ്പ്, വില്ല്, ഗദ, ശൂലം, കുന്തം, വജ്രം, പരശു തുടങ്ങിയ പലതരം ആയുധങ്ങളുടെ നിർമ്മാണരീതിയും ധനുർവേദത്തിൽ വിവരിക്കുന്നുണ്ട്. ആയുധങ്ങൾക്കും പ്രയോഗരീതിക്കുമൊപ്പം സേനാവിന്യാസക്രമവും പരിശീലനക്രമവും ഇതിൽ പ്രതിപാദിക്കുന്നു.

വൈശമ്പായനന്റേതെന്നു കരുതപ്പെടുന്ന ധനുർവേദഗ്രന്ഥത്തിൽ പ്രാചീനകാലത്ത് വില്ലിനെക്കാൾ പ്രാധാന്യം വാളിനായിരുന്നു എന്നു പരാമർശിക്കുന്നുണ്ട്. പൃഥുരാജാവിന്റെ കാലത്താണത്രെ വില്ലിന് പ്രചാരം ലഭിച്ചത്. ബ്രഹ്മദേവനാണ് പൃഥുരാജാവിന് ധനുർവിദ്യ ഉപദേശിച്ചത്.

ആയുധനിർമ്മാണ രീതി

[തിരുത്തുക]

വില്ല് രണ്ടുരീതിയിലുണ്ട്. ധനുർവിദ്യ അഭ്യസിക്കുന്ന വില്ല് യൗഗിക ധനുസ്സ് എന്നറിയപ്പെടുന്നു. ഇത് യുദ്ധത്തിന് ഉപയോഗിക്കാൻ പാടില്ല. യുദ്ധത്തിന് വേറെ വില്ലുതന്നെ നിർമ്മിക്കണം. ഇത് ലോഹംകൊണ്ടോ മുളകൊണ്ടോ ആകാം. ആന, കുതിര ഇവ വാഹനമായി ഉപയോഗിക്കുമ്പോൾ ലോഹംകൊണ്ടുള്ള വില്ലാണ് കൂടുതൽ ഉപയുക്തം. രഥത്തിലും കാലാൾ സൈന്യത്തിലും മുളകൊണ്ടുള്ള വില്ല് കൂടുതൽ യുക്തമാണ്. വില്ലിന്റെ ഭാരം അധികമാകാതെ ശ്രദ്ധിക്കണം. മുളകൊണ്ടുള്ള വില്ലാണെങ്കിൽ മുളം തണ്ടിന് 3, 5, 7, 9 എന്നിങ്ങനെ ഖണ്ഡങ്ങളാകാം. 4, 6, 8 എന്നിങ്ങനെ ഖണ്ഡങ്ങൾ പാടില്ല. ഈ രീതിയിൽ വില്ലിനെപ്പറ്റി വിശദമായ പഠനം അഗ്നിപുരാണം തുടങ്ങിയ കൃതികളിൽ കാണാം.

വൃദ്ധശാർങ്ഗധരം എന്ന ഗ്രന്ഥത്തിൽ അമ്പിന്റെ നിർമ്മാണരീതിയും വിവിധതരം അമ്പുകളുടെ പ്രത്യേകതയും വിശദമാക്കുന്നുണ്ട്. അമ്പിന്റെ ചുവടഗ്രം വ്യത്യസ്ത ആകൃതിയിലാകാം. ഇവ ഹംസം, ശശം, മയൂരം, ക്രൗഞ്ചം, ബകം തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. അമ്പിന് മുൻഭാഗത്തു കനം കൂടിയത്, പിൻഭാഗത്തുകനം കൂടിയത്, ഒരേ രീതിയിൽ കനമുള്ളത് എന്നിങ്ങനെ വ്യത്യാസമാകാം. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പിനെ സ്ത്രീജാതി, പുരുഷജാതി, നപുംസകജാതി എന്നു തിരിക്കുന്നു. കൂടുതൽ ദൂരെ എത്തേണ്ട സന്ദർഭത്തിൽ സ്ത്രീജാതിയിലുള്ള അസ്ത്രവും കൂടുതൽ പ്രഹരശേഷി വേണ്ടിടത്ത് പുരുഷജാതി അസ്ത്രവും അത്യന്തം സൂക്ഷ്മമായ ലക്ഷ്യം ഭേദിക്കേണ്ടിടത്ത് നപുംസകജാതി അസ്ത്രവുമാണ് യുക്തം. അമ്പിന്റെ മുൻ അഗ്രഭാഗത്തിന് വ്യത്യസ്തരൂപം നല്കാറുണ്ട്. ഇവയ്ക്ക് ആരാമുഖം, ക്ഷുരപ്രം, ഗോപുച്ഛം, അർധചന്ദ്രം, സൂചീമുഖം, ഭല്ലം, വത്സദന്തം, ദ്വിഭല്ലം, കർണികം, കാകതുണ്ഡം തുടങ്ങിയ പേരുകളാണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേക ലക്ഷ്യം ഉണ്ടാകും. ആരാമുഖം എന്ന അസ്ത്രഭേദം കവചം, ചർമം ഇവ ഛേദിക്കുന്നതിനുപയുക്തമാണ്. പ്രതിയോഗിയുടെ വില്ല് ഛേദിക്കുന്നതിന് ക്ഷുദ്രപ്രഹരം എന്ന അസ്ത്രഭേദമാണ് യുക്തം. ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിലും ഈ വ്യത്യസ്ത രീതിയിലുള്ള അമ്പിന്റെ നിർമ്മാണം വിവരിക്കുന്നുണ്ട്.

അസ്ത്രപ്രയോഗരീതി

[തിരുത്തുക]

അസ്ത്രപ്രയോഗസമയത്ത് യോദ്ധാവിന്റെ കാല്, കയ്യ്, മറ്റംഗങ്ങൾ ഇവ ഏതു സ്ഥിതിയിൽ നിൽക്കുമ്പോൾ കൂടുതൽ ലക്ഷ്യഭേദിയാകും എന്നും കൂടുതൽ സുരക്ഷിതമായ സ്ഥിതി ഏതാണ് എന്നും ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. വില്ല് പിടിക്കുന്ന രീതി, ശസ്ത്രപ്രയോഗരീതി, ലക്ഷ്യനിർണയം, ശസ്ത്രാഭ്യാസ നിയമങ്ങൾ, ശസ്ത്രാഭ്യാസം എത്ര കാലവും ഒരു ദിവസം എത്രസമയവും എന്നു തുടങ്ങിയ കാര്യങ്ങൾ, എതിരാളിയുടെ ശസ്ത്രത്തെ ഭേദിക്കുന്ന വിധി, ശബ്ദം ശ്രവിച്ച് അസ്ത്രപ്രയോഗത്തിനു പരിശീലനം, ഇരുട്ടിൽ അസ്ത്രപ്രയോഗ പരിശീലനം തുടങ്ങിയ പരിശീലനവിധികൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അസ്ത്രപ്രയോഗസമയത്തെ യോദ്ധാവിന്റെ സ്ഥിതിക്ക് വ്യത്യസ്ത പേരുകളുണ്ട്. അംഗുഷ്ഠം, നരിയാണി (ഗുല്ഫം), പാണി, പാദം എന്നിവ വളരെ ഒതുക്കി പരസ്പരം സ്പർശിച്ചു നിൽക്കുന്ന സ്ഥിതിക്ക് സമപദം എന്നാണു പേര്. കാലടികളെ ബാഹ്യംഗുലികളിൽ നിർത്തിയും കാൽമുട്ടുകൾ ഇളകാതെ ഉറപ്പിച്ചും ഓരോ കാലും മൂന്നുചാൺ അകലത്തിലും നിൽക്കുന്നത് വൈശാഖം. കാൽമുട്ടുകൾ രണ്ടും ഹംസപംക്തിതുല്യമായ ആകൃതി വരത്തക്കവണ്ണം നാലുചാൺ അകലത്തിൽവച്ചു നിൽക്കുന്നത് മണ്ഡലം എന്നറിയപ്പെടുന്നു. വലത്തേക്കാലിന്റെ മുട്ടും തുടയും കലപ്പയുടെ ആകൃതിയിൽ മടക്കി ഇളകാതെവച്ചും ഇടത്തേക്കാൽ അഞ്ചുചാൺ അകലത്തിലുമുള്ള സ്ഥിതി ആലീഢം. ഇതേപോലെ പ്രത്യാലീഢം, ജാതം, ദണ്ഡായതം, വികടം, സ്വപുടം, സ്വസ്തികം തുടങ്ങിയ സ്ഥിതികളുമുണ്ട്.

അസ്ത്രശസ്ത്രപ്രയോഗ രീതികളും ശാസ്ത്രീയമായ അപഗ്രഥനത്തോടെ വിശദീകരിക്കുന്നുണ്ട്. വില്ല് ഉപയോഗിക്കുമ്പോൾ ആരംഭത്തിൽ സ്വസ്തികം എന്ന സ്ഥിതിയിൽ നിന്നുകൊണ്ട് ഗുരുക്കന്മാരെയും ദേവതമാരെയും മനസ്സിൽ സ്മരിച്ച് വണങ്ങണം. പിന്നീട് ഇടത്തേ കൈകൊണ്ട് വില്ലെടുത്ത് വലത്തേ കൈകൊണ്ട് ബാണം തൊടുക്കണം. വൈശാഖം, ജാതി എന്നിവയിൽ ഒരു സ്ഥിതി സ്വീകരിച്ച് വില്ലിന്റെ ഞാൺ പൂർണമായി വലിച്ചുനോക്കണം. എന്നിട്ട് ദൃഷ്ടികൊണ്ടു കാണപ്പെടുന്നതും മുഷ്ടികൊണ്ടു മറയ്ക്കപ്പെടുന്നതുമായി ലക്ഷ്യത്തെ കേന്ദ്രീകരിച്ച് ലക്ഷ്യഭേദം നടത്തുന്നതിനെ ഉപച്ഛേദം എന്നു പറയുന്നു.

ഖഡ്ഗം, ചർമം, പാശം, ചക്രം തുടങ്ങിയ ആയുധങ്ങളുടെ പ്രയോഗത്തിലും ശാസ്ത്രീയവും ദീർഘകാലം അഭ്യാസം വേണ്ടതുമായ പഠനം ആവശ്യമാണ്. ഖഡ്ഗംകൊണ്ടും ചർമംകൊണ്ടുമുള്ള പ്രയോഗം ഭ്രാന്തം, ഉദ്ഭ്രാന്തം, ആവിദ്ധം തുടങ്ങി 32 രീതികളിലുള്ളത് വിശദീകരിക്കുന്നുണ്ട്. പാശത്തിന്റെ പ്രയോഗവും ഋജു, ആയതം, വിശാലം, തിര്യക്ക്, ഭ്രാമിതം എന്ന് അഞ്ച് വിധമുള്ളതും വിവരിക്കുന്നു. പുരാവൃത്തം, അപരാവൃത്തം, ഗൃഹീതം, ലഘുഗൃഹീതം തുടങ്ങി പതിനൊന്ന് രീതിയിൽ പാശധാരണം സാധ്യമാണ്. ഛേദനം, ഭേദനം, ത്രാസനം, ആന്ദോളനം, ആഘാതം എന്ന് അഞ്ചുവിധത്തിൽ ചക്രംകൊണ്ടുള്ള ആഘാതം നിർദ്ദേശിക്കുന്നു. ഇതേപോലെ ശൂലം, തോമരം, ഗദ, പരശു (മഴു), മുദ്ഗരം (ഉലക്ക), ഭിന്ദിപാലം, വജ്രം, കൃപാണം (ചതുരിക), ക്ഷേപിണി (കവണി) തുടങ്ങിയവയുടെ പ്രയോഗത്തിനും അനേകം രീതിഭേദങ്ങൾ അപഗ്രഥിച്ചിട്ടുണ്ട്.

ക്ഷത്രിയരുടെ വേദം

[തിരുത്തുക]

ക്ഷത്രിയരുടെ വേദമായി അറിയപ്പെടുന്ന ധനുർവേദത്തിന്റെ ആചാര്യന്മാർ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും ധനുർവേദം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചുവന്നു. ആപദ്ഘട്ടത്തിൽ മറ്റു ജനവിഭാഗത്തിനും ഈ വിദ്യ അഭ്യസിക്കാമെന്നു പ്രസ്താവമുണ്ട്. എല്ലാവിഭാഗം ആൾക്കാരും, വേണ്ടിവന്നാൽ, ആപദ്ഘട്ടത്തിൽ രാജാവിന് സഹായികളായി യുദ്ധത്തിൽ പങ്കുചേരണമെന്നായിരുന്നു വിധി. സൂതപുത്രനായ കർണൻ തന്നെപ്പറ്റി വാസ്തവം മറച്ചുവച്ച് ബ്രാഹ്മണകുമാരനാണെന്നു പ്രസ്താവിച്ച് പരശുരാമനിൽനിന്ന് അസ്ത്രാഭ്യാസം നേടിയതും ദ്രോണാചാര്യരെ ഗുരുവായി സങ്കല്പിച്ച് ഏകലവ്യൻ ധനുർവിദ്യ സ്വയം ശീലിച്ചതും പ്രാചീനകാലത്ത് ഈ വിദ്യ എല്ലാ വിഭാഗം ആൾക്കാരും പരിശീലിച്ചിരുന്നതിനു ദൃഷ്ടാന്തമാണ്. യാദവനായ ശ്രീകൃഷ്ണൻ അർജുനനെക്കാൾ സമർഥനായ വില്ലാളിയായിരുന്നതായാണ് ഭാഗവതപുരാണത്തിൽ പരാമർശിക്കുന്നത്. ഉപനയനത്തിനുശേഷം വിദ്യാഭ്യാസത്തിന് ആശ്രമത്തിൽ ഋഷിമാരോടൊപ്പം താമസിച്ചിരുന്ന രാജകുമാരന്മാരും മറ്റുള്ളവരും വേദം, വേദാംഗം തുടങ്ങിയവയോടൊപ്പം ധനുർവേദവും അഭ്യസിച്ചുവന്നിരുന്നു. വേദാചാര്യരായിരുന്ന മഹർഷിമാർ ധനുർവേദാചാര്യർകൂടിയായിരുന്നതായാണ് പറയപ്പെടുന്നത്. കൃപാചാര്യരെ ശരദ്വാൻ എന്ന മുനിയായിരുന്നു അസ്ത്രവിദ്യ അഭ്യസിപ്പിച്ചത്. അഗസ്ത്യമുനി, ശുക്രാചാര്യർ‍, അഗ്നിവേശമുനി, വിശ്വാമിത്രൻ‍, വസിഷ്ഠൻ തുടങ്ങിയവർ ധനുർവേദാചാര്യന്മാർകൂടി ആയിരുന്നതായി പ്രസ്താവമുണ്ട്. വിശ്വാമിത്രശിഷ്യന്മാരായ ശ്രീരാമനും ലക്ഷ്മണനും ദ്രോണാചാര്യശിഷ്യനായ അർജുനനും പരശുരാമശിഷ്യരായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ തുടങ്ങിയവരും ഏറ്റവും പ്രഗൽഭരായ ധനുർധരന്മാരായി പുരാണങ്ങളിൽ പ്രകീർത്തിതരാണ്.

സേനാവിന്യാസങ്ങൾ

[തിരുത്തുക]

ആയുധങ്ങളുടെ നിർമ്മാണം, പ്രയോഗ സവിശേഷതകൾ എന്നിവയ്ക്കു പുറമേ പദ്മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസങ്ങളെപ്പറ്റിയും ധനുർവേദത്തിൽ വിവരണമുണ്ട്. ഈ യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പരിഗണിക്കുന്നത് ബൃഹസ്പതിയെയാണ്. ആയിരം തേര്, ആയിരം ആന, ആയിരം കുതിര, ആയിരം കാലാൾ ഇവ ചേർന്നത് ചതുരംഗം എന്നറിയപ്പെടുന്നു. പത്ത് ചതുരംഗമാണത്രെ ഒരു പത്തി. പത്ത് പത്തിയുടെ നായകനെയാണ് സേനാനായകനായി കണക്കാക്കുന്നത്. പത്ത് സേനാനായകന്മാരുടെ തലവനെ ബലാധ്യക്ഷൻ എന്നു പറയുന്നു. ഒരു ആന, ഒരു തേര്, മൂന്ന് കുതിര, അഞ്ച് കാലാൾ എന്നിവ ചേർന്നത് പത്തിയും മൂന്നുപത്തി ഒരു സേനാമുഖവും മൂന്നുസേനാമുഖം ഒരു ഗുല്മവും മൂന്നുഗുല്മം ഒരു ഗണവും മൂന്നുഗണം ഒരു വാഹിനിയും മൂന്നുവാഹിനി ഒരു പൃതനയും മൂന്നുപൃതന ഒരു ചമുവും മൂന്നുചമു ഒരു അനീകിനിയും മൂന്ന് അനീകിനി ഒരു അക്ഷൌഹിണിയും ആണ് എന്നത് സേനാവിന്യാസത്തിന്റെ പ്രസിദ്ധമായ മറ്റൊരു കണക്കാണ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴും കൌരവപക്ഷത്ത് പതിനൊന്നും അക്ഷൌഹിണിപ്പടയാണുണ്ടായിരുന്നത്.

സൈന്യത്തെ വിന്യസിക്കുമ്പോൾ അതിന് ഉരസ്സ്, കക്ഷം, പക്ഷം, പ്രതിഗ്രഹം, കോടി, മധ്യം, പൃഷ്ഠം എന്ന് ഏഴ് ഭാഗങ്ങളുണ്ടായിരിക്കും. ശാസ്ത്രീയമായി സൈന്യത്തെ നിർത്തുന്ന ക്രമമാണ് വ്യൂഹം. മധ്യഭേദി, അന്തരഭേദി, മകരവ്യൂഹം, ശ്യേനവ്യൂഹം, ശകടവ്യൂഹം, അർധചന്ദ്രവ്യൂഹം, സർവതോഭദ്രം, ഗോമൂത്രകം, ദണ്ഡവ്യൂഹം, ഭോജം, മണ്ഡലം, അസംഹതം, സൂചീമുഖം, വജ്രം, അഭേദ്യം, മത്സ്യവ്യൂഹം തുടങ്ങി അനേകം സേനാവിന്യാസക്രമങ്ങളുണ്ട്. ശത്രുരാജാവിനോടു യുദ്ധം ചെയ്യുക എന്നതോടൊപ്പം ബലവാനായ ശത്രുവിനു കീഴടങ്ങുക, ശത്രുവിനോടു സന്ധിചെയ്യുക തുടങ്ങിയ നയങ്ങളും ഏതു സന്ദർഭങ്ങളിൽ ഏതുപ്രകാരം സ്വീകരിക്കണമെന്നും ഈ ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധനുർവേദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=ധനുർവേദം&oldid=4106394" എന്ന താളിൽനിന്ന് ശേഖരിച്ചത്