1965-ൽ പുറത്തിറങ്ങിയ ഒരു വിഖ്യാത അമേരിക്കൻ സംഗീത ചലച്ചിത്രമാണ് ദ സൌണ്ട് ഓഫ് മ്യൂസിക്. റോബർട്ട് വൈസ് നിർമ്മാണവും സംവിധാനവും ചെയ്ത ചിത്രത്തിൽ ജൂലി ആൻഡ്രൂസ്, ക്രിസ്റ്റഫർ പ്ലംമെർ എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. റിച്ചാർഡ് റോഡ്ഗേർസിന്റെ സംഗീതത്തിൽ ഓസ്കർ ഹാമ്മർസ്റ്റൈൻ II എഴുതി 1959 ൽ പുറത്തിറങ്ങിയ ഇതേ പേരോടുകൂടിയ സംഗീത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചലച്ചിത്രം. കന്യാസ്ത്രീയാകാൻ പഠിക്കുന്ന ഒരു യുവതി വിഭാര്യനായ ഒരു നാവിക ഉദ്യോഗസ്ഥന്റെ ഏഴ് കുട്ടികളെ നോക്കാൻ 1938 ൽ ഓസ്ട്രിയയിലെ സാൽസ്ബുർഗിൽ എത്തുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.