Jump to content

ദ വുമൺ ഇൻ വൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വുമൺ ഇൻ വൈറ്റ്
1860-ൽ പുറത്തിറങ്ങിയ ആദ്യ യു.എസ്. പതിപ്പിന്റെ ചട്ട
കർത്താവ്വിൽക്കി കോളിൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഎപ്പിസ്റ്റോളറി, ദുരൂഹനോവൽ, Sensation novel
പ്രസാധകർഓൾ ദ ഇയർ റൗണ്ട്
പ്രസിദ്ധീകരിച്ച തിയതി
1859 നവംബർ 26 - 1860 ഓഗസ്റ്റ് 25
മാധ്യമംഅച്ചടിച്ചത് (ഹാർഡ് കവറും പേപ്പർബാക്കും)
ISBN0-19-283429-0
OCLC41545143

വിൽക്കി കോളിൻസ് രചിച്ച ഒരു ഇംഗ്ലീഷ് ദുരൂഹനോവലാണ് ദ വുമൺ ഇൻ വൈറ്റ് (ശീർഷകത്തിന്റെ മലയാളപരിഭാഷ: വെള്ളവസ്ത്രധാരിയായ സ്ത്രീ). എപ്പിസ്റ്റോളറി ശൈലിയിലുള്ള ഈ നോവൽ 1859-60 കാലഘട്ടത്തിൽ പരമ്പരാരൂപത്തിലും, 1860-ൽ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ആദ്യത്തെ ദുരൂഹനോവലുകളിലൊന്നായും മികച്ച ആദ്യകാലസെൻസേഷൻ നോവലുകളിലൊന്നായും വ്യാപകമായി വിലയിരുത്തപ്പെടുന്നു. ദ മൂൺസ്റ്റോൺ എന്ന നോവലിനൊപ്പം കോളിൻസിന്റെ ഏറ്റവും നല്ല നോവലായി ദ വുമൺ ഇൻ വൈറ്റ് വിലയിരുത്തപ്പെടുന്നു.

പിൽക്കാല സ്വകാര്യഅപസർപ്പകർ അവലംബിക്കുന്ന നിരവധി അന്വേഷണമാർഗ്ഗങ്ങൾ ഈ കഥയിലെ നായകനായ വാൾട്ടർ ഹാർട്രൈറ്റ് ഉപയോഗപ്പെടുത്തുന്നത് കണക്കാക്കി, അപസർപ്പകകഥകളിലെ പ്രഥമോദാഹരണങ്ങളിലൊന്നായും വിലയിരുത്തപ്പെടുന്നു. കോളിൻസിന്റെ നിയമപരിജ്ഞാനം, ഈ കഥയിലുപയോഗിച്ചിരിക്കുന്ന വിവിധ വിവരണങ്ങളിൽ നിഴലിച്ചുകാണാം.[1] [2] കൂടാതെ 'കോടതിയിൽ ഒരു കുറ്റകൃത്യത്തിന്റെ കഥ ഒന്നിലധികം സാക്ഷികൾ പറയുന്നതുപോലെ, ഈ കഥ ഒന്നിലധികം പേരുടെ തൂലികയിലൂടെയാണ് അവതരിപ്പിക്കുന്നത്'[൧] എന്ന് കഥയുടെ ആരംഭത്തിൽത്തന്നെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഒരു കഥയാണ് ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരുടെ ഭർത്താവും, സുഹൃത്തും ചേർന്ന് നടത്തുന്ന നിഗൂഢപ്രവർത്തികളും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും ആ സ്ത്രീയെ മോചിപ്പിക്കുന്നതിന് കഥാനായകനായ വാൾട്ടർ ഹാർട്രൈറ്റിന്റെ ബുദ്ധിപരമായ നീക്കങ്ങളുമാണ് കഥയുടെ കാതൽ.

ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പരമ്പരരൂപത്തിൽ ബി.ബി.സിയും പലതവണ ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്റെ നാടകരൂപം വിൽക്കി കോളിൻസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ചില സംഗീതനാടകരൂപങ്ങളും ഇതിനെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

പ്രചാരം

[തിരുത്തുക]

ഈ നോവലിന്റെ വൻവിജയം, തുടർന്നുള്ള രണ്ടു ദശാബ്ദങ്ങൾ നീണ്ടുനിന്ന സെൻസേഷൻ നോവലുകളുടെ ഒരു കുത്തൊഴുക്കിന് തന്നെ കാരണമായി. ദുരൂഹമായ ആരംഭത്തോടെയുള്ളതും ഉടനീളം ആകാംഷ നിലനിർത്തുന്നതുമായ ഈ നോവൽ ഡിക്കൻസിന്റെ ഓൾ ദ ഇയർ എറൗണ്ട് എന്ന ആനുകാലികത്തിൽ 1859-ൽ പരമ്പരയായി പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ ഒട്ടനവധി ആസ്വാദകരെ ആകർഷിച്ചു. ആനുകാലികത്തിന്റെ പുതിയ പതിപ്പുകൾക്കായി ആളുകൾ കാത്തുനിന്നിരുന്നു. ഈ ആനുകാലികത്തിന്റെ പ്രതികളുടെ എണ്ണം കുത്തനെ ഉയർന്നു. 1860-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ആദ്യവർഷം തന്നെ 8 തവണ വീണ്ടും അച്ചടിക്കപ്പെട്ടു.[3]

നോവലിന്റെ പ്രചാരം സാഹിത്യലോകത്ത് മാത്രം ഒതുങ്ങിനിന്നില്ല. വുമൺ ഇൻ വൈറ്റ് എന്ന് പേരിട്ട നിരവധി ഉപഭോഗവസ്തുക്കളും ഇക്കാലത്ത് പുറത്തിറങ്ങിയിരുന്നു.[3]

കഥാപാത്രങ്ങൾ

[തിരുത്തുക]
  • വാൾട്ടർ ഹാർട്രൈറ്റ് - കഥാനായകൻ, നിർധനനായ ഒരു ചിത്രകലാദ്ധ്യാപകൻ
  • പ്രൊഫസർ പെസ്ക - ഇറ്റലിക്കാരനായ അദ്ധ്യാപകൻ, വാൾട്ടർ ഹാർട്രൈറ്റിന്റെ സുഹൃത്ത്
  • ആൻ കാത്തറിക്ക് - കഥയുടെ ശീർഷകകഥാപാത്രം - വെള്ളവസ്ത്രധാരിയായ സ്ത്രീ
  • മരിയൻ ഹാൾകോമ്പ് - ലിമ്മറിഡ്ജിലെ അർദ്ധസഹോദരിമാരായ പ്രഭുകുമാരികളിൽ ഒരുവൾ, വാൾട്ടർ ഹാർട്രൈറ്റിന്റെ ശിഷ്യയും സുഹൃത്തും
  • ലോറ ഫെയർലി - നായികാപ്രാധാന്യമുള്ള കഥാപാത്രം - ലിമ്മറിഡ്ജിലെ അർദ്ധസഹോദരിമാരായ പ്രഭുകുമാരികളിൽ ഒരുവൾ, വാൾട്ടർ ഹാർട്രൈറ്റിന്റെ ശിഷ്യയും കാമുകിയും
  • ഫ്രെഡറിക് ഫെയർലി - ലിമ്മറിഡ്ജിലെ കാരണവർ, ലോറയുടെ ഇളയച്ഛൻ
  • വിൻസന്റ് ഗിൽമോർ - ലിമ്മറിഡ്ജിലെ കുടുംബവക്കീൽ
  • മിസിസ് ക്ലെമന്റ്സ് - ആൻ കാത്തറിക്കിന്റെ സഹായി
  • പെഴ്സിവൽ ഗ്ലൈഡ് - ലോറയുടെ ഭാവിവരൻ, പിൽക്കാലത്ത് ഭർത്താവ്
  • കൗണ്ട് ഫോസ്കോ - ഇറ്റലിക്കാരനായ പ്രഭു, പെഴ്സിവൽ ഗ്ലൈഡിന്റെ സുഹൃത്ത്
  • മാഡം ഫോസ്കോ - കൗണ്ട് ഫോസ്കോയുടെ ഭാര്യ, ലോറ ഫെയർലിയുടെ അമ്മായി
  • മിസിസ് കാത്തറിക്ക് - ആൻ കാത്തറിക്കിന്റെ അമ്മ

ഒന്നാം ഘട്ടം

[തിരുത്തുക]
വെള്ളവസ്ത്രം ധരിച്ച സ്ത്രീയും വാൾട്ടർ ഹാർട്രൈറ്റും - നോവലിന്റെ 1890-ൽ പുറത്തിറങ്ങിയ ഒരു പതിപ്പിന്റെ പുറംചട്ട

ലണ്ടന്റെ പ്രാന്തപ്രദേശത്ത് വസിക്കുന്ന നിർധനനായ വാൾട്ടർ ഹാർട്രൈറ്റിന്, പ്രൊഫസർ പെസ്കയുടെ സഹായത്തോടെ വടക്കൻ ഇംഗ്ലണ്ടിലെ കംബർലൻഡിലെ ലിമ്മറിഡ്ജ് കുടുംബത്തിലെ അർദ്ധസഹോദരിമാരായ പ്രഭുകുമാരികൾക്ക് ചിത്രരചനാദ്ധ്യാപകനായി ജോലി ലഭിക്കുന്നു. ലണ്ടനിൽ നിന്ന് കംബർലൻഡിലേക്കുള്ള വഴിയിൽ അർദ്ധരാത്രി, വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടുകയും, അവരെ പിന്തുടരുന്നവരിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ചും, വാൾട്ടർ ജോലി ചെയ്യാൻ പോകുന്ന ലിമ്മറിഡ്ജ് വീട്ടിലെ സഹോദരിമാരുടെ അമ്മയുമായി തനിക്കുണ്ടായിരുന്ന മുൻബന്ധങ്ങളെക്കുറിച്ചും ചില സൂചനകൾ മാത്രം വാൾട്ടർക്ക് നൽകി സ്ത്രീ രക്ഷപ്പെടുന്നു. ഈ സ്ത്രീ ഒരു ഭ്രാന്താലയത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് പിന്തുടർന്നവരിൽ നിന്നും വാൾട്ടർ മനസ്സിലാക്കുന്നു.

ലിമ്മറിഡ്ജ് വീട്ടിലെത്തുന്ന വാൾട്ടർ ഹാർട്രൈറ്റ് അവിടെ അർദ്ധസഹോദരികളായ[൨] മരിയൻ ഹാൾകോമ്പിനും ലോറ ഫെയർലിക്കും ചിത്രരചന പഠിപ്പിക്കാനാരംഭിക്കുന്നു. മരിയൻ ഹാൾകോമ്പുമായി ചങ്ങാത്തത്തിലാകുന്ന ഹാർട്രൈറ്റ്, വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കണ്ട അനുഭവം അവരുമായി പങ്കുവെക്കുന്നു. തന്റെ അമ്മ, ലോറയുടെ പിതാവിനെഴുതിയ ചില കത്തുകളിൽ നിന്ന് ആൻ കാത്തറിക്ക് എന്ന വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കുറിച്ചുള്ള ചില വിവരങ്ങൾ മനസ്സിലാക്കുന്നു. ഒപ്പം ആൻ കാത്തറിക്കും ലോറ ഫെയർലിയും തമ്മിലുള്ള അസാമാന്യസാദൃശ്യവും കണ്ടെത്തുന്നു.

ഇതിനിടയിൽ വാൾട്ടർ ഹാർട്രൈറ്റ്, ലോറ ഫെയർലിയുമായി നിശ്ശബ്ദപ്രണയത്തിലാകുന്നു. എന്നാൽ ലോറയുടെ വിവാഹം അവളുടെ മരണമടഞ്ഞ പിതാവിന്റെ താല്പര്യപ്രകാരം വർഷങ്ങൾക്കു മുൻപേ സർ പെഴ്സിവൽ ഗ്ലൈഡ് എന്ന പ്രഭുവുമായി നിശ്ചയിക്കപ്പെട്ടിരുന്നു. ലോറയും വാൾട്ടറും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ മരിയൻ ഹാൾകോമ്പ്, വാൾട്ടർ ഹാർട്രൈറ്റിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ലോറയെ കൂടുതൽ വിഷമസന്ധിയിലേക്ക് വലിച്ചിഴക്കാതെ, വിവാഹം നിശ്ചയിക്കുന്നതിനായി പെഴ്സിവൽ ഗ്ലൈഡ് ലിമ്മറിഡ്ജിലെത്തുന്നതിനുമുൻപ് അവിടം വിട്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നു.

ഈ സമയത്ത് പെഴ്സിവൽ ഗ്ലൈഡുമായുള്ള വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് പ്രേരിപ്പിച്ച് ലോറ ഫെയർലിക്ക് ഒരു ഊമക്കത്ത് വരുന്നു. ലിമ്മറിഡ്ജിലെത്തിയ ആൻ കാത്തറിക്കാണ് ഈ കത്തയച്ചതെന്ന് മരിയനും വാൾട്ടറും കണ്ടെത്തിയെങ്കിലും, ഉടൻ തന്നെ ആൻ അവിടെ നിന്നും അപ്രത്യക്ഷമാകുന്നു. തുടരന്വേഷണങ്ങളിൽ പെഴ്സിവൽ ഗ്ലൈഡിനെതിരെയുള്ള അപവാദങ്ങൾക്ക് തെളിവൊന്നും കണ്ടെത്താനാവത്തതിനാൽ ലോറയും പെഴ്സിവൽ ഗ്ലൈഡും തമ്മിലുള്ള വിവാഹം നടന്നു.

മരിയന്റെ അഭ്യർത്ഥന സ്വീകരിച്ച് വാൾട്ടർ ഹാർട്രൈറ്റ്, വിവാഹനിശ്ചയത്തിനു മുൻപേ ലിമ്മറിഡ് വിട്ടുപോകുകയും പ്രണയനൈരാശ്യത്തിൽ ഇംഗ്ലണ്ട് വിട്ട് മദ്ധ്യ അമേരിക്കയിലേക്കുള്ള പര്യവേഷണ സംഘത്തോടൊപ്പം യാത്രയാകുകയും ചെയ്തു. വിവാഹശേഷം പെഴ്സിവൽ ഗ്ലൈഡും ലോറയും (ലേഡി ഗ്ലൈഡ്) ആറു മാസക്കാലത്തേക്ക് യൂറോപ്യൻ പര്യടനത്തിനു പോകുകയും ചെയ്യുന്നതോടെ കഥയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു.

രണ്ടാം ഘട്ടം

[തിരുത്തുക]
മരിയൻ ഹാൾകോമ്പ്, ലേഡി ഗ്ലൈഡ്, കൗണ്ട് ഫോസ്കോ, സർ പെഴ്സിവൽ ഗ്ലൈഡ് എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു

യൂറോപ്യൻ സഞ്ചാരം കഴിഞ്ഞ് സർ പെഴ്സിവൽ ഗ്ലൈഡും ലേഡി ഗ്ലൈഡും (ലോറ) ഇംഗ്ലണ്ടിൽ തിരിച്ചെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ ഹാംഷയറിലുള്ള ബ്ലാക്ക് വാട്ടർ പാർക്ക് എന്ന എസ്റ്റേറ്റിലാണ് ഇവർ വസിക്കുന്നത്. മുൻ നിശ്ചയിച്ചതു പ്രകാരം ലേഡി ഗ്ലൈഡിന് കൂട്ടായി മരിയൻ ഹാൾകോമ്പും ബ്ലാക്ക് വാട്ടർ പാർക്കിൽ താമസിക്കാനെത്തുന്നു. പെഴ്സിവൽ ഗ്ലൈഡിന്റെ സുഹൃത്തായ കൗണ്ട് ഫോസ്കോയും ഭാര്യയും അതിഥികളായി ഒപ്പം ഇവിടെയുണ്ട്. മാഡം ഫോസ്കോ, ലോറയുടെ പിതാവായ ഫിലിപ്പ് ഫെയർലിയുടെ സഹോദരിയാണ്.

പെഴ്സിവൽ ഗ്ലൈഡുമായുള്ള ദാമ്പത്യം സന്തോഷപൂർണ്ണമല്ല എന്ന് മരിയൻ, ലോറയിൽ നിന്നും മനസ്സിലാക്കുന്നു. ഇതേസമയം സാമ്പത്തികപ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന പെഴ്സിവൽ ഗ്ലൈഡ്, ലോറക്ക് പിതാവ് വഴി ലഭിച്ച വൻ സമ്പാദ്യം തട്ടിയെടുക്കാൻ കൗണ്ട് ഫോസ്കോയുടെ സഹായത്തോടെ വഴികൾ മെനയുന്നു. ഈ സമയത്ത് ആൻ കാത്തറിക്ക് (വെള്ളവസ്ത്രക്കാരി) ബ്ലാക്ക് വാട്ടർ പാർക്കിൽ പ്രത്യക്ഷപ്പെടുകയും പെഴ്സിവൽ ഗ്ലൈഡുമായി ബന്ധപ്പെട്ട ഒരു രഹസ്യം ലോറയോട് മാത്രമായി വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ പെഴ്സിവൽ ഗ്ലൈഡിന്റേയും കൗണ്ട് ഫോസ്കോയുടേയും ഇടപെടൽ മൂലം ആൻ കാത്തറിക്കിന് ദൗത്യം പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

ലോറക്ക് അപകടം സംഭവിക്കാനിടയുണ്ടെന്ന് മനസ്സിലാക്കി, മരിയൻ ഹാൾകോമ്പ് അവളെ തനിക്കൊപ്പം ലിമ്മറിഡ്ജ് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നെങ്കിലും അതിനിടയിൽ മരിയൻ അസുഖബാധിതയായി കിടപ്പിലാകുന്നു. മരിയൻ ഹാൾകോമ്പിനെ കരുവാക്കി പെഴ്സിവൽ ഗ്ലൈഡ് തന്ത്രപൂർവ്വം ലോറയെ ലിമ്മറിഡ്ജിലേക്ക് ഒറ്റക്ക് പറഞ്ഞയക്കുന്നു. യാത്രാമദ്ധ്യേ ലണ്ടനിലെ കൗണ്ട് ഫോസ്കോയുടെ വീട്ടിൽ വച്ച് ലേഡി ഗ്ലൈഡ് ഹൃദയാഘാതം മൂലം മരണമടയുന്നു. ലോറയുടെ സമ്പാദ്യം ഭർത്താവായ പെഴ്സിവൽ ഗ്ലൈഡിനും, മാഡം ഫോസ്കോ വഴി കൗണ്ട് ഫോസ്കോക്കും ലഭിക്കുന്നു.

മൂന്നാം ഘട്ടം

[തിരുത്തുക]

ലോറയുടെ മരണകാരണത്തെപ്പറ്റി സംശയാലുവായ മരിയൻ ഹാൾകോമ്പ് അന്വേഷണമാരംഭിക്കുന്നു. ലോറയുടെ മരണസമയത്തുതന്നെ പിടിയിലായ ആൻ കാത്തറിക്ക് വീണ്ടും ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഭ്രാന്താലയം സന്ദർശിക്കുന്ന മരിയൻ, അവിടെ തടവിലിട്ടിരിക്കുന്നത് ലോറയെയാണെന്നും മരണമടഞ്ഞത് ആൻ കാത്തറിക്ക് ആണെന്നും മനസ്സിലാക്കുന്നു. മരിയൻ തന്റെ ചെറിയ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഭ്രാന്താലയത്തിലെ നഴ്സിന് കൈക്കൂലി നൽകി ലോറയെ അവിടെ നിന്നും മോചിപ്പിക്കുന്നു. എന്നാൽ കുറച്ചുനാളത്തെ ഭ്രാന്താലയത്തിലെ വാസം, ലോറയിൽ വരുത്തിയ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ മൂലം അവളുടെ അമ്മാവനും ലിമ്മറിഡ്ജിലെ മറ്റുള്ളവരും അവളെ തിരിച്ചറിയുന്നില്ല. ലോറയായി അഭിനയിക്കുന്ന ആൻ കാത്തറിക്കാണതെന്ന് അവർ കരുതുന്നു. (ഭ്രാന്താലയത്തിൽ പ്രവേശിപ്പിച്ച ആൻ കാത്തറിക്ക്, ലേഡി ഗ്ലൈഡിനെപ്പോലെ അഭിനയിക്കുന്നു എന്ന് കൗണ്ട് ഫോസ്കോ ഒരു കത്ത് മുൻപ് ലിമ്മറിഡ്ജിലേക്കയച്ചിരുന്നു).

വിഷമസന്ധിയിലായ മരിയൻ ലോറയോടൊപ്പം ലിമ്മറിഡ്ജ് വിട്ട് രഹസ്യമായി വസിക്കാൻ തീരുമാനിക്കുന്നു. ഇതിനിടെ നാട്ടിൽ തിരിച്ചെത്തിയ വാൾട്ടർ ഹാർട്രൈറ്റ് അവിചാരിതമായി ഇവരെ കണ്ടുമുട്ടുകയും മൂന്നു പേരും ലണ്ടനിൽ അജ്ഞാതവാസം ആരംഭിക്കുന്നു. ചെറിയ ജോലികൾ ചെയ്ത് നിത്യവൃത്തി നടത്തുന്ന ഹാർട്രൈറ്റ് സാഹസികവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ ഗൂഢാലോചനയുടെ ചുരുളഴിക്കുകയും, ലോറയെ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഹാർട്രറ്റ് ലോറയെ വിവാഹം ചെയ്യുകയും, ഇവരുടെ പുത്രൻ ലിമ്മറിഡ്ജിന്റെ അന്തരവകാശിയാകുകയും ചെയ്യുന്നതോടെ കഥയവസാനിക്കുന്നു.

കഥനശൈലി

[തിരുത്തുക]

എപ്പിസ്റ്റോളറി ശൈലിയിലുള്ള ഈ നോവൽ പത്തു പേരുടെ അനുഭവക്കുറിപ്പുകൾ, കത്തുകൾ, സാക്ഷ്യപത്രങ്ങൾ തുടങ്ങിയവ കോർത്തിണക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളായി രചിക്കപ്പെട്ടിട്ടുള്ള ഈ കഥയുടെ ഭൂരിഭാഗവും വാൾട്ടർ ഹാർട്രൈറ്റിന്റെ അനുഭവക്കുറിപ്പാണ്. മറ്റു രേഖകൾ, തെളിവുകളായി വാൾട്ടർ തന്നെ ശേഖരിക്കുന്നതായാണ് കഥയിൽ പറയുന്നത്.

വാൾട്ടറിനു പുറമേ വിൻസന്റ് ഗിൽമോർ, മരിയൻ ഹാൾകോമ്പ് എന്നിവരുടെ കുറിപ്പുകളാണ് ആദ്യഘട്ടത്തിലുള്ളത്. ലോറയും പെഴ്സിവൽ ഗ്ലൈഡുമായുള്ള വിവാഹ ഉടമ്പടിയും സ്വത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഗിൽമോറിന്റെ കുറിപ്പുകളിലുള്ളത്. വാൾട്ടർ ലിമ്മറിഡ്ജ് വിട്ടു പോയതിനു ശേഷം വിവാഹം വരെയുള്ള സംഭവങ്ങളാണ് മരിയന്റെ കുറിപ്പുകളിലെ ഉള്ളടക്കം.

ബ്ലാക്ക് വാട്ടർ പാർക്കിലെ സംഭവബഹുലമായ ജീവിതം വിവരിക്കുന്ന മരിയന്റെ ഡയറിക്കുറിപ്പുകളാണ് രണ്ടാംഘട്ടത്തിന്റെ സിംഹഭാഗവും ഉൾക്കൊള്ളുന്നത്. മരിയൻ അസുഖബാധിതയായതിനു ശേഷം, ലേഡി ഗ്ലൈഡിന്റെ ലണ്ടൻ യാത്ര, അതിന്റെ സാഹചര്യം, മരണം തുടങ്ങിയവ ഫ്രെഡറിക് ഫെയർലി, ബ്ലാക്ക് വാട്ടർ പാർക്കിലെ കാര്യസ്ഥയായ എലീസ മൈക്കൽസൺ, കൗണ്ട് ഫോസ്കോയുടെ വീട്ടിലെ വെപ്പുകാരിയായ ഹെസ്റ്റർ പിൻഹോൺ എന്നിവരുടെ കുറിപ്പുകളിലൂടെയും വിശദീകരിക്കപ്പെടുന്നു. മരണം സ്ഥിരീകരിച്ച ഡോക്ടർ, ശവശരീരം കൈകാര്യം ചെയ്ത വ്യക്തി എന്നിവരുടെ സാക്ഷ്യപത്രവും ലിമ്മറിഡ്ജിൽ ശവശരീരം കല്ലറയിലെ കുറിപ്പും ഈ ഘട്ടത്തിൽ ഒപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. യാത്രകഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന വാൾട്ടർ ഹാർട്രൈറ്റ് ലോറയുടെ മരണവാർത്തയറിഞ്ഞ് വിലപിക്കുന്ന കുറിപ്പോടെ ഈ ഘട്ടം അവസാനിക്കുന്നു.

മൂന്നാം ഘട്ടത്തിൽ, സംഭവത്തിന്റെ ചുരുളഴിക്കാൻ വാൾട്ടർ ഹാർട്രൈറ്റ് നടത്തുന്ന അന്വേഷണങ്ങൾ, അയാളുടെതന്നെ അനുഭവക്കുറിപ്പുകളിലൂടെ പങ്കുവക്കപ്പെടുന്നു. ആൻ കാത്തറിക്കിന്റെ അമ്മയായ മിസിസ് കാത്തറിക്കിന്റെ ഒരു കത്ത്, കൗണ്ട് ഫോസ്കോയുടെ കുറ്റസമ്മതം എന്നിവയാണ് ഈ ഘട്ടത്തിലെ മറ്റു രേഖകൾ.

കുറിപ്പുകൾ

[തിരുത്തുക]
  • ^ the story here presented will be told by more than one pen, as the story of an offence against the laws is told in Court by more than one witness
  • ^ മരിയൻ ഹാൾകോമ്പിന്റേയും ലോറ ഫെയർലിയുടേയും അമ്മ ഒരാളാണ്. ലിമ്മറിഡ്ജ് വീട്, ലോറ ഫെയർലിയുടെ പിതാവ് ഫിലിപ്പ് ഫെയർലിയുടെ കുടുംബവീടാണ്

അവലംബം

[തിരുത്തുക]
  1. Wilkie Collins (26 November 1887). "How I Write my Books". The Globe.
  2. "Mr Wilkie Collins in Gloucester Place". Number 81 in 'Celebrities at Home' The World. 26 December 1877.
  3. 3.0 3.1 ജെന്നി ബോൺ ടെയ്ലർ (2006). "7 - Graham Law - The professional writer and the literary marketplace". The Cambridge companion to Wilkie Collins (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രെസ്. p. 97. Retrieved 17 സെപ്റ്റംബർ 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ en:The Woman in White എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദ_വുമൺ_ഇൻ_വൈറ്റ്&oldid=2283471" എന്ന താളിൽനിന്ന് ശേഖരിച്ചത്