Jump to content

ദ മെൻ ഹൂ ട്രെഡ് ഓൺ ദ ടൈഗേഴ്സ് ടെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മെൻ ഹൂ ട്രെഡ് ഓൺ ദ ടൈഗേഴ്സ് ടെയിൽ
സംവിധാനംഅകിര കുറോസാവ
നിർമ്മാണംമോടോഹികോ ഇറ്റോ
രചനഅകിര കുറോസാവ
അഭിനേതാക്കൾടകാഷി ഷിമൂറ
സുസൂമു ഫ്യൂജിറ്റ
ഡെൻജിയോ ഒകോച്ചി
ഇവായി ഹഷിറോ എക്സ്
സംഗീതംതഡാഷി ഹട്ടോറി
സ്റ്റുഡിയോടോഹോ സ്റ്റുഡിയോ
വിതരണംടോഹോ കമ്പനി ലിമിറ്റഡ്
റിലീസിങ് തീയതി
  • ഏപ്രിൽ 24, 1952 (1952-04-24)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം59 മിനിട്ടുകൾ

1945 -ൽ പുറത്തിറങ്ങിയ ജാപ്പനീസ് ഭാഷയിലെ ഒരു പീരിയഡ് ഡ്രാമ ജെനറിൽ പെട്ട ചലച്ചിത്രമാണ് ദ മെൻ ഹൂ ട്രെഡ് ഓൺ ദ ടൈഗേഴ്സ് ടെയിൽ (虎の尾を踏む男達 ടോറ നോ ഒ ഒ ഫ്യൂമു ഒടോകോടാചി?, aka ദേ ഹൂ സ്റ്റെപ് ഓൺ ദ ടൈഗേഴ്സ് ടെയിൽ). എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തത് അകിര കുറോസാവയാണ്. കബൂക്കി നാടകമായ കൻജിഞ്ചോയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ള്ത്. നോഹ് നാടകമായ അറ്റാക്കയെ അടിസ്ഥാനമാക്കിയാണ് കൻജിഞ്ചോ തയ്യാറാക്കപ്പെട്ടത്.

ആ സമയത്ത് ജപ്പാൻ പിടിച്ചെടുത്തിരുന്ന സൈന്യത്തിന്റെ സുപ്രീം കമാൻഡർ (സുപ്രീം കമാൻഡർ ഓഫ് ദ അലൈഡ് പവേഴ്സ്) ഫ്യൂഡൽ മൂല്യങ്ങൾ ചിത്രീകരിക്കുന്നു എന്ന കാരണത്താൽ ഈ ചലച്ചിത്രം നിരോധിച്ചിരുന്നു. പിന്നീട് 1952 -ലെ സാൻ ഫ്രാൻസിസ്കോ ഉടമ്പടി ഒപ്പിട്ടശേഷമാണ് ഈ ചലച്ചിത്രം വീണ്ടും പുറത്തിറങ്ങിയത്.[1]

1185 -ൽ ഹൈകെ കുടുംബം മിനമോട്ടോ കുടുംബവുമായി യുദ്ധത്തിലാണ്. പസഫിക് സമുദ്രത്തി വച്ചുനടന്ന രക്തരൂക്ഷിതമായ ഒരു നാവികയുദ്ധത്തിന് ശേഷം യോഷിറ്റ്സുനേ മിനമോട്ടോ ശത്രുക്കളെ പരാജയപ്പെടുത്തുന്നു. രക്ഷപ്പെട്ടവർ ആത്മഹ‌ത്യ ചെയ്യുന്നു. വിജയശ്രീലാളിതനായി യോഷിറ്റ്സുനേ മിനമോട്ടോ ക്യോട്ടോയിൽ തിരികെയെത്തുമ്പോൾ ഇദ്ദേഹത്തിന്റെ സഹോദരൻ ഷോഗൺ യോറിടോമോ അസ്വസ്ഥനായാണ് കാണപ്പെടുന്നത്. തന്റെ സൈനികരോട് ഇദ്ദേഹം യോഷി‌റ്റ്സുനോയെ തടവിലാക്കാൻ നിർദ്ദേശം നൽകുന്നു. ബെൻകേയിയുടെ നേതൃത്ത്വത്തിലുള്ള കൂറുള്ള ആറ് സമുറായികളോടൊപ്പം യോഷി‌റ്റ്സുനേ രക്ഷപ്പെടുന്നു. തന്റെ പഴയ സുഹൃത്ത് ഹിഡേഹിറ ഫുജിവാരയുടെ അടുത്തേയ്ക്കാണ് ഇവർ പോകുന്നത്. ഒരു കാട് ഇവർ മറികടക്കുന്നത് സന്യാസിമാരായി വേഷം മാറിയാണ്. അതിർത്തിയ്ക്കടുത്തുവച്ച് ഇവരുടെ ചുമട്ടുകാരൻ തന്റെ കൂടെയുള്ളത് രക്ഷപെട്ട ആറ് സമുറായികളും യോഷിറ്റ്സുമേയുമാണെന്ന് തിരിച്ചറിയുന്നു. കജിവാരയും സൈനികരും ഇവരെ തടവിലാക്കുവാനായി അതിർത്തിയിൽ കാത്തിരിക്കുന്നുണ്ടെന്ന് ഇയാൾ ഇവരെ അറിയിക്കുന്നു. യോഷിറ്റ്‌സുനേ ഒരു ചുമട്ടുകാരനായി വേഷം മാറുന്നു. ബെൻകേയിക്ക് ഇവർ ഇവർ ആറ് സന്യാസിമാരാണെന്നും ടോഡായി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവനകൾ വാങ്ങുവാനായാണ് തങ്ങൾ യാത്ര ചെയ്യുന്നതെന്നും കജിവാരയെ വിശ്വസിപ്പിക്കേണ്ടതുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

ഒരു മണിക്കൂറിൽ താഴെ മാത്രം നീളമുള്ള ചലച്ചിത്രം ഒരു അസാധാരണ അനുഭവമാണ്. കൊബൂക്കി നാടകങ്ങളെപ്പറ്റി ധാരനയുള്ളവർക്കാണ് ഈ ചിത്രം ആസ്വദിക്കാൻ സാദ്ധ്യത കൂടുതൽ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഈ ചിത്രം പ്രദർശിപ്പിക്കാനാരംഭിച്ചത് "ചിൽഡ്രൺ ഹൂ ഡ്രോ" എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തോടൊപ്പമാണ്. സമുറായികളുടെ നേതാവ് സംശയാലുവായ ഒരു മജിസ്റ്റ്രേറ്റിനെ കബളിപ്പിക്കുന്നതാണ് ചലച്ചിത്രത്തിന്റെ കഥ. ചില പാട്ടുകളും ഈ ചിത്രത്തിലുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്തും ജപ്പാൻ സഖ്യകക്ഷികളുടെ പിടിയിലായിരുന്നപ്പോഴുമായി രണ്ടു തവണ ഈ ചിത്രം നിരോധിക്കപ്പെട്ടിട്ടുണ്ട്. കുറസോവ റാഷോമോൺ സംവിധാനം ചെയ്യുന്നതിന് മുൻപാണ് ഈ ചലച്ചിത്രം പുറത്തിറങ്ങിയത്. കാടിന്റെ ചിത്രീകരണം റാഷോമോണിൽ നിന്ന് വ‌ളരെ വ്യത്യസ്തമാണെങ്കിലും സുന്ദരമാണ്. ക്ലോസ് അപ് ഷോട്ടുകൾ കുറസോവ വളരെ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.[2]

സിനിമയുടെ ഭൂരിഭാഗം സമയവും ഒറ്റ സെറ്റിലാണ് നടക്കുന്നത്. വലിയ കാൻവാസിൽ ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രസിദ്ധനായ കുറസോവയുടെ ചിത്രങ്ങളിൽ ഏറ്റവും ചെറിയ ബഡ്ജറ്റിൽ നിർമിച്ച ഒന്നായിരിക്കും ഒരുപക്ഷേ ഇത്. ഈ തരത്തിൽ പെട്ട സിനിമകളിൽ സാധാരണ കാണാറുള്ള യുദ്ധരംഗങ്ങൾ ഈ ചിത്രത്തിലില്ല എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണ്. നോഹ്, കൊബൂക്കി നാടകങ്ങളുടെ രൂപത്തിലുള്ള ചലച്ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെ കുറസോവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1930-കളിലും 40-കളിലും ജപ്പാനിലെ ചലച്ചിത്രമേഖലയിലെ ഒരു പ്രധാന ഹാസ്യകഥാപാത്രമായിരുന്നു കെനിച്ചി എനോമോട്ടോ. ഇദ്ദേഹമാണ് ചിത്രത്തിൽ ഒരു ചുമട്ടുകാരന്റെ വേഷം ചെയ്യുന്നത്. നെടുകേയും കുറുകേയുമുള്ള സ്വൈപ്പുകൾ, കാട്ടിലൂടെ സൂര്യപ്രകാശത്തിൽ നടക്കുന്ന ആൾക്കാർ, മരങ്ങൾക്ക് മുകളിലേയ്ക്ക് നോക്കുന്ന കാമറ, സ്ത്രീകളുടെ അഭാവം, പുരുഷന്മാർ തമ്മിലുള്ള ബന്ധങ്ങൾക്കുള്ള പ്രാധാന്യം എന്നിവയൊക്കെ ഈ ചിത്രത്തിൽ കാണാവുന്നതാണ്. [3]

കാമേയി ആയി അഭിനയിച്ച (മസായുകി മോറി) റോഷോമോൺ, ഉഗെറ്റ്സു, ദ ബാഡ് സ്ലീപ് വെൽ, വെൻ എ വുമൺ അസെൻഡ്സ് ദ സ്റ്റെയേഴ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]