ദ പപ്പറ്റ് മാസ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ പപ്പറ്റ് മാസ്റ്റേഴ്സ്
Pm51.jpg
ആദ്യ എഡിഷന്റെ ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംസയൻസ് ഫിക്ഷൻ നോവൽ
പ്രസാധകൻഡബിൾഡേ
പ്രസിദ്ധീകരിച്ച തിയതി
1951
ISBNലഭ്യമല്ല

റോബർട്ട് എ. ഹൈൻലൈൻ രചിച്ച് 1951-ൽ പ്രസിദ്ധീകരിച്ച ശാസ്ത്ര ഫിക്ഷൻ നോവലാണ് ദ പപ്പറ്റ് മാസ്റ്റേഴ്സ്. അമേരിക്കയുടെ രഹസ്യ ഉദ്യോഗസ്ഥർ ബഹിരാകാശത്തുനിന്നും വന്ന അധിനിവേശസൈന്യത്തെ തുരത്തുന്നതാണ് ഇതിവൃത്തം. ഈ നോവൽ ഗാലക്സി ഓഫ് സയൻസ് ഫിക്ഷനിൽ 1951 സെപ്റ്റംബർ ഒക്റ്റോബർ നവംബർ മാസങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.

ഈ കൃതി പിന്നീട് (1956-ൽ) പുറത്തിറങ്ങിയ ഇൻവേഷൻ ഓഫ് ബോഡി സ്നാച്ചേഴ്സ് എന്ന ചലച്ചിത്രത്തിലേതുപോലെ അകാരണമായ ഭീതി ഉണർത്തുന്ന ഒന്നായിരുന്നു. മനസ്സ് നിയന്ത്രിക്കുന്ന പരാദജീവികളായ അധിനിവേശശക്തികളെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളോട് ഇദ്ദേഹം അനവധി തവണ ഉപമിക്കുന്നുണ്ട്. അമേരിക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന സെക്കൻഡ് റെഡ് സ്കെയർ എന്ന സാഹചര്യവുമായി ഇതിനെ കൂട്ടിവായിക്കപ്പെട്ടിട്ടുണ്ട്.

ഈ കഥയെ ആസ്പദമാക്കി 1994-ൽ ഇതേപേരിൽ ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

കഥാഗതി[തിരുത്തുക]

"സാം" എന്ന പ്രധാനകഥാപാത്രം അമേരിക്കയിലെ പ്രസിഡന്റിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു രഹസ്യസംഘടനയിലെ അംഗമാണ്. സംഘടനയുടെ തലവനായ "ദ ഓൾഡ് മാൻ" എന്നുവിളിക്കപ്പെടുന്നയാളുമായി അയോവയിലേയ്ക്ക് ഒരു ഒരു അന്യഗ്രഹ പേടകത്തെ കണ്ടു എന്ന വിവരം അന്വേഷിക്കാൻ പുറപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. "മേരി" എന്ന ഏജന്റും ഇവർക്കൊപ്പമുണ്ട്.

അയോവയിൽ മനുഷ്യരുടെ കഴുത്തിനു താഴെ പുറകുവശത്തായി ഒട്ടിപ്പിടിക്കുന്ന ഒച്ചിനെപ്പോലെയുള്ള അന്യഗ്രഹജീവികളെ ഇവർ കണ്ടെത്തുന്നു. ഇത്തരമൊരു ജീവിയെ മനുഷ്യനിൽ നിന്ന് വേർപെടുത്തി വാഷിംഗ്ടണിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചെങ്കിലും മാർഗ്ഗമദ്ധ്യേ അത് മരിച്ചുപോകുന്നു. കൂടുതൽ തെളിവ് ശേഖരിക്കാനായി അയോവയിലേയ്ക്ക് ഒരു സംഘവുമായി സാം പോയെങ്കിലും തിരികെ വരും വഴി ഒരു ഏജന്റിനെ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ഒരു പരാദജീവി പിടികൂടുന്നു. ഈ ജീവിയെ കീഴ്പ്പെടുത്താൻ സാധിച്ചെങ്കിലും ഇത് സാമിനെ പിടികൂടി രക്ഷെപെടുന്നു. പരാദജീവികൾക്കുവേണ്ടി അതിഥികളെ കണ്ടെത്തുന്നതിൽ സാം വ്യാപൃതനാകുന്നുവെങ്കിലും ഇദ്ദേഹത്തെ ഓൾഡ് മാൻ രക്ഷിക്കുന്നു. ഇതിനു മുൻപ് ഉയർന്ന സർക്കാരുദ്യോഗസ്ഥന്മാർക്കും പരാദബാധയുണ്ടാക്കുവാൻ സാമിന് സാധിച്ചിരുന്നു.

സാം ആശുപത്രിയിൽ സുഖം പ്രാപിക്കുമ്പോഴേയ്ക്കും പൂർണ്ണമായി വസ്ത്രധാരണം നടത്തിയിട്ടുള്ള ആരും സംശയത്തിന്റെ നിഴലിലാണ്. ഒരു പരാദത്തെ ചോദ്യം ചെയ്യാനായി വീണ്ടും പരാദത്തിന്റെ പിടിയിലകപ്പെടാൻ ഓൾഡ് മാന്റെ നിർബന്ധത്തിനു വഴങ്ങി സാം തയ്യാറാകുന്നു. പീഡനത്തിനിടെ തങ്ങൾ ടൈറ്റാനിൽ നിന്നു വന്നവരാണെന്ന് പരാദം വെളിപ്പെടുത്തുന്നു. ഓൾഡ് മാൻ സാമിന്റെ പിതാവാണെന്നത് ഇപ്പോഴാണ് വെളിപ്പെടുന്നത്.

അമേരിക്കയുടെ മദ്ധ്യഭാഗവും കാനഡയും മെക്സിക്കോയും ഇതിനിടെ പൂർണ്ണമായി പരാദങ്ങളുടെ പിടിയിലാകുന്നു. വിവരശേഖരണത്തിനായി കൻസാസ് പട്ടണത്തിലേയ്ക്ക് യാത്ര ചെയ്യുന്ന സാം പരാദബാധിതരായ മനുഷ്യരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വളരെക്കൂടുതലാണെന്ന് മനസ്സിലാക്കുന്നു. ബാധിതപ്രദേശങ്ങളിലെ മനുഷ്യർ ഏകദേശം പൂർണ്ണമായി പരാദങ്ങളുടെ പിടിയിലാണ്. ഈ പ്രദേശങ്ങൾ "പിടിച്ചെടുക്കാൻ" നടത്തിയ ആക്രമണം പൂർണ്ണമായി പരാജയപ്പെടുന്നു. പരാദങ്ങൾക്ക് വിഭജനത്തിലൂടെ പ്രത്യുത്പാദനം നടത്താനുള്ള ശേഷിയുണ്ടെന്ന് വെളിപ്പെടുന്നു. സൈനികമായ ഏതു നടപടിയും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന സ്ഥിതി സംജാതമാകുന്നു.

ഈ സമയത്ത് സാമും മേരിയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഏഡ്രിയൺഡാക് പർവ്വതത്തിലെ വിദൂരപ്രദേശത്തുള്ള സാമിന്റെ വീട്ടിൽ ഇവർ മധുവിധുവിനായി പോകുന്നു. ഒരു പരാദം ഇവരുടെ പൂച്ചയെ ബാധിക്കുകയും അതുവഴി മേരിയെ പിടികൂടുകയും ചെയ്യുന്നു. സാം അഗ്നി ഉപയോഗിച്ച് പരാദത്തെ കൊന്ന് മേരിയെ രക്ഷിക്കുന്നു. ഇവർ തിരികെ ജോലിക്കെത്തുമ്പോൾ അരയ്ക്കുമുകളിൽ വസ്ത്രധാരണം പരിമിതമായി മാത്രമേ പാടുള്ളൂ എന്ന നിയമം നടപ്പിൽ വന്നിട്ടുണ്ടായിരുന്നു. ആയുധധാരികളായ വ്യക്തികൾ ഈ നിയമം നടപ്പിൽ വരുത്തുവാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

പരാദങ്ങൾ തന്നെ നോട്ടമിട്ടി‌ട്ടുണ്ടെന്ന് സാം ഭയക്കുന്നു. പരാദങ്ങൾക്ക് പരസ്പരം സ്പർശിക്കുന്നതിലൂടെ "നേരിട്ട് സംവദിക്കാൻ" സാധിക്കും. ഇതിലൂടെ ഒരു പരാദത്തിനു ലഭിച്ചിട്ടുള്ള അറിവുകൾ മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ എളുപ്പമാണ്. പല ശരീരങ്ങളുള്ള ഒറ്റ ജീവിയാണ് ഈ പരാദങ്ങളെന്ന് ചില ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

മിസിസ്സിപ്പിയിൽ പുതിയ ഒരു അന്യഗ്രഹ പേടകം ഇടിച്ചിറങ്ങിയ സ്ഥലത്ത് സാമും പിതാവും മേരിയും എത്തുന്നു. ടറ്റാനിലെ ആദിമ വാസികളായ ജീവികളെയും അവരെ ബാധിച്ച പരാദങ്ങളെയും ഇവർക്ക് അവിടെ കാണാൻ സാധിക്കുന്നു. പേടകത്തിനകത്ത് നിശ്ചേഷ്ടരായ മനുഷ്യരെയും ഇവർക്ക് കാണാൻ സാധിക്കുന്നു. മേരി പേടകത്തിൽ പ്രവേശിക്കുമ്പോൾ വളരെ നാളായി മനസ്സിൽ അമർത്തി വച്ചിരുന്ന ഓർമകൾ പുറത്തുവരുന്നു. ശുക്രനി‌ൽ താമസിക്കുവാനായി പോയ ഒരു കൂട്ടം മനുഷരിലൊരാളായിരുന്നു മേരി. കുട്ടിക്കാലത്ത് അവിടെവച്ച് പരാദങ്ങൾ മേരിയുടെ അച്ഛനമ്മമാരെയും മേരിയെയും ബാധിക്കുകയും പത്തു വർഷത്തോളം മേരിയെ ഒരു ടാങ്കിൽ നിശ്ചേഷ്ടാവസ്ഥയിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. "നയൻ-ഡേ ഫീവർ" എന്ന അസുഖം ബാധിച്ചതിനെത്തുടർന്ന് പരാദങ്ങളും മനുഷ്യരും മരണമടയുകയാണുണ്ടായത്. ഇതിൽ നിന്ന് പരാദങ്ങളെ പരാജയപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നു.

സ്വീകരണം[തിരുത്തുക]

ബൗച്ചർ, മക്‌കോമാസ് എന്നിവർ "ഉദ്വേഗജനകമായ മെലോഡ്രാമ" എന്നാണ് ഈ കൃതിയെ വിശേഷിപ്പിച്ചത്. "വിശദാംശങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതും നേരിട്ടല്ലാതെ വിഷയത്തെ സമീപിക്കുന്നതുമായ" കൃതിയാണിതെന്നായിരുന്നു ഇവരുടെ നിരീക്ഷണം.[1] ഷൂയ്ലർ മില്ലറിന്റെ നിരീക്ഷണത്തിൽ വായനക്കാർക്ക് ഹൈൻലൈന്റെ കഥാപാത്രങ്ങൾ അനാവരണം ചെയ്യുന്നതിനു മുൻപുതന്നെ നോവലിലെ പ്രശ്നങ്ങൾ മു‌ൻകൂട്ടി ടെലിപ്പതിയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.[2] 1950-കളിലെ ഏറ്റവും മികച്ച 10 ശാസ്ത്ര ഫിക്ഷൻ ഗ്രന്ഥങ്ങളിലൊന്നാണിതെന്ന് ഡാമൺ നൈറ്റ് നിരീക്ഷിക്കുകയുണ്ടായി.[3]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Recommended Reading," F&SF, February 1952, p.105
  2. "The Reference Library", Astounding Science Fiction, March 1952, pp.159
  3. "Books", F&SF, April 1960, p.99