ദ തവൊ ഓഫ് ഫിസിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഭൗതികശാസ്ത്രജ്ഞനായ ഫ്രിജൊഫ് കാപ്ര 1975ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ദ തവൊ ഓഫ് ഫിസിക്സ് - The Tao of Physics. പൗരസ്ത്യ മിസ്റ്റിസിസവും നവീനഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാപ്രയുടെ അന്വേഷണങ്ങളുടെ നാൾവഴിയാണ് ഈ പുസ്തകം. ഇതുവരെ പുസ്തകത്തിന്റെ പത്ത് ലക്ഷം കോപ്പികൾ വിറ്റ് പോയിട്ടുണ്ട്. പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിയെട്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പ്രസക്തി അല്പം പോലും കുറഞ്ഞിട്ടില്ല എന്ന് ചിലർ അവകാശപ്പെടുന്നു.

പൗരസ്ത്യ സംസ്കാരങ്ങളിൽ (ഹിന്ദു പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുക്കൾ എന്നിവയിലും, ഇന്ത്യൻ-ചൈനീസ്-ജാപ്പനീസ് ബുദ്ധമത തത്ത്വങ്ങളിലും കാണുന്ന പോലെ) ഉരുത്തിരിഞ്ഞ മിസ്റ്റിസിസം പാശ്ചാത്യദേശങ്ങളിൽ രൂഢമൂലമായ നവീന ശാസ്ത്രതത്ത്വങ്ങളേപ്പോലും ഉൾക്കൊള്ളാൻ കെൽപ്പുള്ള ഒരു തത്ത്വശാസ്ത്ര ചട്ടക്കൂടാണെന്ന് കാപ്ര നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പൗരസ്ത്യചിന്ത, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതിനു പുറമേ അണുഭൗതികത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സിദ്ധാന്തങ്ങളേയും കണ്ടുപിടിത്തങ്ങളെയും ഉൾക്കൊള്ളാനാകുമെന്നു തെളിയിക്കുകയും ചെയ്തിരിക്കുന്നു.

ഉള്ളടക്കം[തിരുത്തുക]

പുസ്തകത്തിനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: "ഭൗതികത്തിന്റെ പാത" എന്ന ഒന്നാം ഭാഗത്തിൽ ഭൗതികശാസ്ത്രത്തിൽ -പ്രത്യേകിച്ചും നവഭൗതികത്തിൽ- നാളിതുവരെ ഉണ്ടായിട്ടുള്ള കണ്ടുപിടിത്തങ്ങളെ പ്രതിപാദിക്കുന്നു. പൗരസ്ത്യചിന്താധാരകൾക്ക് ഭൗതികശാസ്ത്രവുമായുള്ള സമാന്തരത്വവും അതിനൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്."പൗരസ്ത്യ മിസ്റ്റിസിസത്തിന്റെ വഴികൾ" എന്നതാണു രണ്ടാം ഭാഗം. ഇതിൽ ഹിന്ദുമത തത്ത്വശാസ്ത്രങ്ങളും ബുദ്ധമത ചിന്തകളും കൂടാതെ ചൈനീസ് മതചിന്തകളും താവൊയിസവും സെൻ ബുദ്ധിസ്റ്റ് ചിന്തകളും പഠന വിധേയമാക്കുന്നുണ്ട്. "സമാന്തരങ്ങൾ" എന്ന മൂന്നാം ഭാഗത്തിൽ ഈ രണ്ടു വഴികളുടേയും സമാന്തരങ്ങൾ കണ്ടെത്തുകയാണു കാപ്ര.

ഭൗതികത്തിന്റെ പാത[തിരുത്തുക]

ഈ ഭാഗത്തിൽ നാലു അദ്ധ്യായങ്ങളിലായി ഭൗതികശാസ്ത്രത്തിന്റെ വഴികളെ അപഗ്രഥിക്കുന്നു.

 • നവഭൗതികം- ഹൃദയമുള്ള ഒരു പാത?
 • അറിവും കാഴ്ചയും
 • ഭാഷകൾക്ക് അതീതം
 • നവീന ഊർജ്ജതന്ത്രം

പൗരസ്ത്യ മിസ്റ്റിസിസത്തിന്റെ വഴികൾ[തിരുത്തുക]

ഈ ഭാഗത്തെ അഞ്ച് അദ്ധ്യായങ്ങൾ ഇവയാണ്:

 • ഹിന്ദുമത തത്ത്വശാസ്ത്രങ്ങൾ
 • ബുദ്ധമത ചിന്തകൾ
 • ചൈനീസ് മതചിന്തകൾ
 • താവൊയിസം
 • സെൻ ബുദ്ധിസ്റ്റ് ചിന്തകൾ

സമാന്തരങ്ങൾ[തിരുത്തുക]

ഈ ഭാഗം താഴെപ്പറയുന്ന ഒൻപത് അദ്ധ്യായങ്ങൾ അടങ്ങിയതാണ്:

 • വസ്തുക്കളുടെ ഏകഭാവം
 • വിപരീതങ്ങളുടെ ലോകത്തിന്നപ്പുറം
 • സ്പേസ്-ടൈം
 • പ്രപഞ്ചം ചലനാത്മകം
 • ശൂന്യതയും രൂപവും
 • കോസ്മിക് നൃത്തം
 • ക്വാർക്ക് സമരൂപങ്ങൾ- ഒരു പുതിയ കൊവൻ?
 • മാറ്റത്തിന്റെ പാറ്റേണുകൾ
 • പരസ്പരമുള്ള തുളഞ്ഞു കയറൽ


പുസ്തകത്തിന്റെ അവതാരിക തുടർവായനക്കു പ്രേരിപ്പിക്കും വിധം പ്രൗഢമനോഹരമാണെന്നു കരുതുന്നവരുണ്ട്. ഒന്നാം പതിപ്പിൽ ഉണ്ടായിരുന്ന "പിൻ വാക്യം" കൂടാതെ രണ്ടാം പതിപ്പിൽ "പുതുഭൗതികം" എന്ന പേരിലും, മൂന്നാം പതിപ്പിൽ "നവഭൗതികത്തിന്റെ ഭാവി" എന്ന പേരിലും വിജ്ഞാനപ്രദമായ ഓരോ പുതിയ ലേഖനങ്ങൾ ചേർത്തിട്ടുണ്ട്.

വിലയിരുത്തൽ[തിരുത്തുക]

ഈ പുസ്തകം ഏറെ പ്രചാരവും പ്രശംസയും നേടിയതിനൊപ്പം വിമർശിക്കപ്പെടുകയും ചെയ്തു. ന്യൂയോർക്കിലെ കോൾഗേറ്റ് സർവകലാശാലയിൽ ഭൗതികശാസ്ത്രത്തിന്റേയും ജ്യോതിശാസ്ത്രത്തിന്റേയും പ്രൊഫസറും, ബുദ്ധമതത്തെ ആധുനികമനഃശാസ്ത്രവുമായി ബന്ധപ്പെടുത്തുന്ന പ്രബന്ധങ്ങളുടേയും ഗ്രന്ഥങ്ങളുടേയും കർത്താവുമായ[1] വിക്ടർ എൻ. മാൻസ്ഫീൽഡ് അതിനെ ഇങ്ങനെ[2][3] പ്രശംസിച്ചു:-

"തവോ ഓഫ് ഫിസിക്സിൽ ഫിജോഫ് കാപ്ര . . . ആധുനികഭൗതികശാസ്ത്രത്തിന്റെ ഗണിതാധിഷ്ഠിതലോകവീക്ഷണത്തെ ബുദ്ധന്റേയും കൃഷ്ണന്റേയും മിസ്റ്റിക്ദർശനവുമായി സമന്വയിപ്പിക്കാൻ ശ്രമിക്കുന്നു. ഒട്ടും ചേർന്നു പോകാത്തതെന്നു തോന്നിക്കുന്ന ഈ വീക്ഷണങ്ങളെ കൂട്ടിയിണക്കാനുള്ള ശ്രമത്തിൽ മറ്റു പലരും ദയനീയമായി പരാജയപ്പെട്ടപ്പോൾ, ഉദാത്തോർജ്ജസൈദ്ധാന്തികനായ കാപ്ര, പ്രശംസാർഹമായ വിജയം കൈവരിച്ചിരിക്കുന്നു. ഈ കൃതിയെ ഞാൻ സാധാരണക്കാരനും ശാസ്ത്രജ്ഞനും ഒരുപോലെ ശുപാർശ ചെയ്യുന്നു."

ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുകൾ, വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന മട്ടിലുള്ള വാദത്തെ വിമർശിക്കുന്നവരുമുണ്ട്. "കാപ്രയുടെ വിവരണം വിശ്വസിക്കാമെങ്കിൽ അമേരിക്കയിലേയും യൂറോപ്പിലേയും അനേകം ശാസ്ത്രജ്ഞന്മാർ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെ പരാത്പരമായ തുരീയാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു" എന്നു സുകുമാർ അഴീക്കോട് പരിഹസിക്കുന്നു. കാപ്രയെ അദ്ദേഹം, "പദങ്ങളുടെ അർത്ഥത്തിന്റെ സാമ്യംകൊണ്ട് ഋഷിയുടേയും ശാസ്ത്രജ്ഞന്റേയും ആശയാനുഭൂതികൾ സമാനമാണെന്നു തെറ്റിദ്ധരിച്ച സദുദ്ദേശഭരിതൻ" ആയി കാണുന്നു. അഴീക്കോടിന്റെ അഭിപ്രായത്തിൽ, ദ്രവ്യത്തിൽ ആധുനികശാസ്ത്രം കണ്ടെത്തിയ ഇന്ദ്രിയവിഷയമല്ലാത്ത സ്പന്ദനങ്ങൾ മാനസഗോചരമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. മനുഷ്യേന്ദ്രിയങ്ങളുടേയും മനുഷ്യൻ കണ്ടുപിടിച്ച ഉപകരണങ്ങളുടേയും പരിമിതികൾക്കു മാത്രം അവ തെളിവായിരിക്കുന്നു. "വേദാന്തത്തിൽ, വസ്തുവിന്റെ പരിണാമഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല ബ്രഹ്മം; അത് ഭ്രമാത്മകമായ വസ്തുബോധം വിലയം പ്രാപിക്കുമ്പോൾ അനുഭൂതിവിഷയമാകുന്ന പരവിദ്യ ആണ്." ഭൗതികസത്ത ഊർജ്ജമാണെന്ന കണ്ടെത്തൽ അതിനെ അഭൗതികമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. "ആ ഊർജ്ജം ഭൗതികോർജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുൻപ് കല്പിക്കപ്പെട്ട തത്ത്വങ്ങൾ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോർജ്ജം അതുകൊണ്ട് ആത്മീയോർജ്ജമാകുന്നില്ല."[4]

അവലംബം[തിരുത്തുക]

 1. http://www.templetonpress.org/authors_detail.asp?author_id=84
 2. http://www.shambhala.com/html/catalog/items/isbn/978-1-57062-519-0.cfm
 3. http://www.amazon.com/Tao-Physics-3rd-Updated/dp/0877735948
 4. സുകുമാർ അഴീക്കോടിന്റെ നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.
 • ഫ്ലമിങ്ഗൊ ഇറക്കിയിരിക്കുന്ന മൂന്നാം എഡിഷന്റെ പുറം ചട്ടയിൽ കൊടുത്തിരിക്കുന്ന കമന്റ്
"https://ml.wikipedia.org/w/index.php?title=ദ_തവൊ_ഓഫ്_ഫിസിക്സ്&oldid=3243572" എന്ന താളിൽനിന്ന് ശേഖരിച്ചത്