ദൽപത് റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദൽപത് റാം

ഗുജറാത്തി കവിയാണ് ദൽപത് റാം. 1820-ൽ കത്തിയവാഡിലെ വധവാനിൽ ജനിച്ച ഇദ്ദേഹത്തിന്റെ പൂർണമായ പേര് ദൽപത് റാം ദഹ്യാഭായി എന്നാണ്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്വാമി നാരായണ പ്രസ്ഥാനത്തിലെ ദേവാനന്ദസ്വാമിയുടെ ഗുരുകുലത്തിൽനിന്ന് വ്രജഭാഷ, സംസ്കൃതം, കാവ്യശാസ്ത്രങ്ങൾ എന്നിവ അഭ്യസിച്ചു. കുട്ടിയായിരിക്കുമ്പോൾത്തന്നെ കവിതാരചനയിലേക്കു തിരിഞ്ഞു.

ഫോർബഡ് സ്ഥാപിച്ച ഗുജറാത്ത് വെർണാക്കുലർ സൊസൈറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി 1855-ൽ ദൽപത് റാം നിയമിതനായി. നാടകങ്ങളും പ്രബോധനാത്മക കൃതികളും രചിച്ചിരുന്നുവെങ്കിലും ദൽപത് റാം മുഖ്യമായും കവിയായിരുന്നു. ശ്ലോകങ്ങളും മുക്തകങ്ങളും എഴുതി കാവ്യരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം ആധുനിക ഗുജറാത്തി കവിതയുടെ തുടക്കക്കാരിൽ ഒരാളായി. 'ബാപ്പാനി പീപ്പൽ' (മുത്തച്ഛന്റെ ആൽമരം) എന്ന കവിതയോടെയാണ് ദൽപത് റാം പ്രസിദ്ധനായത്. വിജയക്ഷമ, ഹണ്ഡകാവ്യശതക്, ഹുണ്ണർഖാൻനിചടൈ, ഗമർബാനി ഋതുവർണന, സംബലക്ഷ്മീസംവാദ്, ജാതവസ്ഥലി, വീണാചരിത്, ഭോർബസ്ബിലാസ, ഭോർബസ്വിലാപ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. സംഘഗാനം, കല്യാണപ്പാട്ടുകൾ, ലഘുകവിതകൾ എന്നിവയും ഏറെ എഴുതി. ഭൂതനിബന്ധ്, ജ്ഞാതിബന്ധ് , ബാലവിവാഹബന്ധ് എന്നിവ ഗദ്യകൃതികളും ജ്ഞാന ചാതുരി, വ്രജ ചാതുരി എന്നിവ വ്രജഭാഷാ രചനകളുമാണ്. ശ്രവണാഖ്യാനമാണ് ഹിന്ദിയിൽ രചിച്ച ഏക കൃതി. വെനാചരിത്ര് (1868) ആഖ്യാനകാവ്യമാണ്. മധ്യകാല കവികൾ ഉപയോഗിച്ച പലതരം വൃത്തങ്ങൾ സ്വീകരിച്ചുകൊണ്ട് രചിച്ചതാണ് ഈ കൃതി. വിധവകളുടെ പുനർവിവാഹമാണ് വിഷയം. വലിയ സാഹിത്യമൂല്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും സാമൂഹിക തിന്മകൾക്കെതിരെയുള്ള പോർവിളികൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ രചിക്കപ്പെട്ട ഈ ആഖ്യാനത്തിന് വലിയ വിജയം കൈവരിക്കുവാൻ കഴിഞ്ഞു. ഇത് 'സാമൂഹ്യ പരിഷ്കാരത്തിന്റെ പുരാണം' എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1865-ൽ എഴുതിയ ഫോർബസ് വിരഹ് എന്ന വിലാപകാവ്യം ദൽപത് റാമിന്റെ ആഖ്യാന കൃതികളിൽ മികവു പുലർത്തുന്നു. ഗുജറാത്തിയിലെ ആദ്യത്തെ വിലാപകാവ്യമാണിത്. എ.കെ. ഫോർബസ് (1821-65) ലണ്ടനിൽ ജനിച്ച സ്കോട്ട്ലൻഡുകാരനായിരുന്നു. അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഗുജറാത്തിലെത്തി. ദൽപത് റാമിന്റെ മേധാവിയായിരുന്ന ഫോർബസിനെ അനുസ്മരിച്ചുകൊണ്ടു രചിച്ച ഒരു ഉത്തമ കാവ്യമാണിത്.

ദീർഘകാവ്യങ്ങൾക്കു പുറമേ ഗാർബി, പദം, മുക്തകം, ഛപ്പയ് തുടങ്ങിയ കാവ്യരൂപങ്ങൾ പരീക്ഷിച്ച ദൽപത് റാം നൂറുകണക്കിന് ലഘുകവിതകൾ രചിച്ചു. അറിയപ്പെടുന്ന ഓരോ വൃത്തവും ഇദ്ദേഹം സ്വകവിതയിൽ ഉപയോഗിച്ചു. രൂപപരമായ എല്ലാത്തരം പരിമിതികൾക്കും അതീതനായിരുന്ന ഇദ്ദേഹത്തിന്റെ വിഷയവൈവിധ്യവും ശ്രദ്ധേയമാണ്. സാമൂഹികപരിഷ്കാരം മുതൽ സ്ഥാപനങ്ങളുടെ ചരിത്രവും സ്ഥലമാഹാത്മ്യവും വരെ ഇദ്ദേഹം കാവ്യവിഷയമാക്കി. ജന്മസഹജമായ ധിഷണാബലം, സംസ്കൃതത്തിലും വ്രജഭാഷയിലും മധ്യകാലസാഹിത്യത്തിലും നാടോടിസാഹിത്യത്തിലുമുണ്ടായിരുന്ന അഗാധപാണ്ഡിത്യം, ദീർഘയാത്രകളിലൂടെ നേടിയ ലോകാനുഭവജ്ഞാനം എന്നിവയാണ് ഇദ്ദേഹത്തെ മഹാകവിയാക്കിയത്. പൊതുതാത്പര്യമുണർത്തിയിരുന്ന രാഷ്ട്രീയ സാമൂഹിക ഇതിവൃത്തങ്ങൾ കൈകാര്യം ചെയ്യുകവഴി ഇദ്ദേഹം ജനകീയ കവിയുമായി. നർമദാ ശങ്കറിനോട് പ്രമേയപരമായ തുല്യത പുലർത്താൻ ദേശാഭിമാനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ദൽപത് റാം എഴുതി. റാമിന്റെ മിക്കവാറും എല്ലാ കവിതകളും ഉദ്ബോധനപരമാണ്. വായനക്കാരെ രസിപ്പിക്കുകയും ഉദ്ബുദ്ധരാക്കുകയുമാണ് കവിതയുടെ ധർമം എന്ന് ഇദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. അതുകൊണ്ട് സ്വന്തം കവിതയിലൂടെ പ്രായോഗിക കാര്യങ്ങളിൽപ്പോലും പ്രത്യക്ഷമായോ പരോക്ഷമായോ ദൃഷ്ടാന്തം, വർണന, സംഭവകഥ, ആക്ഷേപഹാസ്യം എന്നിവ ഉപയോഗിച്ച് ഉപദേശങ്ങൾ നല്കി. 1848 മുതൽ ഏതാണ്ട് അൻപത്തിയഞ്ച് വർഷക്കാലം നിരന്തരമായി കവിതയെഴുതിയ ദൽപത് റാം ഗുജറാത്തിക്കവിതയിലെ മധ്യകാലത്തിന്റെയും ആധുനികകാലത്തിന്റെയും കണ്ണിയായിരുന്നു. പദാവലിയിലും ശൈലിയിലും അങ്ങേയറ്റത്തെ ലാളിത്യമാണ് ദൽപത് റാമിന്റെ പ്രത്യേകത. ആശയത്തിന് സന്ദിഗ്ധതയോ സങ്കീർണതയോ അനുഭവപ്പെടുന്നില്ല. ഉദാത്തമായ കവിത എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ലൗകികമായ വിവേകവും നിപുണതയും അതിൽ നിറഞ്ഞു നില്ക്കുന്നു. പുതുമയുള്ള വൃത്തസ്വീകാരം, ബിംബസംവിധാനം, നല്ല ശൈലി എന്നീ കാര്യങ്ങളിലൂടെ ദൽപത് റാം ഗുജറാത്തി കവിതയിൽ ആധുനികത കൊണ്ടുവന്നു. ശൃംഗാര കവിതകൾ അധികം എഴുതിയില്ല. 'കവീശ്വരൻ' എന്ന പേരിൽ പ്രശസ്തനായ നർമദാ ശങ്കർലാൽ ദാവെ (1833-86) ഇദ്ദേഹത്തിന്റെ സമകാലികനാണ്. ജീവിതത്തെ ശാന്തമായും നിസ്സംഗമായും നിരീക്ഷിച്ച് ഓരോ സംഭവത്തിൽനിന്നും സാന്മാർഗിക തത്ത്വങ്ങൾ സ്വരൂപിച്ചെടുക്കുക എന്നതായിരുന്നു ദൽപത് റാമിന്റെ വീക്ഷണം.

ജീവിതത്തിന്റെ അവസാന നാളുകളിൽ ദൽപത് റാമിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും കവിതാരചനയ്ക്ക് തടസ്സമുണ്ടായില്ല. എഴുപത്തിയെട്ടാം വയസ്സിൽ അന്തരിക്കുമ്പോൾ (1898) ദൽപത് റാം ഗുജറാത്തിൽ സർവാദരണീയനായിക്കഴിഞ്ഞിരുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൽപത് റാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദൽപത്_റാം&oldid=2197990" എന്ന താളിൽനിന്ന് ശേഖരിച്ചത്