ദ്വിതീയാക്ഷരപ്രാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പദ്യങ്ങളിൽ ഓരോ പാദത്തിലും രണ്ടാമതായി വരുന്നത് ഒരേ അക്ഷരമായിരിക്കുക എന്ന പ്രാസരീതിയാണ്‌ ദ്വിതീയാക്ഷരപ്രാസം. ശബ്ദാലങ്കാരങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോട് കേരളീയർക്കുള്ള പ്രത്യേകപ്രതിപത്തി മുൻ‌നിർത്തി കേരളപ്രാസം എന്നും വിളിച്ചുവരാറുണ്ട്.

മലയാള കവിതയുടെ പൂർവരൂപമായ പാട്ടിൽ 'എതുക' എന്ന പേരിൽ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസംതന്നെയാണ്. ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം പറയുമ്പോൾ 'എതുക'യെക്കുറിച്ചു പറയുന്നുണ്ട്. രാമചരിതത്തിലും കണ്ണശ്ശരാമായണത്തിലും പ്രാചീന ചമ്പുക്കളിലും എതുക സാർവത്രികമായി കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളിൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളസാഹിത്യത്തിലെ പ്രമുഖർ, ഈ അലങ്കാരത്തിനോടുള്ള ക്രമാധികമായ ആസക്തിക്ക് അനുകൂലമായും പ്രതികൂലമായും രണ്ടു ചേരിയിൽ അണിനിരന്ന് വാചകങ്ങളിലൂടെയും ചർച്ചകളിലൂടെയും അതിശക്തമായി സാഹിത്യയുദ്ധത്തിലേർപ്പെട്ടു. പിൽക്കാലത്ത് മലയാളകവിതയുടെ സർവ്വതോന്മുഖമായ വികാസത്തിന് ഈ വാഗ്വാദങ്ങൾ വഴിതുറന്നു.

ഉദാഹരണം[തിരുത്തുക]

വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമി എന്ന കവിതയിൽ നിന്നും:

ല്ലൊരു നീതിമാനാണേ സാക്ഷാൽ
ദില്ലിയിൽ വാഴും ഷാഹൻഷാ
തെണ്ടി നടപ്പതിനങ്ങോരെന്നെ
കൊണ്ടു തുറുങ്കിനകത്താക്കി

മറ്റൊരു ഉദാഹരണം      കേശവാ നിനക്ക്        ദോശ തിന്നാൻ      ആശയുണ്ടേൽ        ആശാന്റെ          മേശയിലെ        കാശെടുത്ത്          ദോശ വാങ്ങി             ആശമാറ്റെടാ           കേശവാ

പ്രാസവാദം[തിരുത്തുക]

മലയാള സാഹിത്യത്തിൽ ദീർഘകാലം നിലനിന്ന ഒരു വിവാദമാണിത്.[എന്ന്?] പ്രചുരപ്രചാരം നേടിയിരുന്ന ദ്വിതീയാക്ഷരപ്രാസം മലയാളകവിതയിൽ നിർബന്ധമാണെന്നും, അങ്ങനെ നിർബന്ധമില്ല എന്നുമായിരുന്നു ഈ വിവാദത്തിന്റെ രണ്ടു പക്ഷങ്ങൾ.

മുമ്പ് ദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കുമ്പോൾ സ്വരത്തിനും വ്യഞ്ജനത്തിനും കൃത്യമായ ഐകരൂപ്യം വേണമെന്നുള്ള നിർബന്ധം ഇല്ലായിരുന്നു. ഉദാഹരണമായി 'ക' എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് 'കാ' എന്നോ 'കി' എന്നോ ഉള്ള രീതിയിൽ വ്യത്യസ്തമായ സ്വരമോ 'ഗ', 'ങ' തുടങ്ങിയ വർഗാക്ഷരമോ പ്രയോഗിച്ചിരുന്നു. എന്നാൽ സ്വര-വ്യഞ്ജന പൊരുത്തമുള്ള സജാതീയ ദ്വിതീയാക്ഷരപ്രാസംതന്നെ ഓരോ പാദത്തിലും ആവർത്തിച്ചുണ്ടായിരിക്കണമെന്നുള്ള പരിഷ്കാരം കവിതയിൽ ഏർപ്പെടുത്തിയത് കേരളവർമ വലിയകോയിത്തമ്പുരാൻ ആണ്.സംസ്കൃത വൃത്തത്തിലുള്ള പദ്യങ്ങളിലും അദ്ദേഹം ഈ പ്രാസത്തിനു പ്രാധാന്യം നല്കി. സജാതീയ ദ്വിതീയാക്ഷരപ്രാസത്തെ കേരളവർമപ്രാസം എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ട്. വലിയ കോയിത്തമ്പുരാന്റെ ഈ പരിഷ്കാരം പല കവികളും സ്വീകരിച്ചു എങ്കിലും ഇതിനെതിരായ അഭിപ്രായവും ചില കവികൾക്കുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസം വർധിച്ചുവരികയും ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച് ഒരു വാദകോലാഹലം തന്നെ ഉണ്ടാവുകയും ചെയ്തു. ഈ വാദപ്രതിവാദം സാഹിത്യചരിത്രത്തിൽ പ്രാസവാദം എന്ന പേരിലറിയപ്പെട്ടു. ദ്വിതീയാക്ഷരപ്രാസവാദം ആരംഭിച്ചത് 1891-ൽ(കൊ.വ. 1066) ആണ്. 1890-ൽ കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ പത്രാധിപത്യത്തിൽ കോട്ടയത്തുനിന്ന് ആരംഭിച്ച മലയാള മനോരമയിൽ ഭാഷയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ, സാഹിത്യ ചർച്ചകൾ, സാഹിത്യപരമായ അഭിപ്രായങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു. പ്രാസവാദം ആരംഭിച്ചതും മലയാള മനോരമയിൽക്കൂടിത്തന്നെയായിരുന്നു. 1891-ൽ (കൊ.വ. 1066) മനോരമയിൽ 'കൃത്യകൃത്ത്' എന്ന തൂലികാനാമത്തിൽ 'മലയാളഭാഷ' എന്ന ശീർഷകത്തിൽ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച ഒരു ലേഖനം പ്രസിദ്ധീ കൃതമായി. ഗദ്യത്തിലും പദ്യത്തിലും വരുത്തേണ്ട പരിഷ്കാരങ്ങൾ നിർദ്ദേശിക്കുകയായിരുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പദ്യത്തെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ദ്വിതീയാക്ഷരപ്രാസ നിർബന്ധം മൂലം ചില കവികളുടെ പദപ്രയോഗങ്ങളിൽ അനൗചിത്യം സ്പഷടമാണെന്നും ഇത് മലയാളഭാഷാ പദ്യത്തിന്റെ കഷ്ടകാലം ആണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് ആരും മറുപടി എഴുതിയില്ല. മനോരമയിൽ 'പ്രാസം' എന്ന പേരിൽ ഇതേ ലേഖകൻതന്നെ പിന്നീട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ വരികളിൽ രണ്ടാമത്തെ അക്ഷരത്തിന് മറ്റുള്ള അക്ഷരങ്ങളെ അപേക്ഷിച്ച് പ്രത്യേക പ്രാധാന്യമില്ലെന്നും അതിനുവേണ്ടി കവികൾ ചെയ്യുന്ന നിർബന്ധം അനേകം കാവ്യദോഷങ്ങൾക്കു കാരണമാകുമെന്നും പറഞ്ഞുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ നിശിതമായി വിമർശിക്കുകയുണ്ടായി.

ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 'കൃത്യകൃത്തി'ന്റെ രണ്ടു ലേഖനങ്ങളെയും എതിർത്തുകൊണ്ട് 'കൃത്യവിത്ത്' എന്ന തൂലികാനാമത്തിൽ ഒരു ലേഖകൻ 'ദ്വിതീയാക്ഷരപ്രാസത്തിനു ശ്രവണസുഖമില്ലെന്നു തോന്നുന്നത് ചെവിയുടെ ദോഷം കൊണ്ടാണെന്നും നിരർഥകപദങ്ങൾ കൂടാതെ പ്രാസം പ്രയോഗിക്കാൻ കഴിയാത്തവർ പ്രാസത്തെ കുറ്റം പറയുന്നത് അജീർണം പിടിപെട്ടവർ പാൽപ്പായസത്തെ പഴിക്കുന്നതുപോലെ'യാണെന്നും മറ്റും അഭിപ്രായപ്പെട്ടു. ഈ സന്ദർഭത്തിൽ വലിയകോയിത്തമ്പുരാൻ, ഏ.ആർ. രാജരാജവർമ, കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർക്ക് ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അഭിപ്രായം എന്തെന്നറിയുവാൻ ചിലർ താത്പര്യം പ്രകടിപ്പിച്ചു. വലിയകോയിത്തമ്പുരാൻ, നടുവത്തച്ഛൻ നമ്പൂതിരി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയവർ പ്രാസത്തെ അനുകൂലിച്ചും രാജരാജവർമ, പുന്നശ്ശേരി നമ്പി, സി. അന്തപ്പായി തുടങ്ങിയവർ പ്രാസത്തെ എതിർത്തും അഭിപ്രായം പ്രകടിപ്പിച്ചു. ചാത്തുക്കുട്ടിമന്നാടിയാർ ഒരു മധ്യസ്ഥനെന്ന നിലയിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

മലയാള മനോരമയിൽ ഈ വാദപ്രതിവാദം തുടർന്നു. രണ്ടു പക്ഷത്തും അനേകം കവികൾ അഭിപ്രായം രൂപവത്കരിച്ചു. പ്രാസം പ്രയോഗിച്ചും അല്ലാതെയും ധാരാളം കവിതകൾ മനോരമയിലെ കവിതാപംക്തിയിൽ പ്രത്യക്ഷപ്പെട്ടു. ഏ.ആർ. രാജരാജവർമ പ്രാസം കൂടാതെ 'കൃത്വാകൃത്രിമ കേസരം....' എന്നു തുടങ്ങുന്ന ഒരു പരിഭാഷാശ്ലോകം പ്രസിദ്ധീകരിച്ചു. ഇതോടുകൂടിയാണ് കവികൾ ദ്വിതീയാക്ഷരപ്രാസം കൂടാതെ കവിതകൾ രചിക്കുന്നതിന് ധൈര്യപൂർവം മുന്നോട്ടുവന്നത്. കേരളപാണിനി പ്രാസം പ്രയോഗിക്കാത്തതിനെപ്പറ്റി നടുവത്തച്ഛൻ നമ്പൂതിരി തുടങ്ങിയുള്ളവർ ആക്ഷേപമുന്നയിച്ചു. ഇതിന് കേരളപാണിനി

'മധ്യസ്ഥനാകുന്നഭവാനുമെന്തൊ-

രത്യത്ഭുതം വന്നതു പക്ഷപാതം

പഥ്യം പിഴച്ചിട്ടൊരുരോഗമിങ്ങു

വൈദ്യന്നുതന്നെ പിടിവിട്ടുപോയോ?'

എന്നിങ്ങനെ സമാധാനം പറയുകയുണ്ടായി.

കേരളകാളിദാസനും കേരളപാണിനിയും രംഗത്തുവന്നതോടുകൂടി പ്രാസവാദത്തിനു ശക്തികൂടി. 1894-ലെ (കൊ.വ. 1069 മേടമാസം) ഭാഷാപോഷിണിയിൽ വലിയകോയിത്തമ്പുരാൻ സജാതീയ ദ്വിതീയാക്ഷരപ്രാസം ആദ്യന്തം പ്രയുക്തമായ മയൂരസന്ദേശം പ്രസിദ്ധീകരിച്ചു. മയൂരസന്ദേശത്തിന് ഒരു മറുപടി എന്ന മട്ടിലാണ് കാളിദാസന്റെ മേഘസന്ദേശം പ്രാസനിർബന്ധമില്ലാതെ ഏ.ആർ. രാജരാജവർമ തർജുമ ചെയ്തു പ്രസിദ്ധീകരിച്ചത്. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ദ്വിതീയാക്ഷരപ്രാസം കൂടാതെ ഒറ്റ ശ്ലോകങ്ങളും മറ്റും ചിലർ എഴുതിയിരുന്നുവെങ്കിലും ഒരു കൃതി മുഴുവൻ പ്രാസരഹതിമായി രചിച്ചിരുന്നില്ല. ഈ കൃതിയിൽ പ്രാസം പ്രയോഗിക്കാതിരുന്നത് തന്റെ ഉദാസീനബുദ്ധികൊണ്ടുമാത്രമല്ലെന്നും തർജുമയിൽ ഇതൊട്ടും ആവശ്യമില്ലെന്നുള്ളതുകൊണ്ടു കൂടിയാണെന്നും മുഖവുരയിൽ കേരളപാണിനി പറയുന്നുണ്ട്. കവിതയിൽ പ്രാസം നിർബന്ധമാണെന്നു വാദിച്ചാൽ

'ദിവ്യംകിഞ്ചനവെള്ളമുണ്ടൊരു മുറിസ്സോമൻ കറുപ്പുംഗളേ

കണ്ടാൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും

തോലെന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും

പോറ്റീ! നിന്റെ ചരിത്രമത്ഭുതമഹോ! ഭർഗ്ഗായതുഭ്യം നമ:' എന്നും മറ്റുമുള്ള അതിസരസ പ്രാചീന ശ്ലോകങ്ങൾ കവിതയല്ലാതെ പോയേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല കവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിന്റെ ആഗമത്തെക്കുറിച്ച്, 'ആദ്യകാലത്ത് ഒരു ചമൽക്കാരവുമില്ലാത്തപക്ഷം ഈ പ്രാസമെങ്കിലുമിരിക്കുമെന്ന് ഒരേർപ്പാടുണ്ടായി' എന്നും 'പില്ക്കാലത്ത് ഈ പ്രാസം പ്രയോഗിക്കാതെയിരുന്നാൽ തങ്ങളുടെ കവിത സ്വതശ്ചമത്കാരിയാണെന്ന് തങ്ങൾ തന്നെ നിശ്ചയിച്ചു എന്നുവന്നു കൂടുമോ എന്നു ഭയന്ന് എല്ലാ കവിതയിലും നിർബന്ധമായി പ്രയോഗിക്കാൻ തുടങ്ങി' എന്നും 'ഗതാനുഗതികന്യായേന അത് മണിപ്രവാളത്തിന്റെ ലക്ഷണത്തിൽത്തന്നെ ഉൾ പ്പെടുത്തി' എന്നും കേരളപാണിനി അഭിപ്രായപ്പെട്ടു.

1897-ൽ (കൊ.വ. 1072) ഏ.ആർ. രാജരാജവർമയുടെ ഭാഷാകുമാരസംഭവം പ്രസിദ്ധീകൃതമായി. ഇതിലും ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചിരുന്നില്ല. ഏ.ആർ. പ്രാസം പ്രയോഗിക്കാതിരുന്നത് അദ്ദേഹത്തിനു കഴിവില്ലാഞ്ഞിട്ടാണെന്നും കഴിവുണ്ടെങ്കിൽ അദ്ദേഹം മയൂരസന്ദേശം പോലൊരു കാവ്യം രചിക്കട്ടെ എന്നും പ്രാസപക്ഷപാതികൾ പറയുകയുണ്ടായി. 1902-ൽ (കൊ.വ. 1077) പ്രസിദ്ധീകൃതമായ [[ഭാഷാഭൂഷണം|ഭാഷാഭൂഷണത്തിലൂടെയാൺ] ഏ.ആർ. രാജരാജവർമ ഇതിനു മറുപടി പറഞ്ഞത്. ദ്വിതീയാക്ഷരപ്രാസത്തെ നമ്മുടെ കവികൾ കവിതാവനിതയ്ക്ക് ഒരു തിരുമംഗല്യമാണെന്നു വിചാരിക്കുന്നുവെന്നും ഈ പ്രാസത്തിനുവേണ്ടി കവികൾ പല ഗോഷ്ടികളും കവിതയിലൂടെ കാണിക്കുന്നുണ്ടെന്നും ഈ പ്രാസം ഉപേക്ഷിച്ചാലല്ലാതെ നിരർഥക ശബ്ദപ്രയോഗം ഭാഷാകവിതയിൽനിന്ന് ഒരിക്കലും ഒഴിഞ്ഞു നീങ്ങുന്നതല്ലെന്നും അദ്ദേഹം ഭാഷാഭൂഷണത്തിന്റെ മുഖവുരയിൽ അഭിപ്രായപ്പെട്ടു.

പ്രാസവിരോധികൾ കേരളപാണിനിയുടെ അഭിപ്രായത്തിന്റെ പിൻബലത്തിൽ സ്വതന്ത്ര കൃതിയായതിനാലാണ് കേരളവർമയ്ക്ക് മയൂരസന്ദേശത്തിൽ പ്രാസനിർബന്ധം സാധിച്ചതെന്നും ശാകുന്തളം, അമരുകശതകം തുടങ്ങിയ വിവർത്തനങ്ങളിൽ അദ്ദേഹം പ്രാസം സാർവത്രികമായി ദീക്ഷിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. ഈ അപവാദത്തിനു മറുപടി എന്ന മട്ടിൽ വലിയകോയിത്തമ്പുരാൻ 1909-ൽ ദ്വിതീയാക്ഷരപ്രാസം ആദ്യവസാനം പ്രയോഗിച്ചുകൊണ്ട് അന്യാപദേശ ശതകം വിവർത്തനം ചെയ്തു. ഈ കൃതിയുടെ മുഖവുരയിൽ 'ഭാഷാകവിതയിൽ പ്രാസ നിർബന്ധം കൂടാതെയിരുന്നാൽ പദ്യങ്ങൾക്ക് അധികം ലാളിത്യം ഉണ്ടായിരിക്കുമെന്നുള്ളത് വാസ്തവമാണെങ്കിൽ ഭാഷാഗദ്യങ്ങൾക്ക് തദധികമായ ലാളിത്യമുണ്ടായിരിക്കുമെന്നുള്ളത് അതിലുമധികം വാസ്തവമാക കൊണ്ട് ഭാഷാപണ്ഡിതന്മാർ പദ്യനിർമ്മാണത്തിൽ പ്രവർത്തിക്കാതിരിക്കയാണു വേണ്ടത്' എന്നും മറ്റും വലിയകോയി ത്തമ്പുരാൻ അഭിപ്രായപ്പെട്ടു. 1908-ൽ (കൊ.വ. 1083) വലിയ കോയിത്തമ്പുരാൻ ഭാഗിനേയനും ശിഷ്യനുമായ ഏ.ആർ. രാജരാജവർമയുടെ ആഗ്രഹപ്രകാരം ദൈവയോഗം എന്ന ഖണ്ഡകാവ്യം ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിച്ചുകൊണ്ട് എഴുതുകയുണ്ടായി.

പ്രാസവിവാദത്തിലേക്ക് കെ.സി. കേശവപിള്ളയും സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിള്ളയും മറ്റും പ്രവേശിച്ചതോടെ അത് കൂടുതൽ തീവ്രമായി. പ്രാസവാദത്തെത്തുടർന്ന് മലയാള സാഹിത്യത്തിൽ രണ്ട് ചേരികൾ രൂപംകൊണ്ടു. ഉള്ളൂർ, പി.കെ. നാരായണപിള്ള, കുണ്ടൂർ നാരായണമേനോൻ, പന്തളം കേരളവർമ, വള്ളത്തോൾ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, രവിവർമ തിരുമുൽപ്പാട് തുടങ്ങിയവർ വലിയകോയിത്തമ്പുരാനോടൊപ്പം നിന്നുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചു. കെ.സി. കേശവപിള്ള, ഒറവങ്കര,നടുവത്തച്ഛൻ നമ്പൂതിരി, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, പുന്നശ്ശേരി നീലകണ്ഠശർമ എന്നിവർ പ്രാസത്തെ എതിർത്തുകൊണ്ട് ഏ.ആർ. രാജരാജവർമയോടൊപ്പം നിന്നു.

സാഹിത്യത്തിലെന്നപോലെ വ്യക്തികളുടെ ജീവിതത്തിലും ഈ പ്രാസം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഘട്ടം വന്നപ്പോൾ അത് ഒത്തുതീർപ്പിലെത്തിക്കാൻ കേരളവർമ വലിയകോയിത്തമ്പുരാനും ഏ.ആർ. രാജരാജവർമയും കൂടിയാലോചിക്കുകയും അതനുസരിച്ച് രാജരാജവർമ ഒരു മധ്യസ്ഥനെന്ന നിലയിൽ ഭാഷാപോഷിണിയിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 'കേശവപിള്ള പ്രഭൃതികൾക്ക് പരിഷ്കാരികളാകുവാൻ പരിഭ്രമമാണെങ്കിൽ പ്രകൃതപ്രാസത്തെ അവർ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യർ മുതൽ പേർക്ക് ഈ പ്രാസം രസിക്കുന്നപക്ഷം അവർ അതിനെ പരിഷ്കരിച്ച മട്ടിൽത്തന്നെ ഉപയോഗിച്ചു കൊള്ളുകയും ചെയ്യട്ടെ' എന്നിങ്ങനെ രണ്ടു പക്ഷത്തിനും യാതൊരു അഭിപ്രായവ്യത്യാസത്തിനും ഇടയാകാത്ത വിധത്തിലായിരുന്നു ഈ മധ്യസ്ഥവിധി. ഇങ്ങനെ തത്കാലം ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച വാദം അവസാനിച്ചു. എങ്കിലും കവനകൗമുദി, കവിതാവിലാസിനി തുടങ്ങിയ മാസികകളിൽ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അനേകം ലേഖനങ്ങൾ ഇതിനുശേഷവും പ്രസിദ്ധീകൃതമായി.

പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമർശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തിൽനിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളർച്ചയിൽ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു. പ്രാസവാദത്തിന്റ ഫലമായി കേരളവർമ പ്രസ്ഥാനമെന്നും രാജരാജവർമ പ്രസ്ഥാനമെന്നും രണ്ടു സാഹിത്യപ്രസ്ഥാനങ്ങൾതന്നെ ഉണ്ടായി. പ്രാസദീക്ഷ കൂടാതെ കെ.സി. കേശവപിള്ള രചിച്ച കേശവീയം മഹാകാവ്യം (കൊ.വ. 1088), ഏ.ആർ. രാജരാജവർമയുടെ മേഘദൂതം (കൊ.വ. 1070), കുമാരസംഭവം (കൊ.വ. 1072), വലിയകോയിത്തമ്പുരാന്റെ ദൈവയോഗം (കൊ.വ. 1084) തുടങ്ങിയ കൃതികളും പ്രാസബദ്ധമായി ഉള്ളൂർ രചിച്ച ഉമാകേരളം മഹാകാവ്യം (കൊ.വ. 1089), വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം (കൊ.വ. 1069), അന്യാപദേശശതകം വിവർത്തനം (കൊ.വ. 1075), കൂണ്ടൂർ നാരായണമേനോന്റെ കുമാരസംഭവം വിവർത്തനം, രഘുവംശം വിവർത്തനം (കൊ.വ. 1087) തുടങ്ങിയ കൃതികളും പ്രാസവാദത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടവയാണ്.

സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തിൽ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തിൽ ആനന്ദവർധനൻ, അഭിനവ ഗുപ്തൻ, ഭട്ടനായകൻ, കുന്തകൻ, ക്ഷേമേന്ദ്രൻ തുടങ്ങിയ ആലങ്കാരികന്മാർ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകൾ. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയിൽനിന്ന് ഭാവപരതയിലേക്കു നീങ്ങാൻ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അർഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിർഭാവത്തിനു വഴിതെളിച്ച ഘടകങ്ങളിൽ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്[1].

അവലംബം[തിരുത്തുക]

 1. പ്രാസവാദം - ഡോ. എസ്. കെ. വസന്തൻ, കേരള സാഹിത്യ അക്കാദമി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദ്വിതീയാക്ഷരപ്രാസവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്വിതീയാക്ഷരപ്രാസം&oldid=3978103" എന്ന താളിൽനിന്ന് ശേഖരിച്ചത്