ദ്രൗപദി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രൗപദി
നോവലിൻറെ പുറംചട്ട
കർത്താവ്പ്രതിഭാറായി
യഥാർത്ഥ പേര്യാജ്ഞസേനി
പരിഭാഷപി. മാധവൻപിള്ള (മലയാളം)
പുറംചട്ട സൃഷ്ടാവ്സുരേഷ് സോമൻ
രാജ്യംഇന്ത്യ
ഭാഷഒറിയ
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2000
ഏടുകൾ336
പുരസ്കാരങ്ങൾമൂർത്തീദേവി(ജ്ഞാനപീഠം)

ഹിമാലയസാനുക്കളിൽ കാൽ വഴുതിവീണ ദ്രൗപദി തൻറെ സഖാവായ കൃഷ്ണനയക്കുന്ന സുദീർഘമായ കത്താണ് ഈ കൃതിയുടെ ഉള്ളടക്കം. ഒറിയ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതി പ്രതിഭ റായിയെ ജ്ഞാനപീഠത്തിൻറെ മൂർത്തീദേവി പുരസ്കാരത്തിനർഹയാക്കി.കാറും കോളും നിറഞ്ഞ തൻറെ പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ദ്രൗപദിയിലൂടെ അവരുടെ സങ്കീർണ്ണമായ വ്യക്തിത്വംവും ഒപ്പം ഭാരതകഥയും [1] ഗ്രന്ഥകർത്താവിൻറെ കാഴ്ച്ചപ്പാടിലൂടെ ചുരുളഴിയുന്നു.

മനുഷ്യചരിത്രത്തിൽ ഏറ്റവും അപമാനിക്കപ്പെടുകയും എന്നാൽ ഏറ്റവും പരിശുദ്ധയായ് കണക്കാക്കപെടുകയും ചെയ്യുന്ന ദ്രൗപദി, തൻറെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്നു പ്രാർത്ഥിക്കുമ്പോൾ ,കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി മാറുന്നു.പി മാധവൻ പിള്ളയാണ് ഈ പ്രശസ്ത കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഗ്രന്ഥകാരി[തിരുത്തുക]

1943 ജനുവരി 21-ന് ഒറിസയിലെ കട്ടക്ക് ജില്ലയിൽ ജനിച്ചു.ഒറിസയിലെ വിവിധ കോളേജുകളിൽ അധ്യാപികയായി.പിന്നീട് ഒറീസ്സ പബ്ലിക്‌ സർവീസ് കമ്മിഷനിൽ മെമ്പറായി.ഇന്ത്യ ഗവണ്മെന്റ് വിദ്യാഭ്യാസ സമൂഹ്യക്ഷേമാവകുപ്പിൻറെ അവാർഡ്‌(1977), 'അപരാജിത' എന്ന കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമക്ക് ഏറ്റവും നല്ല തിരിക്കഥക്കുള്ള അവാർഡ്‌ , 'ശിലാപത്മ'ക്ക് ഒറിയ അകാദമി അവാർഡ്‌ (1985) തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം നോവലുകളും പതിനാറു കഥാസമാഹാരങ്ങളും ഒരു യാത്രാ വിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇവയിൽ പലതും മറ്റു ഭാരതീയ ഭാഷകളിലേക്കും ഇന്ഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായ മഹാഭാരതത്തിലെ [2] നെടുംതൂണായ കഥാപാത്രങ്ങളിൽ ഒന്നാണ് ദ്രൗപദി. ഏറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ ചർച്ചചെയ്യപ്പെടുകയും ചെയ്ത ഒരു ദുരന്ത കഥാപാത്രം. ദ്രുപദൻറെ പ്രതികാരാഗ്നിയുടെ തീജ്വാലയിൽ ഉയിർകൊണ്ട ദ്രൗപദി , അതീവ സുന്ദരിയും ,കൃഷ്ണവർണയും ,വിദുഷിയും ആയിരുന്നു. സർവ സൗഭാഗ്യങ്ങളുടെയും നടുവിൽ ജനിച്ച് സർവഗുണങ്ങളും തികഞ്ഞ പഞ്ചപാണ്ഡവന്മാരെ വരിച്ചിട്ടും എക്കാലവും കരയാനും അപമാനിക്കപ്പെടാനും അവൾ വിധിക്കപ്പെട്ടു.

കാൽപനികതയും ഭക്തിയും ഇഴപിരികാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന മഹാഭാരതകഥയിലെ ഏടുകൾ ദ്രൗപദിയുടെ കാഴ്ച്ചപ്പാടിലൂടെ തികച്ചും മാനുഷിക തലത്തിലേക്ക് ഗ്രന്ഥകാരി കൊണ്ടുവന്നിരിക്കുന്നു. ഐതിഹാസിക നായകന്മാർ ചോദ്യം ചെയ്യാനാവാത്തവിധം പൂർണ്ണരെന്ന സങ്കുചിത ചിന്ത ഗ്രന്ഥകാരി വെടിയുമ്പോൾ മനസ്സിൽ കാത്തുസൂക്ഷിച്ച ബിംബങ്ങൾ വികാരവിചാരങ്ങളുള്ള മനുഷ്യരാണെന്ന് നാം മനസ്സിലാക്കുന്നു. അവർ ദൈവങ്ങളായത് ജന്മം കൊണ്ടല്ല മറിച്ചു കർമ്മം കൊണ്ടാണ്.

അഞ്ചു സതികളിൽ ഒരാളായി ദ്രൗപദിയെ പൂജിച്ചു വരുമ്പോഴും അവരുടെ സ്വഭാവമഹിമയെ പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കഥാസന്ദർഭങ്ങൾ ഇഴകീരിപരിശോധിച്ച് ഗ്രന്ഥകാരി ഉത്തരം തേടുന്നു.കാമക്രോധങ്ങൾക്കുമേൽ തീരെ നിയന്ത്രണമില്ലാത്ത കേവലം ശരാശരി മനുഷ്യസ്ത്രീയായി വ്യഘ്യാനിക്കപ്പെടാമായിരുന്ന കഥാപാത്രത്തെ മാതൃത്വത്തിൻറെയും പാതിവ്രത്യത്തിൻറെയും മകുടോദാഹരണമായി ഗ്രന്ഥകാരി ഉയർത്തുകയും അത് സാധൂകരിക്കുകയും ചെയ്യുന്നു. [3]

ഏറെ വിവാദങ്ങൾക്ക് പാത്രമായ കൃഷ്ണ-കൃഷ്ണൻ ബന്ധവും കഥാകാരി വിശകലനം ചെയ്യുന്നു. അവർ സഖാക്കളാണെന്നും ശരാശരി മനസ്സുകൾക്ക് ഗ്രഹിക്കാനാവുന്നതിനും അപ്പുറം ഗാഡവും ഗൂഡവുമായ ബന്ധമാണെന്നു നാം മനസ്സിലാക്കുന്നു. എങ്ങനെയിരിക്കിലും ദ്രൗപദി ഒരു ഉത്തമ കൃഷ്ണഭ്ക്തയാണെന്നതിൽ തർക്കമില്ലതാനും. പഞ്ചപാണ്ടവന്മാരുടെ വ്യക്തിത്വങ്ങളും ദ്രൗപദിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നു .

ദ്രൗപദി കടന്നുപോകുന്ന അത്യന്തം ഘോരമായ പീഡനങ്ങളിലൂടെ, സ്ത്രീ, അവൾ ഒരിക്കലും സുരക്ഷിതയല്ലെന്നും അതിനായി ദ്രൗപദി തുടങ്ങിവെച്ച പടയോട്ടം അനുസ്യൂതം നീളുമെന്നും കഥാകാരി ഉദ്ഘോഷിക്കുന്നു. വസ്ത്രാക്ഷേപവേളയിൽ. ദ്യുതസഭയിൽ ദ്രൗപദി ഉന്നയിച്ച ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്‌. ചരിത്രത്തിൻറെ ആവർത്തനമെന്ന പോലെ ഇന്നും മഹത്തുക്കളുടെ പക്കൽ അവയ്ക്കൊന്നും കൃത്യമായ ഉത്തരം ഇല്ല.

ജനനം[തിരുത്തുക]

ദ്രോണർ മൂലമുള്ള അഭിമാനക്ഷതത്തിന് പകരം വീട്ടാൻ ദ്രുപദമാഹാരാജാവ് ദ്രോണാന്തകനായ പുത്രനായി കസ്യപമുനിയുടെ വംശജനായ ഉപയാജനെ പ്രസാദിപ്പിച്ചു. അദ്ദേഹത്തിൻറെ യജ്ഞകുണOത്തിൽനിന്ന് ധൃഷ്ടദ്യുംനനോടോപ്പം ഉദ്ഭവിച്ചവളാണ് യാജ്ഞാസേനിയായ് ദ്രൗപദി. മിന്നൽ പിണർ പോലെയുള്ള കാന്തിയോടുകൂടി ,ശുഭ്രവസ്ത്രധാരിണിയായി,വെള്ളത്താമരയും കൈയിലേന്തി ജനിച്ച ദ്രൗപദി , ഇന്ദ്രിയനിഗ്രഹം ചെയ്ത മഹാതാപസന്മാരെ വരെ സ്തബ്ധരാക്കി. ലോകധർമ്മം പാലിക്കാൻ കൗരവാന്തകയായി ജനിച്ചവളാണ് ദ്രൗപദി . ജനനത്തിനു മുൻപേ പിതാവിൻറെ പ്രതികാരം സഫലമാക്കാൻ ബാധിക്കപെട്ടവൾ.

ത്രേതായുഗത്തിൽ ധർമ്മസംസ്ഥാപനാർത്ഥo ദുഖവും അപമാനവും സഹിച്ച സ്ത്രീരത്നമായ സീതാദേവിയുടെ ജീവിതം അവളെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ ധൈര്യപൂർവ്വം തനിക്കു പരീക്ഷണങ്ങളും ,വേദനാജനകമായ അഭിമാനക്ഷതങ്ങളും സഹിക്കാനുള്ള കരുത്ത് നൽകണേ എന്നാണ് അവൾ പ്രാർഥിക്കുന്നത്. ഈ കഥാസന്ദർഭത്തിലൂടെ ധൈര്യത്തിന്റെയും സ്വാഭിമാനതിന്റെയും ഉത്കൃഷ്ട ഉദാഹരണമായി ദ്രൗപദിയെ കണക്കാക്കുന്നതെന്തുകൊണ്ടെന്ന് കഥാകാരി കാണിക്കുന്നുമുണ്ട് .

ഒരു ശരാശരി വനിതയിൽനിന്നു വളരെയേറെ വത്യസ്തയാണ് ദ്രൗപദി. നൃത്യഗീതങ്ങളെക്കാൾ അവൾക്കിഷ്ടം വേദസംവാദങ്ങളാണന്നും, അവ സoഘടിക്കപ്പെട്ടത്‌ അവൾ മൂലമാണെന്നും കഥാകാരി എഴുതുമ്പോൾ വിദുഷിയായ ദ്രൗപദിയെ നാം അടുത്തറിയുന്നു. പരക്കെ വിശ്വസിക്കപ്പെടുന്ന പോലെ ദ്രൗപദി വെറും വികാരജീവിയല്ലെന്നും മറിച്ച് ശാസ്ത്രനിപുണയായ പണ്ധിതയാണന്നും കഥാകാരി കാണിച്ചുതരുന്നു.

സ്വയംവരം[തിരുത്തുക]

കൗരവകുലം മുടിക്കാൻ തുനിഞ്ഞിരുന്ന ദ്രുപദൻ അവളെ വീരാധിവീരനായ കൃഷ്ണനായി ഉഴിഞ്ഞുവെച്ചു. കൃഷ്ണ എന്നു അവൾക്കു വേദവ്യാസൻ നാമകരണം ചെയ്തതോടെ മനോഹരമായ കൃഷ്ണ -കൃഷ്ണൻ ആത്മബന്ധം തുടങ്ങി. എന്നാൽ കൃഷ്ണൻറെ തന്നെ അഭിപ്രായ പ്രകാരം ദ്രുപദൻ അവളെ അർജുനനായി ഉഴിഞ്ഞുവെച്ചു. കൃഷ്ണ-അർജുനന്മാർക്ക് മാത്രം ഭേദിക്കാനാവുന്ന സ്വയംവരവ്യവസ്ഥ തീരുമാനിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ സൂതപുത്രനായ കർണൻ അത് ഭേദിക്കുമെന്നായപ്പോൾ ഭയചകിതരായ ക്ഷത്രിയർ കുടുംബമഹിമ പോര എന്നുള്ള കാരണത്താൽ അസാധുവാക്കി. ഈ സംഭവം കർണൻറെ മനസ്സിൽ അടങ്ങാത്ത അഭിമാനക്ഷതത്തിൻറെ ക്ഷോഭം ഉണ്ടാക്കി. ഈ വൈരം തന്നെയാണ് പിന്നീട് ദ്രൗപദി അനുഭവിക്കേണ്ടിവന്ന ഏറ്റവും വലിയ അപമാനമായ വസ്ത്രാക്ഷേപത്തിൽ കലാശിച്ചത്.

പിന്നീട് ബ്രാഹ്മണനായി വേഷം മാറി വന്ന അർജുനൻ അവളെ വരിക്കുകയും ചെയ്തു. എന്നാൽ കുന്തിയുടെ പിഴവുമൂലം പാണ്ഡവർ അഞ്ചുപേരെയും അവൾക്കു വരിക്കേണ്ടിവന്നു. അർജുനനെ ചെറുപ്പം മുതൽ മനസാ വരിച്ച ദ്രൗപദിക്ക് ഈ വ്യവസ്ഥ അത്യന്തം വേദനാജനകമായിരുന്നു. ഗ്രന്ഥകാരിയുടെ വാക്കുകളിൽ " ഒരു സ്ത്രീ അഞ്ചു ഭർത്താക്കന്മാരെ വരിച്ചതിനു വേറെ ഉദാഹരണമില്ല. സ്ത്രീജാതിയുടെ യശസ്സു ഇത് മൂലം വർദ്ധിക്കുകയില്ല. ഭാവിയിൽ നിന്ദ്യവും കളങ്കിതവും ഗർഹണീയവുമായ വ്യക്തിത്വമുള്ള സ്ത്രീയായി ദ്രൗപദി ചരിത്രത്തിൽ സ്ഥാനം പിടിക്കും . കലിയുഗത്തിൽ, ഒന്നിലേറെ പുരുഷന്മാരുള്ള പിഴച്ച സ്ത്രീകളെ 'ഈ യുഗത്തിലെ ദ്രൗപദി' എന്നു പറഞ്ഞു ആളുകൾ പഴിക്കും."

വസ്ത്രാക്ഷേപം[തിരുത്തുക]

ആശ്വമേധയാഗത്തിനുശേഷം യുധിഷ്ടിരൻ ചക്രവർത്തിയായതോടുകൂടി ദ്രൗപദി ഇന്ദ്രപ്രസ്ഥത്തിലെ മഹാറാണിയായി . അവരോടുള്ള അടങ്ങാത്ത അസൂയയും ദ്രൗപദിയോടുള്ള കാമാർത്തിയും മൂലം കൌരവർ ഒരു ജടിലതന്ത്രം മെനഞ്ഞു. ശകുനിയുടെ തലയിൽ ഉദിച്ച ഈ കുബുദ്ധി കുരുവംശത്തിൻറെ എക്കലെത്തെയും വലിയ നാണക്കേടിന് തിരിതെളിച്ചു.

ശകുനി യുധിഷ്ടിരനെ കള്ളച്ചൂതിൽ പരാജയപ്പെടുത്തുകയും സർവ സ്വത്തുക്കളും അപഹരിക്കുകയും ചെയ്തു. പിന്നീടു പഞ്ചപാണ്ഡവരെയും അവരുടെ ധർമപത്നിയായ ദ്രൗപദിയെയും പന്തയത്തിലൂടെ നെടി. രജസ്വലയും ഏകവസ്ത്രധാരിണിയുമായ ദ്രൗപദിയെ ദുശ്ശസനൻ ബാലാൽക്കാരമായി സഭാമാദ്ധ്യത്തിലേക്ക് കൊണ്ടുവന്നു.കാമാർത്തരായ നൂറുകണക്കിന് രാജാക്കന്മാരുടെയും ,നിശ്ചെഷ്ടരായി നിൽകുന്ന ഭർത്താക്കന്മാരുടേയും നടുവിൽ ഊമകളായിപ്പോയ മഹാപണഡിതന്മാരുടെയും നേർക്ക്‌ ദ്രൗപദി ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു സ്ത്രീക്ക് ലഭിക്കേണ്ട മാന്യതയും നീതിയും ഉറപ്പാക്കേണ്ട കുരുവംശo അവളുടെ ചോദ്യങ്ങൾക്ക് നേരെ മൌനം പാലിച്ചു . കർണൻ അവളുടെ ചോദ്യങ്ങളെ വൈദുഷ്യം പ്രകടിപ്പിക്കാനുള്ള വിദ്യയായി മാത്രം കണ്ടു.ദ്രൗപദിയെ അപമാനിക്കാൻ വെമ്പിനിന്ന കൗരവർ മുട്ടുന്യായങ്ങൾ പറഞ്ഞു എതിർത്ത് നിന്നു. ശബ്ദമുയർത്തിയ വികർണനും ഭീമനും കൗരവർക്കു മാത്രം മനസ്സിലാകുന്ന ധർമ്മത്താൽ അടിച്ചമർത്തപ്പെട്ടു

തീർത്തും നിസ്സഹായയായ ദ്രൗപദി തന്നെ തീർത്തും കൃഷ്ണൻറെ കൈകളിൽ അർപ്പിച്ചു അഭയം തേടി. ഭക്തവത്സലനായ ഭഗവാൻ തൻറെ മുറിവ് വെച്ചു കെട്ടിയതിനുള്ള പ്രതിഭലമായി ദ്രൗപദിക്ക് ഒടുങ്ങാത്ത വസ്ത്രം നൽകി. ദുര്യോധനൻറെ തുട പൊളിക്കുമെന്ന് ഭീമനും ദുശ്ശസനൻറെ മാറ് പിളർന്നെടുത്ത രക്തത്തിൽ അഭിഷേകം ചെയ്യാതെ അഴിഞ്ഞുലഞ്ഞ തലമുടി കേട്ടുകയില്ലെന്നു ദ്രൗപദിയും പ്രതിജ്ഞയെടുത്തു.

ശേഷം അനുഷ്ടിക്കെണ്ടിവന്ന വനവാസ വേളയിലും ദ്രൗപദിക്ക് അത്യന്തം ഘോരമായ അപമാനം സഹിക്കേണ്ടിവന്നു. ദുശ്ശളയുടെ ഭർത്താവായ ജയദ്രഥനാൽ അപഹരിക്കപ്പെടുകയും കീചകനാൽ അപമാനിക്കപ്പെടുകയും ചെയ്തു . ഭാരതകഥയിലാകെ ഇത്രയും പീഡിപ്പിക്കപ്പെട്ട ഒരു വനിതയില്ല . എന്നാൽ പരിതഃസ്ഥിതികളുടെ നടുവിലും ധൈര്യം വെടിയാതെ ദ്രൗപദി നിലകൊണ്ടു . പ്രതികാരേച്ഛയിലൂടെ ദുഷ്ടന്മാരുടെ സർവനാശത്തിനു വഴിയൊരുക്കുകയും ചെയ്തു.ദ്രൗപദി സംരക്ഷിച്ചത് സ്വന്തം മാനം മാത്രമല്ല ,മറിച്ചു ഭാരതസ്ത്രീകളുടെ അവകാശങ്ങൾ കൂടിയാണ്.

കൃഷ്ണ-കൃഷ്ണൻ[തിരുത്തുക]

നോവലിൻറെ ഏറ്റവും വലിയ മേന്മകളിലൊന്ന് തീർത്തും അവ്യക്തമായ ഈ ബന്ധത്തിൻറെ വിശകലനമാണ. കൃഷ്ണൻ ഒരേ സമയം കൃഷ്ണയുടെ ഭഗവാനും സഖാവും ആകുന്ന മായാവസ്ഥ. കൃഷ്ണന്റെ സാമീപ്യവും സഹായവും ഇല്ലാതെ യാജ്ഞാസേനിയായ ദ്രൌപദി വാടിക്കരിഞ്ഞുപോകുമായിരുന്നു. ലോക ഇതിഹാസങ്ങളിൽ അനാദൃശ്യമായ കാവ്യകല്പനയാണ് വ്യാസൻ വ്യഘ്യനിച്ച ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരസ്പര പൂരകങ്ങളും ഒറ്റക്കു നിലനിൽക്കാനാവാത്തതുമായ രണ്ടു കഥാപാത്രങ്ങളാണ് ഇവ രണ്ടും. ദ്രൗപദി -അർജുന ബന്ധത്തിൻറെ ദൃഡത കൂട്ടുന്നതുപോലും രണ്ടുപേർക്കും കൃഷ്ണനോടുള്ള സൌഹാർദ്ധവും സീമകളില്ലാത്ത ഭക്തിയുമാണ്.

നോവലിൽ കൃഷ്ണൻ പറയുന്നുണ്ട് "നോക്കൂ, എന്നെ സന്താനമോ , അതിഥിയോ ഈശ്വരനോ ആയി കാണരുത്. ഞാൻ നിങ്ങളുടെ സഖാവാണ് . നിങ്ങൾ എൻറെ സഖിയും . മനുഷ്യർ തമ്മിലുള്ള മറ്റെല്ലാ ബന്ധങ്ങലളെക്കാളും ഉപരിയാണ് ഈ ബന്ധം. ഈ ബന്ധത്തിന് പേര് നല്കാൻ മനുഷ്യൻറെ ജ്ഞാനത്തിനു കഴിവില്ല. ഇതിലാണ് എനിക്ക് ആനന്ദം".

മറ്റൊരവസരത്തിൽ ദ്രൗപദി "ആ നിമിഷത്തിൽ ഞാൻ രണ്ടു ഭാഗമായി പിരിഞ്ഞു. എൻറെ ദേഹാതീതമായ സൂക്ഷ്മസത്ത നീലജ്യോതിർമയസത്തയിൽ ലയിച്ചുചേർന്നു. എൻറെ അപരാംശo ലൌകിക സുഖഭോഗങ്ങളും ആശയാഭിലാഷങ്ങളും നിറഞ്ഞ സ്വയംവരോദ്യുക്തയായ ദ്രൌപദിയുടെ ദേഹമായി പാഞ്ചാല ദേശത്തെ രാജകൊട്ടാരത്തിൽ അർജുനനെ പ്രതീക്ഷിച്ചിരുന്നു".

മഥുരാപുരിയിൽനിന്നു കൃഷ്ണൻറെ മരണവാർത്ത കേട്ട ദ്രൌപദിയുടെ പ്രതികരണം ഗ്രന്ഥകാരി ഇങ്ങനെ എഴുതുന്നു "എൻറെ തലയിൽ ആകാശം ഇടിഞ്ഞുവീണു. കാൽക്കീഴിൽനിന്നു ഭൂമി ഒലിച്ചുപോയി". കൃഷ്ണൻറെ മരണത്തോടുള്ള ദ്വാപരയുഗത്തിൻറെ അന്ത്യപാദത്തിൽ പഞ്ചപാണ്ഡവരുടെയും ദ്രൗപദി യുടെയും സർവശക്തിയും നശിച്ചു. അവർ സ്വർഗാരോഹണത്തിനു തയ്യാറെടുത്തു.

മഹാപ്രയാണം[തിരുത്തുക]

ഉടലോടെ സ്വർഗത്തിൽ പോകുന്നതിനുള്ള പദയാത്രയിൽ ഹിമാലയത്തിലെ സ്വർണ്ണരേണുവിൽ കാൽ വഴുതിവീണ ദ്രൗപദി എഴുതുന്ന കത്താണ് നോവലിന് ആധാരം. എന്നാൽ അവളെ തിരിഞ്ഞുനോക്കാതെ അഞ്ചു ഭർത്താക്കന്മാരും മുന്നേറി. ദ്രൗപദി വീണു എന്നുള്ള ഭീമൻറെ വാക്കുകൾക്കുള്ള മറുപടിയായി യുധിഷ്ടിരൻ അവളുടെ പാപം അർജുനനോടുള്ള ഇഷ്ടക്കൂടുതലാണെന്നും ആ പാപഭാരമാണ് അവളെ വീഴ്ത്തിയതെന്നും പറഞ്ഞു . മരണവക്ത്രത്തിൽ പെട്ട ദ്രൗപദി തൻറെ പ്രാണനെക്കാളെറെ സ്നേഹിച്ച ഭർത്താക്കന്മാരുടെ ഉപേക്ഷയിൽ വേദനിച്ചു തൻറെ എക്കാലത്തെയും സഖാവായ കൃഷ്ണൻറെ മുൻപിൽ സർവ പാപവും ഏറ്റു പറയുന്നു. വിവശയായ ദ്രൗപദി കൃഷ്ണനോട് ഭിക്ഷ ചോദിക്കുന്നു.

  • ഒന്നാമതായി മറ്റൊരു സ്ത്രീയും സമാനവസ്ഥകളിലൂടെ കടന്നുപോകരുത്
  • രണ്ടാമതായി ശത്രുവിനുപോലും പുത്രശോകം കൊടുക്കരുത്
  • മൂന്നാമതായി ദ്യുതസഭയിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്.
  • നാലാമതായി മഹായുദ്ധങ്ങൾ ഉണ്ടാവരുത്.ഹസ്തിനാപുരിയും ഇന്ദ്രപ്രസ്ഥവും പോലെ ഭൂമി ഭാഗിക്കപെടരുത്.

എന്നാൽ ദ്രൗപദി യുടെ അപൂർണമായ ജീവിതം പോലെ അവളുടെ അവസാന ആഗ്രഹങ്ങൾ ഇന്നും നിറവേറപ്പെടാതെ നിലനിൽക്കുന്നു. സ്ത്രീകൾ അപമാനിക്കപ്പെടുന്നു,മഹായുദ്ധങ്ങൾ തുടരുന്നു ,ഭൂമി ഭാഗിക്കപ്പെടുന്നു. എന്നാൽ ഇതു ഭീകരാവസ്ഥയും തരണം ചെയ്യാനുള്ള മനുഷ്യശക്തിയുടെ പ്രതീകമായി ദ്രൗപദി എന്നെന്നും നിലകൊള്ളും.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സരള അവാർഡ്‌ (1980)
  • മൂർത്തീദേവി അവാർഡ്‌(1991)

അവലംബങ്ങൾ[തിരുത്തുക]

  1. Materia Indica, കർത്താവ്:Whitelaw Ainslie,1826,ഓക്സ്ഫെഡ്;http://books.google.co.in/books/about/Materia_Indica.html?id=9osZAAAAYAAJ&redir_esc=y
  2. http://www.theosophy-nw.org/theosnw/world/asia/as-nhild.htm
  3. "Feminist Perspectives in the novel Yajnaseni of Pratibha Rai;http://www.the-criterion.com/V2/n4/Daxa.pdf" (in English).{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ദ്രൗപദി_(നോവൽ)&oldid=2283619" എന്ന താളിൽനിന്ന് ശേഖരിച്ചത്