ദൈബചന്ദ്ര താലൂക്ദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കവി, നാടകകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു ദൈബചന്ദ്ര താലൂക്ദാർ. അസമിലെ നൽബാരി ജില്ലയിൽ 1900-ൽ ജനിച്ചു. ഗുവാഹത്തിയിലെ കോട്ടൺ കോളജിൽനിന്ന് ബിരുദം നേടിയശേഷം ഗുവാഹത്തി ജില്ലാകോടതിയിൽ ഓഫീസ് അസിസ്റ്റന്റായി.

ആദ്യകാവ്യം[തിരുത്തുക]

1922-ൽ ആദ്യ കാവ്യമായ പ്രേംപാത് പ്രസിദ്ധീകരിച്ചു. തുടർന്ന് 1923-ൽ കുഹിമാല എന്ന കാവ്യസമാഹാരവും പ്രസിദ്ധീകൃതമായി. കഥാഗീത (Ballad) വിഭാഗത്തിൽ വരുന്നവയാണ് ഈ രണ്ട് കൃതികളും. ഗ്രാമീണജീവിതത്തോടുള്ള വിരക്തിയാണ് ഇവയുടെ പ്രമേയം. സൗന്ദര്യ (1930) എന്ന കാവ്യത്തിൽ പ്രകൃതിയുടെ അഭൗമ സൗന്ദര്യത്തിന്റെ വിവിധ തലങ്ങളെ, പ്രഭാതം മുതൽ പ്രദോഷം വരെ പ്രകൃതിക്കു വരുന്ന വ്യതിയാനങ്ങളെ തന്മയീഭാവത്തോടെ കവി ആഖ്യാനം ചെയ്തിരിക്കുന്നു.

നാടകരചന[തിരുത്തുക]

നാടകരചനയിലും പ്രസിദ്ധനായ ഇദ്ദേഹം

  • ബമുനി കൊൻവർ (1924)
  • അസൊംപ്രതിഭ (1920)
  • ഹരദത്ത
  • ഭാസ്കർ ബർമൻ (1923)
  • രാധാരുക്മിണി

എന്നിങ്ങനെ അഞ്ച് ചരിത്ര നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഈ അഞ്ച് നാടകങ്ങളും അസമിലെ പ്രധാന ചരിത്രസംഭവങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുള്ളവയാണ്. ബമുനി കൊൻവർ അഹോം രാജാവായിരുന്ന രാജസുഭംഗപ്പയുടെ കഥയും, അസൊം പ്രതിഭ രാജാവായ നരനാരായണന്റെ ചരിതങ്ങളുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. പൂർവ കവികളായ ശങ്കർദേവിന്റെയും മാധവദേവിന്റെയും പ്രതിഭ തെളിയിക്കാൻ അവർക്ക് രാജാവ് നൽകിയ പ്രോത്സാഹനങ്ങളെക്കുറിച്ചും നാടകങ്ങളിൽ വർണിക്കുന്നു. ഭാസ്കർ ബർമനിൽ 7-ആം നൂറ്റാണ്ടിൽ അസമിൽ (കാമ്രൂപ്) ഭരണം നടത്തിയിരുന്ന ഭാസ്കരവർമന്റെയും ഹർഷവർധനന്റെയും സൗഹൃദവും രാജ്യഭരണവുമാണ് ഇതിവൃത്തം. ഹരദത്തയിൽ അഹോം രാജ്യത്തെ ഭടന്മാരും കാമ്രൂപിലെ ഹരദത്തനും തമ്മിലുള്ള യുദ്ധമാണ് വർണിച്ചിരിക്കുന്നത്. രാധാരുക്മിണി മൊവാമൊറിയയിലെ ജനങ്ങളും അഹോം രാജാവും തമ്മിലുള്ള ഉഗ്രയുദ്ധം വർണ്യവിഷയമായ നാടകമാണ്.

നോവൽരചന[തിരുത്തുക]

കവിതയ്ക്കും നാടകത്തിനും പുറമേ നോവൽരചനയിലും പ്രസിദ്ധനായിരുന്നു ഇദ്ദേഹം.

  • ധുവാലി കുവാലി (മലിനമായ അന്തരീക്ഷം) 1922
  • ആഗ്നേയഗിരി (1924)
  • ബിർദോഹി (1948)
  • അപൂർണ (1931-32)

എന്നിവ ആദ്യകാലത്തു രചിച്ച നോവലുകളാണ്. ഈ സാമൂഹിക നോവലുകളിലൂടെ സാമൂഹിക പരിഷ്കരണവും ആദർശനിഷ്ഠമായ ജീവിതരീതികളുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സ്ത്രീവിദ്യാഭ്യാസം, അയിത്തോച്ചാടനം, നിസ്സഹകരണ പ്രസ്ഥാനം, കുടിൽ വ്യവസായം തുടങ്ങിയവയും വിഷയമാക്കിയിട്ടുണ്ട്. അസമിയ സാഹിത്യത്തിലെ വിവിധ ശാഖകൾക്ക് കനത്ത സംഭാവന നൽകിയ ദൈബചന്ദ്ര 1967-ൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൈബചന്ദ്ര താലൂക്ദാർ (1900 - 67) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദൈബചന്ദ്ര_താലൂക്ദാർ&oldid=3634809" എന്ന താളിൽനിന്ന് ശേഖരിച്ചത്