Jump to content

ദുർഗ്ഗാവതി ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ്ഗാവതി ദേവി
ദുർഗാ ഭാഭിയുടെ സ്മാരകം
ജനനം(1907-10-07)7 ഒക്ടോബർ 1907
മരണം15 ഒക്ടോബർ 1999(1999-10-15) (പ്രായം 92)
സംഘടന(കൾ)ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, നവ്ജവാൻ ഭാരത് സഭ
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)ഭഗവതി ചരൺ വോറ
കുട്ടികൾസചീന്ദ്ര വോറ

ഒരു ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ് ദുർഗ്ഗാവതി ദേവി (1907 ഒക്ടോബർ 7 - 1999 ഒക്ടോബർ 15). ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും ട്രെയിനിൽ ഒളിച്ചുകടക്കാൻ സഹായിച്ച ധീരവനിത. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്തിയിട്ടുള്ള അപൂർവം സ്ത്രീകളിലൊരാളാണ് ഇവർ. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ദുർഗ്ഗാവതി ദേവി ഇതേ സംഘടനയിൽ അംഗമായിരുന്ന ഭഗവതി ചരൺ വോഹ്റയെയാണ് വിവാഹം കഴിച്ചത്. സംഘടനയിലെ മറ്റ് അംഗങ്ങൾ ദുർഗ്ഗയെ 'ജ്യേഷ്ഠന്റെ ഭാര്യ' എന്നർത്ഥത്തിൽ 'ഭാഭി' എന്ന് അഭിസംബോധന ചെയ്തിരുന്നു. അതേത്തുടർന്ന് വിപ്ലവകാരികൾക്കിടയിൽ ഇവർ ദുർഗാ ഭാഭി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാണ്ടേഴ്സ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിനു ശേഷം ഭഗത് സിംഗ് ഒരു തീവണ്ടിയിൽ വേഷം മാറി സഞ്ചരിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്നിയുടെ വേഷത്തിൽ ദുർഗാവതി ദേവിയും ആ തീവണ്ടിയിൽ ഉണ്ടായിരുന്നു.[1]

ജീവിതം[തിരുത്തുക]

അലഹബാദിലെ ഗുജറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനനം[2]. പതിനൊന്നാം വയസ്സിൽ ഭഗവതി ചരൺ വോറയെ വിവാഹം കഴിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ വിപ്ലവപ്രവർത്തനങ്ങളിൽ സജീവമായി. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, നവ്ജവാൻ ഭാരത് സഭ എന്നീ വിപ്ലവസംഘടനകളിൽ ചേർന്ന ദുർഗ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധവിപ്ലവങ്ങൾ നടത്തിയിട്ടുണ്ട്. 1929 ലെ ഡൽഹി അസംബ്ളി ബോംബ് ആക്രമണ കേസിൽ കീഴടങ്ങിയ ഭഗത്‌സിംഗിന്റെ മോചനത്തിനായി പോരാടി. സ്വന്തം ആഭരണങ്ങൾ വിറ്റ് നിയമ പോരാട്ടത്തിന് പണം സ്വരൂപിച്ചു. വിപ്ളവകാരികൾക്കായി ഡൽഹിയിൽ ബോംബ് നിർമ്മാണ കേന്ദ്രം നടത്തുന്നതിൽ ദുർഗാവതിയും ഭർത്താവും പങ്കാളി ആയി[2]. ജെ.പി. സാണ്ടേഴ്സ് എന്ന ബ്രിട്ടീഷുകാരനെ വധിച്ച ഭഗത് സിംഗിനെയും ശിവറാം രാജ്ഗുരുവിനെയും രക്ഷപെടാൻ സഹായിച്ചത് ദുർഗ്ഗയായിരുന്നു. 63 ദിവസത്തെ നിരാഹാരത്തിനു ശേഷം ജയിലിൽ കിടന്നു മരിച്ച ജതീന്ദ്ര നാഥ് ദാസിന്റെ ശവസംസ്കാരച്ചടങ്ങുകളോടനുബന്ധിച്ച് ലാഹോറിൽ നിന്ന് കൊൽക്കത്തയിലേക്ക് ദുർഗ്ഗയുടെ നേതൃത്വത്തിൽ ഒരു വിലാപയാത്ര നടത്തിയിരുന്നു.[1]

വിപ്ലവ പ്രവർത്തനങ്ങൾ[തിരുത്തുക]

നെഹ്രുവിനൊടൊപ്പം

1928 ഡിസംബർ 19-ന് സാണ്ടേഴ്സിനെ വധിച്ചതിനു ശേഷം രക്ഷപെടുന്നതിനായി ഭഗത് സിംഗ്, രാജ്ഗുരു എന്നീ വിപ്ലവകാരികൾ ദുർഗ്ഗാവതിയുടെ സഹായം തേടിയിരുന്നു. ഒരു തീവണ്ടിയിൽ വേഷപ്രച്ഛന്നനായി രക്ഷപ്പെടാനായിരുന്നു ഭഗത് സിംഗിന്റെ പദ്ധതി. ഈ യാത്രയ്ക്കു വേണ്ടി വേഷം മാറി വന്ന ഭഗത് സിംഗിന്റെ പത്നിയുടെ വേഷത്തിൽ ദുർഗ്ഗ സഞ്ചരിച്ചു. സ്വന്തം മകനായ സച്ചിനെയും മടിയിലിരുത്തിയാണ് അവർ യാത്ര ചെയ്തത്. വേലക്കാരന്റെ വേഷത്തിൽ രാജ്ഗുരുവും അവരോടൊപ്പം ഉണ്ടായിരുന്നു. ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതിനു ശേഷമാണ് ദുർഗ്ഗയും മകനും ലാഹോറിലേക്കു മടങ്ങിയത്.[3]

1929-ൽ നിയമനിർമ്മാണ സഭയിൽ ബോംബ് വച്ച കേസിൽ ഭഗത് സിംഗ് കീഴടങ്ങിയപ്പോൾ ലോർഡ് ഹെയിലി എന്ന ബ്രിട്ടീഷുകാരനെ വധിക്കുവാൻ ദുർഗ്ഗ ശ്രമിച്ചിരുന്നു. ഹെയ്ലി രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹായികളിൽ ചിലർ കൊല്ലപ്പെട്ടു. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദുർഗ്ഗയെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് മൂന്നു വർഷം ജയിലിലായിരുന്നു. ഡെൽഹിയിലെ ഖുതബ് റോഡിലുള്ള 'ഹിന്ദുസ്ഥാൻ ടോയ്ലറ്റ്സ്' എന്ന സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന ബോംബ് നിർമ്മാണശാലയുടെ പ്രവർത്തനങ്ങളിൽ ദുർഗ്ഗയും പങ്കാളിയായിരുന്നു.

പിന്നീടുള്ള ജീവിതം[തിരുത്തുക]

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഗാസിയാബാദിൽ ഒരു സാധാരണ ജീവിതമാണ് ദുർഗ്ഗ നയിച്ചത്. മറ്റ് സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നു വ്യത്യസ്തമായി തന്റെ പഴയ ചരിത്രം പരസ്യമാക്കുവാൻ അവർ ആഗ്രഹിച്ചില്ല. പാവപ്പെട്ട കുട്ടികൾക്കായി ലക്നൗവിൽ ഒരു സ്കൂൾ തുടങ്ങി. 1999 ഒക്ടോബർ 15-ന് ഗാസിയാബാദിൽ വച്ച് ദുർഗ അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 92 വയസ്സുണ്ടായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "The Tribune...Sunday Reading". Tribuneindia.com. Retrieved 9 November 2012.
  2. 2.0 2.1 Daily, Keralakaumudi. "അമൃതസ്മൃതി ദുർഗാവതി ദേവി 1907 - 1999" (in ഇംഗ്ലീഷ്). Retrieved 2023-03-02.
  3. Bakshi, S. R. (1988). Revolutionaries and the British Raj. Atlantic Publishers. p. 61.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗാവതി_ദേവി&oldid=3898337" എന്ന താളിൽനിന്ന് ശേഖരിച്ചത്