ദുഃഖശനി
ദുഃഖവെള്ളിയാഴ്ചക്കും ഈസ്റ്റർ ഞായറാഴ്ചക്കും ഇടയിൽ വരുന്ന ശനിയാഴ്ചയാണ് ദുഃഖശനി. വിശുദ്ധ വാരത്തിലെ ഈ ശനിയാഴ്ചയെ വിശുദ്ധ ശനി (Holy Saturday), വലിയ ശനി (Great Saturday), അറിയിപ്പിന്റെ ശനി (Gospel Saturday) എന്നും അറിയപ്പെടുന്നു. യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് ക്രൈസ്തവസഭ ഈ ദിവസം അനുസ്മരിക്കുന്നത്. ദുഃഖശനിയാഴ്ച ദിവസം ഒട്ടുമിക്ക ക്രിസ്തീയ ദേവാലയങ്ങളിലും ആഘോഷകരമായ കുർബാന ഉണ്ടാവില്ല. യേശുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അമ്പത് നോമ്പിലെ അവസാന ദിവസം കൂടിയാണ് ദുഃഖശനി. ദുഃഖശനിയാഴ്ച വൈകുന്നേരം മുതൽ പിറ്റേന്നു രാവിലെ വരെ ഉയിർപ്പിനു വേണ്ടി വിശ്വാസികൾ കാത്തിരിക്കുന്ന പതിവ് ക്രൈസ്തവസഭയുടെ ആദ്യകാലം മുതലുണ്ടായിരുന്നു.[1]
ദുഃഖശനി ആചരണം വിവിധ സഭകളിൽ
[തിരുത്തുക]കത്തോലിക്കാ സഭയിൽ
[തിരുത്തുക]ദേവാലയങ്ങളിൽ പ്രത്യേകമായി ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടാകില്ല. അന്നേ ദിവസം കുർബ്ബാനയും ഉണ്ടായിരിക്കില്ല. അൾത്താര ദുഃഖവെള്ളിയാഴ്ചയിൽ എന്ന പോലെ ശൂന്യമായിരിക്കും. സക്രാരി തുറന്നിട്ടിരിക്കും. ആശിർവദിച്ച അപ്പമോ, പെസഹാ വ്യാഴാഴ്ച ആശിർവദിച്ച ഒസ്തികളിൽ ബാക്കി വന്നവയോ സക്രാരിയിൽ വെക്കില്ല. സാധാരണഗതിയിൽ സങ്കീർത്തിയിൽ തെളിച്ചു വെച്ച തിരിയുടെ അകമ്പടിയോടെ പ്രത്യേക പീഠത്തിലാണ് ആശിർവദിച്ച ഒസ്തികൾ സൂക്ഷിച്ചു വെക്കുന്നത്. അടിയന്തരമായി അന്ത്യകൂദാശ നൽകേണ്ട അവസരത്തിൽ ഈ ഒസ്തിയാണ് ഉപയോഗിക്കുന്നത്.
സഭയുടെ ആരാധനക്രമം അനുസരിച്ച് തിരുനാളുകൾ കണക്കാക്കുന്നത് തലേ ദിവസത്തെ സായാഹ്ന പ്രാർത്ഥന മുതലായതിനാൽ ഈസ്റ്റർ ജാഗരണം വലിയ ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ആരംഭിക്കും.
ഈസ്റ്റർ ജാഗരണം
[തിരുത്തുക]റോമൻ കത്തോലിക്കാ ആരാധനക്രമത്തിൽ ഏറ്റവും ദൈർഘ്യമേറിയ അനുഷ്ഠാനം ഈസ്റ്റർ ജാഗരണമാണ്. മൂന്നോ നാലോ മണിക്കൂർ ദൈർഘ്യമുള്ള ജാഗരണത്തിന്റെ പ്രധാനഭാഗങ്ങൾ പെസഹാ തിരിതെളിക്കൽ, വചനശുശ്രൂഷ, ജ്ഞാനസ്നാന ശുശ്രൂഷ, ദിവ്യബലിയർപ്പണം എന്നിവയാണ്.
ഈസ്റ്റർ ജാഗരണത്തിന് മുന്നോടിയായി ദേവാലയത്തിലെ വെളിച്ചം എല്ലാം അണയ്ക്കും. ഒന്നുകിൽ ദേവാലയത്തിന് പുറത്തോ അല്ലെങ്കിൽ ദേവാലയത്തിന്റെ ഏതെങ്കിലും ഒരു മൂലയ്ക്കോ വിശ്വാസികൾ ഒന്നിച്ചു കൂടും. അവിടെ വെച്ച് കനലൂതി കാർമ്മികൻ തീയുണ്ടാക്കും. പാപത്തിന്റെയും മരണത്തിന്റെ അന്ധകാരം ദൂരെയകറ്റി യേശുവിന്റെ ഉത്ഥാനത്തിലൂടെ ദൈവം ലോകത്തിന് നൽകിയ രക്ഷയുടെയും പ്രത്യാശയുടെയും പ്രകാശത്തെയാണ് ഈ പുതിയ തീ പ്രതിനിധാനം ചെയ്യുന്നത്. വൈദികൻ ഈ തീ പ്രത്യേകമായി തയ്യാറാക്കിയ പെസഹാതിരിയിലേക്ക് പകരുന്നു. തുടർന്ന് ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവരും ഈ പെസഹാ തിരിയിൽ നിന്ന് തങ്ങളുടെ കൈവശമുള്ള തിരി കത്തിക്കുകയും അടുത്തുള്ളവരുടെ തിരികളിലേക്ക് നാളം പകരുകയും ചെയ്യുന്നു.
പ്രദക്ഷിണമായി എല്ലാവരും ദേവാലയത്തിൽ പ്രവേശിക്കുന്നതാണ് അടുത്തത്. ഈ പ്രദക്ഷിണത്തിനടയിൽ മൂന്നിടങ്ങളിൽ നിൽക്കുകയും കാർമ്മികൻ 'ക്രിസ്തുവിൻ പ്രകാശം' എന്ന് പറയുകയും മറ്റുള്ളവർ 'ദൈവത്തിന് സ്തോത്രം' എന്ന് പ്രതിവചിക്കുകയും ചെയ്യും. പ്രദക്ഷിണമായി അൾത്താരയിൽ എത്തിയ ശേഷം പെസഹാ തിരി നാട്ടി നിർത്തും. ഉയിർപ്പ് കാലം മുഴുവൻ ഈ തിരി ഇവിടെ തന്നെ തെളിച്ച് വെക്കും. ബാക്കി വരുന്ന തിരി പിന്നീട് വരുന്ന ഒരു വർഷം നടക്കുന്ന ജ്ഞാനസ്നാന സമയത്തും മൃതസംസ്കാര സമയത്തും ഉപയോഗിക്കാനുള്ളതാണ്. ക്രിസ്തു ജീവനും പ്രകാശവുമാണ് എന്നത്തിന്റെ പ്രതീകമായാണ് ഇത്തരം അവസരങ്ങളിൽ പെസഹാത്തിരി തെളിക്കുന്നത്.
തുടർന്ന് വചനശുശ്രൂഷയാണ്. പഴയനിയമത്തിൽ നിന്നും രണ്ടു മുതൽ ഏഴുവരെ വായനകളും ഓരോ വായനയേയും തുടർന്ന് പ്രതിവചനസങ്കീർത്തനവും അടങ്ങിയ ആദ്യഭാഗം തീരുന്നതോടെ ഗായകസംഘം ഗ്ലോറിയ ആലപിക്കും. ഈ സമയത്ത് സമൂഹം തങ്ങളുടെ കൈകളിലെ തിരികൾ അണക്കുകയും ദേവാലയത്തിലെ ദീപസംവിധാനങ്ങൾ തെളിയുകയും ചെയ്യും. പുതിയ നിയമത്തിൽ നിന്നുള്ള വായനയാണ് തുടർന്ന് വരുന്നത്. പൗലോസ് അപ്പോസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് വായിക്കുന്നത്. പിന്നീട് ഗായകസംഘം ആലേലൂയ ആലപിക്കുന്നു. തപസുകാലം ആരംഭം മുതൽ നിർത്തി വെക്കുന്ന ആലേലൂയ ആലാപനം ഈസ്റ്റർ ആചരണത്തിലാണ് പുനരാരംഭിക്കുന്നത്. തുടർന്ന് സുവിശേഷം പ്രഘോഷണ കർമ്മമാണ് വൈദികൻ യേശുവിന്റെ ഉയിർപ്പിനെ വിവരിക്കുന്ന സുവിശേഷഭാഗം വായിക്കുകയും തുടർന്ന് വചനപ്രഘോഷണം നടത്തുകയും ചെയ്യുന്നു.
ജ്ഞാനസ്നാന ശുശ്രൂഷയിൽ ആദ്യത്തേത് ജ്ഞാനസ്നാനജലം ആശിർവദിക്കലാണ്. തുടർന്ന് ജ്ഞാനസ്നാനാർത്ഥികളുണ്ട് എങ്കിൽ അവരുടെ ജ്ഞാനസ്നാനവും ജ്ഞാനസ്നാനം നേരത്തെ സ്വീകരിച്ചവരുടെ വ്രതനവീകരണവും വിശ്വാസികളുടെ മേലുള്ള തീർത്ഥം തളിക്കലും നടക്കും. ജ്ഞാനസ്നാനശുശ്രൂഷക്ക് ശേഷം ദിവ്യബലി തുടരുന്നു.
ഓർത്തഡോക്സ് സഭകളിൽ
[തിരുത്തുക]കുരിശു മരണം വരിച്ച യേശു ഈ ദിവസം തനിക്ക് മുമ്പേ മൃതരായവരോട് സുവിശേഷം അറിയിച്ചു എന്ന പരമ്പരാഗത വിശ്വാസത്തെ അടിസ്ഥാനമാക്കി സുറിയാനി ഓർത്തഡോക്സ് സഭയും കേരളത്തിലെ ഓർത്തഡോക്സ് സഭകളും ഈ ദിവസത്തെ അറിയിപ്പിന്റെ ശനി എന്നും വിളിക്കുന്നു.
ദുഃഖവെള്ളിദിനത്തിലേതു പോലെയുള്ള അനുതാപ പ്രാർത്ഥനകളും കീർത്തനങ്ങളും ആണ് ഈ ദിവസത്തേതും. വിശുദ്ധ വാര ചടങ്ങുകളിൽ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന സ്ലീബ (കുരിശ്) ദുഃഖവെള്ളിയാഴ്ച ദിവസം പ്രധാന മദ്ബഹ(അൾത്താര)യിലെ ത്രോണോസിൽ (ബലിപീഠത്തിൽ) അടക്കം ചെയ്തിരിക്കുന്നതിനാൽ ദുഃഖശനിയിലെ കുർബാനയർപ്പണം വശങ്ങളിലുള്ള അൾത്താരകളിലൊന്നിലാണ് നടത്തുക.[2] വിശ്വാസികൾ തങ്ങളുടെ മരിച്ചു പോയവരെ ഓർക്കുന്നതിനും അവരുടെ കല്ലറകളിൽ പ്രാർത്ഥന നടത്തുന്നതിനും കൂടി ഈ ദിവസം വിനയോഗിക്കുന്നു. ദുഃഖശനിയാഴ്ചത്തെ സന്ധ്യാപ്രാർത്ഥനയോട് കൂടി ഈസ്റ്ററിന്റെ ഒരുക്കത്തിലേക്ക് സഭ കടക്കുന്നു.