ദീപക് നയ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമ്പത്തിക ശാസ്ത്രജ്ഞനായ ദീപക് നയ്യാർ 1946 സെപ്റ്റംബർ 26-ന് പട്യാലയിൽ ജനിച്ചു. പിതാവ് സോഹൻലാൽ നയ്യാർ. മാതാവ് വിദ്യാനയ്യാർ. ഡൽഹി സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്ന നയ്യാർ, ഇപ്പോൾ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രവിഭാഗത്തിൽ പ്രൊഫസറായി പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ പഠനം പൂർത്തിയാക്കി. റോഡെസ് (Rhodes) സ്കോളർഷിപ്പിന് അർഹനായതിനെത്തുടർന്ന് ഓക്സ്ഫഡ്സർവകലാശാലയിലെ ബല്ലിയോൽ (Balliol) കോളജിൽ പ്രവേശനം ലഭിച്ചു. തുടർന്ന് ധനതത്ത്വശാസ്ത്രത്തിൽ ബി.എൽ., ഡി.ഫിൽ ബിരുദങ്ങൾ നേടി.

പദവികൾ[തിരുത്തുക]

അമേരിക്കയിലെ സോഷ്യൽ സയൻസ് റിസർച്ച് കൌൺസിലിന്റെ 2001 - 2007 കാലയളവിലെ ഡയറക്ടർബോർഡംഗം, 2004-2007-ൽ ഓക്സ്ഫഡ് സർവകലാശാലയ്ക്കു കീഴിലുള്ള എലിസബത്ത് ഹൌസിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഇന്റർനാഷണൽ ഡവലപ്മെന്റിന്റെ ഉപദേശകസമിതിയുടെ ചെയർമാൻ, ഇന്ത്യൻ എക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റ്, ഓക്സ്ഫഡ് ബല്ലിയോൽ (Balliol) കോളജിൽ ഓണററി ഫെലൊ, ഹെൽസിങ്കിയിലെ (Helsinki) വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവർണൻസ് ചെയർമാൻ, പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ പ്രസാധകരായ സമീക്ഷ ട്രസ്റ്റിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്.എ.ഐ.എൽ. (SAIL) എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കുന്നു.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി കമ്മീഷനുകളിലും കമ്മിറ്റികളിലും ബോർഡുകളിലും അംഗമായിരുന്നിട്ടുണ്ട്. ഇന്ത്യയിലെ നാഷണൽ നോളജ് കമ്മീഷൻ അംഗമായിരുന്നു. വേൾഡ് കമ്മീഷൻ ഓൺ ദി സോഷ്യൽ ഡൈമൻഷൻസ് അംഗം, സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡംഗം, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഒഫ് ഇന്ത്യ, മാരുതി ഉദ്യോഗ് എന്നീ സ്ഥാപനങ്ങളുടെ ഭരണ-ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ഗവേഷണ രചനകൾ[തിരുത്തുക]

ഇന്റർനാഷണൽ എക്കണോമിക്സ്, മാക്രോ എക്കണോമിക്സ്, ഡെവലപ്മെന്റ് എക്കണോമിക്സ് തുടങ്ങിയ പഠന ശാഖകളിൽ നിരവധി പ്രമുഖ ഗവേഷണ പഠനങ്ങൾ ദീപക് നയ്യാർ രചിച്ചിട്ടുണ്ട്. വാണിജ്യനയം, വ്യാവസായിക അടവുനയവും സമീപനങ്ങളും, ഘടനാപരമായ മാറ്റങ്ങൾ, സാമ്പത്തിക ഉദാരീകരണം, വാണിജ്യസിദ്ധാന്തം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ രചനകളും നിർവഹിച്ചിട്ടുണ്ട്. ആഗോളവത്കരണവും വികസനവുമായി ബന്ധപ്പെട്ടതാണ് നയ്യാറുടെ സമകാലിക ഗവേഷണ പഠനങ്ങൾ. സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകൾക്ക് വി.കെ.ആർ.വി. റാവു അവാർഡിന് അർഹനായിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • ഇന്ത്യാസ് എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട് പോളിസീസ്
  • മൈഗ്രേഷൻ
  • റമിറ്റൻസസ് ആൻഡ് ക്യാപ്പിറ്റൽ ഫ്ലോസ്
  • ട്രേഡ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ
  • സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്
  • മാക്രോ ഇക്കണോമിക്സ്
  • ലിബറലൈസേഷൻ ആൻഡ് ഡെവലപ്മെന്റ്
  • ട്രേഡ് ആൻഡ് ഗ്ലോബലൈസേഷൻ

എന്നിവയാണ് പ്രധാന കൃതികൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നയ്യാർ, ദീപക് (1946 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദീപക്_നയ്യാർ&oldid=1696878" എന്ന താളിൽനിന്നു ശേഖരിച്ചത്