ദ സൈലൻസ് ഓഫ് ദ ലാംബ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദി സൈലൻസ് ഓഫ് ദി ലാംബ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി സൈലൻസ് ഓഫ് ദി ലാംബ്സ്
ദി സൈലൻസ് ഓഫ് ദി ലാംബ്സ് : ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം ജൊനാതൻ ഡെം
നിർമ്മാണം റൊണാൾഡ് ബോസ്മാൻ, എഡ്വേർഡ് സാക്സൺ, കെന്നെത് ഉട്ട്
രചന തോമസ് ഹാരിസ്
തിരക്കഥ ടെഡ് ടാലി
അഭിനേതാക്കൾ ആന്റണി ഹോപ്കിൻസ്
ജോഡി ഫോസ്റ്റർ
സ്കോട്ട് ഗ്ലെൻ
ടെഡ് ലെവിൻ
സംഗീതം ഹൊവാർഡ് ഷോർ
ഛായാഗ്രഹണം ടാക് ഫ്യുജിമൊട്ടോ
ചിത്രസംയോജനം ക്രെയിഗ് മക്‌കേ
വിതരണം ഒറയൺ പിച്ചേഴ്സ്
റിലീസിങ് തീയതി 1991
സമയദൈർഘ്യം 118 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

1991-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്‌ ദി സൈലൻസ് ഓഫ് ദി ലാംബ്സ് (ഇംഗ്ലീഷ് : The Silence of the Lambs). ജൊനാതൻ ഡെം സംവിധാനം ചെയ്ത ചിത്രത്തിൽ ജോഡി ഫോസ്റ്റർ, ആന്റണി ഹോപ്കിൻസ്, സ്കോട്ട് ഗ്ലെൻ. ടെഡ് ലെവിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മനഃശാസ്ത്രവിദഗ്ദ്ധനും നരഭോജിയായ പരമ്പരക്കൊലയാളിയുമായ ഹാനിബൽ ലെക്റ്ററെ കേന്ദ്രകഥാപാത്രമാക്കി തോമസ് ഹാരിസ് എഴുതിയ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബുഫലോ ബിൽ എന്ന പേരിൽ അറിയപ്പെടുന്ന പരമ്പരക്കൊലയാളിയെ കണ്ടെത്താൽ എഫ്.ബി.ഐ. ട്രെയിനി ആയ ക്ലാരിസ് സ്റ്റാർലിങ് തടങ്കലിലുള്ള ലെക്റ്ററുടെ സഹായം തേടുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, നടൻ, നടി എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ ചിത്രത്തിന്‌ ലഭിച്ചു. ഈ പുരസ്കാരങ്ങളെല്ലാം നേടിയിട്ടുള്ള മൂന്ന് ചിത്രങ്ങളിലൊന്നാണ്‌ ദി സൈലൻസ് ഓഫ് ദി ലാംബ്സ്.[1][2][3]

കഥാസംഗ്രഹം[തിരുത്തുക]

എഫ്.ബി.ഐ. ട്രെയിനിയായ ക്ലാരിസ് സ്റ്റാർലിങ്ങിനോട് (ജോഡി ഫോസ്റ്റർ) ജാക്ക് ക്രോഫോർഡ് (സ്കോട്ട് ഗ്ലെൻ) മാനസികാശുപത്രിയിൽ തടങ്കലിൽ കഴിയുന്ന മനഃശാസ്ത്രജ്ഞനും നരഭോജിയായ പരമ്പരക്കൊലയാളിയുമായ ഹാനിബൽ ലെക്റ്ററോട് (ആന്റണി ഹോപ്കിൻസ്) സംസാരിക്കാനാവശ്യപ്പെടുന്നു. പരമ്പരക്കൊലയാളിയായ ബുഫലോ ബില്ലിനെക്കുറിച്ച് വിവരങ്ങൾ നേടാൻ ശ്രമിക്കുകയാണ്‌ ഉദ്ദേശ്യം. ബാൽട്ടിമോറിലെ ആശുപത്രിയിലേക്ക് പോകുന്ന സ്റ്റാർലിങ്ങിനെ ലെക്റ്റെറെ ചികിത്സിക്കുന്ന ഡോ. ഫ്രെഡെറിക് കിൽട്ടണെയും (ആന്റണി ഹെൽഡ്) കണ്ടുമുട്ടുന്നു. ലെക്റ്റർ സ്റ്റാർലിങ്ങിനോട് താൻ ചികിത്സിച്ച ഒരു രോഗിയെ സന്ദർശിക്കാനാവശ്യപ്പെടുന്നു. അയാൾ മരിച്ചതായി കണ്ടെത്തുന്ന സ്റ്റാർലിങ്ങ് അയാൾക്ക് ബുഫലോ ബില്ലുമായി ബന്ധമുണ്ടെന്നും മനസ്സിലാക്കുന്നു. തന്നെ കിൽട്ടന്റെ അടുത്തുനിന്ന് മറ്റെവിടേക്കെങ്കിലും നീക്കുകയാണെങ്കിൽ സഹായിക്കാമെന്ന് ലെക്റ്റർ സ്റ്റാർലിങ്ങിനെ അറിയിക്കുന്നു.

ബുഫലോ ബിൽ ഒരു അമേരിക്കൻ സെനറ്ററുടെ മകളെ തട്ടിക്കൊണ്ടുപോകുന്നു. ക്രോഫോർഡിന്റെ നിർദ്ദേശമനുസരിച്ച് സ്റ്റാർലിങ്ങ് ലെക്റ്റർക്ക് ഒരു വ്യാജ ഒത്തുതീർപ്പ് സമർപ്പിക്കുന്നു. എന്നാൽ സ്റ്റാർലിങ്ങിന്റെ ജീവിതത്തെക്കുറിച്ച് അറിയാനാണ്‌ ലെക്റ്റർ വിവരങ്ങൾക്ക് പകരമായി ആവശ്യപ്പെടുന്നത്. സംഭാഷണം റെക്കോർഡ് ചെയ്ത കിൽട്ടൺ ഒത്തുതീർപ്പ് വ്യാജമെന്ന് ലെക്റ്ററെ അറിയിക്കുകയും പുതിയ ഒരു ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് മെംഫിസിലേക്ക് പോകുന്ന ലെക്റ്റർ ബുഫലോ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. എന്നാൽ ലെക്റ്ററെ സന്ദർശിക്കുന്ന സ്റ്റാർലിങ്ങ് ലെക്റ്റർ നൽകിയ വിവരങ്ങൾ തെറ്റായിരുന്നെന്ന് മനസ്സിലാക്കുന്നു. തന്റെ ചെറുപ്പകാലത്തെക്കുറിച്ച് കൂടുതൽ പറയാനാവശ്യപ്പെടുന്ന ലെക്റ്ററോട് സ്റ്റാർലിങ്ങ് താൻ അനാഥയായതിനുശേഷം ജീവിച്ച ഒരു ഫാമിൽ വച്ച് അറവിന്‌ നിറുത്തിയ ആട്ടിൻ‌കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു സംഭവം വിവരിക്കുന്നു. ബുഫലോ ബില്ലുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ ലെക്റ്റർ സ്റ്റാർലിങ്ങിന്‌ നൽകുന്നു. അന്ന് രാത്രി ലെക്റ്റർ തടവുചാടി രക്ഷപ്പെടുന്നു.

ലെക്റ്റർ നൽകിയ വിവരങ്ങളനുസരിച്ച് സ്റ്റാർലിങ്ങ് ബുഫലോ ബില്ലിന്‌ ആദ്യം കൊന്ന സ്ത്രീയെ അറിയാമായിരുന്നുവെന്ന് മനസ്സിലാക്കുന്നു. ബുഫലോ ബിൽ തുന്നൽക്കാരനായിരുന്നുവെന്നും സ്ത്രീകളുടെ തൊലികൾ കൊണ്ട് ഒരു സ്യൂട്ടുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സ്റ്റാർലിങ്ങ് കണ്ടെത്തുന്നു. ക്രോഫോർഡിനെ ഫോൺ ചെയ്ത് അറിയിക്കുമ്പോൾ കൊലയാളി ജെയിം ഗമ്പ് (ടെഡ് ലെവിൻ) എന്നൊരാളാണെന്ന് മനസ്സിലായെന്നും അയാളെ കീഴ്പെടുത്താൻ പോവുകയാണെന്നും ക്രോഫോർഡ് അറിയിക്കുന്നു. സ്റ്റാർലിങ്ങിന്റെ അന്വേഷണങ്ങൾ അവരെ ജാക്ക് ഗോർഡൺ എന്നൊരാളുടെ അടുത്തെത്തിക്കുന്നു. ക്രോഫോർഡ് കൊലയാളിയെ തിരഞ്ഞെത്തുന്ന വീട് ശൂന്യമാണ്‌. ബുഫലോ ബിൽ കൊന്ന വ്യക്തിയുടെ തൊണ്ടയിൽ കണ്ട ചിത്രശലഭത്തെ ഗോർഡന്റെ വീട്ടിൽ കാണുന്ന സ്റ്റാർലിങ്ങ് അയാളാണ്‌ യഥാർത്ഥത്തിൽ ജെയിം ഗമ്പ് എന്ന് മനസ്സിലാക്കുന്നു. തുടർന്ന് അവർ ഗമ്പിനെ വധിക്കുകയും സെനറ്ററുടെ മകളെ രക്ഷിക്കുകയും ചെയ്യുന്നു.

സ്റ്റാർലിങ്ങിന്റെ ഗ്രാജ്വേഷൻ സമയത്ത് ലെക്റ്റർ അവരെ ഫോൺ ചെയ്യുന്നു സ്റ്റാർലിങ്ങിനെ പിന്തുടരാൻ ഉദ്ദേശ്യമില്ലെന്നും അതേ രീതിയിൽ തന്നോടും വർത്തിക്കണമെന്നും ലെക്റ്റർ ആവശ്യപ്പെടുന്നു. കിൽട്ടണെ കൊന്ന് തിന്നാൻ പോവുകയാണെന്ന് സ്റ്റാർലിങ്ങിനോട് സൂചിപ്പിച്ചുകൊണ്ട് ലെക്റ്റർ അയാളെ പിന്തുടരുന്നതോടെ കഥ അവസാനിക്കുന്നു.

പ്രതികരണം[തിരുത്തുക]

ചിത്രം പുറത്തിറങ്ങിയ സമയത്ത് അത് വിജയമാകുമെന്ന് വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ 1.9 കോടി ഡോളർ മുടക്കുമുതലോടെ പുറത്തിറക്കിയ ചിത്രം ആദ്യത്തെ ആഴ്ചയിൽ തന്നെ 1.3 കോടി ഡോളർ നേടി. അമേരിക്കയിൽ നിന്ന് 13 കൊടി ഡോളറും ലോകമാകെ നിന്ന് 27 കോടി ഡോളറുമായിരുന്നു ചിത്രത്തിന്റെ ആകെ വരുമാനം. അങ്ങനെ ചിത്രം അപ്രതീക്ഷിതമായി വലിയ വിജയമായി. നിരൂപകരിൽ നിന്നും ചിത്രത്തിന്‌ വളരെ നല്ല പ്രതികരണമാണുണ്ടായത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജോഡി ഫോസ്റ്റർ, ആന്റണി ഹോപ്കിൻസ് എന്നിവരുടെ അഭിനയം ധാരാളമായി നിരൂപകപ്രശംസ നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

1991-ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ ദി സൈലൻസ് ഓഫ് ദി ലാംബ്സ് നേടി. മികച്ച സംവിധായകൻ, തിരക്കഥ, നടൻ, നടി എന്നീ അവാർഡുകളും ഈ ചിത്രമാണ്‌ നേടിയത്. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന ഈ അഞ്ച് അവാർഡുകളും നേടുന്ന മൂന്നാമത്തെ ചിത്രം മാത്രമാണ്‌ ദി സൈലൻസ് ഓഫ് ദി ലാംബ്സ്. ഇതിനു മുമ്പ് ഇറ്റ് ഹാപ്പെൻഡ് വൺ നൈറ്റ് (1934), വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് (1975) എന്നീ ചിത്രങ്ങളാണ്‌ ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്. ദി എക്സോർസിസ്റ്റ് കഴിഞ്ഞാൽ ഏറ്റവുമധികം ഓസ്കാർ നാമനിർദ്ദേശങ്ങൾ (7) നേടിയ ഹൊറർ ചലച്ചിത്രമാണിത്. 16 മിനിറ്റ് മാത്രം സ്ക്രീൻ സമയമുള്ള ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്കാരം നേടിയതും ഓസ്കാർ ചരിത്രത്തിലെ റെക്കോർഡാണ്‌.[4]

ജോഡി ഫോസ്റ്റർ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ബാഫ്ത പുരസ്കാരവും നേടി. ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള ബാഫ്ത പുരസ്കാരം നേടുകയുണ്ടായി. മികച്ച ചിത്രത്തിനുള്ള് സി.എച്.ഐ. പുരസ്കാരം, പി.ഇ.ഒ. പുരസ്കാരം, നാഷണൽ ബോർഡ് ഓഫ് റിവ്യൂ പുരസ്കാരം എന്നിവയും ചിത്രം നേടിയ പുരസ്കാരങ്ങളിൽ പെടുന്നു. 2006-ൽ കഴിഞ്ഞ 35 വർഷത്തെ മികച്ച ചലച്ചിത്രപോസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിന്റെ പോസ്റ്ററാണ്‌.[5] ലെക്റ്റർ തടവുചാടുന്ന ഇതിലെ രംഗം ബ്രാവോ ടെലിവിഷൻ നെറ്റ്‌വർക്ക് ചലച്ചിത്രങ്ങളിലെ 7-ആമത്തെ ഏറ്റവും ഭീതിജനകമായ രംഗമായി തിരഞ്ഞെടുത്തു.

അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെയും മറ്റും പട്ടികകളുണ്ടാക്കി. ഈ പട്ടികകളിൽ 65-ആമത്തെ മികച്ച ചിത്രമായും 5-ആമത്തെ മികച്ച ഹൊറർ ചിത്രമായും ദി സൈലൻസ് ഓഫ് ദി ലാംബ്സ് ഇടം നേടി.[6] നായകകഥാപാത്രങ്ങളിൽ ക്ലാരിസ് സ്റ്റാർലിങ്ങ് 6-ആം സ്ഥാനത്തേക്കും വില്ലൻ കഥാപാത്രങ്ങളിൽ ഹാനിബൽ ലെക്റ്റർ ഒന്നാം സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.[7] ലെക്റ്റർ സ്റ്റാർലിങ്ങിനോട് "A census taker once tried to test me. I ate his liver with some fava beans and a nice Chianti." എന്ന് പറഞ്ഞത് ചലച്ചിത്രങ്ങളിൽ നിന്നുള്ള ഉദ്ധരണികളുടെ പട്ടികയിൽ 21-ാമതായാണ്‌ ഇടം നേടിയത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_സൈലൻസ്_ഓഫ്_ദ_ലാംബ്സ്&oldid=2802138" എന്ന താളിൽനിന്നു ശേഖരിച്ചത്