ദി റെഡ് പോണി
കർത്താവ് | ജോൺ സ്റ്റെയിൻബെക്ക് |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Regional slice of life |
പ്രസാധകർ | Covici Friede |
പ്രസിദ്ധീകരിച്ച തിയതി | 1937 |
മാധ്യമം | Print ( Paperback) |
പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ജോൺ സ്റ്റെയിൻബെക്ക് 1933 ൽ എഴുതി ഖണ്ഡശഃയായി പ്രസിദ്ധീകരിച്ച ഒരു ലഘുനോവൽ ആണ് ദി റെഡ് പോണി.[1] ആദ്യ മൂന്ന് അധ്യായങ്ങൾ 1933-36 കാലഘട്ടത്തിൽ അമേരിക്കയിലെ വിവിധ മാസികകളിൽ പ്രസിദ്ധീകരിയയ്ക്കപ്പെട്ടു. ഇതൊരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടത് 1937 ൽ ആണ്.[2]
ജോഡി ടിഫ്ലിൻ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവലിലെ കഥകൾ നടക്കുന്നത്. ഇതിൽ ആകെ നാല് കഥകൾ ഉണ്ട്. ഇവയെല്ലാം നടക്കുന്നത് കാലിഫോർണിയയിലെ ജോഡിയുടെ പിതാവിന്റെ റാൻചിൽ (മൃഗങ്ങളെ വളർത്തുന്ന ഒരു വലിയ ഫാം) വെച്ചാണ്. ജോഡിയുടെ പിതാവായ കാൾ ടിഫ്ലിൻ, റാൻചിലെ സഹായിയായ ബില്ലി ബക്ക്, ജോഡിയുടെ 'അമ്മ, പിന്നെ അമ്മയുടെ പിതാവ് (ജോഡിയുടെ മുത്തച്ഛൻ) എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഇതിനിടയ്ക്ക് റാൻചിൽ എത്തിപ്പെടുന്ന അപരിചിതനായ ഗിറ്റാനോ എന്നൊരു കഥാപാത്രവുമുണ്ട്. ചില എഡിഷനുകളിൽ ജൂനിയസ് മാൾട്ബി എന്നൊരു ചെറുകഥയും ചേർത്തിട്ടുണ്ട്.[3]
കഥാപാത്രങ്ങൾ
[തിരുത്തുക]- ജോഡി ടിഫ്ലിൻ – പ്രധാന കഥാപാത്രമായ ജോഡി നിഷ്കളങ്കനും ലജ്‌ജാലുവും ദയാശീലനുമായ ഒരു ബാലനാണ്. പത്തു വയസ്സാണ് അവന്റെ പ്രായം. കാൾ ടിഫ്ലിന്റെ മകനായ ജോഡി തന്റെ റോൾ മോഡൽ ആയ ബില്ലി ബക്കിൽ നിന്നും കുതിരസവാരി പഠിയ്ക്കുന്നുണ്ട്.
- ബില്ലി ബക്ക് – മധ്യവസ്കനായ ബില്ലി ബക്കിന് കുതിരകളുമായി അനായാസം ഇടപെടാൻ കഴിയും. ടിഫ്ലിന്റെ തൊഴുത്തുകളിൽ ടിഫ്ലിനെ സഹായിച്ചാണ് അയാൾ കഴിഞ്ഞുകൂടുന്നത്. കുതിരകളുമായി ഇടപെടാനും അവയുടെ സ്വഭാവങ്ങളെപ്പറ്റിയും ജോഡിയെ പഠിപ്പിയ്ക്കുന്നത് ബില്ലി ആണ്.
- കാൾ ടിഫ്ലിൻ – ജോഡിയുടെ അച്ഛനാണ് കാൾ ടിഫ്ലിൻ. ജോഡിയെ അച്ചടക്കമുള്ള കുട്ടിയായി വളർത്തിക്കൊണ്ടുവരിക എന്നുള്ളതാണ് വളരെ പരുക്കനായ ഇയാളുടെ ഉദ്ദേശം. എന്നിരുന്നാലും അത്യാവശ്യ സന്ദർഭങ്ങളിൽ ജോഡിയോട് സ്നേഹം കാണിയ്ക്കുന്നുമുണ്ട്.
- ഗിറ്റാനോ – ഗിറ്റാനോ ഏതോ കാലത്ത് കാൾ ടിഫ്ലിന്റെ ഫാമിന്റെ അടുത്തായി താമസിച്ചിയുന്നയാളാണ്. ഫാമിന്റെ മുന്നിൽ വെച്ച് ജോഡി ഇയാളെ കണ്ടുമുട്ടുന്നു. വീട്ടിലേയ്ക്ക് ഓടിപ്പോയി ജോഡി അമ്മയെ വിളിച്ചുകൊണ്ടുവരികയും അമ്മ അയാളോട് എന്തു വേണമെന്ന് അന്വേഷിയ്ക്കുകയും ചെയ്യുന്നു. അവസാനകാലത്ത് തനിയ്ക്ക് അവിടെത്തന്നെ താമസിയ്ക്കണമെന്നും പിന്നീട് അവിടെത്തന്നെ മരിയ്ക്കണമെന്നും ഗിറ്റാനോ പറയുന്നു.
- മുത്തച്ഛൻ – ജോഡിയുടെ അമ്മയുടെ അച്ഛനാണിത്. കടലോരത്ത് താമസിയ്ക്കുന്ന ഇയാൾ ഇടയ്ക്കിടയ്ക്ക് റാൻചിൽ സന്ദർശനത്തിന് വരാറുണ്ട്. വന്നാൽ പിന്നീട് പഴംകഥകളുടെ ഒരു കെട്ടഴിയ്ക്കും. മിയ്ക്കതും പഴയ കാല കുടിയേറ്റങ്ങളിൽ അയാൾ എങ്ങനെ പങ്കെടുത്തു എന്നുള്ളതാണ്.
കഥ
[തിരുത്തുക]അദ്ധ്യായം 1 - ദി ഗിഫ്റ്റ്
[തിരുത്തുക]കാൾ ടിഫ്ലിൻ ജോഡിയ്ക്ക് ഒരു കുതിരക്കുട്ടിയെ സമ്മാനമായി നൽകുന്നു. അതോടൊപ്പം കുതിരയെ എങ്ങനെ നോക്കണമെന്നും എപ്പോൾ ഭക്ഷണം കൊടുക്കണമെന്നുമുള്ള നിർദ്ദേശങ്ങളും. കുതിരയെ കിട്ടിയ സന്തോഷത്തിൽ ജോഡി എല്ലാം സമ്മതിച്ചു. ജോഡിയുടെ കാഴ്ചപ്പാടിൽ ഏറ്റവും ഗംഭീരമായ വസ്തു സാലിനാസ് താഴ്വരയിലെ ജോഡിയുടെ റാൻചിന് പിന്നിലായി കാണപ്പെടുന്ന ഗാബിലാൻ മലനിരകളാണ്. അതിനാൽ കുതിരയ്ക്ക് ജോഡി ഗാബിലാൻ എന്നു പേരിട്ടു.
ബില്ലിയുടെ സഹായത്താൽ ജോഡി കുതിരയെ പരിശീലിപ്പിയ്ക്കുകയും പരിപാലിയ്ക്കുകയും ചെയ്തു. താങ്ക്സ്ഗിവിങ് ആഘോഷത്തിന് ജോഡിയ്ക്ക് ഈ കുതിരയുടെ മേൽ കയറി തന്റെ ആദ്യസവാരി നടത്താം എന്ന് കാൾ ടിഫ്ലിൻ സമ്മതിയ്ക്കുന്നു. അപ്രതീക്ഷിതമായി പെയ്ത ഒരു മഴയിൽ പുറത്തു മേഞ്ഞിരുന്ന ഗാബിലാൻ നനയുകയും അതിനു പനി പിടിയ്ക്കുകയും ചെയ്തു. കുതിരയെ രക്ഷിയ്ക്കാൻ ബില്ലി വളരെ പണിപ്പെട്ടുവെങ്കിലും അതിന്റെ അവസ്ഥ വഷളായി. ഒരു രാത്രി ജോഡി തൊഴുത്തിന്റെ വാതിൽ അടയ്ക്കാൻ മറക്കുകയും കുതിര വീണ്ടും പുറത്ത് പോകുകയും ചെയ്യുന്നു. വീണ്ടും തൊഴുത്തിലെത്തിച്ച കുതിരയുടെ ശ്വാസോഛ്വാസം തടസ്സപ്പെടുന്നതോടെ അതിന്റെ ശ്വാസനാളം മുറിച്ചു അതിന് ശ്വാസോഛ്വാസം എളുപ്പത്തിലാക്കാൻ ബില്ലി ബക്ക് തീരുമാനിച്ചു. ജോഡി രാതി മുഴുവൻ കുതിരയ്ക്ക് കാവൽ ഇരുന്നു.
മയങ്ങിപ്പോയ ജോഡി എണീറ്റ് നോക്കുമ്പോൾ കുതിര വീണ്ടും പുറത്തു പോയതായി കണ്ടു. പരിഭ്രാന്തനായി പിന്നാലെ അന്വേഷിച്ചു ചെന്ന ജോഡി റാൻചിൽ ഒരു സ്ഥലത്ത് ഒരു പറ്റം കഴുകന്മാർ ചത്തു കിടക്കുന്ന കുതിരയുടെ കണ്ണുകൾ കൊത്തിവലിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. അതിൽ ഒരു കഴുകനെ പിടികൂടിയ ജോഡി അച്ഛനും ബില്ലിയും ചേർന്ന് പിടിച്ചു മാറ്റുന്നത് വരെ അതിനെ ഭ്രാന്തമായി ഇടിയ്ക്കുകയും തൊഴിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജോഡിയുടെ വളർച്ചയുടെ ഒരു ഘട്ടവും മുതിർന്നവർക്കും തെറ്റു പറ്റാൻ എളുപ്പമാണ് എന്ന പുതിയ അറിവുമാണ് ഇതിലെ പ്രധാന തീം. അതുപോലെ തന്നെ ഒഴിവാക്കാനാകാത്ത മരണാനുഭവങ്ങളും.
1933 നവംബറിലെ നോർത്ത് അമേരിക്കൻ റിവ്യൂ'വിലാണ് ഇത് ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[2]
അദ്ധ്യായം 2 - ദി ഗ്രേറ്റ് മൗണ്ടൈൻസ്
[തിരുത്തുക]മുഷിവനുഭവപ്പെടുന്ന ദിവസങ്ങളിൽ വീടിനു പിറകിൽ നിന്നാൽ ദൂരെ കാണുന്ന ഗാബിലാൻ മലനിരകളെ നോക്കി നിൽക്കുകയാണ് ജോഡി ചെയ്യുക. ഒരു ദിവസം ജോഡി മലയും നോക്കി നിൽക്കുമ്പോൾ ഗിറ്റാനോ എന്നൊരു അപരിചിതൻ റാൻചിൽ എത്തിപ്പെടുന്നു. ജോഡിയുടെ റാൻചിൽ ആണ് അയാൾ ജനിച്ചുവളർന്നത് എന്നായിരുന്നു അയാളുടെ അവകാശവാദം. മരിയ്ക്കുന്നതുവരെ ഇനി അവിടെത്തന്നെ താമസിയ്ക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഗിറ്റാനോ അറിയിച്ചു. കാൾ ടിഫ്ലിന് സ്വാഭാവികമായും ഇത് സ്വീകാര്യമായില്ല. വേണമെങ്കിൽ ഈ രാത്രി അവിടെ താമസിച്ചു പിറ്റേന്ന് തന്നെ സ്ഥലം വിട്ടോളണം എന്ന് ടിഫ്ലിൻ പറഞ്ഞു. തന്റെ വയസ്സായ ഈസ്റ്റർ എന്ന കുതിരയെപ്പോലെയാണ് ആ വൃദ്ധനും എന്നായിരുന്നു കാൾ ടിഫ്ലിന്റെ അഭിപ്രായം. രാത്രി ജോഡി ആരുമറിയാതെ ഗിറ്റാനോ ഉറങ്ങുന്നിടത്തു പോയി മലകളെപറ്റിയുള്ള തന്റെ സംശയങ്ങളെല്ലാം ചോദിച്ചു. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഗിറ്റാനോയെ കാണാനുണ്ടായിരുന്നില്ല, ഒപ്പം ഈസ്റ്ററിനെയും. കുറെ കഴിഞ്ഞു അടുത്ത റാഞ്ചിലെ ആളുകൾ ഒരു വയസ്സൻ ഒരു കുതിരപ്പുറത്തേറി മലയിലേക്ക് പോകുന്നതായി കണ്ടെന്നു പറഞ്ഞു. കാണാതെ പോയ വൃദ്ധനെയും തനിയ്ക്ക് പോകാൻ പറ്റാത്ത മലനിരകളെയും കുറിച്ചോർത്തു ആ മലനിരകളിലേയ്ക്ക് നോക്കി ജോഡി നിന്നു.
1933 ഡിസംബറിലെ നോർത്ത് അമേരിക്കൻ റിവ്യൂ'വിലാണ് ഇത് ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[2]
അദ്ധ്യായം 3 – ദി പ്രോമിസ്
[തിരുത്തുക]ജോഡിയെ കൂടുതൽ ചുമതലകൾ എല്പ്പിയ്ക്കാൻ സമയമായി എന്ന് കാൾ ടിഫ്ലിനു തോന്നുന്നു. ഒരു പെൺകുതിരയെ ഇണ ചേർത്ത ശേഷം അതിന്റെ പരിപാലനചുമതല ജോഡിയെ എല്പ്പിയ്ക്കാൻ തീരുമാനിയ്ക്കുന്നു. ഗർഭം ധരിച്ച നെല്ലി എന്ന ഈ കുതിരയെ ബില്ലി ബക്കിന്റെ സഹായത്തോടെ ജോഡി പരിപാലിയ്ക്കുന്നു.
ഇക്കാലത്തിനിടയ്ക്ക് ബില്ലി പല കഥകളും ജോഡിയോട് പറയുന്നു. തന്റെ അമ്മ പ്രസവത്തോടെ മരിച്ചെന്നും താൻ കുതിരപ്പാൽ കുടിച്ചാണ് വളർന്നതെന്നും അയാൾ ജോഡിയെ ധരിപ്പിയ്ക്കുന്നു. അതുകൊണ്ടാണത്രെ അയാൾക്ക് കുതിരകളുമായി ഇത്രയ്ക്കും അടുപ്പം. പുറത്തു വരാൻ പോകുന്ന കുതിരക്കുട്ടിയെ ജോഡി സ്വപ്നം കണ്ടുതുടങ്ങുന്നു. കുതിരയുടെ പ്രസവം മറ്റു നാൽക്കാലികളുടെ പോലെ അത്ര എളുപ്പമല്ലെന്നും ചില അവസരങ്ങളിൽ അമ്മക്കുതിരയെ രക്ഷിയ്ക്കാനായി കുഞ്ഞിനെ വെട്ടി മുറിയ്ക്കേണ്ടിവരുമെന്നും ബില്ലി മുന്നറിയിപ്പ് നൽകി. ജോഡി ഇക്കാര്യമോർത്ത് ഉൽക്കണ്ഠാകുലനായി. ചത്തുപോയ തന്റെ കുട്ടിക്കുതിരയായ ഗാബിലാന്റെ കാര്യം അവനു ഓർമ വന്നു. അന്ന് കുട്ടിക്കുതിരയെ രക്ഷിയ്ക്കാം എന്ന് ബില്ലി ഉറപ്പു കൊടുത്തിട്ടും അവസാനനിമിഷം അത് മരിയ്ക്കാൻ തുടങ്ങിയപ്പോൾ ബില്ലിയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇത്തവണ അങ്ങനെയൊന്നും സംഭവിയ്ക്കില്ലഎന്ന് ബില്ലി വാക്ക് കൊടുത്തു.
ഇതെല്ലാം ഓർത്തുകിടന്ന ഒരു രാത്രിയിൽ ജോഡി ഞെട്ടിയെഴുന്നേറ്റു തോഴുത്തിലെയ്ക്ക് ചെല്ലുന്ന ജോഡി പ്രസവിയ്ക്കാറായി നിൽക്കുന്ന നെല്ലിയെയാണ് കണ്ടത്. ബില്ലി പരിഭ്രാന്തനായി കാണപ്പെട്ടു. നെല്ലിയുടെ പ്രസവം സാധാരണ പോലെ നടക്കില്ലെന്നും അതിനെ കീറി കുട്ടിയെ പുറത്തെടുക്കേണ്ടി വരുമെന്നും അറിയിച്ചു. ഇങ്ങനെ ജോഡിയ്ക്ക് കുട്ടിയെ കിട്ടിയെങ്കിലും ചത്തുപോയ അമ്മക്കുതിരയെ ജോഡിയ്ക്ക് മറക്കാൻ കഴിഞ്ഞില്ല.
1937 ഒക്ടോബെറിലെ ഹാർപേർ'സ് മാസികയിലാണ് ഈ കഥ ആദ്യം പ്രസിധീകരിയ്ക്കപ്പെട്ടത്.[2]
അദ്ധ്യായം 4 – ദി ലീഡർ ഓഫ് ദി പീപ്പിൾ
[തിരുത്തുക]ജോഡിയുടെ മുത്തച്ഛൻ റാൻചിൽ സന്ദർശനത്തിനു വന്നു. അയാളുടെ പഴംകഥകൾ വീണ്ടും വീണ്ടും കേൾക്കാൻ കാൾ ടിഫ്ലിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും അയാൾ തീവണ്ടികളിൽ ആളുകളുമായി കുടിയേറ്റം നടത്തിയ കഥകൾ. എന്നാൽ അയാൾക്ക് അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു ജോഡിയുടെയും അമ്മയുടെയും വിശ്വാസം. ഈ കഥകൾ എത്ര കേട്ടാലും ജോഡിയ്ക്ക് മതിവരില്ലയിരുന്നു. ഒരു ദിവസം ഭക്ഷണസമയത്ത് കാൾ ടിഫ്ലിൻ പരാതി പറയുന്നത് കേട്ടുകൊണ്ട് മുത്തച്ഛൻ മുറിയിലേയ്ക്ക് കയറിവന്നു. മുത്തച്ഛന് ഇതു കേട്ട് വളരെ ദുഃഖമായി. ജോഡി മുത്തച്ഛനെ ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു.
1936 ഓഗസ്റ്റിലെ ആർഗോസി മാസികയിലാണ് ഈ കഥ ആദ്യം പ്രസിധീകരിയ്ക്കപ്പെട്ടത്.[2]
ചലച്ചിത്രാവിഷ്കാരം
[തിരുത്തുക]1949 ൽ ദി റെഡ് പോണി എന്ന പേരിൽ തന്നെ ഇതൊരു സിനിമയായി പുറത്തിറങ്ങി. ലുയിസ് മൈൽസ്ടോൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മിർനാ ലോയ്, റോബർട്ട് മിച്ചും, പീറ്റർ മൈൽസ് എന്നിവരാൻ അഭിനയിച്ചത്.[4]
1973 ൽ ടെലിവിഷന് വേണ്ടി മറ്റൊരു ചലച്ചിത്രം ഇതേ പേരിൽ നിർമ്മിയ്ക്കപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ Donohue, Cecilia (January 20, 2006). "The Red Pony". The Literary Encyclopedia. Retrieved 2009-10-14.
- ↑ 2.0 2.1 2.2 2.3 2.4 Benson, Jackson J. (1990). The Short novels of John Steinbeck: critical essays with a checklist to Steinbeck criticism. Duke University Press. p. 71.
- ↑ Railsback, Brian E; Meyer, Michael J. (2006). A John Steinbeck Encyclopedia. Greenwood Press. p. 275.
- ↑ IMDb: The Red Pony (1949)
- ↑ IMDb: The Red Pony (1973)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Steinbeck's "The Red Pony": Essays in Criticism, edited by Tetsumaro Hayashi and Thomas J. Moore, 1988