ദി ജഡ്‌ജ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ദി ജഡ്‌ജ്‌മെന്റ്"
1913ലെ ആദ്യ പ്രിന്റ് പതിപ്പിന്റെ പുറംചട്ട
കഥാകൃത്ത്ഫ്രാങ്ക് കഫ്ക
Original title"ദാസ് ഉർടെയ്‌ൽ (Das Urteil)"
ഭാഷജർമൻ
പ്രസിദ്ധീകരിച്ചത്അർക്കേഡിയ
പ്രസാധകർമാക്സ് ബ്രോഡ്
പ്രസിദ്ധീകരിച്ച തിയ്യതി1913

ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജർമ്മൻ സാഹിത്യകാരൻ ഫ്രാൻസ് കാഫ്ക എഴുതിയ ഒരു ദീർഘ കഥയാണ് ദി ജഡ്‌ജ്‌മെന്റ് (ന്യായവിധി; ജർമ്മൻ: Das Urteil). 1912 സെപ്തംബർ 23-നു രാത്രിയിൽ ഒറ്റയിരിപ്പിൽ എഴുതിയ കഥ അടുത്ത വർഷം, കാഫ്കയുടെ ഉറ്റസുഹൃത്തും സാഹിത്യസംരംഭങ്ങളിലെ പ്രോത്സാഹകനും ആയിരുന്ന മാർക്സ് ബ്രോഡിന്റെ 'അർക്കാഡിയ' മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ രചന കാഫ്കയെ ഏറെ തൃപ്തിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നു മനസ്സിലാക്കാം. "ഈവിധമാണ് എഴുത്ത് നടക്കേണ്ടത്" എന്നായിരുന്നു ഡയറിയിൽ കാഫ്ക ഇതിനെക്കുറിച്ച് എഴുതിയത്.

ഗെയോർഗ് ബെൻഡെമാൻ എന്ന ചെറുപ്പക്കാരൻ, എഫ്.ബി.[൧] എന്നു പേരായ പെണ്ണുമായുള്ള തന്റെ വിവാഹനിശ്ചയവാർത്ത അറിയിക്കാൻ റഷ്യയിലുള്ള സുഹൃത്തിന് കത്തെഴുതുന്നതാണ് കഥയുടെ ആദ്യപകുതി. വാർത്ത സുഹൃത്ത് എങ്ങനെ സ്വീകരിക്കുമെന്ന ഭയത്തിൽ മടിച്ചുമടിച്ച് എഴുതുന്നതിനാൽ അതിന്റെ വിശദാംശങ്ങളിൽ ചിലത് അവൻ കെട്ടി ചമക്കുന്നു. കഥയുടെ രണ്ടാം പകുതിയിൽ, എഴുത്തു പൂർത്തിയാക്കിയ ഗെയോർഗ്, പടുവൃദ്ധനായ തന്റെ പിതാവുമായി അതിന്റെ കാര്യം ചർച്ച ചെയ്യുന്നു. വൃദ്ധൻ ആദ്യം ചെയ്തത്, മകന് അങ്ങനെയൊരു സുഹൃത്തേയില്ലെന്നും അവൻ സുഹൃത്തിന്റെ കഥ ചമച്ചുണ്ടാക്കിയതാണെന്നും പറയുകയായിരുന്നു. പിന്നെ നിലപാട് മാറ്റിയ വൃദ്ധൻ, മകന്റെ സുഹൃത്തിനെ തനിക്കറിയാമെന്നും, അവനേക്കാൽ മെച്ചപ്പെട്ടവനാണ് സുഹൃത്തെന്നും പറയുന്നു. തുടർന്ന് അയാൾ മകന്റെ പ്രതിശൃതവധുവിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വിവാഹപൂർവബന്ധത്തിൽ ഏർപ്പെട്ടതായി അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈവിധം പ്രകോപിക്കപ്പെട്ട മകൻ എന്തോ പറഞ്ഞപ്പോൽ വൃദ്ധൻ അതിനെ മകന്റെ പിതൃഹത്യാവാഞ്ഛയായി വ്യാഖ്യാനിച്ച് അവനെ മരണത്തിനു വിധിക്കുകയും പോയി മുങ്ങിച്ചാകാൻ പറയുകയും ചെയ്യുന്നു. തുടർന്ന്, സ്വപ്നാടനത്തിലെന്ന പോലെ നദിക്കു മുകളിലുള്ള പാലത്തിലേക്കു നടന്നു കയറിയ മകൻ നദിയിൽ ചാടി മരിക്കുന്നു. മാതാപിതാക്കൾ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ചുറുചുറുക്കിന്റെ ആ അവസാന പ്രകടനം നടത്തുമ്പോൾ, താൻ അവരെ എപ്പോഴും സ്നേഹിച്ചിരുന്നുവെന്ന കാര്യം അവൻ നിമിഷനേരത്തേക്കാണെങ്കിലും ഓർത്തു.[1] [2]

കുറിപ്പുകൾ[തിരുത്തുക]

^ കാഫ്കയുടെ കാമുകിയായിരുന്ന് അദ്ദേഹവുമായി രണ്ടു വട്ടം വിവാഹം നിശ്ചയിക്കപ്പെട്ട ഫെലീസ് ബൗറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് എഫ്.ബി[2]

അവലംബം[തിരുത്തുക]

  1. E Notes.com, 20th Century Criticism The Judgment, Franz Kafka - Introduction Archived 2011-05-27 at the Wayback Machine.
  2. 2.0 2.1 കാഫ്കയുടെ ലഘുനോവലായ മെറ്റമോർഫോസിസിന് സ്റ്റാൻലി കോൺഗോൾഡ് എഴുതിയ ആമുഖം(ബന്ധാം ക്ലാസിക്)
"https://ml.wikipedia.org/w/index.php?title=ദി_ജഡ്‌ജ്‌മെന്റ്&oldid=3634555" എന്ന താളിൽനിന്ന് ശേഖരിച്ചത്