Jump to content

ദി ഇന്ത്യൻ സ്ട്രഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഇന്ത്യൻ സ്ട്രഗിൾ, 1920–1942
കർത്താവ്സുഭാസ് ചന്ദ്ര ബോസ്
പ്രസിദ്ധീകൃതംഭാഗം I (1920–1934) വിഷാർട്ട് ആൻഡ് കമ്പനി, ലണ്ടൻ 1935; ഭാഗം II (1935–1942) ഇറ്റലി 1942
OCLC3863565

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന സുഭാഷ് ചന്ദ്ര ബോസ് രചിച്ച ഒരു പുസ്തകമാണ് ദി ഇന്ത്യൻ സ്ട്രഗിൾ, 1920-1942. ബ്രിട്ടീഷ് ഭരണത്തിനെതിരെ 1920 മുതൽ 1942 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇതിൽ വിവരിക്കുന്നത്. ഇന്ത്യയിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പ് തന്നെ ബ്രിട്ടീഷുകാർ ഈ പുസ്തകം നിരോധിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1948-ലാണ് ഇന്ത്യയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്. 1920-കളുടെ തുടക്കത്തിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മുതൽ 1940-കളിലെ ക്വിറ്റ് ഇന്ത്യാ സമരവും ആസാദ് ഹിന്ദ് രൂപീകരണവും വരെയുള്ള സംഭവങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം.[1]

രണ്ടു ഭാഗങ്ങൾ

[തിരുത്തുക]

ദി ഇന്ത്യൻ സ്ട്രഗിൾ എന്ന പുസ്തകം രണ്ടു ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. 1920 മുതൽ 1934 വരെയുള്ള സമരചരിത്രം വിവരിക്കുന്ന ഒന്നാം ഭാഗം 1935-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ചു. ലോറൻസ് ആൻഡ് വിഷാർട്ട് ആയിരുന്നു പുസ്തകത്തിന്റെ പ്രസാദകർ.[1] ബംഗാൾ വോളന്റിയേഴ്സ് എന്ന എന്ന വിപ്ലവ സംഘടനയിൽ പ്രവർത്തിച്ചതിനും ഇന്ത്യയിൽ നടന്ന ചില വിപ്ലവങ്ങളിലെ പങ്കാളിത്തത്തിന്റെയും പേരിൽ സുഭാഷ് ചന്ദ്ര ബോസിനെ ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്തപ്പോൾ അദ്ദേഹം യൂറോപ്പിലേക്ക് ഒളിവിൽ പോയിരുന്ന കാലത്താണ് പുസ്തകത്തിന്റെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുന്നത്.[2] വിയന്നയിൽ വച്ച് തന്റെ ഓർമ്മക്കുറിപ്പുകളായാണ് അദ്ദേഹം ഈ പുസ്തകം രചിച്ചത്.[3] ഇന്ത്യയിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിയെ വെല്ലുവിളിച്ചുകൊണ്ട് 1934 ഡിസംബറിൽ സുഭാഷ് ചന്ദ്ര ബോസ് കറാച്ചിയിൽ പ്രവേശിച്ചപ്പോൾ ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും പുസ്തകത്തിന്റെ കൈയ്യെഴുത്തുപ്രതി പിടിച്ചെടുക്കുകയും ചെയ്തു.[4] അടുത്ത വർഷം ലണ്ടനിൽ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട കാര്യം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഇന്ത്യയിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പു തന്നെ പുസ്തകം നിരോധിക്കപ്പെട്ടു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങളോടു വിപ്ലവത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്നുവെന്നുമുള്ള കാരണങ്ങളാൽ പുസ്തകം നിരോധിക്കുന്നുവെന്നാണ് അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന സാമുവൽ ഹോർ നൽകിയ വിശദീകരണം.[1]

1935-42 കാലയളവിലെ സംഭവവികാസങ്ങൾ വിവരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം രണ്ടാം ലോകമഹായുദ്ധകാലത്താണ് സുഭാഷ് ചന്ദ്ര ബോസ് രചിക്കുന്നത്. പുസ്തകത്തിന്റെ ജർമ്മൻ ഭാഷയിലുള്ള പതിപ്പ് പുറത്തിറക്കുവാൻ ബോസ് ശ്രമിച്ചിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമായില്ല. 1942-ൽ ഇറ്റാലിയൻ പതിപ്പ് പുറത്തിറങ്ങി. ബോസിന്റെ ജീവിത പങ്കാളിയായിരുന്ന എമിലി ഷെങ്കൽ പുസ്തക രചനയിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു.[5]

പ്രമേയം

[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി നൽകിയ സംഭാവനകളെ ഈ പുസ്തകത്തിൽ ബോസ് വിലയിരുത്തുന്നുണ്ട്. ഒരു സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടിയുള്ള ബോസിന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സമീപനങ്ങളുമാണ് മറ്റു പ്രതിപാദ്യവിഷയങ്ങൾ. മഹാത്മാഗാന്ധിക്ക് ബ്രിട്ടീഷുകാരോടുള്ള മൃദു സമീപനവും വിധേയത്വവും ബോസ് നിഷിധമായി വിമർശിക്കുന്നുണ്ട്. 'ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലുള്ള ഏറ്റവും നല്ല പോലീസുകാരൻ' എന്നാണ് ഗാന്ധിജിയെ ബോസ് വിശേഷിപ്പിക്കുന്നത്..[5] ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളരുമെന്നും അതിൽ നിന്നും രൂപപ്പെടുന്ന ഇടതുപക്ഷത്തിന് വ്യക്തമായ ഒരു തത്വശാസ്ത്രവും കർമ്മപദ്ധതിയും ഉണ്ടായിരിക്കുമെന്നും അവർ ജനപക്ഷത്തു നിന്നുകൊണ്ട് ഇന്ത്യൻ ജനതയുടെ പൂർണ്ണ സ്വാതന്ത്ര്യത്തിനും ശക്തമായ ഫെഡറൽ സംവിധാനത്തിനും വേണ്ടി വാദിക്കുമെന്നും ഭൂപരിഷ്കരണത്തെയും സംസ്ഥാന ആസൂത്രണത്തെയും പഞ്ചായത്ത് സംവിധാനത്തെയും പിന്തുണയ്ക്കുമെന്നും ഈ പുസ്തകത്തിൽ ബോസ് പ്രവചിക്കുന്നുണ്ട്.

1935-ൽ വിയന്നയിലായിരിക്കുന്ന സമയത്ത് സുഭാഷ് ചന്ദ്ര ബോസ് ഇറ്റാലിയൻ ഭരണാധികാരി ബെനിറ്റോ മുസ്സോളിനിയെ സന്ദർശിച്ചപ്പോൾ പുസ്തകത്തിന്റെ പകർപ്പ് അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. [5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "The Indian Struggle". Hindustan Times. Archived from the original on 10 ഏപ്രിൽ 2012. Retrieved 22 ഡിസംബർ 2013.
  2. "Subhas Chandra Bose". Encyclopædia Britannica. Retrieved 22 December 2013.
  3. "THE INDIAN STRUGGLE". Archived from the original on 2014-12-30. Retrieved 22 December 2013.
  4. Netaji's Life and Writings Part Two – The Indian Struggle 1920 – 1934 (PDF). Calcutta: Thacker, Spinck and Co. Ltd. 1948. p. 3.
  5. 5.0 5.1 5.2 Pelinka, Anton (2003). Democracy Indian Style: Subhas Chandra Bose and the Creation of India's Political Culture. New Brunswick: Transaction Publishers. pp. 81–82, 94–97. ISBN 9781412821544.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_ഇന്ത്യൻ_സ്ട്രഗിൾ&oldid=3634541" എന്ന താളിൽനിന്ന് ശേഖരിച്ചത്