ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്
കർത്താവ്വി.ഡി. സവർക്കർ
രാജ്യംഇന്ത്യ
ഭാഷമറാത്തി, ഇംഗ്ലീഷ്
സാഹിത്യവിഭാഗംചരിത്രം
പ്രസാധകൻSethani Kampani, Bombay (reprint, India)
പ്രസിദ്ധീകരിച്ച തിയതി
1909, 1949 (reprint, India)
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1909

1857-ലെ വിപ്ലവത്തെ ആസ്പദമാക്കി വി.ഡി. സാവർക്ക‍ർ രചിച്ച പുസ്തകമാണ് ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് (ഇംഗ്ലീഷ്: The Indian War of Independence). 1909-ൽ മറാത്തി ഭാഷയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.[1][2] 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ നടക്കുമ്പോഴാണ് വി.ഡി. സവർക്കർ ഈ പുസ്തകം രചിക്കുന്നത്. പുസ്തകരചനയ്ക്കായി ഇന്ത്യാ ഓഫീസ് ആർക്കൈവുകളും രേഖകളും അദ്ദേഹം അവലംബമാക്കിയിരുന്നു. ഇന്ത്യൻ ദേശീയവാദികളായ മാഡം കാമ, വി.വി.എസ്. അയ്യർ, എം.പി.ടി. ആചാര്യ എന്നിവരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടെയും പിന്തുണ സവർക്കർക്കു ലഭിച്ചിരുന്നു.[3] ലണ്ടനിലെ ഇന്ത്യാ ഹൗസിൽ പ്രവർത്തിക്കുന്ന കാലത്താണ് വി.ഡി. സവർക്കർ "ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപ്പെൻഡൻസ്" രചിക്കുന്നത്. ഫ്രഞ്ച് വിപ്ലവവും അമേരിക്കൻ സ്വാതന്ത്ര്യസമരവും രേഖപ്പെടുത്തിയ ചരിത്ര പുസ്തകങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിലും ബ്രിട്ടനിലുമുള്ള ദേശീയവാദികളുടെ ശ്രദ്ധ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു പതിപ്പിക്കുവാൻ ഈ പുസ്തകത്തിനു സാധിച്ചു.[4]

ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന ആദ്യത്തെ സംഘടിത സമരം എന്നാണ് 1857-ലെ വിപ്ലവത്തെ സാവർക്കർ ഈ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നും സാവർക്കർ അടയാളപ്പെടുത്തിയിരിക്കുന്നു.[5] ഈ പുസ്തകത്തിന്റെ മറാത്തി പതിപ്പ് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പു തന്നെ നിരോധിച്ചിരുന്നു.[6] രാജ്യദ്രോഹപരമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് പുസ്തകം നിരോധിച്ചത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതു വരെയും പുസ്തകത്തിന്റെ നിരോധനം തുടർന്നു.[6] ബ്രിട്ടീഷുകാരുടെ ഭീഷണിയെത്തുടർന്ന് പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രസാധകർ നിർബന്ധിതരായി. അതുകൊണ്ടു തന്നെ ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. പാരീസിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയുവാൻ ഫ്രഞ്ച് സർക്കാരിനു മേൽ ബ്രിട്ടന്റെ സമ്മർദ്ദമുണ്ടായിരുന്നു.[6] 1909-ൽ നെതർലൻഡ്സിൽ പുസ്തകം പുറത്തിറങ്ങി.[3][6][7] പുസ്തകത്തിന്റെ പുറംചട്ടയിൽ ദ പിക്വിക്ക് പേപ്പേഴ്സ് പോലുള്ള ക്ലാസിക്ക് പുസ്തകങ്ങളുടെ പേരുകൾ പതിപ്പിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുവാൻ കഴിഞ്ഞതോടെ പുസ്തകത്തിന്റെ പകർപ്പുകൾ വൻതോതിൽ ഇന്ത്യയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. വൈകാതെ തന്നെ ഈ പുസ്തകം വിപ്ലവകാരികളുടെ ബൈബിൾ ആയിത്തീർന്നു.[6]

ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെന്റൻസ്.[8] ഈ പുസ്തകത്തിൽ മസ്കുലിൻ ഹിന്ദുയിസം എന്ന ആശയവും സവർക്കർ അവതരിപ്പിക്കുന്നുണ്ട്.[9] 1857-ലെ വിപ്ലവത്തെ സവർക്കർ വിലയിരുത്തുന്നതു പോലെയാണ് പല ആധുനിക ചരിത്രകാരൻമാരും നിഗമനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്.[10] എന്നാൽ 1857-ലെ വിപ്ലവത്തിനു ദേശീയ സമരത്തിന്റെയോ സംഘടിത സമരത്തിന്റെയോ സ്വഭാവമില്ലായിരുന്നു എന്നാണ് ആർ.സി. മജുംദാറെ പോലുള്ള ചരിത്രകാരൻമാരുടെ അഭിപ്രായം.[2][10][11]

അവലംബം[തിരുത്തുക]

 1. Savarkar, Vinayak Damodar (10 May 1909). The Indian War of Independence of 1857. London. ശേഖരിച്ചത് 9 November 2017.
 2. 2.0 2.1 Vohra 2000, പുറം. 70
 3. 3.0 3.1 Yadav 1992, പുറം. 14
 4. "V.D. Savarkar and The Indian War of Independence, 1857". University of California, Irvine. ശേഖരിച്ചത് 2008-06-20.
 5. Misra 2004, പുറം. 184
 6. 6.0 6.1 6.2 6.3 6.4 Hopkirk 2001, പുറം. 45
 7. "Mutiny at the Margins". University of Edinburgh. ശേഖരിച്ചത് 2008-06-20.
 8. Dirks 2001, പുറം. 127
 9. Bannerjee 2005, പുറം. 50
 10. 10.0 10.1 Hasan 1998, പുറം. 149
 11. Nanda 1965, പുറം. 701

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Bannerjee, Sikata (2005), Make Me a Man!: Masculinity, Hinduism, and Nationalism in India, SUNY press, ISBN 0-7914-6367-2.
 • Dirks, Nicholas B (2001), Castes of Mind: Colonialism and the Making of Modern India, Princeton University Press, ISBN 0-691-08895-0.
 • Hasan, Farhad (1998), Social Scientist, Vol. 26, No. 1/4 (Jan. - Apr., 1998), pp. 148-151.
 • Hopkirk, Peter (2001), On Secret Service East of Constantinople, Oxford Paperbacks, ISBN 0-19-280230-5.
 • Misra, Amalendu (2004), Identity and Religion: Foundations of Anti-Islamism in India, SAGE, ISBN 0-7619-3226-7.
 • Nanda, Krishan (1965), The Western Political Quarterly, Vol. 18, No. 3 (Sep., 1965), pp. 700-701, University of Utah on behalf of the Western Political Science Association.
 • Vohra, Ranbir (2000), The Making of India: A Historical Survey, M.E. Sharpe, ISBN 0-7656-0712-3.
 • Yadav, B.D (1992), M.P.T. Acharya, Reminiscences of an Indian Revolutionary, Anmol Publications Pvt ltd, ISBN 81-7041-470-9.