ദാവണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സ്ത്രീകളുടെ ഒരിനം മേൽവസ്ത്രമാണ് ദാവണി.സാരിയുടെ പകുതിയോളം മാത്രം ദൈർഘ്യമുള്ള (2.25-2.50 മീ.) ഇതിന് 'ഹാഫ് സാരി' എന്നും പേരുണ്ട്. ദക്ഷിണേന്ത്യയിലാണ് ദാവണി ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്നത്. നീളൻ പാവാടയും ബ്ലൗസും ധരിച്ചു നടക്കുന്ന പ്രായത്തിൽനിന്ന് സാരിയിലേക്ക് എത്തുന്നതിനിടയ്ക്കുള്ള ഒരു ഇടവേഷം എന്ന നിലയിൽ കൗമാരപ്രായത്തിലുള്ളവരാണ് ഇത് ധരിക്കുക. സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും ധരിച്ചശേഷം അതിന്റെ മേൽവസ്ത്രം ആയാണ് ദാവണി ധരിക്കുക. ഒരറ്റം അരയിൽ മുൻവശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത് സാരിയുടെ മുന്താണി പിന്നിലേക്കിടുന്നതുപോലെ ഇടതുതോളിലൂടെ താഴത്തേക്കിട്ടാണ് ഇതു ധരിക്കുന്നത്. തമിഴ്നാട്ടിൽ ഋതുമതിയാകുമ്പോൾ മുതൽ പെൺകുട്ടികൾ ദാവണി ധരിക്കണമെന്ന ആചാരമുണ്ട്. കേരളത്തിലും ദാവണിക്ക് നല്ല പ്രചാരമുണ്ടായിരുന്നു. ഇന്ന് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമേ ഇതു ധരിക്കപ്പെടുന്നുള്ളൂ. ദാവണി എന്ന പദം ഉർദു ഭാഷയിൽനിന്നുവന്നതാണ്. കഴുത്തിലൂടെ ചുറ്റുന്ന ഉത്തരീയത്തിനാണ് ഉർദുവിൽ ഈ പേര് ഉള്ളത്. ചുരിദാറിനോടൊപ്പം ധരിക്കുന്ന മേൽവസ്ത്രത്തെയും ചിലയിടങ്ങളിൽ 'ദാവണി' എന്നു പറയാറുണ്ട്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദാവണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദാവണി&oldid=1692795" എന്ന താളിൽനിന്ന് ശേഖരിച്ചത്