ദായ് ഷിയാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദായ് ഷിയാങ്ങ്
ജനനം
ദായ് ഷിയാങ്ങ്

1978
ദേശീയതചൈനീസ്
അറിയപ്പെടുന്നത്ചിത്രകാരൻ,

ചൈനീസ് ചിത്രകാരനും ഫോട്ടോഗ്രാഫറുമാണ് ദായ് ഷിയാങ്ങ് (ജനനം ː1978). ടിയാൻജിനും ബീജിംഗും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. [1]

ജീവിതരേഖ[തിരുത്തുക]

ചൈനയിലെ ടിയാൻജിനിൽ ജനിച്ച ദായ് ഷിയാങ്ങിന്റെ പ്രവർത്തനം ടിയാൻജിനിലും ബെയ്ജിങ്ങിലുമായാണ്. ചെനയിലെ നാൻകായ് സർവകലാശാലയിലെ പൗരസ്ത്യ കലാവിഭാഗത്തിൽ നിന്ന് 2001 ൽ ബിരുദം നേടി. ബീജിംഗിലെ സെൻട്രൽ അക്കാദമി ഫ് ഫൈൻ ആർട്സിന്റെ ഫോട്ടോഗ്രാഫി വകുപ്പിലും പഠിച്ചു. ചിത്രകലയും ഫോട്ടോഗ്രാഫിയും തന്റെ രചനകൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. ചൈനീസ് പരമ്പരാഗത ചിത്രകലയിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു വലിപ്പമുള്ള ഡിജിറ്റൽ പനോരമ ഫോട്ടോ കൊളാഷുകൾ തീർക്കലാണ് ഇദ്ദേഹത്തിന്റെ രചനാ രീതി. പഠിക്കുന്നതിന്റെ ഭാഗമായി ഴാങ് സെഡ്വാന്റെ ചിത്രം പകർത്താൻ ശ്രമിച്ചതാണ് ഈ സംരംഭത്തിലേക്കുള്ള വഴി തുറന്നത്. ചൈനീസ് പരമ്പരാഗത ചിത്രകല പഠിക്കുന്നതിന്റെ ഭാഗമായി ഴാങ് സെഡ്വാന്റെ ചിത്രം പകർത്താൻ ശ്രമിച്ചതാണ് ഈ സംരംഭത്തിലേക്കുള്ള വഴി തുറന്നത്. യാഥാസ്ഥിക ലോകവീക്ഷണമുള്ള ചൈനയുടെ ഉദാരവത്കരണത്തിനുശേഷമുള്ള പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങളുടെ സംഘർഷമാണ് ദായ് ഷിയാങ്ങിന്റെ ചിത്രങ്ങളിൽ മുഖ്യമായും കാണുന്നത്. [2][3]

കൊച്ചി-മുസിരിസ് ബിനാലെ 2016[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2016 ൽ, സോങ്ങ് വംശ കാലഘട്ടത്തിലെ പെയ്ന്റിംഗിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുനരാഖ്യാനമായ 'ദി ന്യൂ എലോംഗ് ദി റിവർ ഡ്യൂറിംഗ് ദി കിങ്ങ്മിങ്ങ് ഫെസ്റ്റിവൽ 2014' എന്ന രചന അവതരിപ്പിച്ചിരുന്നു. പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിലായിരുന്നു പ്രദർശനം. 25 മീറ്ററോളം ദൈർഘ്യമുള്ള ഈ ഡിജിറ്റൽ ഫോട്ടോ പനോരമ, സൂക്ഷ്മതകളുടെയും ചരിത്രത്തിന്റെ കാലികപ്രസക്തമായ പുനരാഖ്യാനം കൊണ്ട് ശ്രദ്ധേയമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഴാങ് സെഡ്വാന്റെ പ്രശസ്ത വരയായ റിവർസൈഡ് സീൻ അറ്റ് കിങ്ങ്മിങ്ങ് ഫെസ്റ്റിനെ അടിസ്ഥാനമാക്കിയ സൃഷ്ടിയാണിത്. അതിലെ കഥാപാത്രങ്ങളെയും സംഭവവികാസങ്ങളേയും പൂർണമായും പരിവർത്തനം ചെയ്ത് ഈ രചനയിലുൾപ്പെടുത്തിയിരിക്കുന്നു. മൂന്നുവർഷമെടുത്ത് പൂർത്തീകരിച്ച ഈ ഡിജിറ്റൽ ചിത്രത്തിൽ ആയിരത്തിലധികം ഷോട്ടുകളും ഒരു ടെറാബൈറ്റോളം ഡേറ്റയും പതിനായിരത്തിലേറെ ലെയറുകളിലായി പ്രോസസിംഗും ചെയ്താണ് അന്തിമചിത്രം തയ്യാറാക്കിയത്. ആയിരത്തോളം കഥാപാത്രങ്ങൾ കടന്നുവരുന്ന പനോരമയിൽ 90 കഥാപാത്രങ്ങളായി ദായ് ഷിയാങ്ങ് തന്നെ വേഷമിട്ടിട്ടുണ്ട്.[4] [5]

തെരുവുകച്ചവടക്കാരുമായി തർക്കത്തിലായിരിക്കുന്ന ചെൻഗ്വാൻ എന്ന സ്ഥാനപ്പേരുള്ള നഗരഭരണ ഉദ്യോഗസ്ഥർ, കുടികിടപ്പുകാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്ന റിയൽ എസ്റ്റേറ്റ് സംരംഭകർ, ലൈംഗികതൊഴിലാളികളുടെ തെരുവുകൾ, വിലകൂടിയ ആഡംബര കാറുകൾ, അപകടദൃശ്യങ്ങൾ, ഇവയ്ക്കിടയിലൂടെ ഇതൊന്നും അറിയാതെ ക്യാമറയുമായി നടക്കുന്ന വിനോദസഞ്ചാരികൾ എന്നിങ്ങനെ നവ ലോകത്തോട് സംവേദിക്കുന്ന ഒട്ടേറെ ചിഹ്നങ്ങൾ ഈ പനോരമയിലുടനീളം ഉപയോഗിച്ചിരിക്കുന്നു. മുപ്പതോളം രംഗങ്ങൾ ഉൾപ്പെടുന്ന പനോരമയിൽ യഥാർഥ സംഭവങ്ങളുടെ പുനരാഖ്യാനവും ചിലയിടത്ത് ഉപയോഗിച്ചിട്ടുണ്ട്. 2009ൽ നദിയിൽപെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നു സർവ്വകലാശാലാ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികളുടെ ശവശരീരം കണ്ടെത്തുവാൻ മീൻപിടിത്തക്കാർ വൻതുക ആവശ്യപ്പെട്ടത് ചൈനയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ പിതാവിന്റെ പേരുപയോഗിച്ചു രക്ഷപ്പെടുന്ന രംഗവും ഇതിലുണ്ട്.[6]

കൊച്ചി-മുസിരിസ് ബിനാലെ 2016 ൽ 'ദി ന്യൂ എലോംഗ് ദി റിവർ ഡ്യൂറിംഗ് ദി കിങ്ങ്മിങ്ങ് ഫെസ്റ്റിവൽ 2014 എന്ന ദായ് ഷിയാങ്ങ് രചന കാണുന്നവർ

പ്രദർശനങ്ങൾ[തിരുത്തുക]

  • ആദ്യ ഒഡൻസ് ഫോട്ടോ ബിനാലെ, ബ്രാൻഡ്സ് ആർട്ട് ഗ്യാലറി ഒഡൻസ്, 2016
  • വൾനറബിലിറ്റി, യൂറോപ്യൻ യൂണിയൻ എംബസി, ബീജിംഗ്,2016
  • ബിസാറേലാന്ര്, ആഗസ്റ്റിനർ ആർട്ട് സെന്റർ, സോന്റർബോർഗ്, 2016
  • പാരാബയോസിസ്, ചോങ്കിങ് യാങ്ട്സി റിവർ മ്യൂസിയം ഓഫ് കണ്ടംപററി ആർട്, ചോങ്കിങ്, 2016.

അവലംബം[തിരുത്തുക]

  1. http://www.artnet.com/artists/dai-xiang/biography
  2. http://kochimuzirisbiennale.org/kmb_2016_artists/
  3. http://www.thehindu.com/news/cities/Kochi/Chinese-artist-reviews-contemporary-history/article16978679.ece
  4. http://suprabhaatham.com/%E0%B4%9A%E0%B5%88%E0%B4%A8%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA/
  5. https://www.chinasmack.com/modern-china-reimagined-in-famous-12th-century-chinese-painting
  6. http://www.mathrubhumi.com/ernakulam/malayalam-news/kochi-1.1625397
"https://ml.wikipedia.org/w/index.php?title=ദായ്_ഷിയാങ്ങ്&oldid=2619951" എന്ന താളിൽനിന്ന് ശേഖരിച്ചത്