ദഹനവ്യൂഹം
ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹന വ്യൂഹം . മനുഷ്യന്റെ ദഹന വ്യവസ്ഥയിൽ അന്നപഥവും അനുബന്ധ ഗ്രന്ഥികളും ഉൾപ്പെടുന്നു .
| ദഹനവ്യൂഹം | |
|---|---|
| Details | |
| Identifiers | |
| Latin | Systema digestorium |
| MeSH | D004064 |
| TA | A05.0.00.000 |
| TH | H3.04 |
| FMA | 7152 |
| Anatomical terminology | |
മനുഷ്യരടക്കം ഭക്ഷണം കഴിക്കുന്ന മൃഗങ്ങളിലെല്ലാം , രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം.
മനുഷ്യരിലെ ദഹനവ്യൂഹ ഘടകങ്ങൾ
[തിരുത്തുക]| ദഹനവ്യൂഹ ഘടകം | ഇംഗ്ലീഷ് പദം |
|---|---|
| വായ | Mouth |
| വദനഗഹ്വരം/മുഖഗഹ്വരം | Buccal cavity |
| പല്ല്/ദന്തം | Teeth |
| ഉളിപ്പല്ലുകൾ | Incisors |
| കോമ്പല്ലുകൾ | Canine |
| അഗ്രചർവണകങ്ങൾ | Premolars |
| ചർവണകങ്ങൾ | Molars |
| നാവ്/നാക്ക്/ജിഹ്വ | Tongue |
| ചെറുനാക്ക് | Uvula |
| ഉമിനീർ ഗ്രന്ഥികൾ/ലാല ഗ്രന്ഥികൾ | Salivary Glands |
| കർണപാർശ്വ ഗ്രന്ഥി | Parotid Gland |
| ഉപഹന്വാസ്ഥി ഗ്രന്ഥി/അധോജംഭ ഗ്രന്ഥി | Sub Mandibular Gland |
| ഉപജിഹ്വ ഗ്രന്ഥി/അധോജിഹ്വ ഗ്രന്ഥി | Sublingual Gland |
| ഗ്രസനി | Pharynx |
| അന്നനാളം/ഗ്രസന നാളം | Oesophagus |
| വിഭാജകചർമ്മം/പ്രാചീരം | Diaphragm |
| ആമാശയം | Stomach |
| ഹൃദ്രാഗി ഭാഗം | Cardiac Region |
| മുൻ അഗ്ര ഭാഗം | Fundic Region |
| ഗാത്ര ഭാഗം | Body Region |
| പിൻ അഗ്ര ഭാഗം | Pyloric Region |
| ചെറുകുടൽ/ക്ഷുദ്രാന്ത്രം | Small Intestine |
| പക്വാശയം | Duodenum |
| ശൂന്യാന്ത്രം/മധ്യാന്ത്രം | Jejanum |
| കൃശാന്ത്രം/രോഷാന്ത്രം | Ileum |
| കരൾ/യകൃത്ത് | Liver |
| പിത്താശയം/പിത്തസഞ്ചി | Gall bladder |
| ആഗ്നേയഗ്രന്ഥി/ആഗ്നേയാശയം | Pancreas |
| പ്ലീഹ | Spleen |
| മെസന്ററി/ക്ലോമം | Mesentery |
| വൻകുടൽ/ബൃഹദാന്ത്രം | Large Intestine |
| അന്ധാന്ത്രം | Cecum |
| സ്ഥൂലാന്ത്രം | Colon |
| ആരോഹണ സ്ഥൂലാന്ത്രം | Ascending Colon |
| അനുപ്രസ്ഥ സ്ഥൂലാന്ത്രം | Transverse Colon |
| അവരോഹണ സ്ഥൂലാന്ത്രം | Descending Colon |
| അവഗ്രഹ സ്ഥൂലാന്ത്രം | Sigmoid Colon |
| മലാന്ത്രം/മലാശയം | Rectum |
| മലദ്വാരം | Anus |
| വിരരൂപ പരിശോഷിക/ആന്ത്രപുച്ഛം | Vermiform Appendix |
മനുഷ്യരിലെ ദഹന പ്രക്രിയ
[തിരുത്തുക]വായിലാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്.
പല്ലുകൾ ആഹാരത്തെ കടിച്ചുമുറിക്കാനും ചവച്ചരയ്ക്കാനും(മാസ്റ്റിക്കേഷൻ) സഹായിക്കുന്നു. കൂടാതെ ആഹാരപദാർഥങ്ങളെ ചെറുകണികകളാക്കുന്നു.ഇതു മൂലം ഉമിനീരിലെ എൻസൈമുകൾ അന്നജത്തെ ഷുഗർ ആക്കി വിഘടിപ്പിക്കാൻ എളുപ്പമാകുന്നു.
ഭക്ഷണം ചവയ്ക്കാൻ തുടങ്ങുമ്പോൾ തലച്ചോറ് ഉദരത്തിലേക്ക് സിഗ്നലുകളെ അയയ്ക്കുന്നു. ദഹനത്തിനു സഹായിക്കുന്ന ദഹനരസങ്ങളെ പുറന്തള്ളാൻ തലച്ചോറ് നിർദേശം നൽകുകയും ഇത് ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. വളരെ വേഗത്തിൽ ഭക്ഷണം ചവയ്ക്കുമ്പോൾ തലച്ചോറിന് വയർ നിറഞ്ഞു എന്ന കാര്യം മനസ്സിലാക്കാനുള്ള സമയം ലഭിക്കാതെ പോവുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരഭാരം കൂടുന്നതിലേക്കു നയിക്കുകയും ചെയ്യും.
ഭക്ഷണപദാർഥങ്ങളെ ഉമിനീരുമായി കൂട്ടിക്കലർത്തുന്നതും പല്ലുകൾക്ക് കടിച്ചുമുറിക്കുന്നതിനും ചവച്ചരയ്ക്കുന്നതിനും വേണ്ട സഹായം ചെയ്യുന്നതും നാക്കാണ്. കുടാതെ രുചിയറിയാൻ നാക്കിലെ സ്വാദുമുകുളങ്ങൾ സഹായിക്കുന്നു. ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിലുളള ഗോളമാക്കാനും അന്നനാളത്തിലേക്ക് കടത്തിവിടുന്നതിനും നാക്ക് മുഖ്യപങ്ക് വഹിക്കുന്നു.
മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ സലൈവറി അമിലേസ് (Salivary amylase), ലൈസോസൈം (Lysozyme) എന്നീ രാസാഗ്നികളും ശ്ലേഷ്‌മവും അടങ്ങിയിരിക്കുന്നു. ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്. ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു. സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു.